Wednesday, 5 May 2010

പാമ്പ് പുരാണങ്ങള്‍

പറയാന്‍ പോവുന്നത് ഒറിജിനല്‍ പാമ്പിനെക്കുറിച്ച് തന്നെയാണ് , അല്ലാതെ വെള്ളമടിച്ചു റോഡിന്റെ അളവെടുക്കുന്ന മനുഷ്യപാമ്പിനെക്കുറിച്ചല്ല. എല്ലാവരെയും പോലെ എന്റെ മനസ്സിലും സര്‍പ്പഭയം വളരെ ചെറുപ്പത്തില്‍ തന്നെ വേരൂന്നിയിരുന്നു, ആവശ്യത്തിലും സ്വല്പം കൂടുതല്‍. പ്രധാന കാരണം കുട്ടിക്കാലം മുതല്‍ അമ്മൂമ്മ പറഞ്ഞു തന്നിരുന്ന യക്ഷി - ഗന്ധര്‍വന്‍ -സര്‍പ്പ കഥകള്‍ തന്നെ. പോരാത്തതിനു നേരെ വടക്കേ വീട്ടില്‍ ഒരു സര്‍പ്പക്കാവുമുണ്ട്. അവിടുത്തെ മരങ്ങളും വള്ളികളും ഒക്കെ കാടുപിടിച്ച് നിന്നിരുന്ന ഇരുണ്ടസെറ്റപ്പില്‍ നിന്ന് ഞങ്ങള്‍ അയലോക്കക്കാര്‍ക്ക് ഒക്കെ സുഖമാണോന്നറിയാന്‍ ചില പാര്‍ട്ടികളൊക്കെ ഇടയ്ക്കു വിസിറ്റിങ്ങിനു ഇറങ്ങും. പാവങ്ങള്‍, എമിഗ്രേഷന്‍ കാലാവധി കഴിഞ്ഞവര്‍. കയ്യോടെ ആരെങ്കിലും പിടികൂടി തല്ലിക്കൊന്നു പരലോകത്തെക്കയക്കും.

ഞങ്ങളുടെ വീട്ടിലോ മുറ്റത്തോ ഇങ്ങനെ ഏത് പാമ്പ് വന്നാലും അതിനെ ആദ്യം കാണുന്നത് ഞാനായിരിക്കും. പിന്നെ നമുക്ക് പണിയായി, അലച്ചു വിളിച്ചു എല്ലാരേയും കൂട്ടി പിന്നെ അടുത്ത് തന്നെയുള്ള അമ്മാവന്റെ വീട്ടില്‍ അഭയം പ്രാപിക്കും, ആരെങ്കിലും അതിനെ തല്ലിക്കൊന്നു കുഴിച്ചു മൂടി എന്ന് അറിയുന്നത് വരെ. തികഞ്ഞ (അന്ധ) വിശ്വാസിയായ എന്റെ അമ്മ മണ്ണാരശാല അമ്പലത്തിലേക്ക് വഴിപാടൊക്കെ നേരും. അമ്മയുടെ അഭിപ്രായത്തില്‍ മറന്നുപോയ ഏതോ വഴിപാട് ഓര്‍മ്മിപ്പിക്കാന്‍ വന്നതായിരുന്നു ആ പാവം സര്‍പ്പം. അതിനെകൊല്ലിക്കാന്‍ കാരണഭൂതയായ എന്നെത്തേടി ഇണസര്‍പ്പം വരുമെന്നുള്ള പേടിയിലാണ് അടുത്ത കുറെ ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നത്‌.

അന്ന് കോളേജില്‍ സമരമായിരുന്നു, വിവരം നേരത്തെ അറിയാവുന്നത് കൊണ്ട് ഞാന്‍ അന്ന് കോളേജില്‍ പോയിരുന്നില്ല. അനിയത്തി സ്കൂളിലേക്കും അച്ഛന്‍ കടയിലേക്കും അമ്മൂമ്മ അടുത്ത് തന്നെയുള്ള അമ്മാവന്റെ വീട്ടിലേക്കും പോയതിനാല്‍ വീട്ടില്‍ അന്ന് അമ്മയും ഞാനും മാത്രമേയുള്ളായിരുന്നു.

ഞാന്‍ വിശാലമായി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ച്‌, കട്ടിലില്‍ മലര്‍ന്നു കിടന്നു ലൈബ്രറിയില്‍ നിന്നും എടുത്തുകൊണ്ടു വന്ന ഒരു നോവല്‍ വായിക്കുന്നു. അമ്മ അടുക്കളയില്‍ ഉച്ചയൂണിനു വട്ടം കൂട്ടുന്നു. ഞാന്‍ അല്പം റെസ്റ്റ് ചെയ്യുന്നത് കണ്ടാല്‍ അമ്മക്ക് സഹിക്കില്ല, ഉടനെ അടുക്കളയില്‍ എന്തെങ്കിലും പണി തരും. അന്നും പല പ്രാവശ്യം വിളിച്ചെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യാതെ വായനയില്‍ മുഴുകി കിടക്കുകയായിരുന്നു. അതോടെ അമ്മ തനി നായര്‍ഫ്യൂഡല്‍ ലേഡിയായി, പതിവ് ഡയലോഗോക്കെ ഇറക്കിതുടങ്ങി. "പെമ്പിള്ളാരായാല്‍ അനുസരണ വേണം. നാളെ വല്ല വീട്ടിലും പോയി കഴിയേണ്ടതാ. കഞ്ഞിക്കുപ്പിടാന്‍ പോലും അറിയത്തില്ലെങ്കില്‍ തള്ളേടെ വളര്‍ത്തു ദോഷമാന്നെ ലോകരു പറയൂ " എന്നിങ്ങനെയൊരു ലൈനില്‍. ആര് ചെവി കൊടുക്കുന്നു !!

എന്റെ മുറിക്കു രണ്ടു വാതിലുകളുണ്ട്, ഒന്ന് പടിഞ്ഞാറേ വരാന്തയിലേക്കുള്ളതും, അടുത്തത് ഊണ് മുറിയിലേക്ക് തുറക്കുന്നതും. തെക്ക് വശത്ത് വലിയൊരു ജനല്‍. മുറിയില്‍ കട്ടില്‍, അലമാരി, വലിയൊരു തടിപ്പെട്ടി, മേശ കസേര എന്നിങ്ങനെയുള്ള സാധനങ്ങളുണ്ട്. പടിഞ്ഞാറേ മൂലയ്ക്ക് തറയില്‍ പഴയ പത്രങ്ങളും മാസികകകളും അടുക്കി വച്ചിരിക്കുന്നു. ചില ശബ്ദങ്ങള്‍ ആ മൂലയില്‍ നിന്ന് വരുന്നുണ്ടായിരുന്നു, അമ്മയുടെ വെളുമ്പിക്കോഴി മുട്ടയിടാന്‍ അവിടെങ്ങാനും കേറിയതായിരിക്കും എന്ന് കരുതി ഞാന്‍ കാര്യമായി ഗൌനിച്ചില്ല.

ഇടയ്ക്ക് അങ്ങോട്ടൊന്നു തലതിരിച്ചു നോക്കിയശേഷം വീണ്ടും നോവല്‍ വായനയില്‍ മുഴുകി, ഒരു മിനിട്ടെടുത്തു ഞാന്‍ കണ്ട ദൃശ്യം ഒന്നുകൂടി മനസിന്റെ സ്ക്രീനില്‍ തെളിയാന്‍. എന്തായിപ്പോ കണ്ടത്, ഒരു മനോരമ പത്രം വായുവില്‍ ഒടിഞ്ഞു മടങ്ങി നില്‍ക്കുന്നു. ഞാന്‍ എഴുന്നേറ്റിരുന്നു ഒന്നൂടെ നോക്കി. അതെ, ഇപ്പോഴും പത്രം വായുവില്‍ നില്‍ക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ പത്രത്തിന്റെ താഴെ ഒരു സ്ലിം ബോഡി, അത് തന്നെ പാമ്പ് , ഒരു കറുമ്പന്‍. തുറന്നു കിടന്ന പടിഞ്ഞാറേ വാതിലില്‍ക്കൂടി എപ്പഴോ ആള് അകത്തു കയറിപ്പറ്റിയതാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ നിന്നും കിരീടം പോലെയിരുന്ന പത്രം താഴെ വീണു, ഞങ്ങള്‍ മുഖാമുഖം കണ്ടു. ഏതാണ്ട് ഒന്നരയടി ഉയരത്തില്‍ എന്നെ തുറിച്ചു നോക്കി നില്‍പ്പാണ് കക്ഷി. ആകസ്മികമായ ആ അനുഭവത്തില്‍ ഒന്ന് കരയാന്‍ പോലും ഞാന്‍ മറന്നുപോയി.

ആമസോണ്‍ കാടുകളില്‍ കാണപ്പെടുന്ന ഉഗ്രവിഷമുള്ള ചിലപാമ്പുകള്‍ക്ക് എട്ടടി ദൂരത്തില്‍ നിന്ന് വരെ ശത്രുവിന്റെ കണ്ണിലേക്ക്‌ വിഷം ചീറ്റാന്‍പറ്റുമെന്ന് ആയിടക്ക് എവിടെയോ വായിച്ചിരുന്നു. അതിന്റെ ലൈവ് ഇടക്കൊക്കെ സ്വപ്നത്തില്‍ കാണുകയും ചെയ്തു. ആ പാമ്പിന്റെ ജാതി വടക്കേക്കാരുടെ പാമ്പിന്കാവില്‍ ഒണ്ടോ ഇല്ലിയോന്നൊന്നും നമുക്കറിയില്ലല്ലോ. ആ ഒരു തോന്നലില്‍ പെട്ടെന്ന് ചെയ്തത് ജനലില്‍ ചാടിക്കേറുകയായിരുന്നു. കയറാന്‍ പറ്റാവുന്നത്ര കയറി കമ്പിയഴികളില്‍ പറ്റിപ്പിടിച്ചിരുന്നു.

പലവട്ടം അടുക്കളയില്‍ ഹെല്പ് ചെയ്യാന്‍ വിളിച്ചിട്ടും ചെല്ലാത്തതില്‍ പ്രതിക്ഷേതിച്ച് എന്റെ നോവല്‍ വാങ്ങി വലിച്ചെറിയാനുള്ള കലിയുമായി വന്ന മാതാശ്രീ കാണുന്നത് ജനലേലിരിക്കുന്ന പുത്രിയെയാണ്. ഊണ് മുറിയില്‍ നിന്ന് ഒരു മയവുമില്ലാതെ "എന്താടീ, താഴെയെങ്ങും ഇരുന്നിട്ട് പറ്റുന്നില്ല്യോ" എന്ന് ഒരു മയവുമില്ലാതെ ചോദിച്ചിട്ടും ഞാന്‍ അനങ്ങിയില്ല. ആദ്യമായി ഒരു പാമ്പിനെ മുഖാമുഖം കണ്ടതിന്റെ ഷോക്കില്‍ എന്റെ ശബ്ദം നഷ്ടപെട്ടിരുന്നു.

"എന്നാപ്പിന്നെ ഉത്തരത്തെലോട്ടു കേറ് " എന്നും പറഞ്ഞു അമ്മ അകത്തേക്ക് വന്നതും "അയ്യോ പാമ്പ്, പാമ്പ്" എന്ന് ഞാന്‍ അലറിവിളിച്ചതും ഒന്നിച്ചായിരുന്നു. "എന്ത്യേ, എന്ത്യേ" എന്നൊരു മറു നിലവിളിയോടെ അമ്മ പുറത്തു ചാടിയതും അടുക്കള വഴി പുറത്തേക്കോടിയതും വളരെ പെട്ടെന്നായിരുന്നു. പാമ്പും ഞാനും മാത്രമേ ഇപ്പോള്‍ വീട്ടില്‍ ഉള്ളൂയെന്ന നഗ്നസത്യം തിരിച്ചറിഞ്ഞ ഞാന്‍ എന്നെക്കൊണ്ടാകാവുന്ന ഒച്ചത്തില്‍ കരഞ്ഞു. പാമ്പിനു ചെവി കേള്‍ക്കാന്‍ പാടില്ലെന്ന് ആരാ പറഞ്ഞേ, അത് വെറും നുണയാ. ആ കരച്ചില്‍ കേട്ടതും സംഗതി വശപ്പിശകാണെന്നു മനസ്സിലാക്കിയ അദ്ദേഹം ശൂ......ന്ന് പറഞ്ഞല്ലേ അവിടെയിരുന്ന തടിപ്പെട്ടീടെ അടിയില്‍ കേറിയത്‌.

ഇനിയത് എങ്ങോട്ടൊക്കെ പോവുമെന്ന് നിശ്ചയമില്ലാത്തത് കൊണ്ട് ഞാന്‍ ജനലിലിരുന്നു ആകാവുന്ന പോലൊക്കെ ശ്രുതി മീട്ടി. അത് കേട്ട് തെക്കേക്കാരുടെ പറമ്പില്‍ കിളച്ചു കൊണ്ട് നിന്നിരുന്ന തമ്പിച്ചായന്‍ 'ഇദെവിടുന്നാ ഒരപസ്വരം' എന്ന മട്ടില്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു വിയര്‍പ്പു തുടച്ചു വീണ്ടും കിളച്ചു തുടങ്ങി. ഒരു രക്ഷകനെ കണ്ടെത്തിയ ഞാന്‍ "തമ്പിച്ചായോ, ഓടി വായോ, ഇവിടെ പാമ്പ് കേറിയേ, എന്നെ രക്ഷിക്കോ" എന്ന് പേരെടുത്ത് ഹെല്പ് റിക്വസ്റ്റ് അയച്ചതിനാല്‍ ഉടന്‍തന്നെ അദ്ദേഹം ഒരു മുട്ടന്‍ വടിയും തപ്പിയെടുത്തു ഓടിവന്നു. അപ്പോഴേക്കും അമ്മ പറഞ്ഞു വിവരം അറിഞ്ഞ ഒന്നുരണ്ടുപേരും ഹാജര്‍.

അവര്‍ മുറിക്കകത്ത് കേറിയെങ്കിലും ഞാന്‍ ജനലില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. അവസാനം എന്നെയിറക്കിവിടുന്നതിലും എളുപ്പം പാമ്പിനെ ഇറക്കി വിടുന്നതാണെന്ന് തിരിച്ചറിഞ്ഞ സംഘം പെട്ടി നീക്കുകയും അടിയില്‍ മുറുക്കുപോലെ ചുരുണ്ടിരുന്ന ടിയാനെ കാണുകയും മിനിമം ഒരു മൂര്‍ക്കനെയെങ്കിലും പ്രതീക്ഷിച്ചു വന്നവര്‍ "ഓ ഇത് വെറും ചേരയായിരുന്നോ" എന്നൊരു പുച്ഛത്തോടെ പറഞ്ഞിട്ട് അതിനെ കുത്തിയിളക്കി പുറത്തോട്ട് വിടുകയും ചെയ്തു. അതുകൊണ്ടൊരു ഗുണം ഉണ്ടായി, ചേരപ്പാമ്പിനെ അടുത്ത് നിന്ന് കാണുവാനും തിരിച്ചറിയാനും എനിക്ക് സാധിച്ചു. അതിനു മുമ്പ് ശവമായ പാമ്പിനെപ്പോലും നേരെ ചൊവ്വയോന്നു കാണാന്‍ എന്റെ ധൈര്യം അനുവദിച്ചിരുന്നില്ല.

ഓര്‍മയിലുള്ള അടുത്ത ഇന്‍സിഡന്റ് പ്രീഡിഗ്രിക്കാലത്തെതാണ്. ഞായറാഴ്ച വൈകുന്നേരം മുടിഞ്ഞു പോവാന്‍ വിശ്വനാഥന്‍ സാറ് ഇന്ഗ്ലീഷിന്റെ ട്യൂഷന്‍ ക്ലാസ് വച്ചിരുന്നു. നല്ല സിനിമയുള്ള ഞായറാഴ്ചകളില്‍ സാറിന്റെ സാഡിസം പുറത്തു വരും. ഒടുക്കത്തെ ഗ്രാമര്‍ ക്ലാസ് അന്ന് വൈകിട്ട് വയ്ക്കും. രണ്ടുമൂന്നു ചൂരല്‍ കൂട്ടിപ്പിടിച്ചു മേശപ്പുറത്തു വച്ചിട്ടുള്ള കൈകളില്‍ ചൂരലിന്റെ ഫോട്ടോകോപ്പിയെടുക്കുന്ന കാര്യത്തില്‍ പുള്ളി നിപുണനായിരുന്നത് കൊണ്ട് ഒരുമാതിരിപ്പെട്ട പിള്ളേരാരും ഗ്രാമര്‍ ക്ലാസ് മിസ്സ് ചെയ്തിരുന്നില്ല. ആള്‍റെഡി ലേറ്റ് ആയിരുന്നത് കൊണ്ട് മാത്രമാണ് കടക്കേത്തുകാരുടെ ഇടവഴിയില്‍ കൂടി ഷോര്‍ട്ട്കട്ട്‌ കയറിപ്പോവാം എന്നൊരു ദുര്‍ബുദ്ധി എനിക്ക് തോന്നിയത്. രണ്ടു ഭാഗത്തും കയ്യലയുള്ള, കഷ്ടിച്ചോരാള്‍ക്ക് പോവാനുള്ള വീതിയെ ആ പ്രൈവറ്റ് ഇടവഴിക്കുള്ളൂ. കയ്യാലയുടെ കല്ലിടുക്കുകളില്‍ മിക്കവാറും പാമ്പിന്‍ പടം പോഴിഞ്ഞിരിക്കുന്നത് കാണാം എന്നതിനാല്‍ അമ്മ കൂടെയുള്ളപ്പോള്‍ പോലും ഞാന്‍ ആ വഴി ഒഴിവാക്കുകയാണ് പതിവ്. വരാനുള്ളത് നാഷണല്‍ ഹൈവേയില്‍ തങ്ങുകയില്ലല്ലോ.

കരിയില മൂടിയ വഴിയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്ത്‌ എത്തിയപ്പോഴാണ് തള്ളയാടിനെയും രണ്ടു കുട്ടിയാടുകളെയും അഴിച്ചു കൊണ്ട് ശ്രീമാന്‍ പൊടിയന്‍ എതിരെ വന്നത്. ഒരു ഹായ് ഹലോ പറഞ്ഞു എനിക്ക് പോവാന്‍ വേണ്ടി അദ്ദേഹം വഴിയൊഴിഞ്ഞു തന്നു. ആ ശുഭമുഹൂര്‍ത്തത്തിലാണ് കയ്യാലയില്‍ ചാഞ്ഞു നിന്നിരുന്ന ചെന്തെങ്ങുകളിലൊന്നില്‍ എന്തോ അത്യാവശ്യത്തിനു കയറിയിരുന്ന ഒരു മഞ്ഞചേരക്ക് ഡൈവ് ചെയ്യണമെന്നു തോന്നിയത്. പൊടിയനാണോ, ഞാനാണോ ടാര്‍ഗറ്റ് എന്നൊന്നും വ്യക്തമല്ലായിരുന്നു. എന്തായാലും ആള് ചാടി, കൃത്യം എന്റെ പാദാരവിന്ദങ്ങളില്‍.

ചേരയൊഴിച്ചു ബാക്കിയെല്ലാരും ചേര്‍ന്ന് ഗ്രൂപ്പ്സോങ്ങ് പാടി. പാട്ടിനിടയില്‍ ഉരുണ്ടുപിരണ്ടു പൊടിയും തട്ടി പുള്ളി സ്കൂട്ടായി. ആ ഒരു നിമിഷത്തെ മരണവെപ്രാളത്തില്‍ ആട്ടിന്‍കുട്ടിയുടെ കയര്‍ എന്റെ കാലില്‍ തടഞ്ഞു ഞാന്‍ ഉരുണ്ടു വീണു. പേടിച്ചുപോയ ആട് തലങ്ങും വിലങ്ങും ഓടാന്‍ ശ്രമിച്ചത് കാരണം എന്റെ കാലില്‍ കയര്‍ മുറുകി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എന്റെ മൈന്‍ഡ് വെള്ളക്കടലാസുപോലെ ബ്ലാങ്ക് ആയിപ്പോവാറുള്ളത് കൊണ്ട് കാലില്‍വരിഞ്ഞു മുറുകി എന്നെ കടിക്കാന്‍ തയ്യാറെടുക്കുന്ന പാമ്പിനോട് പ്രത്യേകിച്ച് ഒരു വിരോധവും തോന്നാതെ കണ്ണുകളടച്ചു കിടന്നു.

പെട്ടെന്നുണ്ടായ ചേര ആക്രമണത്തില്‍ ഞാന്‍ ബോധരഹിതയായി പോയി എന്നാണ് പൊടിയന്‍ജി കരുതിയത്‌. ഏതായാലും ആടിനെ കെട്ടിയ കയര്‍ ഊരിയെടുത്തേക്കാം എന്നുകരുതി പുള്ളി കയര്‍ എന്റെ കാലുകളില്‍ നിന്നും അഴിചെടുക്കുമ്പോഴാണ് ഞാന്‍ പതിയെ കണ്ണുകള്‍ തുറന്നു നോക്കിയത്. കാലില്‍ച്ചുട്ടിയത് പാമ്പല്ലെന്നും കയറാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയൊരു ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാന്‍ വയ്യ. പിന്നെ നാളിതുവരെ ഞാന്‍ ആ വഴിയെ പോയിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.


പോളിടെക്നിക്കില്‍ പഠിക്കുമ്പോ കമ്പയിന്‍ സ്റ്റഡി എന്നപേരും പറഞ്ഞു കായംകുളത്തു താമസിക്കുന്ന കൂട്ടുകാരി ജിജിയുടെ വീട്ടില്‍ കൂടിയതായിരുന്നു ഞങ്ങള്‍ നാലഞ്ചെണ്ണം. പകല്‍ മുഴുവന്‍ ഊണും ഉറക്കവും രാത്രിയില്‍ അല്പനേരത്തെ പഠിത്തവും പിന്നെ പാതിരാത്രി വരെ സിനിമാക്കഥയും പരദൂക്ഷണവും ഒക്കെ കഴിഞ്ഞു ലേറ്റ് നൈറ്റിലാണ് എല്ലാവരും ഒന്ന് കിടന്നത്. ആ വീട്ടില്‍ തടിമാടന്‍ ഒരു പൂച്ചയുണ്ടെന്നും പകലുമുഴുവന്‍ തട്ടുമ്പുറത്തു കിടന്ന് ഉറങ്ങിയിട്ട് രാത്രിസഞ്ചാരവും കഴിഞ്ഞു ജിജിയുടെ അമ്മ പിന്നിലെ വരാന്തയില്‍ വച്ചിരിക്കുന്ന ഡിന്നറും കഴിച്ചു ജനല്‍ വഴി അകത്തു കയറുന്ന പുള്ളിക്കാരന് ജിജിയുടെ കൂടെ പുതപ്പിനുള്ളില്‍ കിടന്നാലേ ഒറക്കം വരൂന്ന് പാവം എനിക്കറിയില്ലായിരുന്നു. അന്ന് പതിവില്ലാതെ ജിജിയുടെ മുറിയില്‍ അഞ്ചാറു തരുണീമണികളെ കണ്ട കണ്ടന്‍പൂച്ച വളരെ കഷ്ടപ്പെട്ടാണ്‌ ജിജിയെ തെരഞ്ഞുപിടിച്ച് പുതപ്പിനുള്ളില്‍ കേറിപ്പറ്റിയത് . ആ പുതപ്പില്‍ ഈ ഞാനും ഉണ്ടായിരുന്നു, കയ്യില്‍ കൂടി ഇഴഞ്ഞു കയറുന്ന പതുപതുത്ത ശരീരം മലമ്പാമ്പോ, പെരുംപാമ്പോ എന്ന കാര്യത്തിലെ എനിക്ക് കന്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ, ഇതിനെ രണ്ടിനെയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും. അന്ന് രാത്രി ആ വീട്ടുകാര്‍ക്കും തൊട്ടടുത്തുള്ള നാട്ടുകാര്‍ക്കും ഉറക്കം പോയി എന്നതും പിറ്റേന്ന് രാവിലെ നൂറ്റിരണ്ടു ഡിഗ്രി പനിയുമായി ഓട്ടോയില്‍ എന്നെ വീട്ടില്‍ എത്തിക്കേണ്ടി വന്നു എന്നതുമൊഴിച്ചാല്‍ മറ്റു സീരിയസ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.


ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പാമ്പ് റിലേറ്റട് സംഭവം നടന്നത് മദ്രാസ്സില്‍ വച്ചായിരുന്നു. പോളിട്ടെക്നിക്കിലെ അവസാനവര്‍ഷ സ്റ്റഡിടൂറിന്റെ ഭാഗമായിട്ടായിരുന്നു ഞങ്ങള്‍ മദ്രാസ്സില്‍ ചെന്നത്. മെറീന ബീച്ചും ഏതോ വാട്ടര്‍പാര്‍ക്കും ഒക്കെ കണ്ടതിനു ശേഷമാണ് അടുത്ത് കാണാന്‍ പോവുന്നത് ഒരു സ്നേക്ക് പാര്‍ക്കാണെന്ന് ലീഡര്‍ സലിം സര്‍ അനൌണ്സ് ചെയ്തത്. അപ്പോഴേ എന്റെ പാതി ജീവന്‍ പോയി. വരുന്നില്ലെന്ന് ഞാന്‍ കരഞ്ഞു പറഞ്ഞതാണ്, എന്നിട്ടും അവരുടെ കൂടെ പോയത് ബസ്സില്‍ തന്നെയിരിക്കാനുള്ള പേടി കൊണ്ട് മാത്രമായിരുന്നു.

കണ്ണാടിക്കൂടുകളില്‍ നല്ല എണ്ണം പറഞ്ഞ പാമ്പുകള്‍, ഓരോ കൂടിന്റെയും പുറത്തു അവരുടെ മേല്‍വിലാസവും വണ്ണവും തൂക്കവും ഒക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പൊങ്ങുതടി പോലെ ഞാന്‍ മറ്റുള്ളവര്‍ക്കൊപ്പം നടന്നു, എങ്ങനേലും ഇവിടുന്നൊന്ന് ഇറങ്ങിയാല്‍ മതിയെന്ന വിചാരത്തോടെ. ഏറ്റവും അവസാനമാണ് ഒരു വലിയ ഇരുമ്പുവലക്കൂടിന്റെയടുത്ത് കൊണ്ടുപോയത്. അവിടെ വലിയൊരു ജോയിന്റ് ഫാമിലിയായിരുന്നു സസന്തോഷം താമസിച്ചിരുന്നത്. പല വലിപ്പത്തിലും നിറത്തിലുമുള്ള പാമ്പുകള്‍. ചിലതിനാണെങ്കില്‍ ഒരു നൂലിന്റത്രപോലും വണ്ണമില്ല. എന്റെ പ്രാര്‍ത്ഥന മുഴുവന്‍ ഇവയിലൊരെണ്ണത്തിനും കേരളം കാണാന്‍ ഞങ്ങളുടെ കൂടെവരണം എന്നൊന്നും ദുരാഗ്രഹം തോന്നല്ലേന്നു മാത്രമായിരുന്നു. ഞാനും നിഷയും വിറയ്ക്കുന്ന കരങ്ങള്‍ പരസ്പരം കോര്‍ത്ത്‌പിടിച്ചിരുന്നു.

അവിടുന്ന് മുന്‍പോട്ടു നടക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ തോളില്‍ കിടന്ന ഹാന്‍ഡ്‌ബാഗിന്റെ വള്ളി മന്ദം മന്ദം ഊര്‍ന്നിറങ്ങി എന്റയും നിഷയുടെയും കൈകളില്‍ തട്ടി താഴേക്ക്‌ വീണത്‌. ഏതോ പാമ്പ് കൂട്ടില്‍ നിന്നും ഞങ്ങളുടെ കയ്യിലേക്ക് ചാടിവീണതാണെന്നു തീരുമാനിക്കാന്‍ എനിക്കും അവള്‍ക്കും സെക്കണ്ടുകളെ ആവശ്യമുള്ളായിരുന്നു. തുടര്‍ന്ന് നടന്ന മെഗാബഹളത്തിനിടയില്‍ സ്നേക്ക് പാര്‍ക്കിലെ ജീവനക്കാര്‍ ആ കൂടിന്റെ വിടവിലൂടെ ഈച്ചയ്ക്ക് പോലും പോവാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞു ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാലും ഞങ്ങളുടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന സ്ത്രീ ജനങ്ങളൊക്കെ ഹാന്‍ഡ്‌ബാഗിനെ അറകള്‍ പരിശോധിക്കുന്നതും സാരിയും ചുരിദാറിന്റെ ചുന്നിയും ഒക്കെ കുടഞ്ഞു നോക്കുന്നതും സ്വന്തം കഴുത്തില്‍ കിടന്ന മുട്ടന്‍ സ്വര്‍ണമാലകളില്‍ നോക്കി ഞെട്ടുന്നതും ഒക്കെ കാണാന്‍ എന്ത് രസമായിരുന്നു.

ഇതൊക്കെയോര്‍ക്കാന്‍ കാരണം ഇന്നലെ നാട്ടില്‍ ഫോണ്‍ ചെയ്തപ്പോള്‍ നാത്തൂന്റെ മോന്‍ മൂന്നു വയസ്സുകാരന്‍ കണ്ണന്‍ പാമ്പുമായി കളിച്ച കഥയറിഞ്ഞപ്പോഴാണ് . അവള്‍ കണ്ണനെ തനിയെ അടുക്കള മുറ്റത്ത്‌ കളിക്കാന്‍ വിട്ടിട്ടു അകത്തെന്തോ പണിയിലായിരുന്നു. കുറച്ചു കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കണ്ണന്‍ ചെറിയൊരു കമ്പും നീട്ടിപ്പിടിച്ചു സ്റെപ്പില്‍ ഇരിക്കുന്നു, താഴെ വായും പൊളിച്ചു ഒരു ശംഖുവരയന്‍ കിടക്കുന്നു.അവന്‍ കമ്പ് നീട്ടിയും മാറ്റിയും പൂച്ചക്കുഞ്ഞിനെ കളിപ്പിക്കുന്നപോലെ പാമ്പിനെ കളിപ്പിക്കുകയായിരുന്നത്രേ. നാത്തൂന്‍ ഓടി വന്നു കുഞ്ഞിനെ വലിച്ചു മാറ്റിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞുപോയി. അതിന്റെ നല്ലകാലത്തിന് തല്ലിക്കൊല്ലാന്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. സര്‍പ്പങ്ങള്‍ സത്യം ഉള്ളവരാണെന്ന് പറയുന്നതെത്ര ശരി!!

21 comments:

ഒഴാക്കന്‍. said...

പാമ്പിനെ ഇത്ര പേടിയാണോ .... അയ്യേ!

അയ്യോ പാമ്പ് ........

പട്ടേപ്പാടം റാംജി said...

ആമസോണ്‍ കാടുകളില്‍ കാണപ്പെടുന്ന ഉഗ്രവിഷമുള്ള ചിലപാമ്പുകള്‍ക്ക് എട്ടടി ദൂരത്തില്‍ നിന്ന് വരെ ശത്രുവിന്റെ കണ്ണിലേക്ക്‌ വിഷം ചീറ്റാന്‍പറ്റുമെന്ന് ആയിടക്ക് എവിടെയോ വായിച്ചിരുന്നു.

പാമ്പ്‌ പുരാണം കൊള്ളാം.
വായിക്കുമ്പോള്‍ അറിയാതെ ഒരു ഭയം നിലനിന്നിരുന്നു.

jayanEvoor said...

പാമ്പു പുരാണങ്ങൾ എനിക്കുമുണ്ട് പറയാൻ. വീട്ടിൽ സർപ്പക്കാവും കുളവും ഒക്കെയുണ്ട് ഇപ്പോഴും!

ഈ വിവരണങ്ങൾ എന്നെ അവിടെയെത്തിച്ചു!

കഥയൊക്കെ പിന്നെപ്പറയാം.

ഇപ്പോ നാഗകുമാരിയ്ക്ക് അഭിനന്ദനങ്ങൾ!

വശംവദൻ said...

നല്ല എഴുത്ത്.

ജനലിൽ കയറിയിരുന്ന സംഭവമൊക്കെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

നന്നായി ചിരിച്ചു.

ആശംസകൾ

രഘുനാഥന്‍ said...

ഓഹോ...എന്റെ നാട്ടുകാരായ (മണ്ണാറശാല) സര്‍പ്പങ്ങളെ ഒക്കെ കൊല്ലിക്കലാണ് പണി അല്ലേ...

നന്നായിട്ടുണ്ട് പാമ്പ് പുരാണം...

ശ്രീ said...

പാമ്പ് പുരാണങ്ങളെല്ലാം വായിച്ച് ചിരിച്ചു, എന്നാലും ഏറ്റവും ചിരിച്ചത് ആ പാവം പുച്ചയെ മലമ്പാമ്പ് എന്നു കരുതി കരഞ്ഞ് അവസാനം പനിച്ചു എന്ന് വായിച്ചിട്ടാണ്. (അതിനു ശേഷം ആ പാവം പൂച്ച ജിജിയുടെ മുറിയിലെന്നല്ല, ആ വീട്ടിനകത്തു പോലും കയറിക്കാണില്ല)

ശാന്ത കാവുമ്പായി said...

ഞാന്‍ ഇതെവിടെയാ എത്തിയത്.പാമ്പുമേക്കാവിലോ?
പാമ്പുകള്‍ പാവങ്ങളല്ലേ?എനിക്കുമുണ്ട് ഇതുപോലൊരു പാമ്പുകഥ കട്ടിലേല്‍ കിടന്നു വായിക്കുമ്പോള്‍ ഞാലിയില്‍ മുട്ടയില്ലാതെ അടയിരിക്കുന്ന കോഴി കൊക്കരിച്ചു ബഹളമുണ്ടാക്കിയിട്ടും ശ്രദ്ധിക്കാനേ പോയില്ല.ഭയങ്കര പഠിത്തം.എന്നിട്ടും അഞ്ചു മിനിറ്റ് കഴിഞ്ഞു തലയൊന്നു തിരിച്ചപ്പോള്‍ ദാ ജനാലയില്‍ക്കൂടി കൂറ്റനൊരു ചേര എന്റെ ദേഹത്തു കയറാനൊരുങ്ങുന്നു.ഞാന്‍ എങ്ങനെയാ എഴുന്നേറ്റത്‌ എന്ന് എനിക്കോര്‍മയില്ല.പുറത്തിറങ്ങി നോക്കുമ്പോള്‍ കക്ഷി ഒരഴിയിലൂടെ കയറി മറ്റൊന്നിലൂടെ വളഞ്ഞു പുറത്തിറങ്ങുന്നു.എന്നെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യം കക്ഷിക്കില്ലായിരുന്നു.
യൂസഫലി കേച്ചേരിയുടെ ഒരു കവിത ഉണ്ട്.പാമ്പിനെക്കുറിച്ചു.ആര്‍ക്കും തല്ലിക്കൊല്ലാവുന്ന പാവങ്ങള്‍

Captain Haddock said...

ഹോ....പണ്ട് പാമ്പ് ഇടയ്ക്ക്‌ എന്റെ സ്വപ്നംത്തില്‍ വന്നു ആകെ പ്രശ്നം ഉണ്ടാകുമായിരുന്നു. അത് ഒരു ഭീകരംമായാ അവസ്ഥയാണ് !!!!

ഇനി, ഇത് വായിച്ചു ഇന്ന് രാത്രിയില്‍ കൊഴപ്പം ഉണ്ടായാല്‍.....ദേ...ഞാന്‍ ഈ ബ്ലോഗ്‌ കത്തിയ്ക്കും, കട്ടായം.

പിന്നെ, അപ്പാര ഹൂമര്‍ സെന്‍സ് ! കുറച്ചു പേടിയുടെ വായിച്ചു തുടങ്ങി. ഭയാനകം ആണെങ്ങില്‍, ഇടയ്ക്ക്‌ വെച്ച് നിര്‍ത്താന്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. ഇപ്പൊ ചിരിച്ചു പരിപ്പിളകി !!

ശ്രീനന്ദ said...

നന്ദി സുഹൃത്തുക്കളെ നന്ദി. എന്നെപ്പോലെ പാമ്പിനെ പേടിയുള്ള ഒരുപാട് പേരുണ്ടല്ലേ.
ഒഴാക്കന്‍ ജി - നന്ദി, വീണ്ടും വരിക.
റാം ജി - അപ്പോ എന്റെ ഗ്രൂപ്പില്‍ പെട്ട ആളാ ല്ലേ.
ജയേട്ടാ - കാവും കുളവുമൊക്കെയുള്ള വീട്ടിലാ താമസം അല്ലേ. ഇഷ്ടം പോലെ അനുഭവസമ്പത്ത് കാണുമല്ലോ, പോരട്ടെ.
വശംവദന്‍ - നന്ദി. ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം.
രഘുനാഥ് ജി - മണ്ണാറശാലയൊക്കെ എത്ര പ്രാവശ്യം വന്നിരിക്കുന്നു. അടുത്ത വരവിനു മോനെ ഒന്ന് തൊഴീക്കണംന്നുണ്ട്.
ശ്രീ - നന്ദി. ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം. ആ പൂച്ച എവിടെ നന്നാവാന്‍!! പിന്നെയും പല പ്രാവശ്യം ജിജിയുടെ വീട്ടില്‍ പോയെങ്കിലും നിലത്തു പാവിരിച്ചു ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങിയിട്ടുള്ളത്.
ശാന്തേച്ചി - ശരിയാ, പാമ്പുകള്‍ പാവങ്ങളാ. പക്ഷേ ചുമ്മാ കണ്ടാലും പോരെ പേടിക്കാന്‍.
ക്യാപ്റ്റന്‍ - നന്ദി, നമ്മളൊരു ഗ്രൂപ്പാ. പാമ്പിനെ സ്വപ്നം കണ്ടു കിടന്നു പിന്നിയിട്ടിരുന്ന നീണ്ടമുടി കയ്യില്‍ തടഞ്ഞ്‌ അത് പാമ്പാണെന്ന് കരുതി എത്രയോ രാത്രികളില്‍ പേടിച്ചിരിക്കുന്നു.

Sulthan | സുൽത്താൻ said...

ചേച്ചി,

മ്മടെ പണികളയണംന്ന് നിർഭന്തോന്നും ഇല്ല്യല്ലോ.

വയറമർത്തി പിടിച്ച്‌ ചിരിക്കാൻ പറ്റിയ സന്ദർഭങ്ങളോന്നും ഞാൻ മിസ്സാക്കിയില്ലട്ടോ.

ചില രംഗങ്ങളോക്കെ അലോചിച്ച്‌ വീണ്ടും ചിരിക്കാൻ തോന്നുന്നു. പക്ഷെ ജോലിപോയാൽ കേരളത്തിലെ പാമ്പുകൾക്ക്‌ ജോലിയാകുമോ എന്ന സന്തോഷം കാരണം...

ആശംസകൾ

Sulthan | സുൽത്താൻ

G.manu said...

:) paampu puranam hridyam..

perooran said...

snake puranam kollam

ജിമ്മി said...

പാമ്പ്‌ പുരാണം കൊള്ളാം. അവതരണം വളരെ നന്നായി. ശരിക്കും ചിരിച്ചു പോയി...

ഷിബു ചേക്കുളത്ത്‌ said...

പാമ്പ്‌ പുരാണം കൊള്ളാം, ശരിക്കും ചിരിച്ചു. പക്ഷെ ഇരുപത്തിരണ്ട്‌ വര്‍ഷം പിറകിലെ ഒരു ഒര്‍മ്മയിലെക്ക്‌ അതെന്നെ കൊണ്ടുപോയി. എണ്റ്റെ കുട്ടിക്കാലം ഞാന്‍ എണ്റ്റെ പപ്പയുടെ വീട്ടിലായിരുന്നു. വീടിനു മുന്‍പില്‍ നെല്‍പ്പാടങ്ങളും തോടുകളുമൊക്കെയായി ഒരു നല്ല ഗ്രാമം. പലതരത്തിലുള്ള പാമ്പുകളേ കണ്ട്‌ തന്നെയാണു ഞാന്‍ വളര്‍ന്നത്‌. ആറു വയസ്സുകാരനായ എനിക്കു പാമ്പുകളേ അതുകൊണ്ട്‌ പേടിയില്ലായിരുന്നു.വീട്ടില്‍ ഒരു നാടന്‍ പട്ടിയുമുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ ഓമനയായ ടോമി. ഒരു ദിവസം രാത്രി ഞാന്‍ വെളിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ്‌ എണ്റ്റെ അടുത്ത്‌ വന്നു, ഫണം വിടര്‍ത്തി. അതു കണ്ട റ്റോമി അതുമായി കടി കൂടി. പാമ്പ്‌ നാലു കഷണമായി... പിറ്റേന്ന്‌ ഞങ്ങല്‍ കണ്ടത്‌ ദേഹമാസകലം വ്രിണങ്ങളുമായി നില്‍ക്കുന്ന ടൊമിയെയാണു എന്നെ പാമ്പില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തില്‍ അവനു പാമ്പിണ്റ്റെ കടിയേറ്റു. അവന്‍ അങ്ങനെ നരകിച്ചു ചാകണ്ട എന്നു കരുതി എണ്റ്റെ ടോമിയെ ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു. അവണ്റ്റെ പിടച്ചില്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌........

nedfrine | നെഡ്ഫ്രിന്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു..

ഉപാസന || Upasana said...

എന്നെ ശംഖുവരയന്‍ പാമ്പ് കടിച്ച കാര്യമോര്‍ത്തു. എന്നട്ടെന്തൂട്ടാ ഇണ്ടായേ...
പാമ്പ് ചത്തും...

കൊള്ളം
:-)
ഉപാസന

ബിജിത്‌ :|: Bijith said...

മുന്‍പ് തറവാട്ടിലെ കുളത്തിന്റെ സൈഡില്‍ പോകാന്‍ പേടിയായിരുന്നു. കുളത്തിലെ കളര്‍ഫുള്‍ നീര്‍ക്കോലിയും, കരയില്‍ കൈതകാട്ടില്‍ റസ്റ്റ്‌ എടുക്കുന്ന ചേരയും തന്നെ കാരണം. ഇപ്പൊ ഒന്ന് പോലും അവിടെയില്ല...

മുരളിക... said...

''സ്വന്തം കഴുത്തില്‍ കിടന്ന മുട്ടന്‍ സ്വര്‍ണമാലകളില്‍ നോക്കി ഞെട്ടുന്നതും ''

ആട് പാമ്പേ ആടാട് പാമ്പേ ആടാട് പാമ്പേ....... :)

ഓ ടോ: നീട്ടി വലിച് ഒരു പാമ്പ്‌ ആക്കികളഞ്ഞു

sherlock said...

nice write up :)

ദീപക് said...

കയറാന്‍ പറ്റാവുന്നത്ര കയറി കമ്പിയഴികളില്‍ പറ്റിപ്പിടിച്ചിരുന്നു.

സ്പൈഡര്‍മാനെപ്പോലെ അല്ലെ? ആ രംഗം മനസ്സില്‍ അലോചിച്ചപ്പഴേ ചിരി പൊട്ടി. ബെഡ്‌റെസ്റ്റാ .. എനിക്കിങ്ങനെ അനങ്ങാന്‍ പറ്റില്ല. കാല്‌ നല്ല‌ വേദനയാ ... ഒഹ് ഒന്നുമില്ലാന്നെ ഒന്നു ബൈക്കില്‍ നിന്നു വീണു.

ബിജുകുമാര്‍ alakode said...

എന്റെ ബ്ലോഗിലെ ശ്രീനന്ദയുടെ പ്രൊഫൈലില്‍ തൂങ്ങിയാണ് ഈ ബ്ലോഗിലെത്തിയത്. അപ്പോഴതാ ഒരു പാമ്പു പുരാണം. വായിച്ചപ്പോള്‍ അത്ഭുതം തോന്നി. നല്ല എഴുത്തെന്നതു മാത്രമല്ല കാരണം. ഞാന്‍ കഴിഞ്ഞമാസം “പാമ്പു പുരാണം” എന്ന പേരില്‍ ഒരു പോസ്റ്റിട്ടിരുന്നു. എഴുത്തു ശൈലി രണ്ടിലും ഒരേപോലെ..!( http://minibijukumar.blogspot.com/2010/12/blog-post_18.html )
നന്ദയുടെ പൊസ്റ്റ് വായിച്ച ശേഷം എന്റെ പോസ്റ്റ് വായിയ്ക്കുന്ന ആരും ഞാന്‍ നന്ദയുടെ ശൈലി കടം കൊണ്ടതാണെന്നേ വിശ്വസിയ്ക്കൂ..! ഈ പോസ്റ്റ് എനിയ്ക്ക് വളരെ ഇഷ്ടപെട്ടു. നല്ല ശൈലിയും ഭാഷയും. അഭിനന്ദനങ്ങള്‍...