Wednesday 9 December 2009

മുഖംമൂടികള്‍

ബെഡ് ലാമ്പിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ക്ലോക്കിലെ സമയം കണ്ടു, രണ്ടു മണി കഴിഞ്ഞിട്ടേയുള്ളൂ. ഈ നശിച്ച ചുമ തുടങ്ങിയിട്ട് രണ്ടു ദിവസമായി , ഇന്നലെയും രാത്രിയില്‍ ശരിക്കുറങ്ങാന്‍ പറ്റിയില്ല. ഉച്ച കഴിഞ്ഞു ഓഫീസില്‍ ‍ കണ്ണ് തുറന്നിരിക്കാന്‍ പെട്ടപാട് തനിക്കേയറിയൂ. അരികില്‍ അപ്പുവും വിനുവേട്ടനും സുഖമായുറങ്ങുന്നു. നീങ്ങിക്കിടന്ന പുതപ്പെടുത്തു അപ്പുവിനെ നന്നായി പുതപ്പിച്ചു. പിന്നെയും ചുമ, ഇത്തിരി കഫ് സിറപ്പ് കുടിക്കാം. പുലര്ച്ചെ അഞ്ചരക്ക് തന്നെ അടുക്കളയില്‍ കയരണ്ടതാണ്. മോന് ഏഴരക്ക് ബസ് വരും, എട്ടരയോടെ തനിക്കും വിനുവേട്ടനും ഓഫീസില്‍ പോവണം. മരുന്നെടുത്ത് കുടിച്ചു വീണ്ടും കിടക്കാന്‍ പോവുമ്പോഴാണ് കണ്ടത് വിനുവേട്ടന്റെ മൊബൈല്‍ അലമാരക്കുള്ളില്‍ ഇരിക്കുന്നു.

മുന്പൊക്കെ ഉറങ്ങാന്‍ നേരത്ത് മ്യൂസിക് എക്സ്പ്രസ്സ് സിസ്റ്റം ഉള്ള ഈ ഫോണില് പാട്ട് കേള്‍ക്കാറുണ്ടായിരുന്നു. താന് തന്നെയാണ് കുറച്ചു ഓള്ഡ് മലയാളം സോങ്ങ്സ് ഇതിന്റെ മെമ്മറി കാര്ഡില് കോപ്പി ചെയ്തത്. ഈയിടെയായി ഇതിന്റെ ബാറ്ററി പെട്ടെന്ന് ഡിസ്ചാര്ജ് ആവുന്നെന്നു പറഞ്ഞു വിനുവേട്ടന് തരാറില്ല. അപ്പു വഴക്കുണ്ടാക്കാതിരിക്കാന് അലമാരയില് വച്ചതാവും. മെസ്സേജ് എന്തോ വന്നിട്ടുണ്ടെന്ന് തോന്നുന്നു, സ്ക്രീനില് നീല വെളിച്ചം. 7 മെസ്സേജ് വന്നു കിടപ്പുണ്ട്,ഒക്കെ ഓഫീസില് നിന്നാവും.

വെറുതെയോന്നെടുത്തു നോക്കി. എല്ലാം ഒരാളിന്റെ തന്നെ, ഒരു ജോണ്‍ . മുന്പും പലപ്പോഴും കണ്ടിട്ടുണ്ട് ഇയാളുടെ മെസ്സേജ് അല്ലെങ്കില്‍ ഫോണ്‍ വരുന്നതും പിന്നെ വിനുവേട്ടന്‍ പുറത്തിറങ്ങി കുറെ നേരത്തോളം സംസാരിക്കുന്നതും. ചിലപ്പോള്‍ ശല്ല്യം എന്നു പറഞ്ഞു

ഫോണ്‍ ഓഫ് ചെയ്യും. നാളെ വിനുവേട്ടനോട് ചോദിക്കണം "ഇയാള്ക്കെന്താ ഉറക്കവുമില്ലേയെന്നു." ഒരു കൌതുകത്തിന് ആദ്യത്തെ മെസ്സേജ് തുറന്നു നോക്കി. ഇംഗ്ലീഷില് ടൈപ്പ് ചെയ്ത അക്ഷരങ്ങള് "കുട്ടാ ഉറങ്ങിയോ. പ്ലീസ് കോള് മീ". പത്തരക്കാണ് അയച്ചിരിക്കുന്നത്. നെഞ്ചിനുള്ളില് എന്തോ ഒന്ന് മിന്നി. ഷെല്ഫിന്റെ തുറന്ന വാതിലില് ആവുന്നത്ര മുറുക്കിപ്പിടിച്ചു, ശരീരത്തിനൊരു ബലക്കുറവുപോലെ. ഞാന് ഇപ്പോള് ഉറക്കത്തിലാണോ,സ്വപ്നമാണോ ഇത്. ഉദ്വേഗത്തോടെ അടുത്തത് വായിച്ചു "എത്ര നേരമായി എന്റെ കുട്ടാ ഞാന് നോക്കിയിരിക്കുന്നു. രണ്ടു പ്രാവശ്യം സ്ക്രാപ്പ് ഇടുകയും ചെയ്തു.അത് വന്നത് 10.45 നു.

ഷെല്ഫ് അടച്ചിട്ട് ഡ്രോയിംഗ് റൂമിലെ സോഫയില് ചെന്ന് വീണപ്പോഴേക്കും ദേഹമാകെ വിയര്ത്തു കുളിച്ചിരുന്നു. മെസ്സേജ് ഒന്നൊന്നായി വായിച്ചു നോക്കി. വിളിക്കാന് താമസിച്ചതിനു പിണങ്ങിയും പരിഭവിച്ചും ഉള്ള മെസ്സേജ് ആണ് കൂടുതലും. ഇടക്കൊന്നില് "എന്റെ കുട്ടന് ആയിരം ചക്കര ഉമ്മകളും" ഉണ്ട്. സ്ഥലകാല ബോധം വീണ്ടുകിട്ടാതെ തരിച്ചിരിക്കുമ്പോള് പ്രത്യാശയോടെ ഫോണ് തിരിച്ചും മറിച്ചും നോക്കി, ഇനി ഫോണ്‍ മാറിപ്പോയതാണോ. ഇല്ല, ഡിസ്പ്ലേയില്‍ അപ്പുവിന്റെ ഫോട്ടോ തന്നെ.

ഇതാരാണ്, ഈ ജോണ്‍. ആ പേരിനുള്ളില് ആരായാലും അതൊരു പെണ്ണ് തന്നെ. വിനുവേട്ടന്റെ ജീവിതത്തില് താനല്ലാതെ മറ്റൊരാള് . നെഞ്ചിനുള്ളില് വിങ്ങുന്ന വേദന, ആരോ ഒരു കത്തി കുത്തിയിറക്കിയത് പോലെ. ഭൂമിയാകെ വട്ടം ചുറ്റുന്നു, ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്. ഇവിടെയിരുനാല് പൂജാമുറിയിലെ കൃഷ്ണവിഗ്രഹം കാണാം. കൃഷ്ണാ, എന്തിനീ പരീക്ഷണം. കുറച്ചു മിനിട്ടുകളെടുത്തു മനസ്സൊന്നടങ്ങാന്. കാല്വിരല് മുതല് അരിച്ചു കയറുന്ന ദേഷ്യത്തോടെ ഇന് ബോക്സ് തുറന്നു ഓരോന്നായി പരിശോധിച്ച്. ഇപ്പോള് വന്ന ഏഴു മെസ്സേജ് ഒഴിച്ച് ബാക്കിയെല്ലാം ഒഫിഷ്യല് മെസ്സേജ് മാത്രം. മിടുക്കന്‍, ഇങ്ങനെ വേണം ആണുങ്ങളായാല് ! സെന്റ് ഐറ്റംസ് കാലിയാണ്. ഡ്രാഫ്റ്റ് മെസ്സേജ് ഒരെണ്ണം ഉണ്ട്, "കുട്ടാ പിന്നെ വിളിക്കാം. ഇവിടെ ഗസ്റ്റ് ഉണ്ട്". അത് ശരി, അപ്പോള് ബെന്നിയും ജിജിയും വന്നപ്പോള് ഉണ്ടാക്കിയതാണ്, അയക്കാന്‍ പറ്റി കാണില്ല. അതുകൊണ്ടാണ് കാരണമറിയാതെ അവള്‍ കിടന്നു കയറു പൊട്ടിക്കുന്നത്. ഞാന് നോല്ക്കുന്ന തിങ്കളാഴ്ച നോയമ്പുകളുടെ ശക്തി കൊണ്ടാവാം ഇപ്പോള്‍ ഈ ഫോണ്‍ എന്റെ കൈയില്‍ കിട്ടിയത്

എന്ത് ചെയ്യണമെന്നു ഒരു രൂപവും കിട്ടുന്നില്ല, ഇങ്ങനെയൊന്നു സ്വപ്നത്തില്‍ ‍ പോലും സംഭവിക്കും എന്ന് കരുതിയിട്ടില്ല. വിനുവേട്ടന്‍ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമാണെന്ന് സ്വയം അഹങ്കരിച്ചിരുന്നു. സൌന്ദര്യ പിണക്കങ്ങള്‍ പോലും വളരെ കുറവാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍. ഏഴു വര്‍ഷത്തെ സുന്ദരമായ ജീവിതം പെട്ടെന്ന് ചരട് പൊട്ടിയ പട്ടം പോലെ ആയിത്തീര്‍ന്നിരിക്കുന്നു. വിനുവേട്ടനെ വിളിച്ചുണര്‍ത്തി ചോദിച്ചാലോ. വേണ്ട , വിദഗ്ദ്ധമായൊരു കള്ളം തന്നെ വിശ്വസിപ്പിക്കാന്‍ ‍ വിനുവേട്ടന് കഴിയും. ‍ ജോണ്‍ എന്ന പേരിനു പിന്നില്‍ ‍ ഒളിച്ചിരിക്കുന്നത് ആരാണെന്നു കണ്ടു പിടിക്കണം. പക്ഷെ എങ്ങനെ? ആ മെസ്സേജുകള്‍ എല്ലാം തന്റെ മൊബൈലിലേക്ക് ഫോര്‍വേഡ് ചെയ്തു. തല്ക്കാലം ഒന്നും അറിഞ്ഞതായി ഭാവിക്കേണ്ട.

ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കയുടെ ഒരരികിലേക്ക് നീങ്ങിക്കിടന്നു. അത്രയും നേരം ഒതുക്കി പ്പിടിച്ചതത്രയും നിശബ്ദമായൊരു കണ്ണീര്‍ പ്രവാഹമായി തലയിണയെ നനച്ചു കൊണ്ടിരുന്നു. ഒരുപോള പോലും കണ്ണടക്കാനാവുന്നില്ല. ഏഴുവര്‍ഷം മുന്‍പ് വിനുവേട്ടനെ ആദ്യമായി കണ്ടത്, കുറെ നാളത്തെ പ്രണയത്തില്‍ പൊതിഞ്ഞ സൗഹൃദം, പിന്നെ ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹം, അപ്പുവിന്റെ ജനനം അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ ഘോഷയാത്ര. രണ്ടു പേരും മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥര്‍, ഹൌസിംഗ് ലോണ്‍ എടുത്തിട്ടാണെങ്കിലും ഈ സിറ്റിയില്‍ ഉണ്ടാക്കിയെടുത്ത ചെറിയൊരു വീട്. ആര്‍ക്കും അസൂയ തോന്നുന്ന സ്വര്‍ഗം പോലെ സുന്ദരമായൊരു ജീവിതം. ഇതിനിടയില്‍ വിനുവേട്ടന് എന്താണ് സംഭവിച്ചത്.

മുന്‍പൊരിക്കല്‍ താന്‍ ആരോടോ പറഞ്ഞതോര്‍ക്കുന്നു "ഞാന്‍ ശരീരം മൊത്തം തളര്‍ന്നു തൊണ്ടക്കുഴിയില്‍ ഇത്തിരി ശ്വാസം മാത്രം ബാക്കിയായി ജീവിതകാലം മൊത്തം കിടന്നാലും എന്റെ വിനുവേട്ടന്‍ ഇതുപോലെ തന്നെ എന്നെ സ്നേഹിക്കും". ആ വിശ്വാസമാണ് ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായത്. നെഞ്ചു പിഞ്ഞിക്കീറി പോവുന്ന നീറ്റല്‍. എത്ര മനോഹരമായാണ് തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല എന്ന് അന്ധമായി വിശ്വസിച്ചു. വിനുവേട്ടനെ അറിയിക്കാത്ത ഒന്നും തങ്ങള്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ ഇന്നുവരെ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഒരു സാരി വാങ്ങണമെങ്കില്‍, ഒന്ന് പുറത്തു പോവണമെങ്കില്‍ ഒക്കെ വിനുവേട്ടനില്ലാതെ ചെയ്യാറില്ല. ബെസ്റ്റ് ഫ്രണ്ട് എന്നാല്‍ വിനുവേട്ടനല്ലാതെ മറ്റൊരാളില്ല. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

"എന്താടോ മുഖം വല്ലാതിരിക്കുന്നത് , രാത്രിയില്‍ ‍ ഉറങ്ങിയില്ലേ". രാവിലെ വിനുവേട്ടന്‍ ചോദിച്ചു.

"ഇല്ല, ചുമ കാരണം ഉറങ്ങാന്‍ ‍ പറ്റുന്നില്ലായിരുന്നു". ഒന്നും അറിയാത്തതുപോലെ അഭിനയിക്കാന്‍ ‍ ഒരുപാട് ബുദ്ധിമുട്ടായിരുന്നു. വിനുവേട്ടന്റെ ഓരോ നീക്കങ്ങളും താന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൊബൈല്‍ എടുത്തുകൊണ്ടാണ് രാവിലെ ടോയ്ലെറ്റില്‍ കയറിയത്, ഫോണ്‍ വൈബ്രേഷന്‍ മോഡില്‍ ‍ വച്ചിരിക്കുകയായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും താന്‍ ‍ ശ്രദ്ധിക്കാറില്ലായിരുന്നു.

ഓഫീസില്‍ ‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ ‍ വിനുവേട്ടന്റെ നമ്പറിലേക്ക് വിളിച്ചു, ബിസിയാണ്. ഉച്ചക്ക് ലഞ്ച് ടൈമില്‍ താഴെയുള്ള കോയിന്‍ ബൂത്തില്‍ നിന്നും ജോണിന്റെ നമ്പരില്‍ വിളിച്ചു. പ്രതീക്ഷിച്ചത് പോലെ ഒരു സ്ത്രീ ശബ്ദം ആയിരുന്നു മറുതലക്കല്‍. ഇടയ്ക്കു പല പ്രാവശ്യം വിളിച്ചപ്പോഴും വിനുവേട്ടന്റെ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. പോസ്റ്റ്‌ പെയ്ഡ്‌ ഫോണ്‍ കണക്ഷന്‍ ആയതിനാല്‍ മൊബൈല്‍ കമ്പനിയുടെ വെബ്‌ സൈറ്റില്‍ നിന്നും കോള്‍ ഡീറ്റയില്‍സ്‌ എടുക്കാന്‍ പറ്റും.

പ്രിന്റ്‌ ഔട്ട്‌ എടുത്തു നോക്കിയപ്പോള്‍ അന്തം വിട്ടുപോയി കഴിഞ്ഞ രണ്ടുമാസങ്ങളിലായി ജോണിന്റെ നമ്പറിലേക്ക് അനവധി പ്രാവശ്യം വിളിച്ചിട്ടുണ്ട്.

അതും ദിവസം 25 - 30 കോളുകള്‍, പിന്നെ ഓഫീസിലെ പണി ചെയ്യാന്‍ എവിടെയാണ് സമയം. വീട്ടിലെത്തിയാലും അത്താഴം കഴിഞ്ഞു കുറെ സമയം വീട്ടിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ചാറ്റിംഗ് ചെയ്തു കൊണ്ടിരിക്കും. അത് വിദേശത്തുള്ള കൂട്ടുകാരുമായിട്ടാണ് എന്ന് താന്‍ വിശ്വസിച്ചു പോരുന്നു.

അന്ന് പതിവിലും നേരത്തെ വീട്ടിലെത്തി, വേഷം പോലും മാറാന്‍ നില്‍ക്കാതെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്തു. ഒരു സ്പൈ സോഫ്റ്റ്‌വെയറിന്റെ 7 ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ ഡൌണ്‍ ലോഡ് ചെയ്തു. വിനുവേട്ടന്റെ ഇമെയില്‍ പാസ്‌ വേര്‍ഡ്‌ കണ്ടു പിടിക്കാന്‍ ഇത് ധാരാളം മതി. ഒന്‍പതു മണിയോടെയാണ് വിനുവേട്ടന്‍ എത്തിച്ചേര്‍ന്നത്, ഉള്ളില്‍ നുരയുന്ന ദേഷ്യവും വെറുപ്പും പുറത്തു വരാതിരിക്കാന്‍ വല്ലാതെ പണിപ്പെടുന്നുണ്ടായിരുന്നു. തന്റെ മൂഡോഫ് വിനുവേട്ടനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തേനില്‍ പൊതിഞ്ഞ വാക്കുകളുടെ പിന്നിലെ അര്‍ത്ഥശൂന്യതയോര്‍ത്തു മനസ്സില്‍ ചിരിച്ചു. അത്താഴം കഴിഞ്ഞു ഫോണുമായി കുറെ നേരം പുറത്തുപോയി നിന്ന് സംസാരിക്കുണ്ടായിരുന്നു. പിന്നെ വന്നു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. വളരെ വൈകിയാണ് വിനുവേട്ടന്‍ കിടക്കാന്‍ വന്നത്. നല്ല ഉഅക്കമായി എന്ന് ബോധ്യം വന്നപ്പോള്‍ പതിയെ എഴുന്നേറ്റു സിസ്റ്റം ഓണ്‍ ചെയ്തു.

സ്പൈ സോഫ്റ്റ്‌വെയര്‍‍ അതിന്റെ പണി നന്നായി ചെയ്തിരിക്കുന്നു. ഓരോ കീ സ്ട്രോക്കും കോപ്പി ചെയ്തിട്ടുണ്ട്, സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം. യാഹുവിലും,റെഡിഫിലും, ജിമെയിലിലും ഒക്കെയായി അനവധി മെയില്‍ അക്കൌണ്ടുകള്‍, കൂടാതെ ഓര്‍ക്കുട്ടും. ഓരോ അക്കൌണ്ടും തുറന്നു നോക്കും തോറും അമ്പരപ്പ് ഇരട്ടിയായിക്കൊണ്ടിരുന്നു. കൂടുതലും സ്ത്രീ സുഹൃത്തുക്കള്‍, ഇന്ത്യയിലും വിദേശത്തും ഒക്കെയായി അനവധി. ചാറ്റിങ് തുറന്നു നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി, സെക്സിന്റെ അതിപ്രസരം നിറഞ്ഞ സംഭാഷണങ്ങള്‍. ഫയല്‍ ഷെയറിങ് കൂടുതലും വീഡിയോ ക്ലിപ്പുകളാണ്, വളരെ വൃത്തികെട്ട ഫയലുകള്‍. ഓര്‍ക്കുട്ടില്‍ ലോഗ് ഇന്‍ ചെയ്തു നോക്കിയപ്പോഴും ഇത് തന്നെയാണ് സ്ഥിതി. ഫ്രണ്ട്ഷിപ്‌ റിക്വസ്റ്റ്കള്‍ കൂടുതലും പോയിരിക്കുന്നത് സ്ത്രീകള്‍ക്കാണ്.

രണ്ടായിരത്തിലധികം സ്ക്രാപ്പുകള്‍. ഇതിലേതാണ് ജോണ്‍. കൂടാതെ ഒരു മെയില്‍ അക്കൌണ്ട് സ്ത്രീ നാമത്തിലാണ്, നീലിമയെന്ന പേരില്‍ ഒട്ടനവധി പുരുഷ സുഹൃത്തുക്കളോട് ചാറ്റ് ചെയ്തിട്ടുണ്ട്, വായിച്ചാല്‍ തൊലി പൊളിയുന്ന കാര്യങ്ങള്‍. എന്റെ ഭര്‍ത്താവ് എത്ര ബിസിയാണ് ദൈവമേ. ഇത്രയൊക്കെ നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ ഇരുപത്തിനാല് മണിക്കൂര്‍ തികയില്ലല്ലോ. എല്ലാം ചെക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പേരില്‍ കണ്ണുടക്കി. ബെറ്റി മരിയ ജോണ്‍, ഫോട്ടോ ഇട്ടിട്ടില്ല. ഈ സിറ്റിയില്‍ തന്നെയുള്ള ഒരു പെണ്ണ്. മിക്കവാറും ഇവള്‍ തന്നെയാണ് അവള്‍, തങ്ങള്‍ക്കിടയിലെ മൂന്നാമതൊരാള്‍. കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു വന്നു കിടന്നു. ജോണ്‍ എന്നാ പേരില്‍ അറിയാവുന്ന എല്ലാവരെയും കുറിച്ച് ഓര്‍ത്തു നോക്കി. ബെറ്റി എന്ന പേരില്‍ ആരെങ്കിലുമുണ്ടോ. ഓര്‍മ്മയില്‍ എത്ര തിരഞ്ഞിട്ടും അങ്ങനോരാളെ കിട്ടിയില്ല. ഉറക്കം വരാത്ത രണ്ടാമത്തെ രാത്രിയും അങ്ങനെ കഴിഞ്ഞുപോയി.


ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അലസമായി വിനുവേട്ടന്‍ പറഞ്ഞു "ഇന്നലെ രാജു അങ്കിള്‍നെ കണ്ടിരുന്നു. എല്‍സമ്മ ആന്റിയും നീനയും കൂടി മാര്‍ക്കെറ്റില്‍ പോയിവന്ന വഴി സ്കൂട്ടി ആക്സിഡന്റ് ആയി. രണ്ടുപേര്‍ക്കും മുറിവൊക്കെ പറ്റി. ഭാഗ്യത്തിന് ഫ്രാക്ചെര്‍ ഒന്നുമില്ല." അടുത്തയിടെ പരിചയപ്പെട്ടതാണ് രാജു അങ്കിളിനെയും കുടുംബത്തെയും. രണ്ടു പെണ്‍കുട്ടികളാണ് അവര്‍ക്ക്, മൂത്തയാളുടെ കല്യാണം കഴിഞ്ഞു. ഇളയവള്‍ നീന ഒരു ടെലികോം കമ്പനിയില്‍ ജോലി നോക്കുന്നു.

ഉച്ചക്ക് ആന്റിയോട്‌ ഫോണ്‍ ചെയ്തു വിവരങ്ങള്‍ അന്വേഷിച്ചു. നിസാര പരിക്കുകളെയുള്ളൂ.
ഇടയ്ക്കെപ്പോഴോ ആന്റി പറഞ്ഞു "വിനോദ് ഇടയ്ക്കു വന്നപ്പോഴൊക്കെ ഞാന്‍ പറഞ്ഞിരുന്നു മോളെയും കുഞ്ഞിനെയും ഒന്ന് കൊണ്ടുവരാന്‍. ഇതൊക്കെ ഒന്ന് കരിഞ്ഞോട്ടെ, ഒരു ദിവസം ഇവിടെയാക്കാം ഭക്ഷണം. "

വിനുവേട്ടന്‍ താനില്ലാതെ അവിടെ പോവാറുണ്ടോ. "ഈയിടെ വിനുവേട്ടന്‍ വന്നിരുന്നോ ആന്റീ ".

"ഉവ്വല്ലോ,. ഇങ്ങോട്ടായിട്ടല്ല, ഇവിടെയടുത്ത്‌ ആരെയോ കാണാന്‍ വന്നപ്പോള്‍ കയറിയതാണ്. പിന്നെ നീനമോളുടെ സ്കൂട്ടി വര്‍ക്ക്‌ഷോപ്പിലായിരുന്ന ദിവസം അവളെ ഡ്രോപ്പ് ചെയ്തിട്ട് പോയി."

ജോണ്‍, ബെറ്റി,...നീന ഉത്തരം കിട്ടുകയാണോ. "നീനയുടെ നമ്പര്‍ ഒന്ന് തരാമോ ആന്റീ ഇടക്കൊക്കെ വിളിക്കാല്ലോ". തെറ്റിയില്ല അത് ജോണിന്റെ നമ്പര്‍ തന്നെയായിരുന്നു.


നീന പലപ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. അപ്പുവിനെ വലിയ ഇഷ്ടമാണ് അവള്‍ക്ക്‌. സ്വന്തം അനിയത്തിയെപ്പോലെ അവളെ സ്നേഹിക്കുന്ന തന്നെ എങ്ങനെ ചതിക്കാന്‍ മനസ്സുവന്നു. വിനുവേട്ടന്‍ ചെയ്യുന്നതിലും വലുതല്ലല്ലോ അത്. ഓഫീസില്‍ ഒരു പണിയും ചെയ്യാന്‍ തോന്നിയില്ല.ഇപ്പോള്‍ എല്ലാം വ്യക്തമാണ്. വിനുവേട്ടന് ചാറ്റിങ്, പ്രത്യേകിച്ചും സെക്സ്‌ ചാറ്റ് ഒരു ദൌര്‍ബല്യമാണ്. പല സ്ത്രീകളുമായും ഫോണില്‍ വിളിച്ചു പഞ്ചാരയടിയുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഹൈ ടെക് വായില്‍ നോട്ടം.

നീനയുമായുള്ള ബന്ധത്തിന്റെ വ്യാപ്തി വ്യക്തമല്ല. എന്തായാലും അത് ഏതറ്റം വരെ പോകാനും മാത്രം ശക്തമാണ്. താന്‍ എന്താണ് ചെയ്യേണ്ടത്. ആത്മഹത്യ ചെയ്യാന്‍ മാത്രം വിഡ്ഢിയല്ല. നഷ്ടം അപ്പുമോന് മാത്രമായിരിക്കും. ‍വേണമെങ്കില്‍ ഒരു ഡിവോഴ്സിനു പോലും വേണ്ടത്ര കാരണങ്ങള്‍ മുന്‍പില്‍ ഉണ്ട്. എന്തുവില കൊടുത്തും ദാമ്പത്യം തുടര്‍ന്ന് കൊണ്ടുപോവാന്‍ മാത്രം ഗതികേടില്‍ ഒന്നുമല്ല. ഒരു നല്ല കമ്പനിയില്‍ നല്ല മാസശമ്പളം പറ്റുന്ന ജോലിയുണ്ട്‌. അപ്പുവിനെയുംകൊണ്ട് മാറി താമസിച്ചാലും ആരുടേയും കാലു പിടിക്കാതെ സുഖമായി ജീവിക്കാം.

വികാരം വിവേകത്തിനു വഴിമാറി. അപ്പുവിനു പ്രാണനാണ്‌ അച്ഛനെ. വിനുവേട്ടന് തിരുത്താന്‍ ഒരവസരം കൊടുക്കണം. പൊട്ടിപ്പോയ ചില്ലുപാത്രം പോലെയായിരിക്കുന്നു മനസ്സ്. ഇനിയൊന്നും പഴയ പോലെയാവില്ല. എത്ര ശ്രമിച്ചാലും, എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു പോയാലും. എങ്കിലും വിനുവേട്ടന് തിരുത്താന്‍ ഒരവസരം കൊടുക്കണം.

ശനിയാഴ്ചയാവാന്‍ വേണ്ടികാത്തിരിക്കുകയായിരുന്നു. തനിക്കു അവധിയാണ്, വിനുവേട്ടന് ഹാഫ്‌ ഡേയും ഉച്ചക്ക് ലഞ്ച് കഴിക്കാന്‍ എത്തണമെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു, ഉണ്ണാന്‍ ഒരു ഗസ്റ്റ്‌ ഉണ്ടാവുമെന്നും. ആരാണെന്നു പലവട്ടം ചോദിച്ചിട്ടും ആളിന്റെ പേര് പറഞ്ഞില്ല. സര്‍പ്രൈസ് എന്നുമാത്രം പറഞ്ഞൊഴിഞ്ഞു. വിനുവേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ നീനയെ വിളിച്ചു. അവള്‍ ഓഫീസില്‍ ആയിരുന്നു.

"നീന, എങ്ങനെയുണ്ട്, മുറിവൊക്കെ കരിഞ്ഞോ."

"ഒരുവിധം ഭേദമായി ചേച്ചി. മമ്മി പറയുന്നുണ്ടായിരുന്നു അങ്ങോട്ട്‌ വരണമെന്ന്"

"അതിനെന്താ ഇന്ന് തന്നെ ആയിക്കോട്ടെ. ഉച്ചക്ക് വന്നാല്‍ നല്ലൊരു ലഞ്ച് തരാം."

"അയ്യോ, ഇന്ന് പറ്റില്ല ചേച്ചി. വേറൊരു ദിവസം ആകട്ടെ."

"അത് പറ്റില്ലല്ലോ ഇന്ന് തന്നെ വന്നേ പറ്റൂ. നീനക്ക് വേണ്ടി സ്പെഷ്യല്‍ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്'.

'ഇന്നെന്താ വിശേഷം വല്ലതുമുണ്ടോ'

"ഉണ്ടല്ലോ, ഒരു വലിയ വിശേഷം ഉണ്ട്. വന്നിട്ട് പറയാം, ഞാന്‍ കാത്തിരിക്കും. ഒരു കാരണവശാലും വരാതിരിക്കരുത്." അവള്‍ ആകെ കണ്ഫ്യൂസ്ഡ് ആയി.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ വിനുവ്ട്ടന്‍ വിളിച്ചു "നീനയെ നീയിന്നു ലഞ്ചിന് വിളിച്ചിട്ടുണ്ടോ. അവള്‍ ഫോണ്‍ ചെയ്തു വിശേഷം എന്താണെന്ന് ചോദിച്ചിരുന്നു."

"അവളെ ഉണ്ണാന്‍ വിളിക്കാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണം വേണോ. അവളുടെ കൈയില്‍ വിനുവേട്ടന്റെ നമ്പര്‍ ഉണ്ടോ'.

"അതുപിന്നെ നിന്നോട് പറയാന്‍ മറന്നു പോയി. ഈയിടെ ഒരു ദിവസം നീനയെ ഞാന്‍ ഡ്രോപ്പ് ചെയ്തിരുന്നു. അന്ന് എന്റെ നമ്പര്‍ വാങ്ങിയതാണ്"

'അതുശരി. ഉച്ചക്ക് എന്തായാലും അവള്‍ വരും. വിനുവേട്ടന്‍ വരാന്‍ താമസിക്കരുത്‌."

"ഇന്ന് വരാന്‍ പറ്റില്ലെന്ന് പറയാനാ നീന എന്നെ വിളിച്ചത്. വീക്ക്‌ എന്‍ഡില്‍ എല്ലാവരും കൂടി വരാമെന്ന്."

'ശോ, അത് പറ്റില്ലാലോ. ഇന്നുതന്നെ അവള്‍ ഇവിടെ വരണമെന്ന് വിനുവേട്ടന്‍ വിളിച്ചു പറഞ്ഞേക്കൂ. ഇല്ലെങ്കില്‍ വൈകിട്ട് നമ്മള്‍ക്ക് അവരുടെ വീട്ടില്‍ പോവേണ്ടി വരും.'

'അതെന്തിനാ" വിനുവേട്ടന്റെ സ്വരത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു.

'അവള്‍ക്കു നല്ലൊരു പ്രൊപോസല്‍ വന്നിട്ടുണ്ട്. അതൊക്കെ വിശദമായിട്ട് വന്നിട്ട് പറയാം. വിനുവേട്ടന്‍ സമയത്ത് തന്നെ ഇറങ്ങാന്‍ നോക്കൂ." അത് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

കുറച്ചു കഴിഞ്ഞു വീണ്ടും നീന വിളിച്ചു "ഇന്ന് ലഞ്ച് എല്ലാവര്‍ക്കും ഓഫീസിലാണ് ചേച്ചീ. പിന്നൊരു ദിവസം വരാം."

അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു "നീന നോ മോര്‍ എക്സ്ക്യൂസ് പ്ലീസ്‌. എനിക്ക് നിന്നോട് സംസാരിക്കണം. നിനക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ വൈകിട്ട് നിന്റെ വീട്ടില്‍ വരാം. പപ്പയും മമ്മിയും ഉള്ളപ്പോള്‍."

"ചേച്ചിക്ക് എന്താ പറയാനുള്ളത്". അവളിലെ നടുക്കം വാക്കുകളില്‍ പ്രകടമായിരുന്നു.

"അത് വന്നിട്ട് പറയാം." കൂടുതല്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു.


അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വിനുവേട്ടന്‍ വീട്ടിലെത്തി. ഉള്ളിലെ ടെന്‍ഷന്‍ പുള്ളിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. വരുത്തിയെടുത്ത ചിരിയോടെ വിനുവേട്ടന്‍ ചോദിച്ചു "നിനക്കെന്തു പറ്റി , പെട്ടെന്നൊരു അതിഥി സല്‍ക്കാരം." മറുപടി പറഞ്ഞില്ല.

വിനുവേട്ടന്‍ പിന്നെയും കിച്ചനില്‍ ചുറ്റിപ്പറ്റി നിന്നു. "നിന്നോട് പറഞ്ഞില്ലെന്നെയുള്ളൂ. നീനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് . അവള്‍ കഴിഞ്ഞ ദിവസം അവള്‍ എന്നെ വിളിച്ചു ഒത്തിരി വിഷമങ്ങള്‍ പറഞ്ഞിരുന്നു. എന്നെ ഒരു സഹോദരനെപ്പോലെ കണ്ടിട്ടാണ് പേര്‍സണല്‍ കാര്യങ്ങള്‍ ഒക്കെ തുറന്നു പറഞ്ഞത്. അതാണ് നിന്നോട് പോലും പറയാതിരുന്നത്. അവരുടെ വീട്ടില്‍ ഒത്തിരി പ്രശ്നങ്ങളുണ്ട്‌".

തന്റെ മൌനം വിനുവേട്ടനെ കൂടുതല്‍ ടെന്‍ഷന്‍ പിടിപ്പിച്ചു. "തനിക്കറിയാമോ, അവള്‍ ഒരു തവണ സൂയിസൈഡ് ചെയ്യാന്‍ ശ്രമിച്ചു. അവള്‍ക്കു താല്പര്യമില്ലാത്ത ഒരു കല്യാണം അടിച്ചേല്പിക്കുകയാണ് അവളുടെ പപ്പയും മമ്മിയും."

"ഇത്രയൊക്കെ അടുപ്പം നിങ്ങള്‍ തമ്മിലുണ്ട്. എന്നെ ഒളിക്കാന്‍ വിനുവേട്ടനറിയാം."

"ഇതുകൊണ്ടാണ് നിന്നോട് ഒന്നും പറയാഞ്ഞത്. നീ ആവശ്യമില്ലാതെ അതുമിതും സംശയിക്കും."

"കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ അങ്ങനെ എത്ര പ്രാവശ്യം ഞാന്‍ സംശയിച്ചിട്ടുണ്ട്‌ ".

"അങ്ങനെയൊന്നുമില്ല. വെറുതെ എന്തിനാണ് ഓരോ പ്രശ്നങ്ങള്‍. എന്നെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് നീന വരുന്നില്ല എന്ന് പറയുന്നത്. നീ വെറുതെ നിര്‍ബന്ധിക്കേണ്ട. പ്രോപോസലിന്റെ കാര്യം ഇനി പറഞ്ഞിട്ട് കാര്യമില്ല."

അതൊന്നും സാരമില്ല. ഞാന്‍ സംസാരിച്ചോളാം. അവള്‍ വരട്ടെ."

"വേണ്ട, ഇന്ന് വിളിക്കണ്ട " വിനുവേട്ടന്റെ സ്വരം കനത്തു. അതിനു മറുപടിയായി വിനുവേട്ടന്റെ പോക്കെറ്റില്‍ നിന്നും ഫോണ്‍ കടന്നെടുത്തു. സ്പീക്കര്‍ ഓണ്‍ ചെയ്തു ജോണ്‍ എന്ന നമ്പറിലേക്ക് വിളിച്ചു. വിനുവേട്ടന്‍ ഒരു മാത്ര സ്തബ്ധനായി നിന്നു.

മറുതലക്കല്‍ നിന്നും. നീനയുടെ ഉദ്വേഗം നിറഞ്ഞ വാക്കുകള്‍ "ഇപ്പൊ വിളിക്കാമെന്നു പറഞ്ഞിട്ട് എത്ര നേരമായി. എന്തായി, പ്രശ്നം വല്ലതുമുണ്ടോ. എനിക്കാകെ പേടിയായിട്ടു വയ്യ". ക്രൂരമായ സംതൃപ്തിയോടെ വിനുവേട്ടന്റെ ഭാവമാറ്റങ്ങള്‍ കണ്ടു നിന്നു.

പിന്നെ നീനയോട് പറഞ്ഞു. "പ്രശ്നം ഉണ്ടല്ലോ അത് സോള്‍വ്‌ ചെയ്യാനാ നിന്നെ വിളിച്ചത്. ഇവിടെയിരുന്നു സംസാരിക്കണോ അതോ നിന്റെ വീട്ടില്‍ ഇരുന്നു സംസാരിക്കണോയെന്നു മോള്‍ തീരുമാനിക്ക്."

മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു. "പ്ലീസ്‌ ചേച്ചീ, എന്നോട് ക്ഷമിക്കണം. ഇനി ഇങ്ങനെയൊന്നും ആവര്‍ത്തിക്കില്ല"

‘നിനക്ക് എന്ത് പറയാനുണ്ടെങ്കിലും അത് വന്നിട്ട് മതി. ഇപ്പോള്‍ ഈ നിമിഷം നീ ഇങ്ങോട്ട് പോരണം”.

ഫോണ്‍ തിരികെ വിനുവേട്ടന്റെ പോക്കെറ്റില്‍ ഇട്ടുകൊടുത്തു. തനിക്കു മുഖം തരാതെ വിനുവേട്ടന്‍ ബെഡ് റൂമിലേക്ക്‌ പോയി. നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചിട്ടു ബാല്‍ക്കണിയില്‍ ഇറങ്ങി പുറത്തേക്കു നോക്കി നിന്നു. കൂടി വന്നാല്‍ ഇരുപതു മിനുട്ട്, അതില്‍ക്കൂടുതല്‍ വേണ്ട നീനക്ക് ഇവിടെ വരെ വരാന്‍.

താഴെ അവളുടെ സ്കൂട്ടി വന്നു നില്‍ക്കുന്നതും ഗേറ്റ് തുറന്നു അകത്തേക്ക് വരുന്നതും കണ്ടു. കതകു തുറന്നതും തന്റെ കൈകളില്‍ മുറുകെപ്പിടിച്ചു നീന കരഞ്ഞു "അയാം സോറി ചേച്ചീ. ഇതൊന്നും എന്റെ പെരെന്റ്സ് അറിയല്ലേ, എന്നെ കൊല്ലും. പ്ലീസ്‌ ചേച്ചീ". അവളോട്‌ ഡ്രോയിംഗ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് ബെഡ് റൂമിലേക്ക്‌ ചെന്ന് വിനുവേട്ടനെ വിളിച്ചു. "വരൂ നമുക്ക് സംസാരിക്കാം."

സോഫയില്‍ വന്നിരുന്നതും വിനുവേട്ടന്‍ പറഞ്ഞു "നീ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനും നീനയും തമ്മില്‍ അരുതാത്ത ഒരു ബന്ധവുമില്ല. ഫ്രണ്ട്ഷിപ്പ് മാത്രമേയുള്ളൂ."

നീന തല കുമ്പിട്ടിരിക്കുകയാണ്.

"ഇതുകണ്ടോ വിനുവേട്ടന്റെ കഴിഞ്ഞ രണ്ടുമാസത്തെ ഫോണ്‍ബില്‍ ഡീറ്റയില്‍സ്‌. നീനയുടെ നമ്പറിലേക്ക് പോയ കോളുകള്‍ ഒന്ന് എണ്ണിപ്പറയാമോ." രണ്ടുപേരും ഒരു നടുക്കത്തോടെ തന്നെ ഉറ്റുനോക്കിയിരുന്നു.

തന്റെ മൊബൈലില്‍ അന്ന് ഫോര്‍വേഡ് ചെയ്ത മെസ്സേജുകള്‍ വായിച്ചു കേള്‍പ്പിച്ചു. "ഇനിപറ നിങ്ങള്‍ തമ്മിലുള്ള പരിശുദ്ധപാവന ബന്ധത്തെക്കുറിച്ച്."

നീന വിങ്ങിപ്പൊട്ടി കരഞ്ഞു "ചേച്ചി എന്നോട് ക്ഷമിക്കണം. ഞാന്‍ ഒരു കുട്ടിക്കളി പോലെ ചെയ്തുപോയതാ. ഇനിയൊന്നും ഉണ്ടാവത്തില്ല. ചേച്ചി എല്ലാം അറിഞ്ഞതില്‍ എനിക്ക് ആശ്വാസമുണ്ട്. കുറ്റബോധം കൊണ്ട് കരഞ്ഞിട്ടുണ്ട് ഞാന്‍. ചേച്ചിയുടെ ഭര്‍ത്താവാണ് എല്ലാറ്റിനും കാരണം. ചേച്ചിയെയും മോനെയും ഉപേക്ഷിക്കരുതെന്നു എന്നും ഞാന്‍ ഇയാളോട് പറയുമായിരുന്നു."

അതുവരെ അടക്കിയ ദേഷ്യം അണപൊട്ടിയൊഴുകി 'നീയെന്താടീ കരുതിയത്‌ നീ തരുന്ന ഭിക്ഷയാണ്‌ എന്റെയും കുഞ്ഞിന്റെയും ജീവിതമെന്നോ. അങ്ങിനെയൊരു ഔദാര്യം എനിക്ക് വേണ്ട. നിന്റെ പപ്പയെയും മമ്മിയെയും വിളിച്ചു ഞാന്‍ പറയുന്നുണ്ട് വിനുവേട്ടനെക്കൊണ്ട് തന്നെ നിന്നെ കല്യാണം കഴിപ്പിക്കാന്‍. ഞാന്‍ എന്തായാലും ഇനി നിങ്ങള്‍ക്കിടയില്‍ ഇല്ല. "

"ചേച്ചീ പ്ലീസ് വീട്ടില്‍ പറയല്ലേ, പപ്പയറിഞ്ഞാല്‍ എന്നെ കൊല്ലും. ഇനി എന്റെ നിഴല്‍ പോലും നിങ്ങളുടെ ലൈഫില്‍ ഉണ്ടാകത്തില്ല. ഞാന്‍ ഈ സിറ്റിയില്‍ നിന്ന് തന്നെ പൊക്കോളാം. പ്ലീസ് ആരുമറിയല്ലേ". നീന വീണ്ടും കരഞ്ഞു.

ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ വിനുവേട്ടന്റെ ശബ്ദം ഉയര്‍ന്നു "നീന, താനാണ് എനിക്ക് ഫോണ്‍ ചെയ്യാന്‍ തുടങ്ങിയതും ഇങ്ങനൊരു റിലേഷന്‍ തുടങ്ങിവച്ചതും. ഇപ്പോള്‍ നീയൊന്നുമറിഞ്ഞിട്ടില്ല. അല്ലെങ്കിലും പെണ്ണെന്നു പറയുന്ന വര്‍ഗമേ ചതിയാണ്". അതുകേട്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എനിക്ക് സംസാരിക്കാനുള്ളത് വിനുവേട്ടനോടാണ്. ഇങ്ങനൊരു ബന്ധം കൊണ്ട് വിനുവേട്ടന്‍ എന്ത് നേടി. നമ്മുടെ ജീവിതത്തിന്റെ മൊത്തം സ്വൈര്യതയും നഷ്ടപ്പെടുതിയതല്ലാതെ. ഏഴു വര്‍ഷത്തെ സ്നേഹവും വിശ്വാസവുമാണ് വിനുവേട്ടന്‍ ഇല്ലാതാക്കിയത് .

ഞാനൊരു കാര്യം ചോദിക്കട്ടെ, എനിക്ക് പകരം നീനയുടെ പപ്പയാണ്‌ ഈ ബന്ധം അറിഞ്ഞിരുന്നതെങ്കിലോ. ഇവളുടെ മൊബൈലിലേക്ക് വന്ന ഒരു കോളോ, മെസ്സെജോ മതിയായിരുന്നു അതിനു. രാജു അങ്കിള്‍ ഇവിടെ വന്നു എന്റെയും മോന്റെയും മുന്‍പില്‍ വച്ച് വിനുവേട്ടന്റെ കോളറിനു പിടിച്ചിരുന്നെങ്കില്‍ എങ്ങനെ മുഖം രക്ഷിക്കുമായിരുന്നു നിങ്ങള്‍.

നമ്മള്‍ ഇനിയും ഒരുമിച്ചു തന്നെ ജീവിക്കും, പക്ഷെ ഇനിയൊരിക്കലും പഴയ ആ സന്തോഷം ഉണ്ടാവില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഒരു ഒഫീഷ്യല്‍ കോളില്‍ വിനുവേട്ടന്‍ ബിസിയായിരുന്നാലും എന്റെ മനസ് അത് മറ്റൊരു രീതിയിലെ കാണൂ. മുന്‍പ് എന്നോടാരെങ്കിലും നിങ്ങളോടൊപ്പം ഒരു പെണ്ണിനെ കണ്ടുവെന്നു പറഞ്ഞാല്‍ ഞാന്‍ അത് ചിരിച്ചു തള്ളിയേനെ. ഇപ്പോള്‍ അതിനു ഒരുപാട് വ്യാഖ്യാനങ്ങള്‍ ഉണ്ടാവും. വിനുവേട്ടന്റെ പല സ്ത്രീ സുഹൃത്തുക്കളെയും എനിക്കറിയാം.. അവയൊന്നും ഒരിക്കലും സംശയത്തിന്റെ കണ്ണിലൂടെ നോക്കിയിട്ടില്ല. അതിന്റെ പേരില്‍ ഒരിക്കലും വഴക്കടിച്ചിട്ടില്ല. ഒരു പക്ഷേ അതൊക്കെയായിരിക്കാം എന്റെ തെറ്റുകള്‍.

ഒരു കാര്യം പറയൂ. ഞാനായിരുന്നു ഇങ്ങനെയൊരു ബന്ധം തുടങ്ങി വച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു നിങ്ങളുടെ റിയാക്ഷന്‍. വിനുവേട്ടന്‍ പറഞ്ഞത് പോലെ ഇതൊരു ഫ്രണ്ട്ഷിപ്പ് മാത്രമാണെങ്കില്‍ ഞാനും തുടങ്ങട്ടെ ഇങ്ങനെയൊന്ന്. വിത്ത്‌ എനി ഓഫ് യുവര്‍ ഫ്രണ്ട്സ്, എനി ഓഫ് മൈ കൊളീഗ്സ്.

ഞാന്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി പെണ്ണാണ്. ഒരുപാട് വിശാലമായി ചിന്തിക്കാനുള്ള കഴിവൊന്നും എനിക്കില്ല. പണ്ട് മുത്തശ്ശി പറയും ആണുങ്ങളായാല്‍ ചെളി കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും എന്നൊക്കെ. പെണ്ണിന് ചെളി കണ്ടാല്‍ ചവിട്ടാതെ നടക്കാന്‍ പറ്റുമെങ്കില്‍ ആണിന് അത് സാധിക്കില്ലേ.'

വിനുവേട്ടന്‍ ഒന്നും പറയാതെ തല കുമ്പിട്ടിരുന്നു.

"ഞാന്‍ പൊയ്ക്കോട്ടേ ചേച്ചീ. ദയവു ചെയ്തു എന്നെ ഉപദ്രവിക്കരുത്. പപ്പയും മമ്മിയും ഒന്നുമറിയല്ലേ പ്ലീസ്" നീന ചോദിച്ചു.

"ഈ ഒരൊറ്റ തവണത്തേക്ക് മാത്രം ഞാന്‍ നിന്നോട് ക്ഷമിക്കുന്നു. ഇനിയെന്നും നിന്റെ മമ്മിക്കു ഞാന്‍ ഫോണ്‍ ചെയ്യും. ഇനിയൊരിക്കല്‍ കൂടി നീ വിനുവേട്ടനോട് സംസാരിക്കാന്‍ ശ്രമിച്ചു എന്ന് ഞാന്‍ അറിയരുത്. മാത്രമല്ല ഇനി വിനുവേട്ടന്‍ നിനക്ക് ഫോണ്‍ ചെയ്‌താല്‍ എന്നെ വിളിച്ചു അറിയിക്കുകയും വേണം"

"ശരി ചേച്ചീ" ആശ്വാസത്തോടെ അവള്‍ ബാഗെടുത്തു നടന്നു.

"നില്‍ക്കൂ, നമ്മള്‍ സംസാരിച്ചതൊക്കെ എന്റെ മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട്. അതുകൊണ്ട് മനസ്സില്‍ മറ്റെന്തെങ്കിലും പ്ലാന്‍ ഉണ്ടെങ്കില്‍ കളഞ്ഞേക്കണം". ഒരു പുനര്‍ചിന്തയോടെ ഞാന്‍ വിളിച്ചു പറഞ്ഞു. ഒന്നും പറയാതെ അവള്‍ ഇറങ്ങിപ്പോയി.

"മോളൂ, പ്ലീസ് ഇതൊരു വലിയ ഇഷ്യൂ ആക്കരുത്. ഞാന്‍ എന്റെ തെറ്റ് സമ്മതിക്കുന്നു, ഇനിയൊരിക്കലും ഇങ്ങനെയൊന്നു ആവര്‍ത്തിക്കുകയുമില്ല. നീയിതു മനസ്സില്‍ നിന്നും കളയണം". വിനുവേട്ടന്‍ എന്റെ കരം കവര്‍ന്നു.

" വിനുവേട്ടന്‍ വന്നോളൂ. ഞാന്‍ ഊണെടുത്തു വയ്ക്കാം." അടുക്കളയിലേക്കു നടക്കുമ്പോള്‍ കണ്ണില്‍ ഊറിക്കൂടിയ തുള്ളികള്‍ ഷാളിന്റെ തുമ്പു കൊണ്ട് തുടച്ചു.

ഇനിയെന്നെങ്കിലും ഞങ്ങളുടെ ജീവിതം ആ പഴയ ശാന്തതയിലേക്ക് തിരിച്ചു വരുമോ. അറിയില്ല.

27 comments:

Typist | എഴുത്തുകാരി said...

ഞാ‍നാണല്ലോ ആദ്യം.

കഥ ഇഷ്ടായി. സമയത്തു കണ്ടുപിടിക്കാന്‍ സാധിച്ചതുകൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞു. എന്നാലും മനസ്സിന്റെ മുറിവു മാറുമോ.

ശ്രീ said...

എഴുത്തുകാരി ചേച്ചി പറഞ്ഞതു പോലെ കൃത്യസമയത്ത് തിരിച്ചറിയാനായത് തന്നെ ഭാഗ്യം. പഴയത് പോലെ വരില്ലെങ്കിലും അവര് രണ്ടു പേരും വിചാരിച്ചാല്‍ വീണ്ടും നല്ലൊരു കുടുംബ ജീവിതം തുടരാവുന്നതേയുള്ളൂ... ഒന്നുമില്ലെങ്കിലും അപ്പുവിനെ മറക്കരുതല്ലോ...

കഥ കൊള്ളാം ചേച്ചീ... സമൂഹത്തില്‍ നടക്കാവുന്നത് തന്നെ. (പക്ഷേ, ഇത്ര പക്വതയോടെ കൈകാര്യം ചെയ്തെന്നു വരില്ല, ജീവിതത്തില്‍)

Jayasree Lakshmy Kumar said...

ഒരാളെ മുഴുവനായും വിശ്വസിക്കുമ്പോൾ നാം സ്വർഗത്തിൽ ദൈവത്തിനൊപ്പം നടക്കുന്നു. പക്ഷെ ആ ആളിൽ നിന്നും ഒരു വിശ്വാസവഞ്ചന [തെളിവോടെ] അനുഭവിച്ചു പോയാൽ പിന്നെ ചെകുത്താൻ നമുക്കൊപ്പം നടക്കുന്നു

സ്വർഗം കണ്ടവർ എത്ര?!

നല്ല കഥ

Ashly said...

നല്ല എഴുത്ത്. ഒറ്റ ഇരിപ്പില്‍ വായിച്ചു.

അച്ചു said...

ഇതു ശരിക്കും നടന്നത് അല്ല എന്നു വിശ്വസിക്കട്ടെ? ..കൊള്ളാം നല്ല എഴുത്ത്..

ശ്രീനന്ദ said...

എഴുത്തുകാരി ചേച്ചീ - നന്ദി, വന്നതിനും കമന്റിനും. എത്രയൊക്കെ പ്ലാന്‍ ചെയ്തു കള്ളത്തരങ്ങള്‍ ചെയ്താലും ഒരു ദിവസം പിടിക്കപ്പെടും.
ശ്രീ - വായനക്ക് നന്ദി. ജീവിതം എന്നാല്‍ മൊത്തത്തില്‍ കോമ്പ്രമൈസ് അല്ലെ. ശരിയാണ്, ജീവിതത്തില്‍ അത്രയും വിവേകത്തോടെ ചിന്തിക്കാന്‍ പറ്റിയെന്നു വരില്ല.
ലക്ഷ്മി - എന്റെ കഥയേക്കാള്‍ നന്നായി ലക്ഷ്മിയുടെ കമന്റ്. നന്ദി
ക്യാപ്റ്റന്‍ - കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
അച്ചു - വായനക്ക് നന്ദി. എന്റെയൊരു ഫ്രെണ്ടിന്റെ അനുഭവമാണ് കുറെയൊക്കെ.

മുരളി I Murali Mudra said...

ഒരു റിയല്‍ സ്റ്റോറി പോലെ തോന്നിച്ചു..
അഭിനന്ദനങ്ങള്‍

siva // ശിവ said...

മുഖംമൂടികള്‍ മാറ്റിയാല്‍ വഞ്ചനയുടെയും നെറികേടിന്റെയും വൃത്തികെട്ട മുഖങ്ങള്‍ നമുക്കു കാണേണ്ടി വരുമെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ടു പറയുന്ന കഥ. എഴുത്ത് നന്നായിരിക്കുന്നു.

jayanEvoor said...

വളരെ വളരെ സംഭാവ്യമായ കഥ.
നന്നായി പറഞ്ഞു.
പുതിയ കാലത്തിന്റെ വിനോദങ്ങള്‍, ചതികള്‍, ചതിക്കുഴികള്‍....
ഭയാനകം!

പട്ടേപ്പാടം റാംജി said...

ഒരു കഥയാണിതെന്നു പറയാന്‍ പറ്റാത്ത വിധം നടന്ന സംഭവത്തെക്കുറിച്ച് അതിമനോഹരമായി വിവരിച്ചിരിക്കുന്നതണെന്ന് തോന്നി. എനിക്കിഷ്ടായി. നല്ലെഴുത്ത്.

ഏ.ആര്‍. നജീം said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു...!

എല്ലാവരും പറഞ്ഞത് പോലെ ഇത്തരം പക്വതയുള്ള ഇടപടലിലൂടെ പരിഹരിക്കാവുന്ന എത്രയോ സംഭവങ്ങള്‍ എടുത്തുചാട്ടം മൂലം കൂടുതല്‍ പ്രശ്നത്തിലേക്ക് നയിക്കുന്നു...

Gopakumar V S (ഗോപന്‍ ) said...

നല്ല കഥ...

raadha said...

ശ്വാസം അടക്കി പിടിച്ചു വായിച്ചിരുന്നു പോയി..!! ഇത് കഥയോ? കഥയാവട്ടെ...പക്ഷെ കഥയിലെ ഇത്രക്കും matured ആയിട്ട് നമുക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റൂ. സ്വന്തം ജീവിതത്തില്‍ നോ രക്ഷ.
ഒരു പാട് വിശ്വസിക്കുന്നവരും, സ്നേഹിക്കുന്നവരും നമ്മളെ ചതിച്ചാല്‍...ഒരിക്കലും നമുക്ക് അവരോടു പൊറുത്ത് ജീവിക്കാന്‍ പറ്റില്ല...മുറിവുകള്‍ അത്ര വലുതായിരിക്കും.

ഭൂതത്താന്‍ said...

ഒരാളെ മുഴുവനായും വിശ്വസിക്കുമ്പോൾ നാം സ്വർഗത്തിൽ ദൈവത്തിനൊപ്പം നടക്കുന്നു. പക്ഷെ ആ ആളിൽ നിന്നും ഒരു വിശ്വാസവഞ്ചന [തെളിവോടെ] അനുഭവിച്ചു പോയാൽ പിന്നെ ചെകുത്താൻ നമുക്കൊപ്പം നടക്കുന്നു

ലക്ഷ്മിയുടെ ഈ കമെന്റ് തന്നെ പറയുന്നു

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

nandakumar said...

ഹെന്താ കഥ!! നന്നായിട്ടുണ്ട് കഥ!! :) (ഒരു ടെലിം ഫിലിം കാണുന്നപോലെ ആസ്വദിച്ചു വായിച്ചു)

Unknown said...

സ്പൈവെയറും സ്പൈവര്‍ക്കും കൊള്ളാമല്ലോ, നല്ല അവതരണം.
കാര്യങ്ങളെ ഇവ്വിധം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ വളരെ ചുരുങ്ങും!

the man to walk with said...

touching
എത്ര മനോഹരമായി ..പറഞ്ഞിരിക്കുന്നു ഇഷ്ടായി

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പറഞ്ഞതുപോലെ ഒരു നല്ല ടെലിഫിലിം കണ്ട ഫീലിങ്ങ്

ചേര്‍ത്തലക്കാരന്‍ said...

ഇതു എഴുത്തുകാരി ചേച്ചിയുടെ ജീവിതത്തീൽ നടന്നത് അല്ല എന്നു വിശ്വസിക്കട്ടെ? ..കൊള്ളാം നല്ല എഴുത്ത്..

ഹന്‍ല്ലലത്ത് Hanllalath said...

ഇത്രയും റിയലിസ്റ്റിക്കായി എഴുതിയ കഥകള്‍ അപൂര്‍വ്വമായേ വായിച്ചിട്ടുള്ളു.
ഒരുപക്ഷെ, കൂട്ടുകാരിയുടെ ജീവിതം സത്യമായി മുന്നില്‍ ഉള്ളത് കൊണ്ടാകാം.
നല്ല വായനാനുഭവത്തിന് നന്ദി.

Shabna Sumayya said...

നിങ്ങളുടെ ഈ കഥ വേറൊരു ആളുടെ പേരില്‍ ഒരു സൈറ്റില്‍ കണ്ടു.. താങ്കളുടെ അറിവോട് കൂടിയാണോ എന്ന് അറിയുകയില്ല.......

subish said...

kollamn nannanayirikkunnu

subish said...

kollam nannayirikkunnu

haneef kalampara said...

വളരെ നന്നായിരിക്കുന്നു
അഭിവാദനങ്ങള്‍ ...

haneef kalampara said...

വളരെ നന്നായിരിക്കുന്നു
അഭിവാദനങ്ങള്‍ ...

haneef kalampara said...

വളരെ നന്നായിരിക്കുന്നു
അഭിവാദനങ്ങള്‍ ...

Unknown said...

നല്ല കഥ..