Tuesday, 19 January 2010

പ്രണയവര്‍ണ്ണങ്ങള്‍

വിമെന്‍സ് പോളിടെക്നിക്കിലെ മൂന്നുവര്‍ഷം ശരിക്കും ആസ്വദിച്ച പഠനകാലമായിരുന്നു. പത്താം ക്ലാസ്സില്‍ ഡിസ്ടിങ്ങ്ഷന്‍ ഉണ്ടായിരുന്നു എന്ന ഒറ്റതെറ്റ് കൊണ്ടുമാത്രം വീട്ടുകാര്‍ നിര്‍ബന്ധിച്ചു ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്ന കീറാമുട്ടി തലയില്‍ വച്ച് തന്നതാണ്. പോരാത്തതിനു ഞങ്ങളുടെ പോളിടെക്നിക് അതിന്റെ ബാലാരിഷ്ടതകളിലൂടെ കടന്നു പോകുന്ന സമയം. നല്ല ബില്‍ഡിംഗ് ഇല്ല, ലാബ്‌ ഇല്ല, ലൈബ്രറി ഇല്ല അങ്ങനെ ആകെ മൊത്തം ഒന്നും ഇല്ല.

ഇരുപത്തിയഞ്ച്പേരാണ് ഒരു ബാച്ചില്‍. കൂട്ടത്തില്‍ ഏറ്റവും സ്ട്രോങ്ങ്‌ ടീമാണ് ഞാനും നിഷയും ജിജിയും. ഞാനും നിഷയും പ്രീഡിഗ്രി തൊട്ടേ കൂട്ടുകാരായിരുന്നു. പോളിടെക്നിക്കില്‍ ഞങ്ങളുടെ കൂടെ ജിജിയും കൂടി. ഒരേ ബസ്സിലാണ് വരവും പോക്കും. ഇടയ്ക്കിടയ്ക്ക് കമ്പയിന്‍സ്റ്റഡി എന്ന പേരും പറഞ്ഞു മൂവരുടെയും വീടുകളില്‍ പോയി താമസിക്കും. എനീട്ടു രാത്രി മുഴുവന്‍ സിനിമാക്കഥയും പരദൂഷണവും ഒക്കെ പറഞ്ഞിരുന്നു ഫ്ലാസ്കില്‍ ഇരിക്കുന്ന കട്ടന്‍ കാപ്പിയും കുടിച്ചു തീര്‍ത്തിട്ട് കിടന്നുറങ്ങും.

ജിജിക്കൊരു പ്രണയം ഉണ്ടായിരുന്നു. ഹൈസ്കൂള്‍ മുതല്‍ക്കേയുള്ള സഹപാഠിയാണ് നായകന്‍.
ജിജി ക്രിസ്ത്യനാണ്, ശ്യാം ഹിന്ദുവും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഈ അഫയറിനെക്കുറിച്ച് ജിജിയുടെ വീട്ടിലറിഞ്ഞു, പൊതിരെ തല്ലും കിട്ടി. എന്നിട്ടും ഒളിച്ചു പാത്തുമൊക്കെ അവര്‍ തമ്മില്‍ കാണുകയും പ്രണയലേഖനങ്ങള്‍ കൈമാറുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ജിജിയുടെ അമ്മയ്ക്കും ഇതൊക്കെ അറിയാമായിരുന്നു. ഇത് മുന്നോട്ടു പോയാല്‍ ജിജിയുടെ പപ്പാ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ഞാനും നിഷയും അവരുടെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ആന്റി പറയുമായിരുന്നു.

ഒരു ദിവസം ജിജി ഇല്ലാതിരുന്ന ഒരവസരത്തില്‍, എങ്ങനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കി ഈ ബന്ധത്തില്‍ നിന്നും അകറ്റണമെന്നൊരു ഭാരിച്ച ഉത്തരവാദിത്തം ജിജിയുടെ അമ്മ ഞങ്ങളെ ഏല്പിച്ചു. ഒരു നല്ല കാര്യമല്ലേ എന്നുവിചാരിച്ച് നിഷയും ഞാനും ആ ക്വൊട്ടേഷന്‍ പ്രതിഫലമില്ലാതെ ഏറ്റെടുത്തു. (അന്ന് അവിടുന്ന് കഴിച്ച പാലപ്പവും കോഴിക്കറിയും സത്യമായും ആ വര്‍ക്കിനുള്ള അഡ്വാന്‍സ്‌ അല്ല).

പിന്നീടങ്ങോട്ട്‌ ബ്രെയിന്‍വാഷിന്റെ ദിവസങ്ങളായിരുന്നു. ജിജിക്ക് ഞങ്ങള്‍ പ്രേമത്തിന്റെ, പ്രത്യേകിച്ചും അന്യജാതിയില്‍പെട്ട ഒരുവനെ പ്രണയിക്കുന്നതിന്റെ, ദൂഷ്യഫലങ്ങളെക്കുറിച്ച് സ്റ്റഡിക്ലാസ് എടുത്തു. അങ്ങനെ ഫസ്റ്റ് ഇയര്‍ തീരാറായപ്പോഴേക്കും അവള്‍ ആ കടുത്ത തീരുമാനം എടുത്തു, ശ്യാമിനോട് ബൈ ബൈ പറയുക.

അങ്ങനെ ഒരു വൈകുന്നേരം കായംകുളം ബസ്‌ സ്റ്റാന്‍ഡില്‍ വച്ച് പരസ്പരം കൈമാറിയ കത്തുകളും, കാര്‍ഡുകളും, ഫോട്ടോകളും ഒക്കെ തിരിച്ചുവാങ്ങി ആ പരിശുദ്ധ പ്രണയത്തിന്റെ തിരശീല വീണു. അതിനു മൂക സാക്ഷികളായി ഞാനും നിഷയും അല്പം ദൂരെ ഫാന്‍സി സ്റ്റോറില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം പറഞ്ഞവസാനിപ്പിച്ചു ജിജി തിരിച്ചു വന്നു ഞങ്ങളെ സാമാന്യം വലിയ ഒരു പൊതി ഏല്പിച്ചു "ഇത് നിങ്ങള്‍ എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചു കളയണം" എന്നൊരു ഗദ്ഗദത്തോടെ പറഞ്ഞിട്ട്, പോവാന്‍ തയാറായി നിന്ന ബസില്‍ ചാടി കയറി സ്ഥലം വിട്ടു. ഞാനും നിഷയും ആ വലിയ പൊതിയും മാത്രമായി.

ഇങ്ങനൊരു വഴിത്തിരിവ് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ലായിരുന്നു.

അതിനകത്ത് എന്തൊക്കെയുണ്ടെന്നറിയില്ല, അത് കൊണ്ട് ബസ്‌ സ്റ്റാന്‍ഡില്‍ കളയാന്‍ പറ്റില്ല. വീട്ടില്‍ കൊണ്ടുപോവാന്‍ തീരെയും പറ്റില്ല. നിഷയുടെ വീട്ടിലെ സാഹചര്യം ഏതാണ്ട് 'അനിയത്തി പ്രാവ്' സിനിമയിലേതാണ്. അവളെക്കാള്‍ വളരെ പ്രായ വ്യത്യാസമുള്ള മൂന്ന് ആങ്ങളമാര്‍, പിന്നെ അച്ഛനും അമ്മയും, നാത്തൂന്മാരും കുട്ടികളും അങ്ങനെ ഒരു വലിയ കുടുംബം.

ഞാനാണെങ്കില്‍ അതിലും വലിയൊരു ഗതികേടിലാണ്. എന്റെ വീട്ടില്‍ അച്ഛനും അമ്മയും വളരെ ഫ്രീ ആയിരുന്നു, പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ ഓണം വരെ. ആ ഓണക്കാലത്താണ് കടും ചുവപ്പ് നിറമുള്ള ഒരു ഗ്രീറ്റിംഗ് കാര്‍ഡ് എന്നെത്തേടി പോസ്റ്റില്‍ വന്നത്. കാര്‍ഡ് കിട്ടിയത് അമ്മയുടെ കൈയില്‍. തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ മനോഹരമായൊരു ഹൃദയത്തിന്റെ ചിത്രം, അതിനുള്ളില്‍ "ഐ ലവ് യു". അയച്ചയാളിന്‍റെ പേരില്ല. വൈകിട്ട് കോളേജില്‍ നിന്ന് വന്നപ്പോള്‍ അമ്മ എന്നെ ക്വൊസ്റ്റ്യന്‍ ചെയ്തു, ഞാന്‍ നിരപരാധിയാണ് എന്ന് ബോധ്യം വന്നതുകൊണ്ട് പുനര്‍നടപടികള്‍ക്കായി മുന്നോട്ടു പോയില്ല.

പക്ഷെ പിന്നെ വന്ന ക്രിസ്മസ്, ന്യൂ ഇയര്‍, വാലന്റൈന്‍സ് ഡേ എന്നിവക്കെല്ലാം ആ കാര്‍ഡ് മുടങ്ങാതെ വീട്ടിലെത്തി. പോസ്റ്റ്‌ മാന്‍ രാജന്‍ ചേട്ടന്‍ എന്റെ പേടിസ്വപ്നമായി തീര്‍ന്നു. ആ മധുരപ്പതിനാറിലും, പതിനേഴിലും ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ എല്ലാ വിശേഷാവസരങ്ങളെയും ഞാന്‍ വെറുത്തു. ആ നശിച്ച കാര്‍ഡ് വന്നാല്‍ പിന്നെ കടന്നാല്‍ കുത്തിയത് പോലെയാണ് അമ്മയുടെയും, അമ്മൂമ്മയുടെയും മുഖം. വീട്ടില്‍നിന്നും എല്ലാ മാസവും തരുന്ന ട്യൂഷന്‍ ഫീസ്‌ പോസ്റ്റ്മാന്‍ രാജന്‍ ചേട്ടന് കൈക്കൂലി കൊടുത്തു ആ കാര്‍ഡ് വീട്ടില്‍ എത്താതെ തടഞ്ഞാലോ എന്ന് വരെ ആലോചിച്ചു. ഇപ്പോള്‍ എന്നെക്കുറിച്ച് ഒരു സംശയമേ വീട്ടുകാര്‍ക്കുള്ളൂ, അങ്ങിനെ വല്ലതും ചെയ്‌താല്‍ പിന്നെ കണ്ഫെമാകും. അതുകൊണ്ട് കൈക്കൂലി പ്ലാന്‍ ഉപേക്ഷിച്ചു.

ഇതിനിടയിലാണ് കൈ നോക്കി ഫലം പറയുന്ന ഒരു കാക്കാത്തി എനിക്ക് പാരയായി അവതരിച്ചത്. അവര്‍ ഇടക്കൊക്കെ വീട്ടില്‍ വന്നു ഭക്ഷണം ചോദിക്കും, അമ്മ അടുക്കള വരാന്തയില്‍ ഇലയിട്ടു ചോറും കറിയും കൊടുക്കും. സംപ്രീതയായി ആ സ്ത്രീ എന്റെ അമ്മ മഹാലക്ഷ്മിയാണെന്നും ഏഴുതിരിയിട്ട നിലവിളക്ക് പോലെ ഐശ്വര്യം നിറഞ്ഞവളാണെന്നും ഒക്കെ അടിച്ചുവിടും. അതൊക്കെ കേട്ട് സന്തോഷിച്ചു അവര്‍ പോവുമ്പോള്‍ എന്തെങ്കിലും ചില്ലറയും അമ്മ കൊടുക്കും.

അന്ന് ആ കാക്കാത്തി വീട്ടില്‍ വന്നപ്പോള്‍ അമ്മ പേരമ്മയുടെ വീട്ടില്‍ പോവാന്‍ തയാറാവുകയായിരുന്നു. അതുകൊണ്ട് എന്നോട് അവര്‍ക്ക് ചോറെടുത്ത് കൊടുക്കാന്‍ പറഞ്ഞു. ചോറ് കിട്ടിയപ്പോള്‍ ആസ് യൂഷ്വല്‍ അവര്‍ പ്രവചനം തുടങ്ങി. ദോഷം പറയരുതല്ലോ, ഒക്കെയും നല്ല കാര്യങ്ങള്‍ ആയിരുന്നു. പരീക്ഷക്ക്‌ നല്ല മാര്‍ക്ക് കിട്ടുമെന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും അതില്‍ വീണു പോയി. ഇതിനിടയില്‍ അമ്മ അങ്ങോട്ട്‌ വന്നു. അവസാനം അവര്‍ പ്രവചിച്ചു "ഇവളുടെ വിവാഹം പ്രേമവിവാഹം ആയിരിക്കും." അമ്മയും ഞാനും ഒരുമിച്ചു ഞെട്ടി. അക്ഷാംശവും രേഖാംശവും ഒക്കെവച്ചു ഒന്നൂടെ നോക്കാന്‍ അമ്മ പറഞ്ഞപ്പോഴും അവര്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു "കൈരേഖ കള്ളം പറയില്ലമ്മാ. ഞാന്‍ പറഞ്ഞത് സത്യമാ".

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അമ്മ ഉറക്കെ ആത്മഗതം ചെയ്തു " അവര് പറയുന്നതൊക്കെ അച്ചട്ടാ!"
ഇടിവെട്ടിയവനെ പാമ്പ് കടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. പിന്നെ അതായിരുന്നു എന്റെ അവസ്ഥ. അമ്മയോടൊപ്പം എവിടെങ്കിലും പോവുമ്പോള്‍ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊന്നും കാണരുതേയെന്നു മനമുരുകി പ്രാര്‍ഥിക്കും. അമ്മയുടെ ഒരു കണ്ണ് ഇപ്പോഴും എന്റെമേല്‍ കാണും. നമ്മള്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നതാണ്‌ ഏറ്റവും ദുഖകരമായ അവസ്ഥ.

ഞാന്‍ നേര്‍ന്ന നേര്‍ച്ചകളുടെ ശക്തി കൊണ്ടാണോ, അതോ കാര്‍ഡിട്ടുകൊണ്ടിരുന്നയാളിന് മടുത്തിട്ടാണോ എന്തോ പ്രീഡിഗ്രി കഴിഞ്ഞതോടെ കാര്‍ഡിന്റെ വരവ് നിലച്ചു. ആ വര്‍ഷം എനിക്ക് മനസമാധാനമുണ്ടായിരുന്നു. അങ്ങനെ എല്ലാമൊന്നു ശാന്തമായി ഇരിക്കുന്ന അവസ്ഥയില്‍ ഈ ഒരു കെട്ട് കാര്‍ഡും എഴുത്തും ഒക്കെകൊണ്ട് വീട്ടില്‍ ചെന്നാല്‍ എന്ത് സംഭവിക്കും എന്നുറപ്പുണ്ടായതുകൊണ്ട് ആ പാപഭാരം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായില്ല പ്രേമലേഖനമല്ലേ, പേരും നാളുമൊന്നും കാണത്തില്ല. ചക്കരേ, തേനേ, പൊന്നേ എന്നൊക്കെയായിരിക്കും അഭിസംബോധന.

ഞങ്ങള്‍ ബസ്‌സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡില്‍ ഇരുന്നു കൂലങ്കഷമായി ചിന്തിച്ചു. അവസാനം നിഷയുടെ വീടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ പൊതി തട്ടാന്‍ തീരുമാനിച്ചു. ഒരു മണിക്കൂര്‍ ബസ് യാത്രയുണ്ട് നിഷയുടെ വീട്ടിലേക്ക്‌. ബസിലിരുന്നു ഞങ്ങള്‍ ആ പൊതി അഴിച്ചു നോക്കി. കത്തുകള്‍, ഫോട്ടോകള്‍, കാര്‍ഡുകള്‍, ഉണങ്ങിയ റോസാപ്പൂക്കള്‍ അങ്ങനെ ഒരു ഉദാത്ത പ്രേമത്തിന്റെ എല്ലാ അവശിഷ്ടങ്ങളുമുണ്ട്‌.

നിഷയുടെ വീടിനു കുറച്ചു മുകളിലോട്ടു മാറിയാണ് പൊട്ടക്കിണറുള്ള പറമ്പ് . ബസ്സിറങ്ങി ഞങ്ങള്‍ ആ ഭാഗത്തേക്ക് നടന്നു. കിണറിനടുതെത്തിയതും റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദം "എന്നതാടീ പിള്ളാരെ അവിടെ?". അടുത്ത വീട്ടിലെ അമ്മച്ചിയാണ്, അരിവാളുമായി പുല്ലുചെത്താന്‍ ഇറങ്ങിയ വഴിയാണ്.

"ഏയ്‌ ഒന്നുമില്ലമ്മച്ചീ. ഇവളെ ഈ കിണറൊന്നു കാണിക്കാന്‍ കൊണ്ട് വന്നതാ" നിഷയുടെ മറുപടി അമ്മച്ചിക്കത്ര ബോധിച്ചില്ല.

"പിന്നേ എന്നുവച്ചാ നിധി കുഴിച്ചിട്ടിരിക്കുവല്ലേ ഇതിനകത്ത്. എളുപ്പം വീട്ടില്‍ പോവാന്‍ നോക്ക്, ഇവിടെക്കിടന്നു കറങ്ങാതെ" . ഞങ്ങള്‍ കയ്യാലയിറങ്ങി പോവുന്നത് വരെ അമ്മച്ചി അവിടെത്തന്നെ നിന്ന്. വല്ല ആത്മഹത്യാശ്രമവുമാണോന്ന്‌ അവര്‍ സംശയിച്ചു കാണും.

"എടീ, ഇതും കൊണ്ട് വീട്ടില്‍ പോവാന്‍ പറ്റത്തില്ല. ആരെങ്കിലും കണ്ടാല്‍ നമ്മളെ കൊന്നുകളയും." നിഷയുടെ പേടി ഇരട്ടിയായി. അവസാനം എന്റെ ബാഗില്‍ നിന്നും റെക്കോര്‍ഡും, ടെക്സ്റ്റും ഒക്കെ മാറ്റി പൊതി അതിനുള്ളില്‍ തിരുകിക്കയറ്റി. ഇപ്പോള്‍ ടെന്‍ഷന്‍ മൊത്തം എനിക്കായി. ഇപ്പോള്‍ സാധനം എന്റെ ബാഗിലല്ലേ. ഇനി നിഷയുടെ വീട്ടില്‍ കളയാന്‍ പറ്റാതെ വന്നാല്‍ ഞാന്‍ അതും കൊണ്ടെങ്ങനെ വീട്ടില്‍ പോവും. നേരം വൈകുന്നു. എന്ത് സംഭവിച്ചാലും തനിയെ അത് കളയാന്‍ പോവുന്ന പ്രശ്നമില്ല, ഞാന്‍ ഉറപ്പിച്ചു.

അത്യാവശ്യ ഘട്ടം വന്നാല്‍ നിഷയുടെ മുറിയില്‍ എവിടെയാണ് അത് ഒളിപ്പിക്കാന്‍ പറ്റുന്നതെന്ന് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ജനാലയുടെ പൊട്ടിയ ചില്ലിനിടയിലൂടെ രണ്ടു കണ്ണുകള്‍ ഞാന്‍ കണ്ടത്, മറ്റാരുടേതുമല്ല നിഷയുടെ രണ്ടാമത്തെ നാത്തൂന്‍ രേണു ചേച്ചിയാണ്. ഞങ്ങള്‍ എന്ത് ചെയ്യുകയാണെന്ന് രഹസ്യമായി വീക്ഷിക്കുകയാണ് കക്ഷി. വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ മുതല്‍ ഞങ്ങളുടെ പരിഭ്രമം അവിടെയുള്ളവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു

അവിടുത്തെ ഇരിപ്പ് അത്ര സുരക്ഷിതമല്ലെന്ന് പിടികിട്ടിയതോടെ ഞാന്‍ അവളോട്‌ ഒരു ഐഡിയ പറഞ്ഞു. തല്ക്കാലം ആ പൊതി അവിടെ എവിടെയെങ്കിലും ഒളിച്ചു വയ്ക്കാം. പിന്നെ സൗകര്യം പോലെ എടുത്തു പൊട്ടക്കിണറ്റില്‍ കളഞ്ഞാല്‍ മതി. അവളെന്നെ നാഗവല്ലിയെപ്പോലെ ഒന്ന് നോക്കി.

അപ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട് കേള്‍ക്കാം. എന്തോ വശപ്പിശകുണ്ടെന്നു മനസ്സിലാക്കി നിഷയുടെ അമ്മ വന്നതാണ്. പുള്ളിക്കാരി അകത്തു കടന്നു ഞങ്ങളെ സശ്രദ്ധം ഒന്ന് നോക്കി, പിന്നെ ചുറ്റുപാടും ആകെ ഒന്ന് വീക്ഷിച്ചു. പിന്നെ ചോദിച്ചു

"എന്താടീ കൊച്ചുങ്ങളെ, എന്തേലും പ്രശ്നമുണ്ടോ. വന്നാലുടന്‍ അടുക്കളേല്‍ കേറി തിന്നാന്‍ എന്തോയുണ്ടെന്നു തപ്പുന്നതല്ലേ രണ്ടും. ഇന്നെന്താ ഇതിനകത്ത് തന്നെ അടച്ചുകെട്ടി ഇരിക്കുന്നേ?"

"അത് പിന്നെ ഇവള് ലൈബ്രറിയില്‍ നിന്നെടുത്ത ഒരു പുസ്തകം കളഞ്ഞുപോയി. അത് നോക്കുവാരുന്നു." കള്ളം പറയാനുള്ള കഴിവ് ദൈവം എനിക്ക് അറിഞ്ഞു തന്നിട്ടുണ്ട്. അതിന്റെയൊരു അഭിമാനത്തോടെ ഞാന്‍ നിഷയെ നോക്കിയപ്പോള്‍ അവളിപ്പം കരയും എന്നുംപറഞ്ഞ് നില്‍ക്കുന്നു.

"ഏതു പുസ്തകമാടീ കൊണ്ടുക്കളഞ്ഞത് , എലക്ട്രോണിക്സിന്റെയാന്നോ. എത്രരൂപാ വെലയുള്ളതാ. അതെങ്ങനാ വൈകിട്ട് കോളേജില്‍ നിന്ന് വന്നാലുടന്‍ എവിടേലും വലിച്ചെറിഞ്ഞിട്ട്‌ ടിവിയുടെ മുന്നില്പോയി ഇരുന്നോളും. പിന്നെ രാവിലെ പോവാന്‍ നേരത്താ ബാഗും ബുക്കും ഒക്കെ തെരക്കുന്നത്. ആര്‍ക്കറിയാം പിള്ളാര്‌ കീറിക്കളഞ്ഞോന്ന്" ഒന്നൂടെ നോക്ക്, ഇവിടെവിടെങ്കിലും കാണും" അമ്മ പ്രഭാഷണം നിര്‍ത്താന്‍ ഭാവമില്ല.

നിഷ എന്നെ ക്രൂരമായി ഒന്ന് നോക്കി. ഇപ്പോള്‍ അവള്‍ മനസ്സില്‍ എന്നെ വിളിക്കുന്ന ചീത്തകള്‍ മുഖത്ത് നിന്ന് വായിച്ചെടുക്കാം.


നനഞ്ഞിറങ്ങി എന്നാല്പിന്നെ കുളിച്ചു കേറാം എന്നൊരു പോളിസിയില്‍ വിശ്വസിച്ചു കൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞു "നാളത്തെ യൂണിറ്റ്‌ ടെസ്റ്റിനുള്ള ബുക്കാരുന്നു. ഇനിയതില്ലാതെ ഇവള്‍ എങ്ങിനെ പഠിക്കും".

അതേറ്റു, അമ്മ ദേഷ്യംകൊണ്ട്‌ ഉറഞ്ഞു തുള്ളി. "പഠിക്കാന്‍ നേരമാവുമ്പം മാത്രം പുസ്തകം അന്വേഷിച്ചാ മതിയെടീ, ..........."
നിഷയുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല, എനിക്കതൊന്നും കാണാനുള്ള കരുത്തില്ലായിരുന്നു. അവസാനം ഒന്ന് തണുത്തപ്പോള്‍ എന്നോട് ചോദിച്ചു "മോടേല്‍ ഇപ്പറഞ്ഞ പുസ്തകം ഒണ്ടോ?"


അതായിരുന്നു എനിക്ക് വേണ്ടിയത്. "ഒണ്ട്, വീട്ടിലിരിപ്പോണ്ട്." ഞന്‍ വിനയാന്വിതയായി.

"നിക്ക്, ഞാന്‍ അച്ഛനോടോന്നു ചോദിക്കട്ടെ" അമ്മ അടുത്തുതന്നെയുള്ള അവരുടെ കടയിലേക്ക് പോയി.

"നിന്നെ എന്റെ കൂടെ വിടും. പോന്നവഴിക്കു അത് എവിടേലും കളയാം" കടിച്ചുകീറാനുള്ള ദേഷ്യവുമായി നിന്ന നിഷയെ ഞാന്‍ സമാധാനിപ്പിച്ചു .

മോള്‍ക്ക്‌ നാളെ എന്തോ വല്യ പരീക്ഷയാനെന്നും അതിനുള്ള പുസ്തകം കാണാതെപോയെന്നും ഒക്കെ അച്ഛനോട് പറഞ്ഞു സമ്മതം വാങ്ങി അമ്മ അവളെക്കൂടി എന്റെ വീട്ടില്‍ പറഞ്ഞു വിട്ടു. ഒരു കിലോമീറ്റര്‍ നടക്കണം നിഷയുടെ വീട്ടില്‍ നിന്നും എന്റെ വീട്ടിലേക്ക്.

"ആടിയാടി നില്‍ക്കാതെ പെട്ടെന്ന് നടന്നു ഇരുട്ടുന്നതിനു മുന്‍പ് അങ്ങെത്തിയേക്കണം. ചെന്നിട്ടു തെക്കെലോട്ടു ഒന്ന് വിളിച്ചു പറയണം". അമ്മ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.

എന്റെ വീട്ടിലേക്കു പാടവരമ്പത്തൂടെ ഒരു കുറുക്കു വഴിയുണ്ട്. മെയിന്‍ റോഡില്‍നിന്നും പാടത്തെക്കിറങ്ങിയപ്പോള്‍ ഞങ്ങള്‍ ആ എഴുത്തുകള്‍ ഒന്നൊന്നായി കീറി വെള്ളത്തിലേക്ക്‌ എറിഞ്ഞു കൊണ്ടിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന നെല്ക്കതിരുകളും അസ്തമനസൂര്യന്റെ ചുവപ്പ് പടര്‍ന്ന ചക്രവാളവും മാത്രം സാക്ഷികള്‍. അവസാനത്തെ എഴുത്തും കീറിക്കളഞ്ഞു ഞങ്ങള്‍ 916 മനസ്സമാധാനത്തോടെ വീട്ടിലേക്കു നടന്നു.

ഇതിന്റെ ആന്റിക്ലൈമാക്സ് ഇങ്ങനെയായിരുന്നു. ഫൈനല്‍ എക്സാം കഴിഞ്ഞയുടനെ വീട്ടുകാര്‍ ധൃതിപിടിച്ച് ജിജിയുടെ വിവാഹം നടത്തി. ബോംബയില്‍ സെറ്റില്‍ ചെയ്ത ഒരു സമ്പന്ന കുടുംബത്തിലെ പയ്യന് അവരുടെ കഴിവിനുമപ്പുറം സ്ത്രീധനം കൊടുത്തായിരുന്നു കല്യാണം നടത്തിയത്. ആരുടെ തെറ്റായാലും അതൊരു വന്‍പരാജയമായിരുന്നു. ഭര്‍ത്താവും വീട്ടുകാരുമായി അഡ്ജസ്റ്റ് ആകാന്‍ ജിജിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ എന്താണ് എവിടെയാണ് എന്നൊന്നും അറിയില്ല.

പിന്നെ ജിജി- ശ്യാം പ്രണയ കഥയിലെ ഒരു വില്ലത്തിയായ ഞാന്‍ മാന്യമായി പ്രേമിച്ചു വിവാഹം കഴിച്ചു ഒരുവിധം നന്നായി ജീവിക്കുന്നു. അന്ന് ആ കാക്കാത്തി പറഞ്ഞത് അച്ചട്ടായി ! (അതൊരു വലിയ കഥയാ!).

എന്താണെന്നറിയില്ല ഭയങ്കര തുമ്മല്‍. ആരെങ്കിലും ചീത്ത പറയുന്നതാണോ ആവോ?

19 comments:

hAnLLaLaTh said...

സത്യസന്ധമായാണൊ എഴുതിയത് എന്നറിയില്ല,
പക്ഷെ എഴുത്തില്‍ ശെരിക്കും കൂട്ടിച്ചേര്‍ക്കല്‍ നടക്കാത്തത് പോലെ
വിശ്വസനീയം.
രസകരം.
:)

jyo said...

കൊള്ളാം. കുറേ കാലം പിറകിലൊട്ട് കൊണ്ടുപോയി...

അമീന്‍ വി സി said...

സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?

തുറന്ന ചര്‍ച്ച
സന്ദര്‍ശിക്കുക,
അഭിപ്രായം രേഖപ്പെടുത്തുക
Please Visit my ബ്ലോഗ്‌
http://sandeshammag.blogspot.com

കുമാരന്‍ | kumaran said...

കൂട്ടുകാരിയുടെ പ്രണയം നശിപ്പിച്ച് അവസാനം സ്വയം കുടുക്കില്‍ പോയി വീഴുകയും ചെയ്തു. ആ കാക്കാലത്തി ഇപ്പോഴുണ്ടോ?...

Captain Haddock said...

"..കള്ളം പറയാനുള്ള കഴിവ് ദൈവം എനിക്ക് അറിഞ്ഞു തന്നിട്ടുണ്ട്. " !

"നിന്നെ എന്റെ കൂടെ വിടും. പോന്നവഴിക്കു അത് എവിടേലും കളയാം" കടിച്ചുകീറാനുള്ള ദേഷ്യവുമായി നിന്ന നിഷയെ ഞാന്‍ സമാധാനിപ്പിച്ചു .

കള്ളം പറയാനുള്ള കഴിവ് മാത്രം അല്ല, മാക്സിമം കുരുട്ട് ബുദ്ധിയും .....ബെസ്റ്റ് !! നല്ല എഴുത്ത്, ലാസ്റ്റ് പാര്‍ട്ട്‌ വിഷമിപ്പിച്ചു,പാവം.

"(അതൊരു വലിയ കഥയാ!)." -->അല്ല, ഗൂഗിള്‍ ഇഷ്ടം പോലെ സ്ഥലം തന്നിട്ണ്ടല്ലോ...വരട്ട ആ പ്രേമ കാവിയം..

വല്യമ്മായി said...

രസികന്‍ വിവരണം :)

തറവാടി said...

നല്ല വായന :)

ശ്രീനന്ദ said...

വായിച്ചു കമന്റിട്ട എല്ലാവര്‍ക്കും നന്ദി.

hAnLLaLa - പേരുകള്‍ മാത്രമേ മാറ്റിയിട്ടുള്ളൂ. ബാക്കിയൊക്കെ സത്യമാണ്. നന്ദി.

jyo -ആദ്യമായിട്ടാണ് ഇവിടെ അല്ലേ. വന്നതില്‍ സന്തോഷം.

കുമാര്‍ജി - പിന്നെ അതില്‍ വിഷമം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ശ്യാമിന്റെ കൂടെ അവള്‍ സന്തോഷമായി ജീവിച്ചേനെ.

ക്യാപ്ടന്‍ - നന്ദി. അന്നാ എഴുത്തൊക്കെക്കൊണ്ട് വീട്ടില്‍ ചെന്നിട്ടു അമ്മ കണ്ടിരുന്നെങ്കില്‍ ഞാനും ഈ ബ്ലോഗും ഇപ്പോള്‍ ഭൂമിയില്‍കാണത്തില്ലായിരുന്നു

വല്യമ്മായിക്കും തറവാടിക്കും ഒത്തിരി നന്ദി.

കാട്ടിപ്പരുത്തി said...

വർണ്ണങ്ങളുള്ള പ്രണയങ്ങൾ തന്നെ

ഏ.ആര്‍. നജീം said...

നല്ല രസത്തില്‍ വായിച്ചു. ഒഴുക്കുള്ള ശൈലി

ഒരു രഹസ്യം ചോദിക്കട്ടെ: ആ കാക്കാത്തി ഇപ്പൊഴും ജീവിച്ചിരിപ്പുണ്ടോ.. :)

കണ്ണനുണ്ണി said...

എത്ര കഥകള്‍ കേട്ടാലും പ്രണയത്തിന്റെ വര്‍ണ്ണങ്ങള്‍ക്ക് നിറം ഒട്ടും ചോരുന്നില്ല ല്ലേ...

ഹൃദ്യമായി അനുഭവം

ശ്രീനന്ദ said...

കാട്ടിപ്പരുത്തി, നജീം, കണ്ണനുണ്ണി എല്ലാവര്‍ക്കും നന്ദി

ആ കാക്കാത്തി കുറെ വര്‍ഷങ്ങളായി വീട്ടില്‍ വരാറില്ല. ഞാനും അമ്മയോട് അവരെക്കുറിച്ച് ചോദിക്കാറുണ്ട്.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

"ആടിയാടി നില്‍ക്കാതെ പെട്ടെന്ന് നടന്നു ഇരുട്ടുന്നതിനു മുന്‍പ് അങ്ങെത്തിയേക്കണം. ചെന്നിട്ടു തെക്കെലോട്ടു ഒന്ന് വിളിച്ചു പറയണം". അമ്മ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.

ഒരു പെറ്റ തള്ളയുടെ വേവലാതി തന്നെ ആ വരികളില്‍ ഉണ്ട്, നല്ല എഴുത്ത്, പിന്നെ ലാളിത്യവും

ആശംസകള്‍

ശ്രീ said...

ചേച്ചീ

സംഭവം നേരില്‍ കാണുന്നതു പോലെ മനസ്സിലാക്കാന്‍ പറ്റി. നല്ല എഴുത്ത്.

മനപൂര്‍വ്വം അല്ല എങ്കിലും ഒരു പ്രണയം പൊളിച്ച് ആ പാവങ്ങളുടെ ജീവിതം ഒരു വഴിയ്ക്കായ്ക്കി അല്ലേ? ആ പൊളിഞ്ഞ പ്രണയ കഥയിലെ നായകനെങ്കിലും ഒരു നല്ല ജീവിതം കിട്ടിയോ?

പിന്നെ, അവസാനം പറഞ്ഞ "ആ വല്യ കഥ" ഇനി എപ്പോഴാ എഴുതുക ? :)

G.manu said...

good one ..

ബിനോയ്//HariNav said...

ആദ്യമായാണെന്ന് തോന്നുന്നു ഇവിടെ. നല്ല എഴുത്ത്. ആശംസകള്‍ :)

കുഞ്ഞൻ said...

പോസ്റ്റിന്റെ നീളം കുറഞ്ഞുപോയൊന്നൊരു സംശയം.. ആ വല്യകഥകൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു..

ഗുണപാഠം..കൂട്ടുകാരികൾ കണ്ണാടിപോലെയാണ്..വിശ്വസിക്കാം..!

pattepadamramji said...

മെയിന്‍ റോഡില്‍നിന്നും പാടത്തെക്കിറങ്ങിയപ്പോള്‍ ഞങ്ങള്‍ ആ എഴുത്തുകള്‍ ഒന്നൊന്നായി കീറി വെള്ളത്തിലേക്ക്‌ എറിഞ്ഞു കൊണ്ടിരുന്നു.

നശിപ്പിക്കണ്ടായിരുന്നു, പിന്നീട്‌ വായിക്കുമ്പോള്‍ രസമായിരിക്കും. ഒഴുക്കോടെ വിവരിച്ച കുറിപ്പുകള്‍.
എന്നും ഓര്‍മ്മയില്‍ നിന്ന് മായാത്തതാണ് കലലയാനുഭവങ്ങള്‍.

മഹേഷ്‌ വിജയന്‍ said...

hmmm... എന്നാ പറയാനാ.. എന്റെ കുറെ ഗ്രീറ്റിംഗ് കാര്‍ഡ് വേസ്റ്റ് ആയി... :-) :-)
ഇങ്ങനെ എത്ര പേര്‍ക്കയച്ചതാ...ഒരു ഫലോമില്ല, ഞമ്മളിന്നും പുര നിറഞ്ഞു നിക്കുന്നു.. :-)

നല്ല എഴുത്ത്..നല്ല വരികള്‍..
ഇനിയും ഒരുപാടെഴുതുക...അഭിനന്ദനങ്ങള്‍... ആശംസകള്‍..