Wednesday, 23 February 2011

റെയ്സ് ബോറര്‍

ഒരു പേരിലെന്തിരിക്കുന്നു എന്ന് പറഞ്ഞിട്ട് പോയ മഹാന് സ്വന്തം പേര് കാരണമോ, അന്യന്റെ പേര് കാരണമോ വല്യബുദ്ധിമുട്ടൊന്നും ഉണ്ടായി കാണത്തില്ല. പക്ഷെ എനിക്ക് പറ്റിയത് രണ്ട് അബദ്ധങ്ങള്‍. ലേറ്റസ്റ്റ് ആദ്യം പറയാം.

കഴിഞ്ഞ ദിവസം ബോസ്സിന്റെ മെയില്‍ വന്നു, ഒരു ഹൈ പ്രൊഫൈല്‍ വിസിറ്റ്. ഹോട്ടല്‍ അറേഞ്ച് ചെയ്യണം. വരുന്നത് ബോസിന്റെ സ്വന്തം ബോസ്സും സ്വീഡനില്‍ നിന്നും കെട്ടിയെടുത്ത ഒരു സായ്പ്പും. കാര്യം എന്റെ തലയില്‍ വരുന്ന പണിയല്ല, ട്രാവല്‍ ഡെസ്കില്‍ കൊടുത്താല്‍ മതി. പക്ഷെ ഡയറക്റ്റ് റിപ്പോര്‍ട്ടിംഗ് ആയതു കാരണം ഇങ്ങനെ എനിക്ക് ചെയ്യാന്‍ തീരെ ഇഷ്ടമല്ലാത്ത പല പണികളും എന്റെ തലയില്‍ വന്നു കയറാറുണ്ട്, വരുന്നതു സായ്പ്‌ ആണെങ്കില്‍ പ്രത്യേകിച്ചും. ഇതിന്റെ റിസ്ക്‌ ഫാക്ടര്‍ എന്താന്നു വച്ചാല്‍, വരുന്നവരെ ഹോട്ടെലില്‍ കൊതുക് കടിച്ചാല്‍, ചൂടുവെള്ളം കിട്ടിയില്ലെങ്കില്‍, റൂം സര്‍വീസ് താമസിച്ചു പോയാല്‍ ഒക്കെ വിചാരണ ചെയ്യപ്പെടുന്നത് നമ്മളായിരിക്കും.

തടാകങ്ങളുടെ നഗരിയായ ഉദയ്പ്പൂരില്‍ ഹോട്ടലുകള്‍ക്ക് എന്നും ചാകരയാണ്. ഒക്ടോബര്‍ തൊട്ടു ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ ടൂറിസ്റ്റ് സീസണ്‍ അതിന്റെ പീക്ക് പോയിന്റിലും. പോരാത്തതിന് ഇവിടെ വച്ച് വിവാഹം നടത്തിയാല്‍ വളരെ വിശിഷ്ടമാണ് എന്നൊരു വിശ്വാസം നിലവിലുള്ളത് കൊണ്ട് ഒട്ടേറെ വമ്പന്‍ വിവാഹങ്ങളും വിവാഹ സല്‍ക്കാരങ്ങളും എല്ലാ വര്‍ഷവും കാണും. അങ്ങനെയൊരു വിവാഹ സീസണില്‍ ഇംഗ്ലണ്ടില്‍ നിന്നും കുറ്റിയും പറിച്ചു വന്ന ഒരു സായിപ്പുണ്ടാക്കിയ പ്രശ്നം ചില്ലറയല്ല. നോര്‍ത്തിന്ത്യന്‍ കല്യാണങ്ങള്‍, പ്രത്യേകിച്ചും രാജസ്ഥാനില്‍, വളരെ കളര്‍ഫുള്‍ ആണ്, ഡാന്‍സും പാട്ടും ഒക്കെ കൂടെ ബഹളമയവും. ഈ ബഹളം ഒക്കെ കാരണം അങ്ങേര്‍ക്കു തീരെ ഉറങ്ങാന്‍ പറ്റിയില്ല. റിസെപ്ഷനില്‍ ചെന്ന് അങ്ങേര് വഴക്കുണ്ടാക്കി. ബ്രിട്ടീഷുകരോടുള്ള വിരോധം സിരകളില്‍ ഇപ്പോഴും കാത്തു സൂക്ഷിച്ചിരുന്ന ഏതോ ഫ്രെണ്ട് ഓഫീസ് മാനെജേര്‍ അപ്പോള്‍ തന്നെ പുള്ളിയോട് കൂടും കുടുക്കയും എടുത്തോണ്ട് സ്ഥലം വിട്ടോളാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഓഫീസില്‍ വന്നപ്പോള്‍ ആകെപ്പാടെ കലാപകലുഷിതം. ആ ഓര്‍മ്മ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തത് കൊണ്ട് ഓരോ ബുക്കിംഗ് വരുമ്പോഴും നമുക്ക് ഉള്ളില്‍ ഒരു ടെന്‍ഷന്‍ ആണ്.

അപ്പം പറഞ്ഞു വന്നത് ബോസിന്റെ മെയിലിന്റെ കാര്യം. മെയില്‍ സബ്ജെക്ട്റ്റ് - റെയ്സ് ബോറെര്‍ വിസിറ്റ്. താഴെ പുള്ളിയുടെ ബോസിന്റെ മെയില്‍ അങ്ങനെ തന്നെ ഫോര്‍വേഡ് ചെയ്തിരിക്കുകയാണ്. അപ്പോള്‍ വരുന്നത് റെയ്സ് ബോറെര്‍ എന്ന സായിപ്പും തപന്‍ ദാസ്‌ എന്ന ഇന്ത്യന്‍ സായിപ്പും. ഐട്ടിനെറി അറ്റാച്ച് ചെയ്തിട്ടുണ്ടെങ്കിലും വരുന്നതും പോവുന്നതുമായ വിശദ വിവരങ്ങള്‍ ഒക്കെ മെയിലില്‍ ഉണ്ടായിരുന്നത് കൊണ്ട് അത് തുറന്നു നോക്കാനൊന്നും ഞാന്‍ മെനക്കെട്ടില്ല. മറ്റു പണികള്‍ക്കിടയില്‍ ഇത് മറന്നു പോവണ്ടാന്നു വച്ച് കയ്യോടെ ടാജിലേക്ക് ബുക്കിംഗ് മെയില്‍ അയച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കണ്ഫെര്മേഷന്‍ മെയിലും വന്നു. വരുന്നത് സായ്പ്‌ ആയതു കൊണ്ട് ഐഡന്റിറ്റി പ്രൂഫിന്റെ സ്കാന്‍ കോപ്പി ചോദിച്ചിട്ടുണ്ട്. കയ്യോടെ ആ മെയില്‍ എന്റെ ബോസിനും തപന്‍ ദാസിനും ഫോര്‍വേഡ് ചെയ്തു, കൂട്ടത്തില്‍ റെയ്സ് ബോരെരിന്റെ പാസ്പോര്‍ട്ട്‌ സോഫ്റ്റ്‌ കോപ്പിയും റിക്വെസ്റ്റ് ചെയ്തു. ഇത്രത്തോളം കാര്യങ്ങള്‍ ഒക്കെ ശുഭം.

അഞ്ചു മിനിട്ട് തികച്ചായില്ല, എന്റെ ബോസ്സിന്റെ മെയില്‍ വന്നു, വിത്ത് അഞ്ചാറു ചുവന്ന ക്വോസ്ട്യന്‍ മാര്‍ക്ക്‌. താഴോട്ടു സ്ക്രോള്‍ ചെയ്തപ്പോള്‍ തപന്‍ ദാസിന്റെ മെയില്‍ ബോസിന് വന്നിട്ടുണ്ട്, വിത്ത്‌ രണ്ട് മൂന്നു കറുത്ത ക്വോസ്ട്യന്‍ മാര്‍ക്ക്‌. എന്താപ്പോ സംഭവം. ഡീട്ടെയില്സ് ഒന്നുംകൂടെ ചെക്കു ചെയ്തു. കുഴപ്പം ഒന്നും കാണുന്നില്ല. അറ്റാച്ച് ഫയല്‍ തുറന്നു നോക്കിയപ്പോളാണ് ഞാന്‍ ശരിക്കും വിയര്‍ത്തു പോയത്. വരുന്ന സായ്പിന്റെ പേര് ജയിംസ് കാര്‍ണിവെല്‍. അപ്പൊ ഈ റെയ്സ് ബോറെര്‍ ആരാ? മെയില്‍ ഹിസ്റ്ററി മൊത്തം വായിച്ചു നോക്കിയപ്പോള്‍ പിടികിട്ടി. കമ്പനി പുതുതായി ലോഞ്ച് ചെയ്ത ഭീമന്‍ മൈനിംഗ് മെഷീന്‍ ആണ് റെയ്സ് ബോറര്‍, . അതിന്റെ പാസ്പോര്‍ട്ട്‌ കോപ്പിയാണ് ഞാന്‍ റിക്വെസ്റ്റ് ചെയ്തത്!! ബെസ്റ്റ്. പുതിയ മെഷീന്റെ മാര്‍ക്കെട്ടിങ്ങിനു വന്നതാണ് സായ്പ്‌. ഇപ്പോഴും ഓഫീസില്‍ ആരെങ്കിലും വെറുതെ റെയ്സ് ബോറെര്‍ എന്ന് പറഞ്ഞാലും എനിക്ക് നാണം വരും.

അടുത്തത് ഏകദേശം രണ്ട് വര്ഷം മുന്‍പത്തെ കാര്യമാണ്. അന്നും ഡയറക്റ്റ് റിപ്പോര്‍ട്ടിംഗ് ഒരു സായിപ്പിനാണ്, ഒരു ബ്രസീലിയന്‍ ബോസ്, ക്രിസ്ടഫര്‍ ഗലീനിയോ. ആള്‍ വളരെ സ്ട്രിക്റ്റ് . അവിടെയും ഹോട്ടല്‍ ബുക്കിംഗ് എന്റെ തലയില്‍ വന്നു ചേര്‍ന്നു. സായിപ്പിന് രണ്ട് അസിസ്റ്റന്റ്റ്മാരാണ്, ഞാനും പിന്നെ കിഷോര്‍ ശര്‍മയും. രാവിലെ ആള്‍ വന്നു മെയില്‍ ഒക്കെ നോക്കി കഴിഞ്ഞാല്‍ ഉടന്‍ ഞങ്ങളുടെ ഊഴമാണ്. അന്നത്തെ അപ്പോയിന്റ്മെന്റ്സ്, മീറ്റിങ്ങ്സ്, മറ്റു പ്രധാന കാര്യങ്ങള്‍ ഒക്കെ ഡിസ്കസ് ചെയ്യും. ട്രവെലിംഗ് ഉണ്ടെങ്കില്‍ അതിന്റെ ബുക്കിങ്ങ്സ് ഒക്കെ എന്നെ ഏല്പിക്കും. പുള്ളിയുടെ ഭാര്യയുടെ പേര് എന്ജലീന,

അന്ന് രാവിലെ ഇങ്ങനെ എന്നോട് പറഞ്ഞു. "എന്റെയും എന്ജലീനയുടെയും മക്കള്‍ വരുന്നുണ്ട്. ഞങ്ങള്‍ക്ക് താജ്മഹല്‍ കാണാന്‍ പോവണം. ലോക്കല്‍ ഫ്ലൈറ്റ് ടിക്കെറ്സും ആഗ്ര താജ് ഹോട്ടെലില്‍ താമസവും ബുക്ക് ചെയ്യണം.” മക്കളുടെ പേര് പറഞ്ഞു തന്നു. ഞാന്‍ ഒക്കെ കുറിച്ചെടുത്തോണ്ട് പോരുന്നു. ട്രാവല്‍ ഡെസ്കില്‍ കൊടുത്ത് ബുക്കിങ്ങ്സ് ഒക്കെ അന്ന് തന്നെ ചെയ്യിപ്പിച്ചു.

പിറ്റേന്ന് രാവിലെ ടിക്കെട്ട്സും ടാജിലെ ബുക്കിംഗ് ഡീറ്റൈല്‍സും ഒക്കെ ബോസിന് കൈമാറി. ടിക്കെറ്റ് കണ്ടതും പുള്ളി തലയില്‍ കൈ വച്ച് ഒറ്റ അലര്‍ച്ച "നീ എന്തായീ കാണിച്ചു വച്ചിരുക്കുന്നത്". ഞാന്‍ അന്തംവിട്ട്‌ വീണ്ടും വീണ്ടും അതൊക്കെ പരിശോധിച്ചു, ഒന്നും മനസ്സിലാകുന്നില്ല. കിഷോറിനെ നോക്കിയപ്പോള്‍ അവനും ഒന്നും പിടികിട്ടിയിട്ടില്ല. ഞങ്ങളെ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് സായിപ്പു ഒരു വലിയ രഹസ്യം പുറത്തു വിട്ടു. വരുന്നതില്‍ ഒരാള്‍ സായിപ്പിന്റെ ആദ്യ ഭാര്യയുടെ മകനും, രണ്ടാമത്തേത് പുള്ളിയുടെ ഭാര്യയുടെ ആദ്യത്തെ ഭര്‍ത്താവിന്റെ മകനുമാണ്!!

"എന്റെയും എന്ജലീനയുടെയും" എന്ന് പറഞ്ഞതിനിടയില്‍ ഒരു വലിയ കോമാ ഉണ്ടായിരുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ സായിപ്പിന്റെ സര്‍നെയിം തന്നെയാണ് എന്ജലീനയുടെ മകനും ചാര്‍ത്തിക്കൊടുത്തത്. ആ ചെറുക്കനേയും കൊണ്ട് ഇന്ത്യ മൊത്തം കറങ്ങാന്‍ പോവാം, എന്നിട്ട് പേര് ഒന്ന് മാറിപ്പോയതിനാണ് എന്നെ തിന്നാന്‍ വരുന്നത്.

ഞാന്‍ ഏറുകണ്ണിട്ടു കിഷോറിനെ ഒന്ന് നോക്കി. അവന്‍ ചിരി കടിച്ചമര്‍ത്തി ഇരിക്കുകയാണ്. ഏതു സാഹചര്യത്തിലും ചിരിക്കാനുള്ള എന്റെ അപാരമായ കഴിവിനെക്കുറിച്ച് നല്ലബോധ്യമുള്ളതു കൊണ്ട് ഞാനിരിക്കുന്ന ഭാഗത്തേക്ക് അവന്‍ നോക്കുന്നുപോലുമില്ല. സായിപ്പാണെങ്കില്‍ ഭാര്യക്ക് ഫോണ്‍ ചെയ്ത്‌ പുള്ളിക്കാരിയുടെ പുത്രന്റെ സര്‍നെയിം ചോദിക്കുകയാണ്. അടുക്കളയിലെ മനോരമ കലണ്ടറിനു താഴെ അരി തീര്‍ന്നു, ഉപ്പില്ല, മുളകില്ല ലിസ്ടുകള്‍ക്ക് താഴെ ഭര്‍ത്താവു no . 1 ,......... no .2 ........ ലിസ്റ്റ് തിരയുന്ന എന്ജലീനയെ ഒരാവശ്യവുമില്ലാതെ ഞാന്‍ അവിടെയിരുന്നു ഭാവനയില്‍ കണ്ടു. ചിരിച്ചില്ലെങ്കില്‍ മരിക്കും എന്ന് തോന്നിപ്പോയ നിമിഷം ആയിരുന്നു അത്. കള്ളചുമ വരുത്തി അവിടെ നിന്നും പുറത്തിറങ്ങിപ്പോയി മതിവരുവോളം ചിരിച്ചു.

മോറല്‍ ഓഫ് ദി സ്റ്റോറി - മെയില്‍ വന്നാല്‍ മൊത്തം വായിച്ചു നോക്കണം. റിപ്ലൈ ടു ഓള്‍ ഓപ്ഷന്‍ ആവശ്യമില്ലാതെ ഞെക്കരുത്.

10 comments:

nikukechery said...

നർമം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്‌.ഓഫീസ്‌ നർമ്മങ്ങൾ എന്ന സബ്റ്റൈറ്റിലും ചേരും..

ശ്രീദേവി said...

ഇപ്പോഴും ഓഫീസില്‍ ആരെങ്കിലും വെറുതെ റെയ്സ് ബോറെര്‍ എന്ന് പറഞ്ഞാലും എനിക്ക് നാണം വരും.

ശെരിക്കും ഇഷ്ടപ്പെട്ടു..നല്ലോണം ഒന്ന് ചിരിച്ചു ട്ടോ..

G.manu said...

Nice natural humour...

മഹേഷ്‌ വിജയന്‍ said...

ഹ ഹാ.. ഹ ഹ ഹ ബൂ ഹഹ :-)

നര്‍മ്മം നന്നായിരിക്കുന്നു ശ്രീനന്ദ.. രണ്ടു തവണ ശരിക്കും ചിരിച്ചു...
മനു പറഞ്ഞ പോലെ നാച്ചുറല്‍ ഹ്യൂമര്‍

രഘുനാഥന്‍ said...

ഹ ഹ ...നാച്ചുറല്‍ ഹ്യൂമര്‍ എന്ന് മാത്രം പറഞ്ഞാല്‍ പോരാ... "നാച്ചുറല്‍
ഈമെയിലോ ഹ്യൂമര്‍ " എന്നു പറയണം..

ചിരിപ്പിച്ചു ശ്രീ നന്ദ...

ശ്രീനന്ദ said...

നികു, ശ്രീദേവി ചേച്ചി, മനുവേട്ടന്‍, മഹേഷ്‌, രഘുനാഥ് ജി : നന്ദി

Sharu (Ansha Muneer) said...

ഈ ഒരു കമ്മന്റ് ഈ പോസ്റ്റിന് വേണ്ടി മാത്രമല്ല. ഇതിനുമുൻപ് ഇവിടെ വന്നിട്ടുണ്ടോ എന്ന് ഓർമ്മയില്ല. പക്ഷെ ഇന്നാണ് വായിയ്ക്കുന്നത്. വളരെ നല്ല എഴുത്ത്. ഒരുപാടിഷ്ടമായി ഇതുവരെ വായിച്ചതൊക്കെയും.... ഇനിയും ഇവിടെ വരും, ഉറപ്പ്..ഭാവുകങ്ങൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബോറര്‍ എന്നു പേരു കേട്ടപ്പൊഴേ തോന്നി എന്തെങ്കിലും സംഭവിക്കും എന്ന് . സ്വാഭാവിക മായി പറ്റുന്ന ഇത്തരം അബദ്ധങ്ങള്‍ നന്നായി ചിരിപ്പിക്കും ഇനിയും പോരട്ടെ

സുധി അറയ്ക്കൽ said...

മണ്ടത്തരം നന്നായി...ഇനി ആ സായിപ്പിനും മദാമ്മക്കും കൂടി പൊതുവായി ഒരു മകനുണ്ടായെന്നെരിക്കട്ടെ.പൊതുവല്ലാത്ത മക്കൾ അവനെ മർദ്ദിക്കുന്നത്‌ കണ്ട സായിപ്പ്‌ മദാമ്മയോട്‌ പറഞ്ഞതെന്തായിരിക്കും???

സുധി അറയ്ക്കൽ said...

മണ്ടത്തരം നന്നായി...ഇനി ആ സായിപ്പിനും മദാമ്മക്കും കൂടി പൊതുവായി ഒരു മകനുണ്ടായെന്നെരിക്കട്ടെ.പൊതുവല്ലാത്ത മക്കൾ അവനെ മർദ്ദിക്കുന്നത്‌ കണ്ട സായിപ്പ്‌ മദാമ്മയോട്‌ പറഞ്ഞതെന്തായിരിക്കും???