Monday, 15 June 2009

വെള്ളാരം കല്ലുകള്‍

"രാവിലെ കുതിര്‍ത്ത് വച്ച തുണിയല്ലേടീ. നേരം ഉച്ച കഴിഞ്ഞു വെയിലും പോവാറായി. ഇനിയെപ്പഴാ നനച്ചിടുന്നെ. ഞാന്‍ നനയ്ക്കും എന്ന് വിചാരിച്ചാണേല്‍ അവിടെ കിടക്കത്തെയുള്ളൂ " മാതാശ്രീ കോപിഷ്ടയായി.

സംഭവം ശരിയാണ്. ഇപ്പം കഴുകിയിടാം എന്ന് വിചാരിച്ചു മുക്കി വച്ച സ്വന്തം വസ്ത്രങ്ങളാണ്. രാവിലെ മനോരമ വീക്കിലി വന്നതിനാലും അടുത്ത വീട്ടിലെ പയ്യന്‍സ് ഏതോ ഗള്‍ഫ്കാരുടെ വീട്ടില്‍ നിന്നും സംഘടിപ്പിച്ച വീഡിയോ കാസെറ്റ് കാണാന്‍ കൊണ്ട് തന്നതിനാലും തുണി വെള്ളത്തില്‍ തന്നെ കിടന്നു. എന്നാല്‍ പിന്നെ ഊണ് കഴിഞ്ഞിട്ടാവാം എന്ന് വിചാരിച്ചു. ഊണും കഴിഞ്ഞു പടിഞ്ഞാറ് വശത്തെ ചാമ്പയില്‍ നിന്നും ചുവന്ന ചാമ്പക്കകള്‍ തല്ലിയിട്ട് ഉപ്പും കൂട്ടി തിന്നു കൊണ്ടിരിക്കുമ്പോഴാണ് മാതാശ്രീയുടെ മുകളില്‍ പറഞ്ഞ ഡയലോഗ്.

ഇതെന്റെ പ്രീഡിഗ്രിക്കാലം. അന്ന് വീട്ടില്‍ പൈപ്പ് കണെക്ഷന്‍ ഇല്ല, വെള്ളം കിണറ്റില്‍ നിന്നും കോരണം. കുറച്ചപ്പുറത്ത്‌ ഒരു തോടുണ്ട്, നല്ല ഒഴുക്കുള്ള അതിന്റെ ചില ഭാഗങ്ങളില്‍ ആഴക്കൂടുതലുണ്ട്. ഏറെ തുണി കഴുകാന്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ തോട്ടില്‍ പോയി നനയ്ക്കും. വേനല്‍ക്കാലത്ത് കുളിക്കാനും പോവും. എന്നാലും ഞാന്‍ തനിയെ കഴിവതും തോട്ടില്‍ പോവാറില്ല, കാരണം നീന്താന്‍ അറിയില്ല. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കാര്യം ഓര്‍ത്തപ്പോള്‍ തോട്ടില്‍ പോയേക്കാം എന്ന് വിചാരിച്ചു. ഉച്ച കഴിഞ്ഞ നേരമായത് കൊണ്ട് കടവില്‍ ആരും കാണത്തുമില്ല, പെട്ടെന്ന് തുണി കഴുകിയിട്ട് വരാം. അങ്ങനെ ഒരുകട്ട 501 ബാര്‍ സോപ്പും ബക്കറ്റിലെ തുണിയുമായി ഞാന്‍ കടവിലേക്ക് പോയി.

എന്നും അലക്കുന്ന കടവില്‍ അന്നാരാണ്ട് പശുവിനെ കുളിപ്പിക്കുകയായിരുന്നു. അതുകൊണ്ട് കുറച്ചു മാറിയുള്ള കടവിലിറങ്ങി ഞാന്‍ അലക്ക് തുടങ്ങി. അവിടെ ആഴം കൂടുതല്‍ ആയതിനാല്‍ സാധാരണ അങ്ങോട്ട്‌ പോവാരില്ലാത്തതാണ്. ചെറിയ മഴക്കാറുമുണ്ട്. കാലില്‍ ചെറിയ മീനുകള്‍ വന്നു കൊത്തി ഇക്കിളിയാക്കുന്നുണ്ടായിരുന്നു. എനിക്കേറ്റവും പേടിയുള്ള ജീവിയാണ് പാമ്പ്‌. അതിപ്പം നീര്‍ക്കൊലിയായാലും, ചേരയായാലും, മൂര്ഖനായാലും എന്നെ സംബന്ധിച്ചിടത്തോളം പാമ്പ്‌ എന്ന ഒറ്റ കാറ്റഗറിയെയുള്ളൂ. വെള്ളത്തില്‍ നീര്‍ക്കോലിയെങ്ങാനും നീന്തി വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ചുറ്റുപാടും നോക്കും.

അങ്ങിനെ സുഗമമായി അലക്ക് പുരോഗമിക്കുന്നതിനിടയിലാണ് ആ ദുരന്തം സംഭവിച്ചത്. എന്റെ 501 ബാര്‍ താഴെ വെള്ളത്തിലേക്ക്‌ പോയി. നല്ല മുഴുത്ത ഒരു കട്ടയായിരുന്നു. കടവിലെ കുത്ത് കല്‍പ്പടികള്‍ക്ക് താഴെ വെള്ളാരംകല്ലുകള്‍ക്കിടയില്‍ അത് വീണു കിടക്കുന്നത് കാണാം. ഇറങ്ങിയെടുക്കുന്ന കാര്യം നടപ്പില്ല, തുണിയാണെങ്കില്‍ ഒത്തിരി ബാക്കിയുണ്ട് താനും. വീട്ടില്‍ പോയി വേറെ എടുക്കാമെന്ന് വച്ചാല്‍ സോപ്പ് കളഞ്ഞതിന് അമ്മയുടെ വഴക്കും കേള്‍ക്കണം. ഇനിയെന്ത് എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത ദുരന്തം, കുത്ത്കല്ലില്‍ നിന്നും കാല്‍ തെറ്റി ഞാന്‍ നേരെ താഴോട്ടു ധിം. പോവുന്നപോക്കില്‍ താഴെയുള്ള കല്ലിലോന്നില്‍ പിടി കിട്ടി. പക്ഷെ മൊത്തം നനഞ്ഞു കുളിച്ചിരുന്നു. ഒരു കണക്കിന് മുകളില്‍ കയറിപ്പറ്റി. ഇനി തിരിച്ചു വീട്ടില്‍ പോവുകയെയുള്ളൂ നിവൃത്തി. കാല്‍ തെറ്റി താഴെ വീണ കൂട്ടത്തില്‍ സോപ്പ് പോയതാണെന്ന് പറയാം.

അങ്ങനെ കരുതി നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ നാട്ടിലെ ആകാശവാണി ശാന്തച്ചേച്ചി ആ വഴി വന്നത്. ചേച്ചി നമ്മളോട് വളരെ സൌമ്യമായി കുശലം ചോദിച്ചാലും കേട്ട് നില്‍ക്കുന്നവര്‍ അതൊരു മുട്ടന്‍ വഴക്കാണെന്ന് വിചാരിക്കും. മിനിമം സൌണ്ട് എന്നൊന്ന് അവര്‍ക്കില്ല. എന്റെ കോലം കണ്ടിട്ട് ശാന്ത ചേച്ചിയുടെ ചോദ്യം "അയ്യോ ഇതെന്താ മോളെ, കുളി കഴിഞ്ഞാണോ തുണിയലക്കുന്നെ. അഴുക്കു വെള്ളമെല്ലാം പിന്നേം ദേഹത്ത് തെറിക്കത്തില്ലേ".

ഒന്നാമത് വെള്ളത്തില്‍ വീണതിന്റെ അരിശം, പിന്നെ വീണപ്പോള്‍ കാല് കല്ലില്‍ കൊണ്ട് ഉരസിയതിന്റെ നീറ്റല്‍, സോപ്പ് പോയതിന്റെ വിഷമം അങ്ങിനെയാകെ ഹാപ്പിയായിട്ടു നില്‍ക്കുമ്പോഴാണ് അവരുടെ ഒടുക്കത്തെ സഹതാപം. സോപ്പ് പോയ കാര്യവും, അതെടുക്കാന്‍ നോക്കിയപ്പോള്‍ താഴെ വീണ കാര്യവും ശാന്തചേച്ചിയെ ചുരുക്കത്തില്‍ ധരിപ്പിച്ചു. എളുപ്പം രക്ഷപെടാന്‍ തുടങ്ങുമ്പോള്‍ അടുത്ത വീട്ടിലെ പൊന്നമ്മയമ്മച്ചി കടവിലെത്തി. അവരുടെ രണ്ടും കൂടി താഴെ പോയ സോപ്പ് എങ്ങനെ വീണ്ടെടുക്കാം അന്ന് കൂലങ്കഷമായ ചര്‍ച്ച തുടങ്ങി. "എടീ സൂസിയെ, നീയാ തോട്ടിയെടുതോണ്ട് വന്നേ". അമ്മച്ചി മരുമകള്‍ക്ക് നിര്‍ദേശം കൊടുത്തു. അതിനിടെ ആ വഴി നടന്നു പോയ പലരും വന്നു ചര്‍ച്ചയില്‍ സജീവമായി പങ്കുകൊണ്ടു. ചുരുക്കം പറഞ്ഞാല്‍ കുറച്ചു നേരം കൊണ്ട് സാമാന്യം നല്ല ഒരു ആള്‍ക്കൂട്ടം, നടുവില്‍ നനഞ്ഞു വിറച്ചു ഞാനും.

അവസാനം തോട്ടിയുടെ അറ്റത്ത്‌ പപ്പടംകുത്തി കെട്ടി സോപ്പെടുക്കാന്‍ തീരുമാനമായി. ആ പ്രോസെസ്സ് നടക്കുമ്പോഴാണ് എന്നെ ഒത്തിരി നേരമായിട്ടും കാണാഞ്ഞു നോക്കാന്‍ അമ്മ ആ ശുഭ മുഹൂര്‍ത്തത്തില്‍ അങ്ങോട്ട്‌ വന്നത്. എന്നും നനക്കുന്ന കടവിലില്ല, പോരാഞ്ഞിട്ട്‌ അപ്പുറത്ത് ഭയങ്കര ആള്‍ക്കൂട്ടവും, കാര്യം ഏകദേശം അമ്മക്ക് ഉറപ്പായിരുന്നു. എനാലും കണ്ഫേം ചെയ്യാന്‍ ആരോടോ ചോദിച്ചു " ഇച്ചേയി, ആരാ വെള്ളത്തില്‍ വീണത്‌." ആരോ ഉത്തരവും കൊടുത്തു "ആരാന്നറിയത്തില്ല, ഒത്തിരി നേരമായിട്ട്‌ എടുക്കാന്‍ നോക്കുവാ"

അമ്മ അലച്ചു വിളിച്ചു ഓടി വരുമ്പോള്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്നു. ഓടി വന്നു തൊട്ടു താലോടി ഗദ്ഗദതോടെ " ഞാന്‍ അന്നേരമേ പറഞ്ഞതല്ലേ നിന്നോട് തോട്ടില്‍ പോവണ്ടാന്നു " (എപ്പം പറഞ്ഞോ ആവോ ???).

"അതിനു അവള്‍ക്കൊന്നും പറ്റിയില്ലല്ലോ, സോപ്പല്ലേ വെള്ളത്തില്‍ പോയത്. ദേണ്ട് ഞങ്ങള്‍ എടുത്തു." അലിഞ്ഞു തുടങ്ങിയ 501 ബാര്‍ ഉയര്‍ത്തിക്കാട്ടി വിജയശ്രീലാളിതരായി അമ്മച്ചിയും ശാന്ത ചേച്ചിയും. സോപ്പ് വെള്ളത്തില്‍ പോയിട്ട് ഞാനെങ്ങനെയാണ് ഈ കോലത്തില്‍ എന്നൊരു ചോദ്യം അമ്മയുടെ കണ്ണുകളില്‍. പിന്നെ പതുക്കെ എന്നോടായി പറഞ്ഞു 'നിന്നോടാരു പറഞ്ഞു ഇവിടെയിറങ്ങി നനക്കാന്‍. വീട്ടിലോട്ടു വാ, വെച്ചിട്ടുണ്ട് ഞാന്‍".

പിന്നെ ഞാന്‍ നല്ല കുട്ടിയായി വെള്ളം കോരി തുണി മുഴുവന്‍ നനച്ചിട്ടു.

10 comments:

ശ്രീ said...

ഹ ഹ. ഒരു 501 ബാര്‍ സോപ്പ് വരുത്തി വച്ച വിന അല്ലേ?

:)

അരുണ്‍ കായംകുളം said...

നല്ല അവതരണം.വായിച്ച് തുടങ്ങിയപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല
ആശംസകള്‍
(എന്തായാലും ശാന്തചേച്ചി മുങ്ങി ചത്തെന്ന് പറഞ്ഞ് ഉണ്ടാക്കിയില്ലല്ലോ?)

നൊമാദ് | ans said...

:) liked the way u are narrating.

സന്തോഷ്‌ പല്ലശ്ശന said...

അന്നെങ്ങാനും തോട്ടില്‍ മുങ്ങി ആളു വടിയായിരുന്നേല്‍ ഈ ബ്ളോഗ്ഗു കാണാനുള്ള ഭാഗ്യ ഉണ്ടാവില്ലായിരുന്നു എന്നോര്‍ക്കുംബോ...എനിക്കു കരച്ചിലടക്കാന്‍ പറ്റുന്നില്ല ചേച്ചി...ങി..ഹീ......

അനൂപ്‌ കോതനല്ലൂര്‍ said...

എന്നിട്ട് ആഞൂറ്റൊന്ന് ബാർ സോപ്പുമായി അലക്കാൻ
പോയി വെള്ളത്തിൽ വീണ കഥ രസകരമായി

ധനേഷ് said...

ഹിഹി.. :)
കൊള്ളാട്ടോ സംഭവം..

പ്രദീപൻസ് said...

എന്നിട്ട് SWIM ചെയ്യാൻ അറിയുമോ ഇപ്പൊൾ........

വിനുവേട്ടന്‍|vinuvettan said...

പണ്ട്‌ സ്‌കൂളില്‍ നിന്ന് വരുന്ന വഴി അനിയത്തി ഏതാണ്ടിതു പോലെ വെള്ളത്തില്‍ വീണ്‌ നനഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ പൊതിരെ കിട്ടിയത്‌ എനിക്കായിരുന്നു. അക്കഥ ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി...

മാണിക്യം said...

ഒരു കൊച്ചു സംഭവത്തെ ഇത്ര സുന്ദരമായി അവതരിപ്പിച്ചു വായനക്കരെ പോലും ആള്‍ക്കൂട്ടതിലെ ഒരംഗമാക്കാന്‍ ഈ എഴുത്തിനു കഴിഞ്ഞു ... നല്ല ഒഴുക്കുള്ള എഴുത്ത് നാട്ടിന്‍ പുറത്തെ നന്മകളുടെ ഒരു നേര്‍കാഴ്ച്ച.
ഒരു കട്ട സോപ്പിനു വേണ്ടി ഇത്രയും സമയവും ആളും കൂടീയല്ലൊ ഇന്നും ഈ സ്നേഹമുള്ള മുഖങ്ങള്‍ നിലനില്ക്കുന്നു എന്നു കരുതട്ടെ.. പോസ്റ്റ് മനോഹരം ഭാവുകങ്ങള്‍

സുധി അറയ്ക്കൽ said...

ആഹാ.ഈ കുഞ്ഞ്‌ ഓർമ്മ നന്നായി ഇഷ്ടപ്പെട്ടു.ആശംസകൾ..