Wednesday 27 January 2010

ഇന്നലെയുടെ ബാക്കി

അന്തിവെയില്‍ ചാഞ്ഞു തുടങ്ങിയ മുറ്റത്ത്‌ ആളൊഴിഞ്ഞിട്ടില്ല. അല്പം ദൂരെ പറമ്പില്‍ ചിതയിപ്പോഴും ആളിക്കത്തുന്നുണ്ട്. വിടരും മുന്‍പേ കൊഴിഞ്ഞുപോയ തന്റെ പന്ത്രണ്ടു വയസുകാരി മകളുടെ. ഇന്നലെ ട്യൂഷന് പോയതാണ് അവള്‍. പിന്നെ മടങ്ങി വന്നത് ആരൊക്കെയോ ചേര്‍ന്ന് കശക്കിയെറിഞ്ഞ അവളുടെ ചേതനയറ്റ ശരീരം മാത്രം. ചുറ്റും നടക്കുന്നതൊന്നും അയാള്‍ അറിയുന്നില്ലായിരുന്നു. ഭാര്യ കരഞ്ഞു തളര്‍ന്നു കിടക്കുന്നു, നിഷ്കളങ്കയായ പൊന്നുമകളെ നിര്‍ദാക്ഷിണ്യം ഭൂമിയില്‍ നിന്നും അടര്‍ത്തി എടുത്തതിനു ഇടയ്ക്കിടെ അവള്‍ ദൈവങ്ങളെ ശപിക്കുന്നുണ്ട്.

അയാളുടെ മനസ്സില്‍ ഒരേയൊരു ചിത്രം മാത്രം തെളിഞ്ഞു നിന്നു. പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മഴയില്‍ കുതിര്‍ന്ന ഒരു പ്രഭാതം. വിട്ടത്തില്‍ തൂങ്ങി നിന്ന അവളുടെ ശരീരത്തില്‍ നിന്നും ആ കുറിപ്പ് കണ്ടെടുത്തത് പോലീസുകാരാണ്. ഒറ്റ വരി മാത്രം "നിനക്ക് പിറക്കുന്നതൊക്കെയും പെണ്ണായിരിക്കട്ടെ. എന്നെപ്പോലെ ഒരു ദിനം അവള്‍ക്കും ഉണ്ടാവട്ടെ"

ആള്‍ക്കൂട്ടത്തില്‍ തനിക്കു മാത്രം അതിന്റെ അര്‍ഥം മനസ്സിലായി. മറ്റാരും ആ വരികളുടെ അര്‍ഥം തേടിപ്പോയതുമില്ല. യൌവ്വനത്തിന്റെ ലഹരിയില്‍ അവളുടെ നിലവിളികള്‍ ഒരിക്കലും ദുസ്വപ്നങ്ങളായി തന്റെ ഉറക്കം കെടുത്തിയില്ല. ഇതിനു മുന്‍പ് ആ വരികള്‍ ഓര്‍മയില്‍ എത്തിയത് രണ്ടു തവണയും തനിക്കു പിറന്നത്‌ പെണ്‍കുട്ടികളാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ മാത്രം.

ഇപ്പോള്‍ ആ അക്ഷരങ്ങള്‍ മാനം മുട്ടെ ഉയരുന്ന ജ്വാലകളാവുന്നതും അതിന്റെ ചൂടില്‍ തന്റെ ആത്മാവ് വെന്തുരുകുന്നതും അയാള്‍ അറിഞ്ഞു. ഭയവിഹ്വലതയോടെ ആറുവയസ്സുകാരി ഇളയ മകളെ അയാള്‍ നെഞ്ചോടടക്കി പിടിച്ചു.

15 comments:

Anonymous said...

WONDEFUL.

Anonymous said...

VERY GOOD NARRATION.

വല്യമ്മായി said...

കുറഞ്ഞ വരികളിലൂടെ ഒരുപാട് പറഞ്ഞു,നല്ല അവതരണം.

പട്ടേപ്പാടം റാംജി said...

എനിക്കെന്തോ കൃത്യമായി കാര്യം മനസ്സിലാകാതെ പോയി.
അവതരണ ഭംഗി നന്ന്.

Santosh said...

കുറച്ചു വാക്കുകള്‍, കുറേ കാര്യങ്ങള്‍ - മനസ്സില്‍ തറഞ്ഞു, ചോര പൊടിഞ്ഞു, പിന്നെ ഒരു ചാറലായി, മഴയായി, പേമാരിയായി പെയ്തൊഴിഞ്ഞു.
അസ്സലായി!

ഓ ടോ: വായിക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കമന്റുന്നത്‌.

ശ്രീ said...

ചെറുതെങ്കിലും നല്ല കഥ.

ശ്രീനന്ദ said...

അനോണീസ്, വല്യമ്മായി , സന്തോഷ്, pattepadamramji,ശ്രീ എല്ലാവര്‍ക്കും നന്ദി

മുഫാദ്‌/\mufad said...

കുറച്ചു വരികളില്‍ ഒരു വലിയ കഥ...നന്നായി..

രാജീവ്‌ .എ . കുറുപ്പ് said...

വിട്ടത്തില്‍ തൂങ്ങി നിന്ന അവളുടെ ശരീരത്തില്‍ നിന്നും ആ കുറിപ്പ് കണ്ടെടുത്തത് പോലീസുകാരാണ്. ഒറ്റ വരി മാത്രം "നിനക്ക് പിറക്കുന്നതൊക്കെയും പെണ്ണായിരിക്കട്ടെ. എന്നെപ്പോലെ ഒരു ദിനം അവള്‍ക്കും ഉണ്ടാവട്ടെ"

മനോഹരം എന്നല്ല അതി മനോഹരം
ആശംസകള്‍

Typist | എഴുത്തുകാരി said...

കുഞ്ഞു കഥ. പക്ഷേ ഒരുപാടില്ലേ അതില്‍.

നന്ദന said...

അയാളുടെ ബലാത്സഗതിന്റെ പ്രതികാരം ഇങ്ങനെ പിഞു കുഞ്ഞിൽ തീർക്കണമായിരുന്നോ? വല്ലാത്തൊരു വിഷമം തോന്നി അച്ചൻ ചെയ്ത തെറ്റുകളുടെ ശിക്ഷ മകൽക്കിട്ടു കൊടുത്തത് ഒരിക്കലും ശരിയായില്ല!! അയാളെയായിരുന്നു വെട്ടി നുറുക്കേണ്ടിയിരുന്നത്,
കഥ നന്നായി ഒരു നീറ്റൽ അനുഭവം ഉണ്ട്!!

ബിഗു said...

Short, but shock.

Ashly said...

പാവം കുഞ്ഞു....അത് എന്ത് ചെയ്തു....

നല്ല അവതരണം, വേദന ശരിക്കും ഫീല്‍ ചെയ്തു.

സുമേഷ് | Sumesh Menon said...

വിഷമമായി ട്ടോ.
(:

മഹേഷ്‌ വിജയന്‍ said...

വാളെടുത്തവന്‍ വാളാല്‍.. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...!!
സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്ക് എതിരെ പടവാളുയര്താന്‍ വെമ്പുന്ന ഒരു തൂലിക ഞാന്‍ കാണുന്നു..!!
ഈ കഥ കൂടി ഒന്ന് വായിച്ചു നോക്കൂ..