Friday, 24 July 2009

ബലിക്കാക്ക

പുലര്ച്ചെ തുടങ്ങിയ കനത്ത മഴയാണ്, തോരാന് ഭാവമേയില്ല. ഇരുണ്ടു മൂടിയ ആകാശത്തിനു താഴെ നനവിന്റെ ഇരുണ്ട പച്ചനിറം പടര്ന്ന പ്രകൃതി. മഴ കനത്തപ്പോള് ബസ്സിന്റെ വിന്ഡോ ഗ്ലാസ് താഴ്ത്തി വച്ചു. രാവിലത്തെ ഓട്ടപ്പാച്ചിലിനു ശേഷം ഇത്തിരിയൊന്ന് നടുവ് നിവര്ക്കാന് കിട്ടുന്നത് ഓഫിസിലേക്കുള്ള ബസ് യാത്രക്കിടയാണ്.

ഇന്ന് കര്‍ക്കിടകവാവാണ്, പിതൃക്കള് ഭൂമിയില് ഉറ്റവരെ അന്വേഷിച്ചു ആണ്ടിലൊരിക്കല് എത്തുന്ന ദിവസം. ഇന്നലെ രാത്രിയില് ഫോണ് ചെയ്തപ്പോള്‍ അമ്മ ഓര്മ്മിപ്പിച്ചിരുന്നു. ആത്മാക്കള് തുമ്പികളായി ചേക്കേറുന്ന വെള്ളിയാം കല്ലില് നിന്നാണോ ബലി ചോറുണ്ണാന് വാവ് ദിനത്തില് ബലിക്കാക്കകള് പറന്നെത്തുന്നത്. അതോ അങ്ങകലെ മരണത്തിന്റെ കറുത്ത കവാടങ്ങള്ക്കുമപ്പുറം മറ്റേതോ ലോകത്തില് നിന്നുമോ.

കുട്ടിക്കാലത്ത് മുത്തശ്ശിയുള്ളപ്പോള് കര്ക്കിടകവാവിന് രാത്രിയില് അടയുണ്ടാക്കി തരുമായിരുന്നു. വാഴയിലയില് അരിപ്പൊടി പരത്തി തേങ്ങയും ശര്ക്കരയും വച്ചു മടക്കി ആവിയില് പുഴുങ്ങിയെടുക്കുന്ന അടയുടെ മധുരം ഇന്നും നാവിലുണ്ട്. താന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മുത്തശ്ശി മരിച്ചത്. മുത്തശ്ശിയുടെ ആത്മാവും ഇന്നൊരു പക്ഷേ വിരുന്നിനെത്തിയിട്ടുണ്ടാവും. പുറത്തു മഴയില് കുതിര്ന്നു നില്ക്കുന്ന മരക്കൊമ്പുകളിലൂടെ കണ്ണോടിച്ചു. ഇല്ല, ഒരു ബലിക്കാക്ക പോലുമില്ല. അല്ലെങ്കിലും ഈ നഗരത്തില് കാക്കകളെ തന്നെ കാണുന്നത് അപൂര്വ്വമാണ്.

പിന്നെയും മനസ്സ് മുത്തശ്ശിയുടെ ഓര്മ്മകളിലേക്ക് മടങ്ങിപ്പോയി. മുത്തശ്ശനെ കണ്ട ഓര്മ്മയെയില്ല, താന് തീരെ കുട്ടിയായിരിക്കുമ്പോള് തന്നെ മരിച്ചുപോയി. വെളുത്ത മുണ്ടും നേര്യതും നെറ്റിയിലെ ഭസ്മക്കുറിയുമായി മുത്തശ്ശി ഓര്മ്മയുള്ള കാലം മുതല് ഒപ്പമുണ്ട്. മുത്തശ്ശിയുടെ കൈപിടിച്ചാണ് അമ്പലത്തിലും, എഴുത്തുപള്ളിക്കൂടത്തിലും ബന്ധുവീടുകളിലും ഒക്കെ കുട്ടിക്കാലത്ത് പോയിരുന്നത്. ഇത്തിരികൂടി മുതിര്ന്നപ്പോള് തലമുടിയില് ചൂടാന് മുല്ലയും കനകാമ്പരവും പൂക്കള്കൊണ്ട് മാല കെട്ടിതരുമായിരുന്നു. മുത്തശ്ശിയുണ്ടാക്കുന്ന കറികള്ക്കും പലഹാരങ്ങള്ക്കുമൊക്കെ ഒരു പ്രത്യേകരുചിയാണ്. അമ്മയുണ്ടാക്കിയാല് അത്രയും വരില്ല. അവിയലിന്റെയും മാമ്പഴപുളിശ്ശേരിയുടെയും ഒക്കെ രുചി ഇന്നും നാവിലുണ്ട്. പുലര്ച്ചക്ക് നാലുമണിക്കെഴുന്നേറ്റു കാലും മുഖവും കഴുകിവന്നു വിളക്കു കത്തിക്കും. പിന്നെ തന്നെ വിളിച്ചുണര്ത്തി പഠിക്കാനിരുത്തും, ഒപ്പം മുത്തശി പൂജാമുറിയിലിരുന്നു ഹരിനാമകീര്ത്തനം ജപിക്കും. ഇടക്കുപോയി കട്ടന്കാപ്പിയിട്ടു തരും. കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും താന് വായിക്കുന്നതും ശ്രദ്ധിച്ചു അടുത്ത് തന്നെ ഇരിക്കും. തീരെ വയ്യാതായി കിടപ്പായ അവസാന ദിവസം ഒഴികെ എന്നും ഈ പതിവുകള് ആവര്ത്തിച്ചിരുന്നു.

കുടുംബത്തിലെ ഏറ്റവും മൂത്ത പേരക്കുട്ടിയായ മിനിചേച്ചിയുടെ കല്യാണം മുത്തശ്ശി മരിക്കുന്നതിനു ഏതാനും മാസങ്ങള്ക്ക് മുമ്പായിരുന്നു. വിവാഹം കഴിഞ്ഞു ആദ്യമായി ചേച്ചി വിരുന്നു വന്നപ്പോള് അടുത്ത് പിടിച്ചിരുത്തി മുത്തശ്ശി പറഞ്ഞു " മോളെ കല്യാണം കഴിഞ്ഞാല് പിന്നെ ഭര്ത്താവിന്റെ വീടാണ് പെണ്ണിന് വീട്. അവിടുത്തെ കുറ്റം അവരോടും ഇവരോടും ഒന്നും പറയാന് നില്ക്കരുത്. നമ്മുടെ ശരീരത്തെ വസ്ത്രം നമ്മള് തന്നെ ഉയര്ത്തുമ്പോള് സ്വന്തം ശരീരത്തിന്റെ നഗ്നതയാണ് ചുറ്റുമുള്ളവര് കാണുന്നതെന്ന് മറന്നു പോവരുത്. പിന്നെ ചട്ടീം കലവുമാവുംപോള് തട്ടിയെന്നും മുട്ടിയെന്നുമിരിക്കും. നിന്റെ ഭര്ത്താവുമായി എത്ര വഴക്കിട്ടാലും ഒരിക്കലും കറുത്ത മുഖത്തോടെ ആഹാരം വിളംബരുത്. ഒരു രാത്രിക്കപ്പുരം ഒരു വഴക്കും വലിച്ചു നീട്ടി കൊണ്ട് പോവരുത്. ദൂരെ സ്ഥലത്ത് നിങ്ങള് തനിയെ താമസിക്കുമ്പോള് ഇതൊന്നും പറഞ്ഞു തരാന് മറ്റാരും ഉണ്ടാവില്ല " അന്നത് കേട്ട് അല്പം പുഛമാണ് മനസ്സില് തോന്നിയത്, പ്രീഡിഗ്രിക്കാലത്തെ ഇളക്കക്കാരി പെണ്ണിന്റെ മനസ്സായത് കൊണ്ടായിരിക്കാം. പക്ഷെ സ്വന്തം വിവാഹം കഴിഞ്ഞു ബന്ധങ്ങളുടെ വില എന്താണെന്ന് മനസ്സിലാക്കി തുടങ്ങിയപ്പോള് ആ വാക്കുകളുടെ അര്ഥം എത്ര വലുതായിരുന്നുവെന്ന് മനസ്സിലായി.

പേരക്കുട്ടികളില് തന്നെയായിരുന്നു ഏറെ കാര്യം, സ്കൂളിലും കോളേജിലും പഠിക്കുമ്പോള് ആരും കാണാതെ കൈയില് തന്നിരുന്ന ചില്ലറതുട്ടുകള് പലപ്പോഴും ബന്ധുക്കളാരെങ്കിലും വരുമ്പോള് മുത്തശിക്ക് കൊടുക്കുന്ന പൈസയില് നിന്നും തരുന്നതാണ്. ആരോഗ്യം തീരെ ക്ഷയിചെങ്കിലും ഒരു ദിവസം പോലും മുത്തശ്ശി ദീനക്കിടക്കയില് കിടന്നില്ല. തലേന്ന് രാത്രിയും താന് ഉണ്ടാക്കിക്കൊടുത്ത പൊടിയരിക്കഞ്ഞിയും തേങ്ങചുട്ടരച്ച ചമ്മന്തിയും കഴിച്ചു, പതിവില്ലാതെയന്നു ഇത്തിരികൂടി വേണമെന്ന് പറയുകയും ചെയ്തു. പിറ്റേന്ന് വെളുപ്പിനാണ് വയ്യായ്ക പോലെയുണ്ടായത്. അമ്മാവന് കൊടുത്ത വെള്ളം അവസാനമായി കുടിച്ചു തന്റെ മുഖത്തേക്ക് രണ്ടു നിമിഷം നോക്കികിടന്നു, ഒരു തുള്ളി കണ്ണീര് ഇടത്തെകണ്ണിലൂടെ ഒലിച്ചിറങ്ങി. മരണം ഇത്രത്തോളം ലാഘവമാണോ. ദഹനം നടക്കുമ്പോള് ആരോ പറഞ്ഞു, ഒരുദിവസം പോലും കഷ്ടപ്പെടാതെ ആയമ്മ പോയി, അവരുടെ നിത്യേനയുള്ള നാമജപത്തിന്റെ പുണ്യം.

ബസ് സ്റ്റോപ്പിലിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോഴും മഴ കനത്ത് പെയ്യുന്നുണ്ടായിരുന്നു. ഉച്ചക്ക് ഓഫീസിനു പിന്നിലെ ബാല്ക്കണിയിലിറങ്ങി നിന്ന് വീട്ടിലേക്കു ഫോണ് ചെയ്യുകയായിരുന്നു. ലഞ്ചിന് മുന്പ് വീട്ടിലേക്കൊരു കാള് എന്നും പതിവുള്ളതാണ്. പെട്ടെന്നെവിടെനിന്നോ ഒരു ബലിക്കാക്ക പറന്നുവന്നു വരാന്തയുടെ റെയിലിങ്ങില് ഇരുന്നു. നനഞ്ഞ തൂവലുകള് ചുണ്ടുകൊണ്ട് മാടിയൊതുക്കി അത് തന്നെ സാകൂതം നോക്കി. പെട്ടെന്നൊരു ഉള്വിളിയുണര്ന്നു, ഒരു പേപ്പര് പ്ലേറ്റ് എടുത്ത് ടിഫിന് തുറന്നു അല്പം ചോറും കറിയും വിളമ്പി. പാവക്ക കൊണ്ടാട്ടമുണ്ട്, മുത്തശിക്കേറെ ഇഷ്ടമായിരുന്നു അത്. പ്ലേറ്റ് കൊണ്ടുവന്നു വരാന്തയില് വച്ചിട്ട് മാറിനിന്നു. കാക്ക ആ വറ്റുകള് ഒന്നൊഴിയാതെ കൊത്തിതിന്നു. ഒരു നിഷം ഉറ്റുനോക്കിയിരുന്നിട്ട് അത് പുറത്തേക്കു പറന്നു പോയി.

അത് മുത്തശ്ശിയായിരുന്നോ, അറിയില്ല. ഇന്നുവീണ്ടും ആത്മാക്കള് അവയുടെ ലോകത്ത് ഒത്തുകൂടും. ചിലര്ക്കൊക്കെ ഒരുവറ്റു ബലി ചോറ് കിട്ടിക്കാണും, കിട്ടാത്തവരും ഒരുപാടുണ്ടാവും. ജീവിച്ചിരിക്കുമ്പോള് തന്നെ മറക്കപ്പെട്ടവരെ മരണത്തിനു ശേഷം ആരോര്ക്കാനാണ്. ഒരുപക്ഷെ മുത്തശി പറയും, ബലിചോറുണ്ടില്ല, പക്ഷേ ഇത്തിരി ചോറും കറിയും കിട്ടി എന്റെകുട്ടിയുടെ കൈയില്‍ നിന്ന്.

14 comments:

ഷൈജു കോട്ടാത്തല said...

enthu parayanam' ariyilla

ഗന്ധർവൻ said...

നന്നായിരിക്കുന്നു.ഞാനും എന്റെ മുത്തശിയെ ഓർത്ത് പോയി.എന്നെ വലിയ ഇഷ്ട്ടമായിരുന്നു.അടുത്താണ് മരിച്ചത്.പക്ഷെ ഞാൻ മറന്നിട്ടില്ല ഓർക്കാറൂണ്ട് വല്ലപ്പോഴും

ramanika said...

really touching !

ശ്രീ said...

അറിയാതെ കണ്ണു നനഞ്ഞല്ലോ ചേച്ചീ.

മുത്തശ്ശിയുടെ ഉപദേശം എല്ലാവരും മനസ്സിലാക്കിയിരിയ്ക്കേണ്ടതു തന്നെ.

Deepa Bijo Alexander said...

ഞാനും ഓർത്തുപോയി..എന്റെ വല്യമ്മച്ചിയെക്കുറിച്ച്‌.....

കുഞ്ഞായി | kunjai said...

വല്യുമ്മയെ ഓര്‍മ്മിപ്പിച്ച ഒരു നല്ല പോസ്റ്റ്...
അഭിനന്ദനങ്ങള്‍

വയനാടന്‍ said...

ഹ്രുദയ സ്പർശിയായിരിക്കുന്നു.

മാണിക്യം said...

കഥയെന്നു തോന്നീല്ലാ
അനുഭവം പങ്കു വച്ച പ്രതീതി..
എന്നും വെളുപ്പിനുണര്‍ന്നിരുന്ന്
പ്രാര്ത്ഥിക്കുന്ന എന്റെ വല്യമ്മച്ചി....
അന്നൊക്കെ ചോദിച്ചിട്ടുണ്ട്
എന്തിനാ ഇത്ര വെളുപ്പിനുണരുന്നത്?
എന്തിനാ വല്യമ്മച്ചി ഇത്രയേറെ പ്രാര്‍ത്ഥിക്കുന്നത്? അപ്പോള്‍ ഒന്നും പറയാതെ അണച്ചു പിടിച്ച് നെറുകയില്‍ ഒരുമ്മ തരും.
ഇന്നും ആ ഓര്‍മ്മ മനസ്സില്‍ തെളിയുന്നു..

വരുന്നുണ്ടവുമോ ഇവിടേയും ബലിക്കാക്കയായി? അതോ നക്ഷത്രമായി മുകളില്‍ നില്‍ക്കുന്നോ? അറിയില്ല എന്നാലും...
ആ സ്നേഹം ഒരു ചുടുകാറ്റായി പൊതിയുന്നു ....
നന്ദി നല്ലോര്‍മകള്‍ പങ്കു വച്ചതിനു..

bonypinto said...

nannaayirikkunnu

മുസാഫിര്‍ said...

മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു.
പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമ കണ്ടാല്‍ ആത്മാക്കള്‍ നമുക്ക് ചുറ്റും ഉണ്ടെന്നു തന്നെ തോന്നിപ്പോകും.

aneeshans said...

നന്നായിരിക്കുന്നു.

VEERU said...

ഓണാശംസകൾ !!!!

ഓര്‍മ്മക്കുറിപ്പുകള്‍..... said...

nice yaaaaaar

Vipin vasudev said...

ഞാന്‍ എന്തേ ഇത്ര വൈകീ ഇവിടെ വരാന്‍. വാക്കുകള്‍ മനസ്സില്‍ തട്ടുന്നു, വളരെ നന്നായിട്ടുണ്ട്.