Monday 28 March 2011

ഒരു മോഷണക്കഥ

ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസങ്ങള്‍ ഏതായിരുന്നുവെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ജോലി കിട്ടിക്കഴിഞ്ഞ് വിവാഹത്തിന് മുന്‍പുള്ള ഇടവേളയായിരുന്നുവെന്ന്. അതിനു മുന്‍പും പിന്‍പുമുള്ള കാലഘട്ടത്തില്‍ സന്തോഷം ഇല്ലെന്നല്ല, പക്ഷെ അതുപോലെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതെ, പക്ഷിതൂവല്‍ പോലെ കനമില്ലാത്ത മനസ്സുമായി ജീവിച്ച ഒരു സമയം ഇല്ല. പഠിത്തത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഇല്ല, തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന ജോലി, നിറയെ കൂട്ടുകാര്‍, വിവാഹത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ അങ്ങനെ ചുറ്റുമുള്ളതെല്ലാം വര്‍ണാഭാമായിരുന്നു. ആ ദിവസങ്ങള്‍ ചിലവഴിച്ചത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആയിരുന്നു. അവിടുത്തെ ഹോസ്റ്റല്‍ ജീവിതം എനിക്ക് ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കൂട്ടുകാരികളെ സമ്മാനിച്ചു. ഒരുപാടു രസകരമായ സംഭവങ്ങള്‍ രണ്ടുവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തിലുണ്ട്.


മലയാളികളായി ഞങ്ങള്‍ മൂന്നു പേരായിരുന്നു ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഞാന്‍, റൂംമേറ്റ്‌ അനു, പിന്നെ വിനിത. എന്നെക്കാളും രണ്ടു വയസ്സിന്റെ മൂപ്പ് ഉള്ളത് കൊണ്ട് അനു എന്റെമേല്‍ ഒരു 'ചേച്ചി അധികാരം' സ്വയം പിടിച്ചെടുത്തിരുന്നു. എന്റെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് അവളാണ്. അവള്‍ മിലിട്ടറി കോളേജില്‍ ആണ് ജോലി ചെയ്യുന്നത്. എട്ടു തൊട്ടു രണ്ടു മണി വരെയാണ് ഡ്യൂട്ടി ടൈം. രാവിലെ ആറരയാവുമ്പോള്‍ അവളുടെ സ്റ്റാഫ്‌ബസ്‌ അടുത്ത് തന്നെയുള്ള ജങ്ക്ഷനില്‍ വരും. അതുകാരണം പാവത്തിന് വെളുപ്പിനെ തന്നെ എഴുന്നേല്‍ക്കണം. അവള്‍ രാവിലെ എഴുന്നേറ്റ്എനിക്കും കൂടിയുള്ള ചായയും ബ്രേക്ക്‌ഫാസ്റ്റും ഉണ്ടാക്കി വച്ചിട്ട് പോവും, എന്നുവച്ചാല്‍ ബ്രെഡ്‌ മൊരിച്ചതോ, മാഗിയോ. ഇതായിരുന്നു അന്നത്തെ സ്ഥിരം ബ്രേക്ക്‌ഫാസ്റ്റ്.


ഞാന്‍ ഒരു എട്ടുമണിയൊക്കെ ആവുമ്പോള്‍ എഴുന്നേറ്റ് തണുത്ത ചായയും ബ്രെഡും കഴിച്ച്‌ ഓഫീസില്‍ പോവും. ഉച്ചക്കും വൈകിട്ടും ഒരു സര്‍ദാര്‍ജി ടിഫിന്‍ കൊണ്ടുതരും. അനു മൂന്നു മണിയാവുമ്പോള്‍ തിരിച്ചു വരും. താഴെ നിന്ന് ടിഫിന്‍ എടുത്തോണ്ട് വന്നു തണുത്ത ചപ്പാത്തിയും സബ്ജിയും കഴിച്ചിട്ട് കിടന്നുറങ്ങും. എനിക്ക് അഞ്ചു വരെയാണ് ഓഫീസ് ടൈം. പത്തുമിനിട്ടു നടക്കാനുള്ള ദൂരമേയുള്ളൂ. കൃത്യം 5 .10 ആവുമ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍ തിരിച്ചെത്തും.


പിന്നെയാണ് പ്രശ്നം. ഞാന്‍ വാതിലില്‍ തട്ടി വിളിച്ചുണര്‍ത്തുമ്പോള്‍ ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തില്‍ കലിതുള്ളിയാണ് അവള്‍ കതകു തുറക്കുന്നത്. ദാരുകനെ തട്ടീട്ടു നില്‍ക്കുന്ന കാളിയെ കാണണേല്‍ അന്നേരം അവളുടെ മുഖത്തേക്ക് നോക്കിയാല്‍ മതി. വാതിലിനു കുറ്റിയിടണ്ടാന്നു പറഞ്ഞാല്‍ അവളൊട്ടു കേള്‍ക്കത്തുമില്ല. അവസാനം ഞങ്ങളൊരു പോംവഴി കണ്ടുപിടിച്ചു. അനു വാതില്‍ പുറത്തു നിന്ന് താഴിട്ടു പൂട്ടുന്നു, എന്നിട്ട് അഴികള്‍ ഇല്ലാത്ത ചെറിയ ജനല്‍ വഴി ഉള്ളില്‍ കയറുന്നു. മെലിഞ്ഞുണങ്ങി അച്ചിങ്ങപരുവത്തിലായത് കൊണ്ട് അവള്‍ക്കു ജനല്‍വഴി വലിയ ബുദ്ധിമുട്ടില്ലാതെ കയറിപ്പറ്റാമായിരുന്നു. പിന്നെ ജനല്‍ കുറ്റിയിട്ടു സുഖമായിട്ടു കിടന്നുറങ്ങും. ഞാന്‍ എന്റെ താക്കോല്‍ ഉപയോഗിച്ച് അകത്തു കയറും. ആറരയൊക്കെ ആവുമ്പോള്‍ അവള്‍ എഴുന്നേറ്റ് ചായ ഉണ്ടാക്കി തരും. ചായ അവള്‍ ഉണ്ടാക്കുന്നത്‌ എനിക്ക് മടിയായിട്ടോ അവള്‍ക്ക്‌ എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടോ അല്ല മറിച്ച്‌ ഞാന്‍ ഉണ്ടാക്കുന്ന ചായയുടെ ക്വാളിറ്റി കൊണ്ടായിരുന്നു അങ്ങനെ വല്യ പ്രോബ്ലങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ നടന്നു പോയി.


ഒരു ദിവസം ഞാന്‍ വളരെ നേരത്തെയാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്‌. ഓഫീസിലേക്ക് എന്തോ പര്‍ചേസിങ്ങിനു പോയിട്ട് ആ വഴി നേരെ മുങ്ങിയതാണ്. നാലു മണി ആയിട്ടേയുള്ളൂ. രണ്ടുമൂന്നു മണിക്കൂര്‍ ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്പിന്നെ കിടന്നുറങ്ങാം എന്ന് വിചാരിച്ചാണ് റൂമില്‍ എത്തിയത്. ടേബിളില്‍ ഒരു സ്റ്റീല്‍ ചരുവത്തില്‍ എന്തോ അടച്ചു വച്ചിരിക്കുന്നു. നോക്കിയപ്പോള്‍ തണ്ണിമത്തന്‍ മുറിച്ചു കുരുവൊക്കെ കളഞ്ഞു വച്ചിരിക്കുകയാണ്. ഇന്‍ഡോറില്‍ വന്നയിടക്ക് എനിക്ക് തണ്ണിമത്തന്‍ തീരെ ഇഷ്ടമല്ലായിരുന്നു. തുടക്കത്തില്‍ കഴിച്ചതൊക്കെ വെളുത്ത് കിരുകിരാന്നിരിക്കുന്ന മധുരമില്ലാത്ത തണ്ണിമത്തന്‍ ആയിരുന്നു. പിന്നെ അനു എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ അത് കഴിക്കാറില്ല. ഞാന്‍ വെറുതെ ഒരു കഷണം എടുത്തു വായിലിട്ടു. നല്ല തേന്‍പോലിരിക്കുന്നു. അവള്‍ ഉച്ചക്ക് വന്ന്‌ കഴിച്ചതിന്റെ ബാക്കി ആര്‍ക്കെങ്കിലും കൊടുക്കാന്‍ അടച്ചു വച്ചതായിരിക്കും. ആ ചരുവം കാലിയാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇത്രയും നല്ല സാധനം ആണല്ലോ ഈശ്വരാ ഇത്രയും നാള്‍ കഴിക്കാതിരുന്നതെന്ന് സ്വയം ശകാരിച്ചു കൊണ്ട് പാത്രം കഴുകാന്‍ ഞാന്‍ വാഷ്ബേസിന്റെ ഭാഗത്തേക്ക് പോയി.


അവിടെ ചെന്നപ്പോള്‍ മനീഷ വിഷണ്ണയായി നില്‍ക്കുന്നു. അവള്‍ക്ക്‌ അത്യാവശ്യമായി രാജ് വാഡ ബസാറില്‍ പോവണം, ആരും കൂട്ടിനില്ല. പിള്ളേരൊക്കെ തിരിച്ചു വരുന്ന സമയം ആവുന്നേയുള്ളൂ. എന്നോട് കൂട്ട് ചെല്ലാമോന്നു ചോദിച്ചു. നമ്മള്‍ എപ്പഴേ റെഡി. അന്നും ഇന്നും ഷോപ്പിങ്ങിനു പോവാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കെറ്റുകളില്‍ ഒന്നാണ് രാജ് വാഡ ബസാര്‍. കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് അത്. ഞാന്‍ തിരിച്ചു റൂമില്‍ ചെന്ന് ബാഗുമെടുത്ത്‌ റൂം പൂട്ടി മനീഷയോടൊപ്പം അവളുടെ സ്കൂട്ടിയില്‍ ബസാറിലേക്ക് പോയി. അപ്പോഴും അനു നല്ല ഉറക്കമായിരുന്നു.


ആവശ്യമുള്ളതും ഇല്ലാത്തതുമായ പലതും വാങ്ങിക്കൂട്ടി പാനിപൂരിയും ചാട്ടും ഒക്കെ കഴിച്ച്‌ മടങ്ങുന്നവഴി മുഴുത്ത ഒരു തണ്ണിമത്തന്‍ വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് അല്പം മുന്‍പ് കഴിച്ച തണ്ണിമത്തന്റെ മധുരമായിരുന്നു. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. സ്കൂട്ടിയില്‍ നിന്നും ഇറങ്ങും മുന്‍പേ ഇന്‍ഫോര്‍മേഷന്‍ കിട്ടി


"ദീദി, ആപ് ലോഗോം കെ കമരേ മേം ചോര്‍ ഗുസാ" (നിങ്ങളുടെ റൂമില്‍ കള്ളന്‍ കയറി). അതുകേട്ട്‌ എന്റെ പ്രാണന്‍ കത്തിപ്പോയി. അറ്റാച്ചി പൂട്ടിവയ്ക്കുക എന്നൊരു സ്വഭാവം എനിക്കില്ല. വിനിതയുടെ അല്പം സമ്പാദ്യമുള്ളത് സൂക്ഷിക്കാന്‍ എന്നെയാണ് ഏല്പിച്ചിരിക്കുന്നത്. അവള്‍ക്ക്‌ ബോണസ് കിട്ടിയ പൈസ ചേച്ചിയുടെ കല്യാണ ആവശ്യത്തിനു വീട്ടില്‍ കൊടുക്കാന്‍ വച്ചിരിക്കുന്നതാണ്.


വാങ്ങിയ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ നില്‍ക്കാതെ ഞാന്‍ റൂമിലേക്ക്‌ പാഞ്ഞു. സ്റെപ്പുകള്‍ കയറുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്നാലും കള്ളന്‍/കള്ളി എങ്ങനെ അകത്തു കയറി. വാതില്‍ ഞാന്‍ പൂട്ടിയതാണല്ലോ, അതോ ശരിക്ക് പൂട്ട്‌ വീണില്ലേ?. ജനല്‍കുറ്റിയിടാന്‍ അനു മറന്നതാണോ. ജനല്‍ വഴി ആരെങ്കിലും കയറിയാല്‍ ചവിട്ടുന്നത് അനുവിന്റെ ബെഡ്ഡില്‍ ആണ്, അപ്പോള്‍ അതിനു വഴിയില്ല. അങ്ങനെ ഒരായിരം ചോദ്യങ്ങളുമായി ഞാന്‍ റൂമില്‍ എത്തുമ്പോള്‍ കുട്ടികള്‍ എല്ലാം അവിടെ കൂടിയിരിപ്പുണ്ട്. ഞാന്‍ ഓടിച്ചെന്നു അറ്റാച്ചി പരിശോധിച്ചു. ഭാഗ്യം പൈസ പോയിട്ടില്ല.


"എന്തൊക്കെ പോയെടീ " ഞാന്‍ അനുവിനോട് ചോദിച്ചു. അവളുടെ കയ്യിലാണെങ്കില്‍ അല്‍പ സ്വല്പം സ്വര്‍ണ്ണവും സ്വന്തം സമ്പാദ്യമായുണ്ട്.


"വേറെ ഒന്നും പോയില്ലെടീ, ഇവിടൊരു പാത്രത്തില്‍ നീയും കൂടി വന്നിട്ട് കഴിക്കാമെന്നു വച്ച് ഞാന്‍ തര്‍ബൂജ് (തണ്ണിമത്തന്‍) മുറിച്ചു പഞ്ചാരയോക്കെ ഇട്ടുവച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ പാത്രം പോലും കാണുന്നില്ല. കതകും ജനലും അടച്ചിട്ടാ ഞാന്‍ ഉറങ്ങിയത്, അതാരും തുറന്നിട്ടുമില്ല. " അവളുടെ സ്വരത്തിന് വിറയല്‍ ഉണ്ടായിരുന്നു.


."...................................................." ഞാന്‍ ഒന്നും മിണ്ടാനാവാതെ നിന്നു. ഞാന്‍ ഇടയ്ക്കു വന്നിട്ട് പോയെന്നു ഒരുപക്ഷെ അവള്‍ ചിന്തിച്ചേനെ, തണ്ണിമത്തന്‍ പാത്രം ഉള്‍പ്പെടെ കാണാതായതാണ് പ്രശ്നമായത്‌. പാത്രം ഇപ്പോഴും സിങ്കില്‍ കിടപ്പുണ്ടെന്ന് എനിക്കല്ലേ അറിയൂ.


മോഷ്ടാവ് ആരെന്നതിനെക്കുറിച്ച് റൂമില്‍ കൂടിയിരുന്നവര്‍ ഊഹാപോഹങ്ങള്‍ നടത്തുന്നു. ഭൂതബാധയാണോന്നാണ് ഉള്ളിന്റെയുള്ളില്‍ എല്ലാവരുടെയും സംശയം. അല്ലെങ്കില്‍ പൂട്ടിയിട്ടിരുന്ന റൂമില്‍ കടന്നു തണ്ണിമത്തന്‍ ആര് തിന്നിട്ടുപോയി,പാത്രം പോലും ബാക്കി വയ്ക്കാതെ.


സത്യം പറയാന്‍ പോയാല്‍ ഇത്രയും നേരം ടെന്‍ഷന്‍ അടിപ്പിച്ചതിനു മുടിനാരുപോലും ബാക്കിവയ്ക്കാതെ അനു എന്നെ കൊന്നുതിന്നും. പറഞ്ഞില്ലെങ്കില്‍ ഇതുങ്ങളെല്ലാം കൂടെ എന്തെല്ലാം പറഞ്ഞുണ്ടാക്കുമെന്ന് ദൈവത്തിനറിയാം.


ഞാന്‍ വാങ്ങിയ സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റിക് ബാഗുകളും തണ്ണിമത്തനുമായി മനീഷ റൂമിലേക്ക്‌ വന്നത് അപ്പോളാണ്. ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും അനുവിന് ഏകദേശം കാര്യങ്ങള്‍ മനസ്സിലായി. ഞാന്‍ ഒരക്ഷരം പറയാതെ തിടുക്കത്തില്‍ തണ്ണിമത്തന്‍ മുറിച്ചു പഞ്ചസാരയിട്ട് പ്ലേറ്റിലാക്കി അവള്‍ക്ക്‌ നേരെ നീട്ടി. അപ്പോഴും റൂമില്‍ ചിരിയുടെ അലകള്‍ ഒഴിഞ്ഞിരുന്നില്ല.

17 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാത്രത്തോടു കൂടി ഭൂതം തിന്നു ഹ ഹ ഹ :)

വാത്സ്യായനന്‍ said...

അടിപൊളി. തണ്ണിമത്തന്‍ മാത്രം കക്കുന്ന കള്ളന്‍ ആരാവും എന്ന് പോലും ആലോചിക്കാത്ത ആ ചേച്ചിക്ക് നമോവാകം!

രഘുനാഥന്‍ said...

ഹ ഹ.. തണ്ണി മത്തന്‍ തിന്നുന്ന കള്ളന്‍ !! രസകരമായ വിവരണം...

പിന്നെ അനു ജോലി ചെയ്തിരുന്ന മിലിട്ടറി കോളേജ് മഹുവിലെ (MHOW) MCTE (Military College of Telecommunication Engineering ) ആണോ? ഞാന്‍ അവിടെ കുറച്ചുനാള്‍ പഠിച്ചിരുന്നു...

ശ്രീനന്ദ said...

ഇന്ത്യ ഹെറിറ്റേജ്, വാത്സ്യായനന്‍, രഘു നാഥ് ജി : - കമന്റിനു നന്ദി.
രഘു നാഥ് ജി : അതെ, മഹുവിലെ മിലിട്ടറി കോളേജ് തന്നെ. അവള്‍ അവിടെ സിവിലിയന്‍ സ്റ്റാഫ് ആയിരുന്നു.

ഷെരീഫ് കൊട്ടാരക്കര said...

കള്ളനു മോഷ്ടിക്കാൻ കണ്ട സാധനമേ...തണ്ണി മത്തൻ!എന്നാലും ആ കുട്ടി ഒന്നെഴുന്നേറ്റ് സിങ്ക് വരെ പോയില്ലല്ലോ...

Rare Rose said...

രസായിട്ടുണ്ട് തണ്ണിമത്തന്‍ വിശേഷം.:)

ഒരില വെറുതെ said...

ഒടുവില്‍, തണ്ണിമത്തന്‍പോലെ മധരുമുള്ള ചിരി

Unknown said...

രസകരമായി...

Prabhan Krishnan said...

കഥ നന്നായീട്ടോ...
പിന്നെ കാളിയമ്മ തട്ടിയത് “ദാരികന്‍”-നെയല്ലേ..?(എന്റെ അറിവ് അങ്ങനെയാണ്)
“ദാരുകന്‍” അല്ല.

ഒത്തിരിയാശംസകള്‍....

സ്വാഗതം..
http://pularipoov.blogspot.com/

Satheesh Haripad said...

കൊള്ളാമല്ലോ മാഷേ ഹോസ്റ്റൽ കഥകൾ. ഇനിയും പോരട്ടെ.

എല്ലാ ആശംസകളും.
satheeshharipad.blogspot.com

ജയരാജ്‌മുരുക്കുംപുഴ said...

rsakaramayittundu...... aashamsakal.........

ജെ പി വെട്ടിയാട്ടില്‍ said...

ആമ്പല്‍ പൂ കണ്ടപ്പോള്‍ എന്റെ പാറുകുട്ടിയെ ഓര്‍മ്മ വന്നു. അവളുടെ ക്ഥ എന്റെ ബ്ലോഗിലുണ്ട്.


ഞാന് ഈ വഴിക്ക് ആദ്യമോ അതോ പണ്ട് വന്നിട്ടുണ്ടോ എന്നും ഓര്മ്മയില്ല. ഇനി ഇടക്ക് വന്നിരുന്നുവെന്നും ഓര്ക്കാതില്ല. വയസ്സായില്ലേ ഓര്മ്മക്കുറവുണ്ട് എന്ന് തോന്നുന്നു.

എന്തായാലും കുറച്ചൊക്കെ വായിക്കും. പണ്ടത്തെ അത്ര വോള്ട്ടേജ് പോരാ കണ്ണിന്. പിന്നെ അധികം നേരം നോക്കിയിരിക്കുമ്പോള് കണ്ണിന് ഒരു നൊമ്പരം. ചിന്ന ചിന്ന പോസ്റ്റുകളാണെങ്കില് കുത്തിയിരുന്ന് വായിക്കും. ചിലത് ചിന്നതാണെങ്കില് പോലും വായിക്കാന് നേരം കിട്ടില്ല.

ബ്ലോഗ് അഗ്രഗേറ്ററുകള് നോക്കാറില്ല. ചിലപ്പോള് ചിലതൊക്കെ കയറി നോക്കും, കമന്റിടാന് മറക്കും. അതിനാല് എന്റെ ബ്ലോഗില് എത്തിനോക്കുന്നവര് കുറവാണ് എന്ന് എന്റ് പെമ്പിറന്നോത്തി പറഞ്ഞു.

ഞാന് ഓളോട് ഓതി.
“എടീ പണ്ടാറക്കാലി……….. ഞാന് എഴുതുന്നത് നിനക്കും നിന്റെ പിള്ളേര്ക്കും അവരുടെ സന്താനങ്ങള്ക്കും അതായത് നമ്മുടെ പേരക്കുട്ടീസിനും പിന്നെ നാലുപുറത്തെ വീട്ടുകാര്ക്കും – പിന്നെ നമ്മുടെ ക്ലബ്ബിലെ മെംബര്മാര്ക്കും ഒക്കെ വായിക്കാനാ.”
നാലോര്ത്തെ ആളുകള്ക്ക് വായിക്കാനാണല്ലോ നമ്മുടെ കയ്യാലയില് ഞാന് തന്നെ ഒരു സിസ്റ്റം വാങ്ങി വെച്ചിട്ടുള്ളത്. അവര് വായിച്ച് പോകും. അവരുടെ കമന്റുകള് അവര് പാടത്ത് ഞാറു നടുമ്പോളും കള പറിക്കുമ്പോളും അവരെന്നോട് പറായും.

ക്ലബ്ബിലെ മെംബേര്സ് ഫെല്ലോഷിപ്പ് സമയത്താണ് പറയാറ്.

അതൊക്കെ ഇവിടുത്തെ വിശേഷം.
ഈ വഴിക്ക് വീണ്ടും വരാം. വായിക്കാം. ഞാനിതെഴുതുന്ന സമയം എന്റെ പേരക്കുട്ടി കുട്ടാപ്പു കീബോര്ഡില് അടിക്കുവാന് തുടങ്ങി. മറ്റൊരാള് ഇതാ താഴത്ത് നിന്ന് കരയുന്നു. അവള്ക്ക് മൌസ് വേണം.

അതിനാല് ശേഷം ഭാഗങ്ങള് പിന്നീടെഴുതാം.

തല്ക്കാലം ഞാന് എല്ലാരുടെ അടുത്തും ഒന്ന് കയറി ഇറങ്ങട്ടെ. ഇത് തന്നെ എല്ലാര്ക്കും അയക്കാം.

സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്

തൃശ്ശൂര്ക്ക് വരുമ്പോള് എന്റെ വീട്ടില് വരുമല്ലോ?

Salini Vineeth said...

കൊള്ളാം ഈ തണ്ണിമത്തന്‍ മോഷണം.. ഹോസ്റല്‍ ജീവിതം ഓര്‍മിപ്പിച്ചു..
ബ്ലോഗില്‍ followers gadget കണ്ടില്ല. അതുണ്ടായിരുന്നെങ്കില്‍ ഫോളോ ചെയ്യാരുന്നു...
എന്റെ ബ്ലോഗില്‍ വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി.. :) ഇനിയും കാണാം..

ശങ്കരനാരായണന്‍ മലപ്പുറം said...

രസകരമായി!

Villagemaan/വില്ലേജ്മാന്‍ said...

തര്‍ബൂജ പുരാണം കൊള്ളാല്ലോ!

പൈമ said...

hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan

Manoraj said...

ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്. രസകരമായി തന്നെ എഴുതിയിട്ടുണ്ട്. പെണ്‍പിള്ളാരായാല്‍ (ആണ്‍പിള്ളാരായാലും) ഇങ്ങനെ കിടന്നുറങ്ങരുത്.. ഹല്ല പിന്ന..