Tuesday 9 August 2011

ഫേസ്ബുക്ക്‌

ഫേസ്ബുക്കിന്റെ നീലത്താളില്‍ രഘു ചിരിച്ചു. "ഓര്‍മ്മയുണ്ടോ?".

ഓര്‍മ്മകള്‍ മരിച്ചാല്‍ പിന്നെ ജീവിതത്തില്‍ എന്താണ് ബാക്കി. തമ്മില്‍ കണ്ടിട്ട് പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒന്നാം ക്ലാസ്സുമുതല്‍ ഏഴുവരെ ഒരേ ക്ലാസ്സില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ എന്നും പ്രതിയോഗികളായിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോള്‍ താന്‍ ഗേള്‍സില്‍ ചേര്‍ന്നു. പ്രീഡിഗ്രിക്ക് വീണ്ടും ഒരേ കോളേജില്‍.

കൌമാരം കണിക്കൊന്നപോലെ പൂവിട്ടുനിന്ന ആ പ്രായത്തില്‍ എപ്പോഴൊക്കെയോ മൊട്ടിട്ട പ്രണയം പറഞ്ഞില്ലെങ്കിലും അറിഞ്ഞിരുന്നു. ഒരു നോട്ടത്തില്‍, പുഞ്ചിരിയില്‍, മൂളിപ്പാട്ടിന്റെ ഈരടികളില്‍ ഒക്കെ ഒരു വസന്തം വിരുന്നുവന്നത് അറിഞ്ഞില്ലെന്നു ഭാവിച്ചു. ഇടക്കൊക്കെ കടം വാങ്ങുന്ന നോട്ട് ബുക്കിന്റെ പിന്‍താളില്‍ പ്രണയം ഹൃദയമാവുന്നതും വരികളാവുന്നതും കണ്ടില്ലെന്നു നടിച്ചു.

മീല്‍സേഫിന്റെ മുകളില്‍ അച്ഛന്‍ ചെത്തിയൊരുക്കി സൂക്ഷിച്ചിരിക്കുന്ന കാപ്പിക്കമ്പിന്റെ ചൂട് മാത്രമായിരുന്നില്ല കാരണം. അന്തിവെളുക്കോളം അച്ഛന്‍ രക്തം വിയര്‍പ്പാക്കുന്നതും അടുക്കളപ്പുകയിലെ ഇല്ലായ്മകള്‍ക്കിടയില്‍ അമ്മ നീറുന്നതും കണ്ടില്ലെന്നു നടിക്കാന്‍ ആവുമായിരുന്നില്ല. കഴുത്തോളം കടത്തില്‍ മുങ്ങിയാണ് അവര്‍ രണ്ടു മക്കളെയും പഠിപ്പിക്കുന്നത്.

അമ്മ അത്താഴം വിളമ്പുമ്പോള്‍ കലത്തിനടിയില്‍ തവികൊണ്ടുരയുന്ന ശബ്ദത്തിന്റെ അര്‍ത്ഥവും അച്ഛന്‍
ബാക്കിവച്ച് പോവുന്ന പകുതിചോറും അന്നൊക്കെ ഉറക്കം കെടുത്തിയിരുന്നു. കോളേജിന്റെ ആരവങ്ങള്‍ക്കും ആര്‍ഭാടത്തിനും പുറത്തു ഒതുങ്ങിമാറി നില്‍ക്കാനാണ് ഉള്ളിലെ അപകര്‍ഷതാബോധം എന്നും പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ ആദ്യാനുരാഗവും അതിന്റെ നിറഭേദങ്ങളും ആരുമറിഞ്ഞില്ല.

"ഏയ്‌, താനെന്താ സ്വപ്നം കാണുകയാണോ." ജാസ്മിന്‍ അരികില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. വൈകുന്നേരത്തെ ചായക്കുള്ള സമയമാവുന്നു. കഫറ്റെരിയയിലേക്ക് പോവാന്‍ വിളിക്കാന്‍ വന്നതാണ്‌ അവള്‍. പരസ്പരം എല്ലാം തുറന്നു പറയാനുള്ള അടുപ്പം ഉള്ളതുകൊണ്ട് ഫേസ്ബുക്ക് വിന്‍ഡോ ക്ലോസ് ചെയ്തില്ല. തന്നെ ചൂഴ്ന്നൊന്നു നോക്കിയിട്ട് അര്‍ത്ഥഗര്‍ഭമായി അവള്‍ ചിരിച്ചു.

കഫറ്റെരിയയിലേക്ക് നടക്കുമ്പോള്‍ അടക്കിയ ശബ്ദത്തില്‍ അവള്‍ ചോദിച്ചു "നിങ്ങള്‍ തമ്മില്‍ ലൈനായിരുന്നോ?'.

"ഏയ്‌ അങ്ങനെയൊന്നുമില്ല. സ്കൂള്‍മേറ്റ്‌ അത്രേയുള്ളൂ. നാട്ടില്‍ ഞങ്ങളുടെ വീടിനു കുറേയകലയാണ് രഘുവിന്റെ വീട്. ഇപ്പോള്‍ ദുബായില്‍ എന്ജിനീയരാണ്."

മറുപടി ഒരു മൂളിപ്പാട്ടായിരുന്നു. "കടവത്ത്‌ തോണിയടുത്തപ്പോള്‍ പെണ്ണിന്റെ കവിളത്ത് മഴവില്ലിന്‍ നിഴലാട്ടം........"

"ഏഴുവര്‍ഷം ഒരുത്തന്റെ പുറകെ നടന്നു പ്രേമിച്ചു, കഷ്ടപ്പെട്ടു കെട്ടിയ എന്നോട് കള്ളം പറയല്ലേ മോളെ"

ജാസ്മിന്റെ വര്‍ക്ക്‌സ്റ്റേഷനിലെ ഡിസ്പ്ലേബോര്‍ഡില്‍ ഒരു ചിത്രമുണ്ട്. ഒരു പകുതി ആപ്പിളും പകുതി ഓറഞ്ചും പിന്ചെയ്തു വച്ചിരിക്കുന്നു കൂടെ ഒരു വാചകവും "അഡ്ജസ്റ്റ് ചെയ്യൂ അല്ലെങ്കില്‍ വേര്‍പിരിയൂ". വ്യത്യസ്ത മതത്തില്‍പ്പെട്ട ജാസ്മിനും ഹരിയും വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ വിവാഹം കഴിച്ചവരാണ്. വിവാഹജീവിതത്തിലെ പല സംഘര്‍ഷങ്ങളും അവള്‍ നേരിടുന്നത് ആ ചിത്രത്തിന്റെ ബലത്തിലാണ്.

ഒരുകപ്പ് ചായക്കൊടുവില്‍ അവള്‍ വിധി പ്രസ്താവിച്ചു "പ്രണയം നഷ്ടപ്പെടുന്നതാണ് നല്ലത്. ആ ഓര്‍മ്മള്‍ക്കുള്ള ഭംഗി ചിലപ്പോള്‍ ഒപ്പം ജീവിക്കുമ്പോള്‍ കണ്ടെന്നു വരില്ല"

തിരികെ ടേബിളില്‍ എത്തുമ്പോള്‍ രഘുവിന്റെ ഒരു മെസ്സേജ് ഉണ്ടായിരുന്നു. "ഞാന്‍ അടുത്ത മാസം നാട്ടില്‍ വരുന്നുണ്ട്. ഒന്ന് കാണാന്‍ പറ്റുമോ. തന്റെ ഒരു സാധനം എന്റെ കൈയ്യിലുണ്ട്‌, അത് തിരിച്ചേല്പ്പിക്കാനാണ്." അത് വായിച്ചപ്പോള്‍ അല്പം പരിഭ്രമം തോന്നാതിരുന്നില്ല.

ഓര്‍മ്മയില്‍ എത്ര തിരഞ്ഞിട്ടും രഘുവിന് എന്തെങ്കിലും നല്‍കിയതായി ഓര്‍ക്കുന്നില്ല. ടെന്‍ഷന്‍ കണ്ടപ്പോള്‍ ജാസ്മിന്‍ കളിയാക്കി. "നിന്റെ ഹൃദയമായിരിക്കും. ആളിന് പെണ്ണും പിടക്കൊഴീം ഒക്കെയായില്ലേ. നിന്റെ ഫാമിലി ഫോട്ടോയൊക്കെ പുള്ളി കണ്ടും കാണും. പിന്നെന്തിനാ ഒരു പാഴ്‌വസ്തു വെറുതെ കയ്യില്‍ കൊണ്ട് നടക്കുന്നതെന്ന് കരുതിക്കാണും".

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മെസ്സേജ് വന്നു. "ഞാന്‍ നാട്ടിലെത്തി. വരുന്ന ശനിയാഴ്ച വൈകുന്നേരം ശാസ്താവിന്റെ അമ്പലത്തില്‍ ഒന്ന് വരുമോ". അല്ലെങ്കിലും അമ്മയെ കാണാന്‍ വേണ്ടി വീട്ടില്‍വരെ പോവണമെന്ന് കരുതിയിരിക്കുകയായിരുന്നു. രഘുവിനെ കാണാന്‍ പോവണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ല. എന്താണ് രഘുവിന് മടക്കിതരാനുള്ളത് എന്ന ആകാംക്ഷ മനസ്സിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു.

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ശനിയാഴ്ച വെളുപ്പിന് തന്നെ വീട്ടിലെത്തി. വൈകുന്നേരം മോളെ അമ്മയെ ഏല്പിച്ചു അമ്പലത്തിലേക്ക് തനിയെ പോവുമ്പോള്‍ ചെയ്യുന്നത് തെറ്റാണോ എന്നൊരു കുറ്റബോധം ഉള്ളില്‍ തലപൊക്കി തുടങ്ങി.

കരക്കാരും അമ്പലത്തിന്റെ ഉടമസ്ഥാവകാശം ഉള്ള നമ്പൂതിരിമാരും തമ്മില്‍ തര്‍ക്കം നടക്കുന്നത്കൊണ്ട് ഈയിടെ അമ്പലത്തില്‍ അധികമാരും പോവാറില്ല. ആളൊഴിഞ്ഞ പ്രദക്ഷിണ വഴിയില്‍ കണ്ണുകള്‍ രഘുവിനെ തിരഞ്ഞു. റിപ്ലൈ ചെയ്യാഞ്ഞതുകൊണ്ട് ഒരുപക്ഷെ വന്നിട്ടില്ലെങ്കിലോ. കൊടിമരത്തിനു താഴെ ആനക്കൊട്ടിലില്‍ പലപ്പോഴും രഘു കാത്തുനില്‍ക്കുന്നത് പണ്ട് കണ്ടിട്ടുണ്ട്. പക്ഷെ അവിടവും ശൂന്യമായിരുന്നു. വെള്ളയും ചുവപ്പും ചെമ്പകപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ശിവന്റെ നടയിലും സര്‍പ്പക്കാവിന്റെ ഇരുണ്ട നിഴലിലും ആരെയും കണ്ടില്ല. ഹൃദയത്തില്‍ നിരാശയുടെ ഒരു പടുമുള പൊട്ടുന്നതറിഞ്ഞു.

ശ്രീകോവിലില്‍ മുനിഞ്ഞു കത്തുന്ന വിളക്കുകള്‍ക്കു നടുവില്‍ മുഴുക്കാപ്പിട്ട ഭഗവത് രൂപം. ശനീശ്വരനായ ഭഗവാനേ, ഈ ക്ഷേത്രത്തിന്റെ ശനിദശ എന്ന് മാറും. മുന്‍പൊക്കെ ശനിയാഴ്ച വൈകുന്നേരത്തെ ദീപാരാധനക്ക് അമ്പലം നിറയെ ആളുകളായിരുന്നു. ഈ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന മനസുഖം മറ്റൊരിടത്തും കിട്ടിയിട്ടില്ല. ഓര്‍മ്മവച്ചനാള്‍ ഉള്ളിലുറച്ചുപോയ ഭക്തികൊണ്ടാവാം.
ചന്ദനം കൊണ്ട് കുറിവരച്ചു തുളസിക്കതിര് മുടിയിഴകളില്‍ തിരുകി ചുറ്റമ്പലത്തിലേക്ക് നടക്കുമ്പോള്‍ കൊടിമരച്ചുവട്ടില്‍ രഘു കാത്തു നില്‍ക്കുന്നു. സന്തോഷം കൊണ്ട് ഹൃദയം കുതിച്ചു ചാടുന്നതറിഞ്ഞു. അല്പം തടിയും കുടവയറും ഉണ്ടെന്നൊഴിച്ചാല്‍ രഘുവിന് കാര്യമായ മാറ്റങ്ങളൊന്നുമില്ല. അരയാല്‍ ചുവട്ടില്‍ കിടന്നിരുന്ന നീല മാരുതികാര്‍ അപ്പോഴാണ്‌ കണ്ണില്‍ പെട്ടത്. താന്‍ വരുന്നതിനും മുന്‍പ്തന്നെ വന്നിട്ടുണ്ടാവാം.

കരിങ്കല്‍ പാകിയ പ്രടക്ഷണ വഴിയില്‍ അവിടവിടെ മഴവെള്ളം തളം കെട്ടി കിടക്കുന്നു. ഒപ്പം നടക്കുമ്പോള്‍ രഘു പറഞ്ഞു " താന്‍ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അത്താഴപൂജ വരെ കാത്തുനില്‍ക്കാമെന്ന് കരുതിയാണ് വന്നത്. പണ്ടും ദീപാരാധനക്ക് തൊട്ടുമുന്‍പല്ലേ വരാറുണ്ടായിരുന്നത്."

ശരിയാണ്, അന്നൊക്കെ അടുത്ത വീടുകളിലെ പെണ്‍കുട്ടികള്‍ ഒരുമിച്ചാണ് വരാറുള്ളത്. കൂട്ടുകാര്‍ക്കിടയില്‍ നിന്ന് തന്നെ ഉറ്റുനോക്കുന്ന രണ്ടുകണ്ണുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
വര്‍ഷങ്ങളുടെയകലം എതാനും നിമിഷങ്ങളിലെ കുശലം പറച്ചിലില്‍ വിട്ടകന്നു. പലതും പരസ്പരം പറഞ്ഞും കേട്ടും കുടുംബവിശേഷങ്ങള്‍ കൈമാറിയും പഴയ സംഭവങ്ങളോര്‍ത്ത് പൊട്ടിച്ചിരിച്ചും സമയം കൊഴിഞ്ഞു വീണപ്പോള്‍ അകലെ മലനിരകള്‍ക്കു മേലെ ചക്രവാളം ചുവന്നു തുടങ്ങിയിരുന്നു. ഒരു വലിയ ചോദ്യത്തിനുത്തരം ഇതുവരെയും കിട്ടിയില്ല, തുറന്നു ചോദിക്കാനൊരു മടിയും. എങ്കിലും പ്രിയപ്പെട്ട കൂട്ടുകാരാ, ഈ മനോഹരസന്ധ്യക്ക് നന്ദി.

യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ രഘു അരയാല്‍ ചുവട്ടിലേക്ക്‌ നടന്നു. കാറിനുള്ളില്‍ നിന്നും ഒരു ചെറിയ പൊതിയെടുത്ത്‌ നീട്ടി. കവര്‍ തുറന്നത് പുറത്തെടുക്കുമ്പോള്‍ കൈവിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു. പുറംചട്ട പിഞ്ഞിത്തുടങ്ങിയ ഒരു നോട്ട് ബുക്ക്‌. ആദ്യത്തെ പേജില്‍ തന്റെ പേരും 7 A എന്ന ക്ലാസും മങ്ങിയ അക്ഷരങ്ങളില്‍ കാണാം. മറവിയുടെ മാറാല നീക്കി ഓര്‍മ്മകള്‍ പിന്നോട്ട് പാഞ്ഞു.
അതെ എഴാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷക്ക്‌ തൊട്ടുമുന്‍പ് കാണാതായ തന്റെ ഇംഗ്ലീഷ് നോട്ട് ബുക്ക്‌.

"ഇതെങ്ങനെ രഘുവിന്റെ കയ്യില്‍ വന്നു". അത്ഭുതവും അമ്പരപ്പും കലര്‍ന്ന തന്റെ ചോദ്യത്തിന് മറുപടി ചമ്മിയ ഒരു ചിരിയായിരുന്നു.

"മോഷ്ടിച്ചതാണ്. അന്നൊരു ഇന്റര്‍വെല്‍ ടൈമില്‍"

"എന്തിന്‌?"

"താന്‍ ഓര്‍ക്കുന്നുണ്ടോയെന്നറിയില്ല. ആ വര്‍ഷം ഓണപ്പരീക്ഷയ്ക്ക് തനിക്കായിരുന്നു ക്ലാസ്സില്‍ ഫസ്റ്റ്‌. നമ്മുടെ ഇംഗ്ലീഷ് മാഷ് ദാനിയല്‍ സാര്‍ ക്രിസ്മസ് പരീക്ഷക്ക്‌ മുന്പായി ഒരു സമ്മാനം പ്രഖ്യാപിച്ചു. ഇന്ഗ്ലീഷിനു ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നയാള്‍ക്ക് സാറിന്റെ വക സമ്മാനം ഒരു ഹീറോ പെന്‍. അന്നേ മനസ്സില്‍ കണക്കു കൂട്ടി അതെനിക്ക് നേടണമെന്ന്. അന്നത്തെ കുരുട്ടു ബുദ്ധിയില്‍ തോന്നിയ ഐഡിയ ആയിരുന്നു മോഷണം."

ശരിയാണ്, പരീക്ഷക്ക്‌ ഒന്ന് രണ്ടു ദിവസം മുന്‍പാണ് ബുക്ക് കളഞ്ഞുപോയത്. പരീക്ഷക്ക്‌ സ്കൂള്‍ അടക്കുന്ന ദിവസം കരഞ്ഞുകൊണ്ട്‌ മറ്റൊരു ബുക്കില്‍ നോട്ട് പകര്‍ത്തി എഴുതിയത് ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു. ക്രിസ്മസ് പരീക്ഷക്ക്‌ ഇന്ഗ്ലീഷിനു മറ്റെല്ലാ വിഷയത്തിനെക്കാളും മാര്‍ക്ക് കുറവായിരുന്നു. പെന്‍ രഘു നേടുകയും ചെയ്തു.

"തനിക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ?" രഘുവിന്റെ പതിഞ്ഞ സ്വരം കേട്ടപ്പോള്‍ ചിരിയാണ് വന്നത്. കുട്ടിക്കാലത്തിന്റെ ഓരോരോ കുറുമ്പുകള്‍.

" അന്നത്തെ തന്റെ കരച്ചില്‍ കണ്ടപ്പോള്‍ ഭയങ്കര കുറ്റബോധം തോന്നി. സത്യം തുറന്നു പറഞ്ഞു ബുക്ക്‌ തിരിച്ചുതന്നാല്‍ പിന്നെ എനിക്ക് സ്കൂളിലും വീട്ടിലും അടിയുടെ പൂരമായിരിക്കും. കോളേജിലെ ആദ്യത്തെ നാളുകളില്‍ പറയണമെന്ന് പലവട്ടം കരുതിയതാണ്, അവിടെയും ഇമേജിന് പ്രശ്നമാവുമോ എന്നൊരു പേടി. പിന്നെ .... ". ബാക്കി രഘു പറഞ്ഞില്ലെങ്കിലും തനിക്ക്‌ ഊഹിക്കാമായിരുന്നു.

മഷി പടര്‍ന്നു വക്കുകള്‍ മടങ്ങിയ നോട്ബുക്കിന്റെ താളുകള്‍ക്കുള്ളില്‍ പറയാതെ പോയൊരു പ്രണയം ഒളിച്ചിരുപ്പുണ്ട്. അമ്പലപ്പറമ്പിലെ അരയാല്‍ ചുവട്ടില്‍, ചെമ്പകപ്പൂ മണമുള്ള കാറ്റില്‍, ചുവപ്പ് രാശി പെയ്തിറങ്ങിയ ചക്രവാളത്തിനു കീഴില്‍ അങ്ങനെ നില്‍ക്കുമ്പോള്‍, പഴയ ആ പാവാടക്കാരി കുട്ടിയാവാന്‍ മനസ്സ് കൊതിച്ചു പോയി.കാലമൊന്നു തിരിഞ്ഞു കറങ്ങിയെങ്കില്‍, നിഷ്കളങ്കമായ ബാല്യവും, സ്വപ്നങ്ങള്‍ നിറമാല ചാര്‍ത്തിയ കൌമാരവും ഒക്കെ ഒരേയൊരു പ്രാവശ്യത്തേക്കു തിരികെ കിട്ടിയെങ്കില്‍. ...

"ആ കവറിനുള്ളില്‍ മറ്റൊരു സാധനം കൂടിയുണ്ട്, നോക്കൂ" രഘുവിന്റെ വാക്കുകളാണ് വര്‍ത്തമാന കാലത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ഉപയോഗിക്കാത്ത ഹീറോ പെന്‍ ഭംഗിയായി പൊതിഞ്ഞു വച്ചിരിക്കുന്നു.

"ഇനിയിത് യഥാര്‍ത്ഥ അവകാശിയുടെ കയ്യില്‍ ഇരുന്നോട്ടെ. പ്രത്യേകിച്ച് ഉപയോഗം ഒന്നുമുണ്ടാവില്ലെന്ന് അറിയാം. എന്നാലും ഒരു സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്ക്‌"

"പെന്‍ രഘു തന്നെ വച്ചോളൂ. ഇത്രയും കാലം ഇതുരണ്ടും സൂക്ഷിച്ചു വച്ചില്ലേ. എനിക്ക് അതുതന്നെ ധാരാളം."

"അങ്ങനെയെങ്കില്‍ ആ ബുക്ക്‌ തിരികെ തന്നേക്കൂ. ഓര്‍മ്മകളുടെ ഒരു വളപ്പൊട്ട്‌ ശേഖരമാണ് എനിക്കത്. കുറ്റബോധത്തിന്റെ കണിക പോലുമില്ലാതെ ഇനിയെനിക്കത് സൂക്ഷിക്കാമല്ലോ."

യാത്ര പറഞ്ഞു പിരിയുമ്പോള്‍ സ്വയം പറഞ്ഞു, ഇനിയൊരു വഴിതിരിവുകളിലും നമ്മള്‍ പരസ്പരം കാണാതിരിക്കട്ടെ. ഓര്‍മ്മകളുടെ കടലിലെ ചന്ദ്രോദയം പോലെ ഈ സന്ധ്യയുടെ ശോഭ ഒരിക്കലും നിറം മങ്ങാതെയിരുന്നോട്ടെ.

നായകളും കുറെയോര്‍മ്മകളും

എന്റെ കുട്ടിക്കാലത്ത് വീട്ടിലെ ഒരേയൊരു പെറ്റ് എന്നെക്കാളും നാലു വയസ്സിനിളയ അനിയത്തി മാത്രമായിരുന്നു. അത് കുറച്ചൊന്നുമല്ല എന്നെ കുശുമ്പു പിടിപ്പിചിട്ടുള്ളത്. പട്ടിയേം പൂച്ചയേം ഒന്നും വളര്‍ത്താന്‍ അമ്മൂമ്മക്ക്‌ ഇഷ്ടമല്ല. അതുങ്ങള് കടിക്കും, മാന്തും, പിന്നെ വീട്ടിലൊക്കെ രോമം പൊഴിഞ്ഞു വീണു അസുഖങ്ങളുണ്ടാകും എന്നൊക്കെയായിരുന്നു (അ)ന്യായങ്ങള്‍. പൂച്ചയെ എനിക്കും ഇഷ്ടമല്ല, കുഞ്ഞിലെ ഒരു പൂച്ച കടിച്ചിട്ട്‌ എത്ര ഇന്ജെക്ഷനാ കിട്ടിയത്!! ആ കദനകഥ പിന്നെ ഒരു പോസ്റ്റാക്കാം.

പട്ടിക്കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. തരം കിട്ടിയാല്‍ അതുങ്ങളെ തൊടുകയും എടുക്കുകയും ഒക്കെ ചെയ്യും. ഞങ്ങള്‍ പാല്‍ വാങ്ങിച്ചോണ്ടിരുന്ന വീട്ടിലെ ചെല്ലമ്മച്ചേയിയാണ് വീട്ടില്‍ ഒരു പട്ടിയെ വളര്‍ത്തുക എന്ന വിപ്ലവാത്മക ചിന്ത എന്റെ കുഞ്ഞുമനസ്സില്‍ പാകിയത്‌.

അവരുടെ വീട്ടിലെ പട്ടിക്കു ആയിടെ നാലഞ്ചു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ രാവിലെ പാല് വാങ്ങിക്കാന്‍ പോവുമ്പോള്‍ അതിനെ എടുക്കുകയും ഓമനിക്കുകയും ഒക്കെചെയ്യും. ഇച്ചേയിയും കൊച്ചാട്ടനും കൂടെ ഈ നാലഞ്ചെണ്ണത്തിനെ എങ്ങനെ ഒഴിവാക്കും എന്ന് തലപുകച്ചിരിക്കുമ്പോഴാണ് ദൈവദൂതികയെപ്പോലെ ഞാന്‍ അവതരിച്ചത്.

"മോള്‍ക്ക്‌ ഒരു പട്ടിക്കുഞ്ഞിനെ തരട്ടേ" എന്ന് ഇച്ചേയി ചോദിച്ചപ്പോള്‍ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കണ്ണുവിരിയാത്ത പട്ടിക്കുഞ്ഞുങ്ങള്‍ക്കെല്ലാത്തിനും നല്ല ഓമനത്തമായിരുന്നു, അവയില്‍ നിന്നും തവിട്ടു നിറമുള്ള ഒരു കുട്ടിക്കുറുമ്പനെ ഞാന്‍ അഡോപ്റ്റ് ചെയ്തു.

ഒരു കയ്യില്‍ പാല്‍ക്കുപ്പിയും മറ്റേ കയ്യില്‍ പട്ടിക്കുഞ്ഞുമായി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വീട്ടിലെല്ലാരും ആദ്യം ഞെട്ടി, പിന്നെ പൊട്ടിത്തെറിച്ചു.

"തിരിച്ചു കൊണ്ടെ കൊടുത്തിട്ട് വാടീ ഈ അശ്രീകരത്തിനെ". അമ്മൂമ്മ കലിതുള്ളി. പിന്തുണ പ്രഖ്യാപിച്ചു അച്ഛനും അമ്മയും. അനിയത്തി മാത്രം എന്റെ അടുത്ത് വന്നിരുന്നു കൌതുകത്തോടെ അതിനെ നോക്കി.

പ്രശ്നം ഇത്രേം ഗുരുതരമാവുമെന്നു ഞാന്‍ കരുതിയതല്ല. പട്ടിക്കുട്ടിയെ തിരിച്ചു കൊടുക്കണമെന്ന സങ്കടത്തെക്കാളുപരി അതുകൊണ്ടുണ്ടാവാന്‍ പോവുന്ന മാനഹാനിയാണ്‌ ആ മൂനാം ക്ലാസ്സുകാരിക്ക് കൂടുതല്‍ ഫീല് ചെയ്തത്. എങ്ങനെ ഞാന്‍ ഇച്ചെയിയുടെ മുഖത്ത് നോക്കും!

ആ സങ്കടം ഒരു നിലവിളിയായത് പെട്ടെന്നായിരുന്നു. സൈറണ്‍ കേട്ട് അയല്‍വക്കക്കാര്‍വരെ ഓടിവന്നു. പട്ടിയെ തിരിച്ചു കൊടുക്കില്ലെന്ന നിലപാടില്‍തന്നെ ഞാന്‍ ഉറച്ചുനിന്നു. അവസാനം അച്ഛന്‍ അമ്മൂമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു പട്ടിക്കുട്ടിയെയും എന്നെയും അകത്തു കേറ്റി.

പഴയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കീറിയ ബെഡ് ഷീറ്റ് നന്നായി മടക്കിയിട്ടു പട്ടിക്കുഞ്ഞിനു ബെഡ് റൂം തയ്യാറാക്കി. അമ്മ അടുക്കളയിലെഒരു ചെറിയ പാത്രവും കുറച്ചു പാലും അതിനു കുടിക്കാന്‍ തന്നു. ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ് നിറയെ പട്ടിക്കുഞ്ഞാണ്‌. സ്കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. അമ്മയുടെ വക വഴക്കാനെങ്കില്‍ ഇഷ്ടംപോലെ. ഞാന്‍ സ്കൂളില്‍ പോയാല്‍ പിന്നെ അതിന്റെ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ഒക്കെ വൃത്തിയാക്കുന്നത് അമ്മയാണല്ലോ. അതിന്റെ 'കീ കീ' ന്നുള്ള കരച്ചില് വേറെ, പോരാത്തതിനു പട്ടിക്കുഞ്ഞിനെ കളിപ്പിചോണ്ടിരുന്നു പഠിത്തം ഉഴപ്പുന്നു എന്ന പരാതിയും.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ വീട്ടിലെല്ലാം ഓടി നടക്കാന്‍ തുടങ്ങി. അപ്പോള്‍ പട്ടി പൂജാമുറിയില്‍ കേറുന്നു, കിച്ചണില്‍ കേറുന്നു എന്നൊക്കെ പറഞ്ഞു അമ്മൂമ്മ ഭയങ്കര ബഹളം. ഇതൊക്കെ കേട്ടിട്ടും ഞാനും ടോമിയും മാത്രം കുലുങ്ങിയില്ല.

തനി കണ്ട്രിയായ അച്ഛനും അമ്മയ്ക്കും ജനിച്ച അവന്‍ അതിലും കണ്ട്രിയായത് പല്ല് മുളച്ചു തുടങ്ങിയതോടെയാണ്. എന്നെ മാത്രം നോവിക്കാതെ വളരെ സോഫ്റ്റായി പല്ല് കൊണ്ടുരക്കും. ബാക്കിയെല്ലാര്‍ക്കും നല്ല കടി കിട്ടി തുടങ്ങിയതോടെ ടോമിയുടെ ഭാവി അവതാളത്തിലായി. കോഴിയെയൊക്കെ കുരച്ചോടിക്കാന്‍ തുടങ്ങിയതോടെ അവന്റെ ഇമേജിനല്‍പം മാറ്റം വന്നതായിരുന്നു. വീട്ടിലുള്ളവരെയും വരുന്നവരെയും കടിക്കാന്‍ തുടങ്ങിയതോടെ എനിക്കും ടോമിക്കും എതിരെ ചില കരുനീക്കങ്ങളൊക്കെ നടന്നത് ഞാന്‍ അറിഞ്ഞപ്പോഴേക്കും
വൈകിപ്പോയിരുന്നു. ഒരു ദിവസം വൈകിട്ട് സ്കൂള്‍ വിട്ടു വന്നപ്പോള്‍ എന്റെ ടോമി വീട്ടിലില്ല. അവനെ ആര്‍ക്കോ കൊടുത്തുപോലും!

എന്റെ കരച്ചില്‍ നിര്‍ത്താന്‍ അച്ഛന്‍ നേരത്തെ ഒരു പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. "നിന്റെ ടോമി വെറും നാടന്‍ പട്ടിയല്ലേ. ജോണി അങ്കിളിന്റെ വീട്ടിലെ പട്ടി പ്രസവിക്കുമ്പോള്‍ അതിലൊരെണ്ണത്തിനെ നമുക്ക് വാങ്ങാം. " അച്ഛന്റെ സുഹൃത്താണ് ജോണിയങ്കിള്‍. നല്ലയിനം പട്ടിയാണ് അവരുടേത്, എന്നാലും എനിക്കെന്റെ ടോമിയെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റില്ലായിരുന്നു.എന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്നത് കൊണ്ട് അവനെ ആര്‍ക്കാണ് കൊടുത്തതെന്നു പോലും വീട്ടിലാരും പറഞ്ഞു തന്നില്ല.

അച്ഛന്‍ എന്നെ തല്‍ക്കാലത്തേക്ക് ഒന്ന് ഒതുക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു അങ്കിളിന്റെ വീട്ടില്‍നിന്നു പട്ടിക്കുഞ്ഞിനെ വാങ്ങിത്തരാമെന്ന്. അതൊരു കുരിശായത് രാവിലെയും വൈകിട്ടും ഞാന്‍ ജോണിയങ്കിളിന്റെ വീട്ടില്‍ചെന്നു "പട്ടി പ്രസവിച്ചോ" എന്ന് കുശലം ചോദിക്കാന്‍ തുടങ്ങിയതോടെയാണ്. അങ്കിളും ആന്റിയും എന്തിനു പട്ടി വരെ "ഇതൊരു കോടാലിയായല്ലോ" എന്ന് വിചാരിക്കാന്‍ തുടങ്ങി. അധികം വൈകാതെ അവരുടെ പട്ടി പെറ്റു. ഒരാഴ്ച തികയും മുന്‍പേ അങ്കിളൊരു പട്ടിക്കുഞ്ഞിനെ എനിക്ക് കൊണ്ട് തന്നു, കറുത്തവാവ് പോലെ ഒരു കറുമ്പന്‍. ഇപ്പോള്‍ വെട്ടിലായത് അച്ഛനാണ്. അമ്മയും അമ്മൂമ്മയും പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും അച്ഛന് പിന്മാറാന്‍ കഴിഞ്ഞില്ല.

ആ പട്ടിക്കുഞ്ഞിനെയും ഞാന്‍ ടോമിയെന്നു വിളിച്ചു. പെട്ടെന്ന് തന്നെ അവന്‍ വീട്ടില്‍ എല്ലാവരുടെയും ഓമനയായി മാറി. ആരെയും കടിക്കില്ല, പുറത്തു നിന്നാരെങ്കിലും വന്നാല്‍ തന്നെ കുരച്ച് ഓടിക്കുകയെയുള്ളൂ. അമ്മൂമ്മ നിശ്ചയച്ചിരിക്കുന്ന അതിര്‍വരമ്പുകള്‍ അവനു മനപാഠം. അമ്മൂമ്മക്ക്‌ പോലും അവനെ ജീവനായി. പുള്ളിക്ക് ചോറിനെക്കാളൊക്കെ പ്രിയം കാപ്പിയും, ചായയും ബേക്കറി പലഹാരങ്ങളുമായിരുന്നു. ഭീമാകാരരൂപവും കരിപോലത്തെ
നിറവും കൊണ്ട് തന്നെ ആളുകള്‍അവനെ ഭയപ്പെട്ടിരുന്നു. എത്രയോ വര്‍ഷങ്ങള്‍ അവന്‍ ഞങ്ങള്‍ക്കൊപ്പം ജീവിച്ചു. ഇന്നും സ്നേഹം നിറഞ്ഞ ഓര്‍മ്മയാണ് അവന്‍.

ഇതിനൊരു സെക്കന്റ്‌ ക്ലൈമാക്സുണ്ട്. ആദ്യത്തെ ടോമി നാലഞ്ച് മാസം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളല്ലോ. അതിനു ശേഷം ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞു കാണും. അമ്മൂമ്മയ്ക്ക് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ചത്തെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം അമ്മയെന്നോട് രാജുച്ചായന്റെ വീട്ടില്‍ പിറ്റേന്ന് രാവിലെ ടാക്സിയുമായി വരണമെന്ന് പറയാന്‍ പറഞ്ഞു. കൂട്ടത്തില്‍ അവിടൊരു കടിയന്‍ പട്ടിയുണ്ടെന്നും പടിക്കല്‍നിന്നു വിളിച്ചിട്ടേ അങ്ങോട്ട്‌ കയറാവൂന്നും പ്രത്യേകം പറഞ്ഞു. പക്ഷെ തുള്ളിച്ചാടി ഓടിപ്പോയ കൂട്ടത്തില്‍ ഞാന്‍ അതങ്ങ് മറന്നുപോയി.

നേരെ വീടിന്റെ മുറ്റത്ത്‌ ചെന്ന് "രാജുച്ചായോ, രാജുച്ചായോ"ന്നു നീട്ടി വിളിച്ചതും വീട്ടുകാരെക്കാളും മുന്‍പേ ഒരു പട്ടി പ്രത്യക്ഷപ്പെട്ടു. അപകടം മണത്ത ഞാന്‍ റോഡിലേക്കോടി, പട്ടി പുറകെയും. പിന്നാലെ രാജുച്ചായന്‍ ഓടിവരുന്നുണ്ടായിരുന്നു. വഴിയിലെ ഒരു കല്ലില്‍ തട്ടി വീണ എന്റെ മേലേക്ക് പട്ടി ചാടി വീണു. പലരും അത് കണ്ട് ഓടിവന്നു. എന്നെ ഉരുട്ടിയിട്ട് കടിക്കുകയാണ് എന്നാണ്‌ എല്ലാവരും കരുതിയത്‌. എന്റെ ദേഹത്തേക്ക് ചാടിക്കയറിയ പട്ടി പക്ഷെ എന്റെ ദേഹമാസകലം നക്കിതുടയ്ക്കുകയായിരുന്നു. അവന്‍ എന്റെ പഴയ ടോമിയായിരുന്നുവെന്നു തിരിച്ചറിയാന്‍ അല്പം സമയമെടുത്തു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് പലരുടെ കൈമറിഞ്ഞ അവന്‍ ഒടുവില്‍ എത്തിപ്പെട്ടത് രാജുച്ചായന്റെ വീട്ടിലായിരുന്നു. ഞാന്‍ തിരിച്ചറിഞ്ഞില്ലെങ്കിലും എന്നെ തിരിച്ചറിയാന്‍ അവനു നിമിഷങ്ങള്‍ പോലുമെടുത്തില്ല. അങ്ങനെ നാട്ടുകാര്‍ക്ക് പറയാന്‍ കുറച്ച് ദിവസത്തെ വിഷയമായി ഞാനും എന്റെ ടോമിയും.