തൊഴുതിറങ്ങി പടിക്കെട്ടുകള്‍ക്ക് താഴെ ചെരുപ്പ് പരതുമ്പോഴായിരുന്നു പിന്നില്‍ നിന്നും വിളി വന്നത് . "സുജാതേ,നിക്ക് കുട്ടീ, ഒരുമിച്ചു പോകാം ". മാളിയേക്കലെ ശാരദേച്ചിയാണ് . ഒരുപാടു ദിവസം കൂടിയാണ് കാണുന്നത് . വയസ്സാകുന്നതിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ട് . "നിന്നെയിപ്പോ അമ്പലത്തിലും കൂടി കാണാനില്ലല്ലോ സുജാതേ . ഭവാനിയമ്മ തീരെ കിടപ്പിലാ അല്ലേ." മതില്‍ക്കെട്ടിനു പുറത്തേക്ക് നടക്കുമ്പോള്‍ ശാരദേച്ചി ചോദിച്ചു. " ഉവ്വേച്ചി, അമ്മക്ക് തീരെ വയ്യാതായി, താങ്ങിയിരുത്തിയാ കഞ്ഞി കൊടുക്കുന്നത്. ഇന്നുതന്നെ കുട്ടികള്‍ക്ക് അവധിയായതോണ്ടാ വരാന്‍ പറ്റിയത്. പിന്നെയെന്തോക്കെയുണ്ട് ചേച്ചീ വിശേഷം, അജയന് ഉടനെയെങ്ങാനും വരുമോ." ശാരദേച്ചിക്ക് മൂന്നു മക്കളാണ് , രണ്ടു പെണ്ണും ഒരാണും. ലതയും ലേഖയും കുടുംബമായി ഡല്ഹി്യിലും ബാംഗ്ളൂരിലും കഴിയുന്നു. അജയന് ദുബായിലാണ് കുടുംബസമേതം, ഭാര്യക്കും അവിടെ ജോലിയുണ്ട് . "ഇല്ല ഇനിയടുത്ത സ്കൂളവധിക്കെയുള്ളൂ. കുഞ്ഞിനെ അവിടെ സ്കൂളില്‍ ചേര്‍ത്തു. "
സ്കൂള്‍ മാഷായിരുന്നു ശാരദേച്ചിയുടെ ഭര്‍ത്താവ് . അജയന്റെ വിവാഹം കഴിഞ്ഞയിടക്കാണ് അദ്ദേഹം മരിച്ചത് . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചേച്ചി തനിയെയാണ് താമസം. "അജയനു ഇവിടെ എവിടെയെങ്കിലും ജോലി നോക്കികൂടെ, എത്ര നാളാ ചേച്ചി തന്നെയിങ്ങനെ." ശാരദേച്ചിയുടെ ചുണ്ടില്‍ ഒരു വരണ്ട ചിരി വിടര്‍ന്നു . "ഇവിടെയെന്ത് ജോലി ചെയ്യും കുട്ടീ. ഇവിടെയുല്ലോര്ക്ക് തന്നെ പണി കിട്ടുന്നില്ല. ഇതിപ്പോ അവിടെയാവുമ്പം രണ്ടാള്‍ക്കും ജോലിയുണ്ട് . കാര്യമായിട്ടൊന്നും ഇതുവരെ ഉണ്ടാക്കിയില്ല അവന്, പെണ്‍കുട്ടികളുടെ കല്ല്യാണം കഴിഞ്ഞു , പിന്നെയാ വീടും ഉണ്ടാക്കി അത്ര തന്നെ. അവനും ഒരു പെങ്കുട്ടിയല്ലേ, അതിന്റെ കാര്യം കൂടിയോര്ക്കിണ്ടേ".
ശരിയാണ്, ഗള്ഫി്ല് പോകുന്ന എല്ലാവരുടെയും പ്രശ്നം ഇതു തന്നെ. തിരിച്ചു വന്നു എന്തുചെയ്യും. ഇത്തിരിയെന്തെങ്കിലും കൂട്ടി വച്ച് ബിസിനസ്സ് ചെയ്യാമെന്ന് വച്ചാല്‍ മാസത്തില്‍ രണ്ടു ഹര്ത്താലെന്കിലും ഉള്ള നാട്ടില്‍ അതും വിജയിക്കില്ല. പിന്നെയും തിരിച്ചു പോവുകയെയുള്ളൂ നിവൃത്തി. "ചേച്ചിക്ക് കുറച്ചു നാള് ലേഖയുടെയോ ലതയുടെയോ അടുത്തുപോയി നിന്നൂടെ" പിന്നെയും ചോദിച്ചു " എനിക്ക് പറ്റില്ല അങ്ങനെ കൂട്ടില്‍ പിടിച്ചിട്ടതുപോലെ കഴിയാന്‍. രണ്ടിടത്തും ഓരോ മാസം നിന്നതാ ഞാന്‍. ഒള്ള ആരോഗ്യം കൂടി നശിച്ചു അസുഖവും പിടിച്ചാ തിരിച്ചു വന്നത് . അന്നേ തീരുമാനിച്ചതാ ഈ നാടും അമ്പലവും വിട്ടെങ്ങോട്ടും പോവില്ലന്നു." പാവം, പുലര്‍ച്ച ക്ക് കുളിച്ചു തൊഴുന്നത് ചേച്ചിയുടെ ജീവിതത്തിന്റെ ഭാഗമാണ്.
തനിച്ച്ചായിപോവുന്ന ഒരുപാടു അമ്മമാരില്‍ ഒരാള്‍ മാത്രമാണ് ശാരദേച്ചി. "ഒരു കണക്കിന് ഭവാനിയമ്മ ഭാഗ്യവതിയാ, അവസാന കാലത്തു വെള്ളം കൊടുക്കാന്‍ നീയുണ്ടല്ലോ. ഞാനൊക്കെ കിടന്നു പോയാല്‍ നരകിച്ചു ചാവും" അവര്‍ പറഞ്ഞു. "ഇന്നലത്തെ പത്രത്തില്‍ കണ്ടോ, എഴുപത്തഞ്ചു വയസ്സുള്ള വൃദ്ധയെ കഴുത്ത് വെട്ടി കൊന്നിട്ടു വേലക്കാരന് ചെറുക്കന് സ്വര്ണനവും പണവും കൊണ്ടുപോയെന്നു. അവരുടെ മക്കളൊക്കെ വിദേശത്താ, വീട്ടുപണിക്ക് നിര്‍ത്തിയിരുന്ന ചെറുക്കനാ മഹാപാപം ചെയ്തത്. സത്യം പറഞ്ഞാല്‍ പേടിയാ കൊച്ചേ രാത്രിക്ക് ഉറങ്ങാന്‍. മരിക്കാന്‍ പേടിച്ചിട്ടല്ല, ഇങ്ങനെയെങ്ങാനും ആരെങ്കിലും വന്നു വെട്ടിക്കൊന്നിട്ടിട്ടു പോയാല്‍ എന്റെ കുട്ട്യോള്‍ക്ക് ഈ ജന്മം സമാധാനമുണ്ടാവുമോ. എന്നെ തനിച്ചാക്കിയതോണ്ടാണല്ലോ ഇങ്ങനെ പറ്റിയതെന്നുള്ള കുറ്റബോധം ഉമിത്തീയു പോലെ നീറ്റില്ലേയവരെ. ഇന്നലെയിതോക്കെയോര്തിട്ടു ഉറങ്ങിയില്ല.”
ശാരദേച്ചിയുടെ ഭയം നിരഞ്ഞ സ്വരം നെഞ്ചിലെവിടെയോക്കെയോ നീറ്റലുണ്ടാക്കുന്നു. പ്രതിവിധികളില്ലാത്ത പ്രശ്നമാണിത് . " വടക്കേതിലെ സൗദാമിനിയുടെ മോന് രഘുവാ കൂട്ടുകിടക്കാന്‍ വരുന്നതു. ഓരോന്നൊക്കെ വായിച്ചാല്‍ ഇന്നത്തെ കുട്ടികളെയൊന്നും വിശ്വസിക്കാന്‍ പറ്റാണ്ടായി. ആര്‍ക്കറിയാം നാളെ കൂട്ടുകൂടി ഇതൊക്കെ ചെയ്യതില്ലെന്നു." ശാരദേച്ചി തുടര്‍ന്നു . ആശങ്കകളുടെയും ആകുലതകളുടെയും നിഴല്‍ വൃദ്ധ മനസ്സിനെ വിഴുങ്ങിയിരിക്കുന്നു. "ചേച്ചി വിഷമിക്കാതെ, ഞങ്ങളോക്കെയില്ലേ സഹായത്തിനു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒന്നു ഫോണ്‍ ചെയ്താല്‍ മതി, ഞാന്‍ മോനെയയക്കാം." പറഞ്ഞു കഴിഞ്ഞപ്പോള്‍ ഓര്‍ത്തു ഒരു പക്ഷെ ഇതേ വാചകം അജയന് നാട്ടിലുണ്ടായിരുന്നപ്പോള്‍ ശാരദേച്ചി പലരോടും പറഞ്ഞിട്ടുണ്ടാവണം. നടന്നു നടന്നു ചേച്ചിയുടെ വീടിന്റെ പടിക്കലെത്തിയിരുന്നു. ഒന്നാന്തരം വാര്‍ക്ക കെട്ടിടം. പക്ഷെ ഇതിന് മുന്‍പുണ്ടായിരുന്ന ഓടിട്ട ആ പഴയ വീടിനു കൊടുക്കാന്‍ പറ്റിയിരുന്ന സുരക്ഷിതത്വം ശാരദേച്ചിക്ക് കൊടുക്കാന്‍ ഈ വലിയവീടിനു പ റ്റുന്നില്ലല്ലോ. " വാ സുജാതേ, കേറിയിട്ടു പോകാം. നീയിങ്ങോട്ടു വന്നിട്ടെത്ര കാലമായി." ചേച്ചി ക്ഷണിച്ചു. പോകാന്‍ തിടുക്കമുണ്ടായിരുന്നു, ചെന്നിട്ടു പണികളൊത്തിരി ബാക്കിയുണ്ട്. എന്നാലും വരുന്നില്ലയെന്നു പറയാന്‍ മനസ്സു വന്നില്ല. "അമ്പത് പേര്‍ക്ക് വച്ചു വിളമ്പിയൂട്ടാന് പ്രയാസമില്ല, എന്നാല്‍ തന്ക്കെ തന്നെ വെച്ചു വിളമ്പി കഴിക്കാനാ ഏറ്റവും പ്രയാസം." കതകു തുറക്കുമ്പോള്‍ ചേച്ചി പറയുന്നുണ്ടായിരുന്നു.
അടുക്കളയില്‍ ചായയെടുക്കുമ്പോഴായിരുന്നു ഫോണ്ബെല്ലടിച്ചത് . "അജയാനായിരിക്കും, നീ ഉമ്മറത്തേക്ക് വാ." ചേച്ചി ഫോണ്‍ എടുക്കാനോടി. ഡ്രോയിംഗ് ഹാളിലേക്ക് ചെന്നപ്പോള്‍ ചേച്ചി അജയാനുമായി സംസാരിക്കുകയാണ് , സ്വരത്തില്‍ തൊട്ടു മുന്‍പ് വരെയുണ്ടായിരുന്ന സങ്കടവും ദൈന്യതയുമില്ല.
"അമ്മക്ക് സുഖം തന്നെ മോനെ, ങാ അമ്പലത്തില്‍ പോയിട്ട് വന്നതേയുള്ളൂ . പിന്നെ സുജാതയുണ്ടിവിടെ, ആ കോയിക്കലെത്തെ സുജാത."
"...................................."
"നീയൊന്നും പേടിക്കണ്ട, എനിക്ക് ഇവിടെ ഒരു ബുദ്ദിമുട്ടുമില്ല. നമ്മുടെ നാടല്ലേ മോനെ എന്ത് പേടിക്കാനാ. പിന്നെ ശോഭക്കും കുഞ്ഞിനുമൊക്കെ സുഖമല്ലേ. അമ്മമ്മേടെ അമ്മുക്കുട്ടിയെ കാണാന്‍ കൊതിയാ."
"..................................."
" കാലേലെ നീരോ, ഓ അത് നിന്നോട് ലത പറഞ്ഞോ. സാരമില്ലെടാ, ഇപ്പൊ നല്ല കുറവായി."
ശാരദേച്ചിയുടെ കാലിലേക്ക് പാളി നോക്കി, നീര് നല്ല പോലെയുണ്ട്.അജയനെ വിഷമിപ്പിക്കണ്ട്ടന്നു വച്ചു കള്ളം പറഞ്ഞതാകും.
അനൂപ് ഇപ്പോള്‍ ബി.സി.എ. ചെയ്യുന്നു. നാലോ അഞ്ചോ കൊല്ലം കഴിയുമ്പോള്‍ അവനും എവിടെയെങ്കിലും ജോലിയായി നാടിനു വെളിയിലാകും. അന്ന് ഒരു പക്ഷെ ഞാനും ഇങ്ങനെയോക്കെതന്നെയാകും പെരുമാറുന്നത് . ഒരു നെടുവീര്‍പ്പോടെ തിരിയുമ്പോള്‍ കണ്ടത് ഫോണ്‍ വച്ചിട്ട് മുണ്ടിന്റെ തുമ്പ് കൊണ്ടു കണ്കോ്ണ്കള് തുടക്കുന്ന ശാരദേച്ചിയെയായിരുന്നു.
18 comments:
ഈ അമ്മയെ ചിലപ്പോള്‍ നിങ്ങളൊക്കെ അറിയും. നമ്മുടെ സ്വന്തം വീട്ടില്‍, അയല്പക്കത്തെ വീട്ടില്‍ .... ഇങ്ങനെ ഒരുപാടു അമ്മമാരുണ്ട് .
ചേച്ചി പറഞ്ഞതു വളരെ ശരിയാണ്. നമ്മളെല്ലാവരും പലപ്പോഴായി കണ്ടിട്ടുള്ള, കണ്ടു കൊണ്ടിരിയ്ക്കുന്ന ഒരുപാട് അമ്മമാരുടെ പ്രതിനിധി തന്നെയാണ് ഇതിലെ ശാരദേച്ചി.
ഇനിയും ഒരു പ്രതിവിധി പറയാനില്ലാത്ത പ്രശ്നമാണ് ഇവര്‍ അനുഭവിയ്ക്കുന്നതും. മക്കളോട് നാട്ടില്‍ ഇവരെ ശുശ്രൂഷിയ്ക്കാനായി വന്നു നില്ക്കാന് പറയുന്നതെങ്ങനെ?
നല്ല ഒരു പോസ്റ്റ് തന്നെ, ചേച്ചീ.
:)
ശ്രീ ,
എന്റെ ഇതുവരെയുള്ള എല്ലാ പോസ്റ്റിനും ആദ്യ കമന്റ് ശ്രീയുടെയാണ് . നന്ദിയുണ്ട് കേട്ടോ. പിന്നെ ഇതു അഗ്രിഗേറ്റര്‍ കണ്ടില്ലെന്ന് തോന്നുന്നു.
നന്നായിരിക്കുന്നു.
വിഷ്വല്‍ എഫക്ട് ഉള്ള കഥ.. നന്നായി
നല്ല ഒഴുക്കുള്ള കഥ ശ്രീനന്ദ. ഇനിയും പ്രതീക്ഷിക്കുന്നു. :)
നന്നായിരിക്കുന്നു ശ്രീനന്ദാ. എഴുത്തും അവതരണവും നന്നായി. ബഹളങ്ങളില്ലാത്ത ഒരു ഗ്രാമീണ സിനിമ കണ്ട പ്രതീതി.
മനസ്സിലെവിടെയോ ഒരു നൊമ്പരം. ഈ തിളക്കുന്ന മഹാനഗരത്തിലിരുന്ന് നാട്ടിലെ എന്റെ അമ്മയെ ഓര്‍ത്തു.
കഥയുടെ വഴികള്‍, കഥ കൊണ്ടു വരുന്ന വഴികള്‍ ആര്‍ക്കറിയാം അല്ലേ?!
തുടര്ക്കഥയാണല്ലെ... കോയിക്കലെത്തെ സുജാതയാവും നാളെ ഈ അമ്മയുടെ സ്ഥാനത്ത്...
ശ്രീ, മനുവേട്ടന്, പാമരന് ജി, നന്ദു, നന്ദകുമാര്‍ ജി, ഇട്ടിമാളുവേച്ചി,
വായിക്കാന്‍ സമയം കണ്ടെത്തിയല്ലോ, നന്ദി.
നമ്മളില്‍ പലര്‍ക്കും വയസ്സായ അച്ച്ചനമ്മമാരെ നോക്കാന്‍ പറ്റുന്നില്ല. ആഗ്രഹം ഇല്ലാതതുകൊണ്ടാല്ല സാഹചര്യം സമ്മതിക്കാത്തതിനാല്‍. അതുകൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനും പാടില്ല. കൊടുക്കുന്നതല്ലേ കിട്ടൂ .
ആദ്യമായാണ് ഇവിടെ. വളരെ നന്നായിരിക്കുന്നു വൃദ്ധവിലാപം. ശാരദേച്ചിയെ നേരിട്ടു കണ്ട പ്രതീതി.
സ്വയം സഹിച്ചും പ്രിയപ്പെട്ടവരുടെ സന്തോഷം കെടുത്താന്‍ ഇഷ്ടപ്പെടാത്ത ഈ അമ്മ അപരിചിതയല്ല. അകലങ്ങളില്‍ ഇരിക്കുമ്പോഴും സ്വന്തം അമ്മയ്ക്ക് ഈ അവസ്ഥ ഒരിക്കലും വരരുതെ എന്നാണ് ആഗ്രഹം. പക്ഷെ നമ്മെ കാത്തിരിക്കുന്ന വിധിയും അതല്ലേ എന്നോര്‍ക്കുമ്പോള്‍, സാരമില്ല വൃദ്ധസദനങ്ങളുണ്ടല്ലൊ എന്ന് അല്‍പ്പം ലാഘവത്തോടെ ചിന്തിക്കാനുമാവുന്നു
നന്നായി കഥ.. അമ്മയുടെ നൊമ്പരങ്ങള്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു..
ശ്രീ നന്ദ..
കഥ വായിച്ചു..
ഇത് കഥയല്ല.. നമ്മുടെ സമൂഹത്തില്‍ ഇന്ന് അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുകയാണു.. പലപ്പോഴും നമ്മെ നാമാക്കിയവരെ മറന്നുള്ള ഈ പോക്ക് നാളെ എവിടെ എത്തിക്കുമെന്നറിയില്ല..
മാതാപിതാക്കളുടെ സംരക്ഷണം മക്കള്‍ക്ക് ഭാരമായ ആധുനിക യുഗത്തില്‍ ഈ ആകുലതകള്‍ ഏറിവരികയേ ഉള്ളൂ..
ആരുടെയെങ്കിലും മനസ്സില്‍ കരുണയുടെ ഒരു തിരിനാളം കത്താന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ..
ശ്രീ നന്ദാ..
പൊള്ളിച്ചു ഇത്..ഒറ്റവരിയില്‍, ആ അജയന് എന്ന കഥാപാത്രം ഞാനാണ്..!
ഇന്നത്തെ കേരളത്തിന്റെ ശരിയായ സ്ഥിതി...വളരെ നന്നായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍....
നല്ല കഥ,
വളരെ നന്നായി കഥ,
മനോഹരം
കമന്റ് പറയാന്‍ ഞാന്‍ വലിയ ആളല്ല.
എന്നിരുന്നാലും വായിക്കാന്‍ വൈകി എന്നൊരു ക്ഷമാപണം മാത്രം.
ഉള്ളില്‍ തട്ടിയ ആവിഷ്കാരം.
നന്മകള് നേരുന്നു.
Post a Comment