Wednesday, 17 March 2010

വേനല്‍മഴ

"അമ്മ വരുമ്പം മോള്‍ക്ക്‌ മിട്ടായി കൊണ്ട് വരാം കേട്ടോ. അച്ഛമ്മയെ വഴക്ക് കെട്ടാതെ നല്ല കുട്ടിയായിരിക്കണേ " ചിന്നുമോളുടെ കുഞ്ഞിക്കവിളില്‍ ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

"വേണ്ട എനിക്ക് മിട്ടായി വേണ്ട. കിണ്ടെര്‍ ജോയ് കൊണ്ടുതന്നാ മതി" അവള്‍ ചിണുങ്ങി.

പിന്നേ, കിണ്ടെര്‍ ജോയ്. ഒരെണ്ണത്തിനു രൂപാമുപ്പതു കൊടുക്കണം. ടിവിയിലെ പരസ്യങ്ങള്‍ കൊണ്ടുള്ള ഓരോരോ ഉപദ്രവങ്ങള്‍. ആ പൈസക്ക് ഒരുകിലോ അരിവാങ്ങിയാല്‍ രണ്ടുമൂന്നു ദിവസം കഴിച്ചുകൂട്ടാം. മനസ്സില്‍ വന്നത് പറഞ്ഞില്ല, വെറുതെ അവളെ വഴക്കുണ്ടാക്കിയാല്‍ പിന്നെ താന്‍ വരുന്നത് വരെ അമ്മക്ക് സ്വൈര്യം കൊടുക്കില്ല.

പതിനൊന്നു മണിയെയായിട്ടുള്ളൂ, എരിയുന്നവെയിലാണ് വെളിയില്‍. മധുവേട്ടന്‍ അയച്ച ഡി.ഡി ബാഗിലുണ്ടെന്നു ഒന്നുകൂടി ഉറപ്പുവരുത്തി. ബാങ്കില്‍ പോയി ഡി.ഡി. മാറി, ലോണിന്റെ തവണയും അടച്ചു അമ്മക്കുള്ള മരുന്നും വീട്ടുസാധനങ്ങളും ഒക്കെ വാങ്ങി മൂന്നരയുടെ ബസ്സിനു തിരിച്ചുവരണം. ഇന്നലെ പൈസ വന്നപ്പോള്‍ മുതല്‍ കൂട്ടിയും കുറച്ചും കണക്കൊപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു മാസത്തെ മുഴുവന്‍ ചെലവും ഇതുകൊണ്ട് തികക്കണം. കഴിഞ്ഞ മാസം മധുവേട്ടന്‍ അയച്ചതില്‍ പകുതിയും മോളുടെ പനി കാരണം ശ്രീധരന്‍ ഡോക്ടറുടെ പോക്കെറ്റിലായി. ലോണിന്റെ തവണയും മുടങ്ങി.

ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്ന വീടിന്റെ അസ്ഥി പഞ്ജരത്തില്‍ കണ്ണുകള്‍ ഉടക്കി. കട്ടിളയുടെ ഉയരംവരെ കെട്ടിയിട്ടുണ്ട്,ഒന്നരവര്‍ഷമായി അങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്. പായല്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു.

മധുവേട്ടന്‍ ഗള്‍ഫില്‍ പോയപ്പോള്‍ എന്തൊക്കെ സ്വപ്‌നങ്ങള്‍ ആയിരുന്നു. ആകെയുണ്ടായ നേട്ടം വീട് കെട്ടാന്‍ പോയത് കൊണ്ട് കുറച്ച് മരച്ചീനിയോ, ചേമ്പോ ഒക്കെയിട്ടിരുന്ന അത്രയും സ്ഥലം ഇല്ലാതായതും ഇത്തിരിയുണ്ടായിരുന്ന പൊന്ന് ബാങ്കിലെ ലോക്കെറില്‍ പണയത്തില്‍ ആയതുമാണ്. പിന്നെ ദാരിദ്ര്യരേഖക്ക് താഴെയായിരുന്ന റേഷന്‍കാര്‍ഡ്‌ ഗൃഹനാഥന്‍ ഗള്‍ഫുകാരനായതിനാല്‍ മുകളിലേക്ക് ഉയര്‍ത്തപ്പെട്ടു. അത്കൊണ്ടിപ്പോള്‍ ഒരാനുകൂല്യങ്ങളും കിട്ടാതായി.

മധുവേട്ടന്‍ ഗുജറാത്തിലെ കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുമ്പോഴായിരുന്നു തങ്ങളുടെ വിവാഹം. കല്യാണം കഴിഞ്ഞു ഗുജറാത്തിനു പോയത് നവവധുവിന്റെ ഒത്തിരി സ്വപ്നങ്ങളോടെ ആയിരുന്നു. പക്ഷെ നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇടുങ്ങിയ ആ ഒറ്റമുറിയില്‍ ജീവിതം ദുസ്സഹമായിരുന്നു. പ്രസവത്തിനു നാട്ടില്‍ വന്ന ശേഷം താന്‍ തിരികെപ്പോയില്ല. അധികം വൈകാതെ മധുവേട്ടന് ഗള്‍ഫിലെക്കൊരു വിസ തരപ്പെട്ടു. ഉള്ളത് പണയം വച്ചും കടം വാങ്ങിയുമൊക്കെയാണ് പോയത്. കടങ്ങളൊക്കെ വീടി ഒന്ന് പച്ചപിടിച്ചതായിരുന്നു.

വീടിന്റെ പണിതുടങ്ങി ഫൌണ്ടേഷന്‍ തീര്‍ന്ന സമയത്താണ് ചിക്കെന്‍ഗുനിയ വന്നു മധുവേട്ടന്റെ അച്ഛന്‍ വളരെ സീരിയസ്സായി ഹോസ്പിറ്റലില്‍ ആയത്‌. ലീവില്‍ വന്നതായിരുന്നു മധുവേട്ടന്‍, അതുകൊണ്ട് അവസാന നിമിഷം അച്ഛന് ഇത്തിരി വെള്ളം കൊടുക്കാന്‍ പറ്റി. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു തിരികെപ്പോവാനിരിക്കുമ്പഴാണ് ഇനിയും തിരിച്ചു ചെല്ലണ്ടാന്നുള്ള അറിയിപ്പ് കമ്പനിയില്‍ നിന്നും വന്നത്. സാമ്പത്തികമാന്ദ്യം മൂലം എല്ലാവരെയും പിരിച്ചു വിടുകയാണത്രെ. അവിടെ തീര്‍ന്നു തങ്ങളുടെ നല്ലകാലം.

വീടുപണിക്കെടുത്ത ലോണിന്റെ തവണകള്‍ മുടങ്ങി. അടുപ്പ് പുകയാന്‍തന്നെ ബുദ്ധിമുട്ടായപ്പോഴാണ് ഗുജറാത്തിലെ പഴയ കമ്പനിയില്‍ വീണ്ടും ജോലി ശരിയായത്. മധുവേട്ടന്റെ ചിലവും കഴിഞ്ഞു അയച്ചു തരുന്നത് കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ് താന്‍.

ബസ്സിന്റെ ഹോണ്‍ മുഴങ്ങിയപ്പോഴാണ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത്. ബസിനുള്ളില്‍ സൂചികുത്താന്‍ ഇടമില്ല. സാരിത്തുമ്പില്‍ ആരോ പിടിച്ചു വലിച്ചത് കൊണ്ടാണ് തിരിഞ്ഞു നോക്കിയത്. ശോഭേച്ചിയാണ്. രണ്ടാള്‍ക്കുള്ള സീറ്റില്‍ ചേച്ചി അല്പം മുന്നോട്ടാഞ്ഞിരുന്നു തനിക്കു കൂടി സ്ഥലം ഉണ്ടാക്കിത്തന്നു.

"എവിടേക്കാടീ, നിന്റെ വീട്ടില്‍ പോവാണോ.. മോളെവിടെ? " ഇരുന്നതെ ചേച്ചി ചോദിച്ചു.

"ബാങ്കില്‍വരെപ്പോവാ ചേച്ചീ." തന്റെ വീട്ടില്‍ ഉടനെയെങ്ങും പോവാന്‍ പറ്റില്ല. നാത്തൂനോട് കടം വാങ്ങിയ ആയിരം രൂപ ഇത് വരെ തിരിച്ചു കൊടുക്കാന്‍ പറ്റിയിട്ടില്ല. കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോഴും ചേച്ചി ഓര്‍മിപ്പിച്ചു.

"ചേച്ചി എങ്ങോട്ടാ" മറുപടി തന്റെ ചെവിയില്‍ സ്വകാര്യമായിരുന്നു.

"സ്വാമിജിയെക്കാണാന്‍ പോവാടീ. നാളെ കൊച്ചിന് പരീക്ഷ തുടങ്ങുവാ."
ഒരിക്കല്‍ തന്നെയും അവിടെ കൊണ്ടുപോയിട്ടുണ്ട് . ചെറിയൊരു കാളീക്ഷേത്രവും ആശ്രമവും. മദ്ധ്യവയസ്കനാണ് സ്വാമിജി.
ചേച്ചിക്ക് ഭയങ്കര വിശ്വാസമാണ് അദ്ദേഹത്തെ. എന്തുകാര്യവും അവിടെ ചോദിച്ചിട്ടേ ചെയ്യൂ. ഒരിക്കല്‍ ശോഭേച്ചിയുടെ ഭര്‍ത്താവ് കുറെ നാള്‍ പണമയക്കാതിരുന്നപ്പോള്‍ സ്വാമിജിയാണ് പറഞ്ഞത് ജോലിസ്ഥലത്ത് ഒരു ഇഷ്ടക്കാരിയുണ്ടെന്നും പൈസ മൊത്തം അവള്‍ വാങ്ങിക്കുകയാണെന്നും അദ്ദേഹം ഒരു ഹോമം നടത്തി ഏഴുനാള്‍ കഴിഞ്ഞപ്പോള്‍ ശോഭേച്ചിയുടെ ഭര്‍ത്താവ് നാട്ടിലെത്തി. മഞ്ഞപ്പിത്തം വന്നു കിടപ്പായിരുന്നൊക്കെ പറഞ്ഞിട്ടൊന്നും ആരും വിശ്വസിച്ചില്ല.

"നീയെന്താ സ്വാമിജി പറഞ്ഞതുപോലെ ചെയ്യാഞ്ഞത്. ഇങ്ങനെ കിടന്നു കഷ്ടപ്പെടണ്ട വല്ല കാര്യവുമുണ്ടോ"

"ചേച്ചിക്ക് പറഞ്ഞാല്‍ മതി. പുള്ളി പറഞ്ഞ പൂജയും ഹോമവും ഒക്കെ ചെയ്യണമെങ്കില്‍ അമ്പതിനായിരം രൂപ വേണം. എന്റേല്‍ എവിടുന്നാ അത്രയും കാശ്." തനിക്കെന്തോ അന്ന് തന്നെ സ്വാമിജിയെ അത്ര ബോധിച്ചില്ല. പോരാത്തതിനു എന്നും പേപ്പറില്‍ കള്ളസ്വാമിമാരുടെ കഥകളാണ്..

രണ്ടുമൂന്നു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ശോഭേച്ചി ഇറങ്ങി. മനസ്സ് പിന്നെയും അസ്വസ്ഥമായ ചിന്തകളില്‍ മുഴുകി. അടുത്തവര്‍ഷം ചിന്നു മോളെ സ്കൂളില്‍ ചേര്‍ക്കണം. സി.ബി.എസ്. സി സ്കൂളുകളിലൊക്കെ ഭയങ്കര ഫീസും ഡൊനേഷനുമാണ്. മധുവേട്ടന്‍ ഗള്‍ഫില്‍ ആയിരുന്നെങ്കില്‍ അല്പം ഞെരുങ്ങിയിട്ടാണെങ്കിലും അവളെ നല്ല സ്കൂളില്‍ ചേര്‍ക്കാമായിരുന്നു. വീടിന്റെ പണി ഈ ജന്മം തീര്‍ത്തെടുക്കാന്‍ പറ്റുമോ ആവോ.

തനിക്കെന്തെങ്കിലും ജോലി ചെയ്ത് മധുവേട്ടനെ സഹായിക്കണമെന്നുണ്ട്. പ്രീഡിഗ്രി മൂന്നു വട്ടം എഴുതിയിട്ടും കടന്നു കൂടാന്‍ പറ്റാത്തയാളിനു എന്ത് ജോലി കിട്ടാനാണ്. തയ്യല്‍ പഠിക്കാന്‍ പൊയ്ക്കോട്ടേയെന്ന് ചോദിച്ചപ്പോള്‍ മധുവേട്ടനും അമ്മയും തലകൊയ്യാന്‍ വന്നു. കുറച്ചിലാണ് പോലും. പട്ടിണിയാണെങ്കിലും തറവാട്ടില്‍ ദുരഭിമാനത്തിനു മാത്രം ഒരു കുറവുമില്ല. നാളെയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഭയമാണ്.

ബാങ്കില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ നേരം ഏറെ വൈകിയിരുന്നു. അമ്മക്കുള്ള മരുന്നും അത്യാവശ്യം വീട്ടുസാധനങ്ങളും അമ്പത് രൂപയുടെ പച്ചക്കറി കിറ്റും ഒക്കെ വാങ്ങി ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പ്രൈവെറ്റ് ബസ്സുകള്‍ പണിമുടക്കിയ വിവരം അറിയുന്നത്. അടുത്ത് നിന്ന സ്ത്രീയോട് കാര്യം അന്വേഷിച്ചു. ഒരു സ്കൂള്‍ കുട്ടി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റു ഹോസ്പിറ്റലിലാണ്. ബസ്സുകളുടെ മത്സരയോട്ടം തന്നെ കാരണം. ബസ്‌ ജീവനക്കാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിന്റെ പേരിലാണ് മിന്നല്‍ പണിമുടക്ക്‌. ഇവന്മാരെയൊക്കെ തല്ലുകയല്ല കൊല്ലുകയാണ് വേണ്ടത്. ഇനിന്നിയെങ്ങനെ വീടും പറ്റും ഈശ്വരാ. ആകെ ഒന്ന് രണ്ടു ബസ്സുകള്‍ മാത്രമാണ് തങ്ങളുടെ റൂട്ടിലോടുന്നത്. ഓട്ടോ പിടിച്ചു വീട് വരെപ്പോയാല്‍ നൂറ്റമ്പതു രൂപയാകും. ഓരോ രൂപ അരിഷ്ടിച്ച് ലാഭപ്പെടുത്തുന്നതിനിടയിലാണ് ഇങ്ങനെയോരോ മാരണങ്ങള്‍.

ഇനിയുള്ള ഒരേയൊരു മാര്‍ഗ്ഗം ട്രാന്‍സ്പോര്‍ട്ട് ബസ്സിനു പോയി വീടിനു രണ്ടു കിലോമീറ്റര്‍ ഇപ്പുറത്ത് ഇറങ്ങുകയെന്നതാണ് . അവിടെനിന്നും ഓട്ടോ പിടിച്ചു പോവാം. മണ്ണ് തുള്ളിയിട്ടാല്‍ താഴാത്ത തിരക്കാണ് ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍. ഇന്നാരെയാണോ കണി കണ്ടോണ്ടിറങ്ങിയത്. എങ്ങനെയൊക്കെയോ ബസ്സില്‍ കയറിപ്പറ്റി. ഇടികൊണ്ട്‌ സാധനങ്ങളൊക്കെ നാനാവിധമായിട്ടുണ്ട് . മൊബൈല്‍ കയ്യിലുണ്ടായത് കൊണ്ട് അടുത്തവീട്ടിലെ ചേച്ചിയെ വിളിച്ചു അമ്മയോട് വരാന്‍ താമസിക്കും എന്ന് പറയാന്‍ പറഞ്ഞു.

ഒരുവിധത്തില്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ വല്ലാത്തൊരു ആശ്വാസമായിരുന്നു. നേരം അന്തി മയങ്ങിയിരിക്കുന്നു. ജംക്ഷനില്‍ ഒറ്റ ഓട്ടോ പോലുമില്ല. രണ്ടു കിലോമീറ്റര്‍ ഈ സാധനങ്ങളും തൂക്കി നടക്കണം. കവലയില്‍ എത്തിയപ്പോള്‍ അയല്‍പക്കത്തെ നന്ദുമോന്‍ ടോര്‍ച്ചുമായി കാത്തുനില്‍ക്കുന്നു. അമ്മ പറഞ്ഞു വിട്ടതാണ്. നേരം ഏഴര കഴിഞ്ഞു . ചിന്നുമോള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു, നേരിയ ചൂടുമുണ്ട്.

അമ്മയുണ്ടാക്കി വച്ചിരുന്ന ചായ കുടിച്ച്, മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ എട്ടു മിസ്‌ കോള്‍. മധുവേട്ടന്‍ വിളിച്ചത് ബസ്സിലെ തിരക്കില്‍ താന്‍ അറിഞ്ഞില്ല. അയല്പക്കത്തെക്കും വിളിച്ചിരുന്നുപോലും. തിരികെ വിളിച്ചത് ഭയത്തോടെയാണ്. കാത് പൊട്ടുന്ന തെറിയായിരുന്നു ആദ്യം കേട്ടത്. " '&^%$#, ആരുടെ കൂടെയായിരുന്നെടീ ഇത്രയും നേരം. രാവിലെ ഇറങ്ങിപ്പോയതാണല്ലോ" കുടിച്ച് ലക്കുകെട്ട് ഇരിക്കുകയാണെന്ന് വ്യക്തം.

"നിങ്ങളുടെ അമ്മയോട് തന്നെ ചോദിച്ചോളൂ' ഫോണ്‍ അമ്മയെ ഏല്പിച്ചു ബക്കറ്റുമെടുത്തു കിണറ്റിന്‍ കരയിലേക്ക് നടക്കുമ്പോള്‍ കവിളിലേക്ക്‌ ഇറ്റുവീണ തുള്ളികള്‍ മുഖം പൊള്ളിച്ചു, മനസ്സും. വേനല്‍ കുടിച്ച് തീര്‍ത്ത കിണറ്റില്‍ തൊട്ടി മുങ്ങാന്‍ മാത്രം കുറച്ചു വെള്ളം ബാക്കിയുണ്ട്. അരബക്കറ്റ് കലക്ക വെള്ളത്തില്‍ തിടുക്കത്തില്‍ കുളിച്ചെന്നു വരുത്തി. ലോഡ്ഷെഡിങ്ങിനു പോയ കരണ്ട് ഇനിയും വന്നിട്ടില്ല.

പുഴുക്കം അസഹ്യമായിരിക്കുന്നു. ഉറക്കം തൂങ്ങുന്ന ചിന്നുമോളെയുണര്‍ത്തി ചോറ് കൊടുത്തു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തില്‍ അമ്മയും താനും കഴിച്ചു. നിലത്തു വിരിച്ച പായയില്‍ മോളോട് ചേര്‍ന്ന് കിടന്നു ഒരു മാസിക വിശറിയാക്കി അവളെ വീശിക്കൊണ്ടിരിക്കവേ വീണ്ടും മൊബൈലില്‍ കോള്‍ വന്നു. മധുവേട്ടനാണ്, വലിച്ചു കേറ്റിയതിന്റെ കെട്ട് വിട്ടുകാണും. ഫോണ്‍ എടുത്തപ്പോള്‍ കാതില്‍ സ്നേഹമസൃണമായ ശബ്ദം.

"സോറി മോളെ. അന്നേരത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞതാ, പോട്ടെ. ഒരു നല്ല കാര്യം പറയാന്‍ വിളിച്ചതായിരുന്നു. ഗള്‍ഫില്‍ നിന്ന് ജോസൂട്ടിച്ചായന്റെ ഫോണ്‍ ഉണ്ടായിരുന്നു. കമ്പനിയില്‍ പിന്നെയും ആളെ എടുത്തു തുടങ്ങി. ഒന്ന് രണ്ടുമാസത്തിനകം വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു."

മനസ്സിലെ ദേഷ്യവും സങ്കടവും ഒരു നെടുവീര്‍പ്പിനോപ്പം അയഞ്ഞു. ദൈവമേ, നീ പിന്നെയും കരുണകാണിക്കുകയാണോ. ഒരുപാടു നേരം സംസാരിച്ചതിന് ശേഷമാണ് മധുവേട്ടന്‍ ഫോണ്‍ വച്ചത്. പുറത്തു നല്ല കാറ്റു വീശാന്‍ തുടങ്ങിയിരിക്കുന്നു, മഴക്കുള്ള ഒരുക്കമാണെന്ന് തോന്നുന്നു. ഉള്ളിലും പെയ്തിറങ്ങി ഒരു വേനല്‍ മഴ.

18 comments:

vinus said...

ആദ്യ കമന്റിടാൻ ഒരു പ്രത്യേക സന്തോഷം തന്നേ.കഥ നന്നായി ടൈറ്റിൽ പോലെ തന്നെ സമ്മിശ്ര സുഖമുള്ള വായനാനുഭവം

പട്ടേപ്പാടം റാംജി said...

കുറെ സംഭവങ്ങള്‍ ഒറ്റ വീര്‍പ്പില്‍ പറഞ്ഞ നല്ലൊരു വിവരണം. ഗള്‍ഫുകാരന്റെ സാധാരണ ജീവിതം ലളിതമായിത്തന്നെ പറഞ്ഞു. കൊച്ച് കൊച്ച് ആഗ്രഹങ്ങളും നാട്ടിലെ ചെറിയ സംഭവങ്ങളും
നേരം വൈകുമ്പോള്‍ കാര്യം മനസ്സിലാക്കാതെ കയര്‍ക്കുന്നതും ഒക്കെയായി നന്നായി.
വായിക്കാന്‍ സുഖം.

sonu said...

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം

krishnakumar513 said...

നല്ല ജീവിത ഗന്ധമുണ്ട്,കേട്ടോ.അഭിനന്ദനങ്ങള്‍

ശ്രീനന്ദ said...

വിനുസ്, റാം ജി , കൃഷ്ണകുമാര്‍ - കമന്റിനു നന്ദി

ശ്രീ said...

ഇന്നത്തെ ചുറ്റുപാടുകള്‍ക്ക് ഇണങ്ങുന്ന ഒരു കഥ തന്നെ, എന്നാലും ക്ലൈമാക്സ് കുറച്ചു കൂടെ നന്നാക്കാമായിരുന്നോ എന്ന് തോന്നി (പെട്ടെന്ന് അങ്ങ് തീര്‍ത്തതു പോലെ)

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

വേനല്‍ മഴ പോലെ ജീവിതവും...ല്ലേ
ഇടയ്ക്ക് വല്ലാതെ വരണ്ടുനങ്ങും.. പിന്നെ പ്രതീക്ഷയുടെ ഒരു കുഞ്ഞു നനവ്‌...
ചിലപ്പോ പിന്നാലെ വരുന്നത് കൂടുതല്‍ ചൂടുള്ള വരള്‍ച്ചയാവം..

ബൂലോകത്തെ എന്റെ ആദ്യ പോസ്റ്റ്‌ (ഒരു വര്ഷം മുന്‍പ്) അതിന്റെ പേര് ഇത് തന്നെ ആയിരുന്നു.. വേനല്‍ മഴ. :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നല്ല ഒഴുക്കുള്ള എഴുത്ത്. കുറെ കൊച്ച് കൊച്ച് അനുഭവങ്ങൾ കോർത്തിണക്കി എഴുതിയിരിക്കുന്നത് ഏറെ ഹൃദ്യമായി.ആശംസകൾ

n.b.suresh said...

ശ്രീനന്ദ, നല്ല നാരാഷന്‍. നല്ല ഫീല്‍ ഉണ്ട്. പുതിയ ജീവിതം വരുന്നുണ്ട്. മുന്നോട്ടു പോകൂ.

Jishad Cronic™ said...

കൊള്ളാം ..

ജിത്തു said...

വളരെ നന്നായി എഴുതിയിരിക്കുന്നു..

സ്വാമിമാര്‍, ബസ് പണിമുടക്ക്, പവര്‍ കട്ട്, സാംബത്തിക മാന്ത്യം,ടി വി പരസ്യങ്ങള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാദീനം..കുടുംബ ജീവിതം, എല്ലാം കോര്‍ത്തിണക്കിയ നല്ല ഒരു വായനാനുഭവം...

ഇതുപോലെ ഉള്ള പുതിയ എഴ്ത്തുകള്‍ വായിക്കാനായി ഇനിയും വരാം ഇതു വഴി..

ശ്രീനന്ദ said...

ശ്രീ, കണ്ണനുണ്ണി, ബഷീര്‍ ജി, സുരേഷ്, ജിഷാദ്, ജിത്തു -: എല്ലാവര്‍ക്കും നന്ദി. ഇനിയും നിങ്ങളുടെയൊക്കെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

കുമാരന്‍ | kumaran said...

സമകാലിക സംഭവങ്ങളില്‍ ഒരു കേരളീയ വീട്ടമ്മയുടെ ആകുലതകള്‍, സ്വപ്നങ്ങള്‍. ഇത്തിരി സ്പീഡ് കൂടിയെങ്കിലും വളരെ നന്നായിട്ടുണ്ട്.

സോണ ജി said...

nannayi
:)

എന്‍.ബി.സുരേഷ് said...

കഥ നന്നായി ഒതുക്കത്തോടെ പറഞ്ഞു. പക്ഷെ കുറച്ചു കൂടി ഡെപ്ത് ആകാമായിരുന്നു. വിഷയം തീരെ നേര്‍ത്തതായിപ്പോയി.

കഥ വളരെ ഭംഗിയായി പറയാന്‍ അറിയുന്ന ആളുകള്‍ നല്ല ആഴത്തിലുള്ള വിഷയങ്ങള്‍ കൂടി കണ്ടെത്താന്‍ കാത്തിരിക്കണം.

ജീവിതം ഈ കഥയില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്നുണ്ട്.

നല്ല ഭാവി ഞാന്‍ ആമ്പല്പൊഇകയില്‍ കാണുന്നു.

വീണ്ടും നല്ല ആമ്പലുകള്‍ ഈ പൊയ്കയില്‍ വിടരട്ടെ.

എന്‍.ബി.സുരേഷ് said...

ഞാന്‍ മുന്‍പു കമന്റിട്ടതു ഓര്‍ത്തില്ല. വീണ്ടും വന്നു.

the man to walk with said...

ഇഷ്ടായി ..ഈ സാധാരണത യുടെ അസാധാരണ ത്വം ഉള്ള കഥ