Tuesday, 8 December 2009

ഓജോ ബോര്‍ഡ്

കഴിഞ്ഞ ദിവസങ്ങളില്‍ ഓജോ ബോര്‍ഡിനെക്കുറിച്ച് വന്ന പോസ്റ്റുകളാണ് പഴയൊരു സംഭവം ഓര്‍മിപ്പിച്ചത്.

ഏഴെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നവംബറിലെ സെക്കന്റ്‌ സാറ്റെര്‍ഡേയ്ക്ക് മുന്‍പത്തെ വെള്ളിയാഴ്ച. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജോലിയൊക്കെ കിട്ടി ഹോസ്റ്റലില്‍ അടിച്ചുപൊളിച്ചു ജീവിക്കുന്ന കാലം. എന്റെ റൂം മേറ്റ്‌ തിരുവല്ലാക്കാരി അനു. ഞങ്ങള്‍ രണ്ടാളും അന്ന് ഓഫീസില്‍ പോയത് സന്തോഷത്തോടെയാണ്, കാരണം അടുത്ത രണ്ടു ദിവസം അവധി. വൈകുന്നേരം ആയപ്പോള്‍ അനു എന്റെ ഓഫീസിലേക്ക് വിളിച്ചു. വൈകിട്ട് ലിസിചേച്ചി അവരുടെ വീട്ടില്‍ ചെല്ലാന്‍ വിളിച്ചിട്ടുണ്ട്. ഓഫീസില്‍ നിന്നും സമയത്തിന് ഇറങ്ങണം.

അവളുടെ ഒരു അകന്ന ബന്ധു ലിസിചേച്ചി ഇന്‍ഡോറില്‍ തന്നെ താമസിക്കുന്നുണ്ട്. ഞങ്ങളുടെ ഹോസ്റ്റലില്‍ നിന്നും കുറെ ദൂരെയാണ് അവരുടെ ഫ്ലാറ്റ്. ഹോസ്റ്റലില്‍ ഉണക്ക റൊട്ടിയും ദാലും തിന്നു ജീവിക്കുന്ന ഞങ്ങളോടുള്ള സഹതാപം കൊണ്ട് ചേച്ചി ഇടക്കൊക്കെ വീട്ടില്‍ വിളിച്ചു കപ്പ - മീന്‍/ചിക്കെന്‍, ഇഡലി, ദോശ, അപ്പം മുതലായവ ഒക്കെ തന്നു സല്ക്കരിക്കാറുണ്ട്. കൂടാതെ അവരുടെ വീട്ടില്‍ മലയാളം വാരികകകള്‍ മുടങ്ങാതെ വാങ്ങിക്കാറുണ്ട്. പിന്നെ അവിടെ അടുത്ത് തന്നെയാണ് കേരളസ്റ്റോര്‍ ഉള്ളത്. അവിടെപ്പോയാല്‍ വയറു നിറയെ വല്ലതും കഴിച്ച്‌ , പഴയ മാഗസിനുകള്‍ എല്ലാം കെട്ടിപ്പൊതിഞ്ഞു വലിയ കവറിലാക്കി പിന്നെ കേരള സ്റ്റോറില്‍ കയറി പുതിയ മാഗസിനുകളും അച്ചപ്പം, ഉപ്പേരി, മുറുക്ക് , നേന്ത്രപ്പഴം ഒക്കെ വാങ്ങിയാണ് ഞങ്ങള്‍ തിരിച്ചു വരാറുള്ളത്. ചുരുക്കം പറഞ്ഞാല്‍ ഒരു വെടിക്ക് ഒരുപാട് പക്ഷികള്‍.

ഞങ്ങളുടെ ഹോസ്റ്റലില്‍ മെസ്സ് ഇല്ല. അടുത്തൊക്കെ ടിഫിന്‍ സര്‍വിസുകള്‍ സുലഭമായതിനാല്‍ പുറത്തു നിന്നും ടിഫിന്‍ വരുത്തുകയാണ് എല്ലാവരും ചെയുന്നത്. ഞങ്ങള്‍ക്ക് ടിഫിന്‍ തരുന്നത് ഒരു സര്‍ദാര്‍ജിയാണ്. മറ്റു ടിഫിന്‍ സര്‍വീസുകളെ അപേക്ഷിച്ച് ക്വാളിറ്റി അല്പം ഭേദം. ഒരിക്കല്‍ സബ്ജിക്ക് എരിവു കൂടുതലാണ് എന്ന് ഞാന്‍ പരാതിപ്പെട്ടു. പിറ്റേന്ന് എന്റെ ടിഫ്ഫിനില്‍ കറിക്കൊപ്പം ഒരു കുഞ്ഞു പീസ് ശര്‍ക്കര. അതാണ്‌ ഞങ്ങളുടെ സര്‍ദാര്‍ജി അങ്കിള്‍. സാധാരണ ലിസി ചേച്ചിയുടെ വീട്ടില്‍ വൈകുന്നേരം പോകുമ്പോള്‍ അന്ന് ടിഫിന്‍ വേണ്ടെന്നു സര്‍ദാര്‍ജി അങ്കിളിനെ വിളിച്ചു പറയും. അന്നും ആ പതിവ് ആവര്‍ത്തിച്ചു.

ഞാന്‍ ഓഫീസില്‍ നിന്നും ആറുമണിയോടെ ഇറങ്ങിയപ്പോള്‍ അനു സ്കൂട്ടിയുമായി ഗേറ്റില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മുടിഞ്ഞ ട്രാഫിക് ആയിരുന്നതുകൊണ്ട് ലിസി ചേച്ചിയുടെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ നേരം വൈകി. എഴരയാണ് ഹോസ്റ്റലില്‍ തിരിച്ചെത്താനുള്ള ഡെഡ് ലൈന്‍. അത് കഴിഞ്ഞാല്‍ പിന്നെ ഹോസ്റ്റല്‍ ഉടമസ്ഥ രശ്മിദീദിയുടെ വായിലെ ചീത്ത മുഴുവനും കേള്‍ക്കണം. മാഗസിന്‍ സര്‍ചിങ്ങും കഴിപ്പും ഒക്കെ കഴിഞ്ഞപ്പോള്‍ തന്നെ നേരം ഒരുപാട് വൈകി. അത് കൊണ്ട് കേരള സ്റ്റോറില്‍ കയറാന്‍ നില്‍ക്കാതെ ഞാനും അനുവും ഹോസ്റെലിലേക്ക് പോന്നു. എന്നിട്ടും ഞങ്ങള്‍ വന്നപ്പോഴേക്കും എട്ടുമണി ആകാറായി. ദീദിയുടെ കനല്‍ കണ്ണുകളും കണ്ടു വഴക്കും കേട്ട് റൂമില്‍ എത്തിയപ്പോഴേക്കും ക്ഷീണിച്ചു പോയിരുന്നു. പിന്നെ വിശാലമായി കുളിച്ചു, മാഗസിനുകള്‍ പങ്കിട്ടു അവരവരുടെ ബെഡില്‍ കയറി കിടന്നു. വായിച്ചു കൊണ്ട് കിടന്നു എപ്പോഴോ രണ്ടാളും ഉറങ്ങിപ്പോയി. ഇടക്കെപ്പോഴോ ഞെട്ടിയുണര്‍ന്നത് അസഹ്യമായ വിശപ്പോടെയായിരുന്നു. കേരള സ്റ്റോറില്‍ കയറാം എന്ന് കരുതിയാണ് പഞ്ചാബിയോടു ടിഫിന്‍ വേണ്ടെന്നു പറഞ്ഞത്.

ബെഡ് ലാമ്പിന്റെ അരണ്ട വെട്ടത്തില്‍ ഞാന്‍ ഷെല്‍ഫിലെ ബിസ്കറ്റ് ടിന്നുകള്‍ പരതി . അപ്പോള്‍ ഇരുട്ടില്‍ നിന്നൊരു ശബ്ദം " ആകെ രണ്ടു ബിസ്കറ്റെയുള്ളായിരുന്നെടീ അത് ഞാന്‍ തിന്നു. അനു അവളുടെ ബെഡില്‍ എഴുന്നേറ്റിരുന്നു. ഞാനും അവളുടെയരികിലായി വന്നിരുന്നു.

"എന്തായാലും താമസിച്ചതിനു വഴക്ക് കേട്ട്, എന്നാല്പിന്നെ കഴിക്കാന്‍ വല്ലതും വാങ്ങിച്ചിട്ട് വന്നാല്‍ മതിയായിരുന്നു. വിശന്നിട്ടു ഉറക്കവും വരുന്നില്ല." അനുവിന്റെ ആത്മരോദനം കേട്ട് ഞാന്‍ അവള്‍ക്കൊരു സെയിം പിച്ച് കൊടുത്തു. സമയം 12 .10 നേരം വെളുക്കാതെ ഒരു രക്ഷയുമില്ല.

പെട്ടെന്നെനിക്കൊരു ഐഡിയ തോന്നി. തേര്‍ഡ് ഫ്ലോറില്‍ താമസിക്കുന്ന മീനാക്ഷിയുടെ അടുത്ത് എപ്പൊഴും മാഗി സ്റ്റോക്ക്‌ കാണും. ഒന്നവിടെ വരെ പോയി നോക്കിയാലോ. അര്‍ദ്ധരാത്രിക്ക് ചെന്ന് അവളെ തല്ലിപ്പൊക്കി എഴുന്നേല്പിക്കുന്നതാണ് പാട്. ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ.

ഞാന്‍ മുകളിലേക്ക് നടന്നു. പാസ്സേജില്‍ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചം മാത്രം. തേര്‍ഡ് ഫ്ലോറില്‍ ചെന്നപ്പോള്‍ മീനാക്ഷിയുടെ റൂം ലോക്ക് ചെയ്തിരിക്കുന്നു. തൊട്ടടുത്ത രണ്ടു റൂമുകളിലും ആരുമില്ല. ദൈവമേ ഇതുങ്ങളെല്ലാം എവിടെപ്പോയി. ഇനി ദീദിയറിയാതെ വല്ല സിനിമക്കും പോയതാണോ. ഏയ്‌, അത്രയ്ക്ക് ധൈര്യം ഒരെണ്ണത്തിനുമില്ല. തിരികെ സെക്കന്റ്‌ ഫ്ലോറില്‍ എത്തിയപ്പോഴാണ് അത് ശ്രദ്ധിച്ചത്. അങ്ങേയറ്റത്തെ മുറിയില്‍ വെളിച്ചമുണ്ട്. അല്പം തുറന്നു കിടന്ന ജനാലയിലൂടെ നോക്കിയപ്പോള്‍ കാര്യം പിടി കിട്ടി. ഓജോ ബോര്‍ഡ് വച്ച് ആത്മാവിനെ വിളിക്കുന്ന പരിപാടി നടക്കുകയാണ്. ഇന്ന് വെള്ളിയാഴ്ചയാണെന്ന് ഒരു നടുക്കത്തോടെ ഞാന്‍ ഓര്‍ത്തു.

ഈയിടെ ഹോസ്റ്റലില്‍ തുടങ്ങിയ ഒരു പ്രോഗ്രാമാണ് വെള്ളിയാഴ്ച രാത്രികളിലെ പ്രേതത്തിനെ വിളിക്കല്‍. ഓജോ ബോര്‍ഡ്, നാണയം, മെഴുകുതിരി മുതലായവയാണ് റോ മെറ്റിരിയല്സ്. ധൈര്യം കൂടുതലുള്ള ഒരു പിടി ധീരവനിതകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പറഞ്ഞ സാധനം തീരെ ഇല്ലാതിരുന്നതിനാല്‍ പിറ്റേന്ന് ഞങ്ങള്‍ അവരോടു വിവരങ്ങള്‍ ചോദിച്ചറിയും. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ പുതിയ സിനിമ കണ്ടിട്ട് വന്നവര്‍ ബാക്കിയുള്ളവരോട്‌ കഥ പറഞ്ഞു കേള്‍പ്പിക്കാറില്ലേ, അത് പോലെ.

ആത്മാവ് വരാറുണ്ടെന്നും നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ബോര്‍ഡിലൂടെ നാണയം നീക്കി പറയാറുണ്ടെന്നും ഒക്കെ പിറ്റേന്ന് കേള്‍ക്കാം. അങ്ങനെ യുദ്ധത്തില്‍ വെടിയേറ്റ്‌ വീണ ഒരു കേണലിനെയും ആക്സിടെന്റില്‍ മരിച്ച ഒരു യുവതിയെയും ഒക്കെ അവര്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. അവിടെ നില്‍ക്കണോ പോണോയെന്നു കണ്ഫ്യൂഷനടിച്ചു നില്‍ക്കുമ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന ജസ്പ്രീത്‌ എന്ന പഞ്ചാബി പെണ്‍കുട്ടി എഴുന്നേറ്റു വരുന്നത് കണ്ടത്. അവള്‍ എന്നെ കണ്ടു വാതില്‍ തുറന്നു തരാന്‍ എഴുന്നേറ്റു വന്നതാണെന്ന് ന്യായമായും ഞാന്‍ കരുതി. മീനാക്ഷിയെ കണ്ടു മാഗിയും മേടിച്ചോണ്ട് പോവാമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ ഒരു പുഞ്ചിഒരിയോടെ വാതില്‍ തുറക്കുന്നതും കാത്തു നിന്നു.

വാതില്‍ തുറന്നു ജസ്പ്രീത്‌ പുറത്തിറങ്ങി സ്റെയര്‍കേസിനടുത്തെക്ക് നടക്കുന്നത് കണ്ടു ഞാന്‍ അവളെ പിന്നില്‍ നിന്നും വിളിച്ചു. നാനോ സെക്കന്റുകള്‍ക്കുള്ളിലാണ് പിന്നെയുള്ള കാര്യങ്ങള്‍ സംഭവിച്ചത്. തിരിഞ്ഞു നോക്കിയ ജസ്പ്രീത്‌ ഒരാര്‍ത്തനാദത്തോടെ സ്റെയര്‍കേസിനടുത്തെക്ക് കുതിച്ചു. ഭയന്ന് പോയ ഞാന്‍ എന്റെ മുറിയെ ലക്ഷ്യമാക്കി അവളുടെ പിന്നാലെ സ്റെയര്‍കേസിലേക്ക് തന്നെ ഓടി. സ്റ്റെപ്പിനടുതെത്തിയ അവള്‍ പിന്തിരിഞ്ഞു നോക്കി. എന്നെ കണ്ടതും ഞെട്ടറ്റ പൂവ് പോലെ അവള്‍ ബോധമറ്റു വീണു. ഇതിനിടയില്‍ എനിക്കൊരു കാര്യം സ്ട്രൈക്ക് ചെയ്തു. ഓജോ ബോര്‍ഡില്‍ നിന്നും ചാടിയ ഏതോ ഒരു പ്രേതം ഞങ്ങളുടെ പിന്നിലുണ്ട്. അതിനെ കണ്ടിട്ടാണ് ജസ്പ്രീത്‌ ഭയന്നോടിയത്. അതുകൊണ്ട് ബോധം കേട്ട് കിടന്ന അവളെ ശ്രദ്ധിക്കാനൊന്നും നില്‍ക്കാതെ സ്റെപ്പുകള്‍ ആവുന്നത്ര വേഗത്തില്‍ ചാടിയിറങ്ങി ഞാന്‍ എന്റെ റൂമിലേക്ക്‌ പാഞ്ഞു.

മുകളിലെ ബഹളം കേട്ട് അനു പാതി വഴിയില്‍ വരെ എത്തിയിട്ടുണ്ടായിരുന്നു. അവളെ പിടിച്ചു വലിച്ചു മുറിയിലെത്തി കതകടച്ചു ഞാന്‍ സംഭവിച്ചതൊക്കെ കിതപ്പിനിടയിലൂടെ പറഞ്ഞൊപ്പിച്ചു. ഒരു നിമിഷം എന്നെയൊന്നു നോക്കിയിട്ട് അവള്‍ എന്നെ പിടിച്ചു വലിച്ചു കണ്ണാടിക്കു മുന്‍പില്‍ കൊണ്ട് വന്നു നിര്‍ത്തി. എന്റമ്മേ, ആ രൂപം കണ്ടു ഞാന്‍ തന്നെ പേടിച്ചുപോയി. അനുവിന്റെ ചേച്ചി ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന വെള്ളയില്‍ ചുവപ്പും ഗോള്‍ഡെന്‍ കളറും പ്രിന്റുകളുള്ള ഫുള്‍സ്ലീവ് നൈറ്റ്‌ഗൌണ്‍ അവള്‍ക്കു വളരെ ലൂസ് ആയതിനാല്‍ സ്നേഹപൂര്‍വ്വം എനിക്ക് സമ്മാനിച്ചതായിരുന്നു. പോരാത്തതിന് വൈകിട്ട് വന്നു ഷാമ്പൂവിട്ടു കഴുകിയ നീണ്ടമുടി പറന്നു കിടക്കുന്നു. പുറത്തു ഭയങ്കര ബഹളം കേള്‍ക്കാം. ആരൊക്കെയോ മുകളിലേക്ക് ഓടുന്നു. എന്നെ പിടിച്ചു വലിച്ചു അനുവും മുകളിലേക്ക് നടന്നു.

ജസ്പ്രീതിനു ചുറ്റും കുട്ടികള്‍ കൂടി നില്‍പ്പുണ്ട് , ഒപ്പം രശ്മി ദീദിയും ഉണ്ട്. വെള്ളം മുഖത്ത് തളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരിയ ഞരക്കത്തോടെ "ഭൂത്, ഭൂത് " എന്നൊക്കെ പുലമ്പുന്നുണ്ട്.

അര്‍ദ്ധരാത്രിക്ക് നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു എന്നൊക്കെ ചോദിച്ചു ദീദി എല്ലാത്തിനെയും വിരട്ടുന്നുണ്ട്. അതിനിടയിലാണ് ജസ്പ്രീതിന്റെ കണ്ണുകള്‍ എന്റെ മേല്‍ പതിഞ്ഞത്. വല്ലാത്തൊരു നിലവിളിയോടെ അവള്‍ പിടഞ്ഞെണീറ്റു. അതോടെ എല്ലാവരുടെയും നോട്ടം എന്റെ മേലായി. ദീദി കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അനു കഴിയുന്നത്ര ദയനീയമായി ദീദിയോടു ഞങ്ങള്‍ക്ക് സര്‍ദാര്‍ജി രാത്രിയില്‍ ടിഫ്ഫിന്‍ കൊണ്ട് തന്നില്ലെന്നും വിശപ്പ്‌ സഹിക്കാഞ്ഞു ഞാന്‍ മാഗി ചോദിയ്ക്കാന്‍ മുകളില്‍ വന്നതായിരുന്നു എന്നും പറഞ്ഞു. കൂട്ടച്ചിരിക്കിടയില്‍ ദീദിയുടെ ദേഷ്യം അലിഞ്ഞുപോയി. പിന്നെ എല്ലാവരോടും അവരവരുടെ മുറികളിലേക്ക് പോവാന്‍ പറഞ്ഞിട്ട് ദീദി പോയി.

ഞങ്ങളും താഴേക്ക്‌ പോന്നു. ഞാനും അനുവും ചിരിയോടു ചിരി. അല്പം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. തുറന്നപ്പോള്‍ ദീദി ഒരു പ്ലേറ്റില്‍ മിക്സ്ച്ചറും, ബിസ്കറ്റും ആപ്പിളും കൊണ്ട് വന്നതാണ്‌. ടിഫിന്‍ വന്നില്ലെന്ന് നേരത്തെ അവരോടു പറയാഞ്ഞതിനു വഴക്കും പറഞ്ഞു .

ജസ്പ്രീതിന്റെ ലൈഫില്‍ ആ സംഭവത്തിന്‌ എന്ത് മാത്രം പ്രാധാന്യമുണ്ടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് വിവാഹശേഷം ആദ്യമായി അവള്‍ ഹോസ്റ്റലില്‍ വന്നപ്പോഴാണ്. എല്ലാവരും അവരെ കാണാന്‍ വന്നപ്പോള്‍ അവളുടെ ഭര്‍ത്താവു ചോദിച്ചു " ഇവരിലാരാണ് അന്ന് നിന്നെ പേടിപ്പിച്ച ഭൂത്".

15 comments:

Unknown said...

ഓജോ ബോർഡിനെകുറിച്ച് നല്ലൊരുനുഭവം.അധികവും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ലേഡീസ് ഹോസ്റ്റ്ലുകളിൽ തന്നെയാണ്

Anil cheleri kumaran said...

പാവം ജസ് ‘പ്രേത്‘.... ഹഹഹ....
രസായിട്ടുണ്ട്.

nadakakkaran said...

ഓജോ ബോര്‍ഡിനെ കുറിച്ച് എന്റെ ഒരു പോസ്റ്റുണ്ട്..ഒന്നു നോക്കണേ.....ഇത്രയില്ലെങ്കിലും എനിക്കും അതൊരു അനുഭവമായിരുന്നു

താരകൻ said...

രസകരമായി എഴുതിയിരിക്കുന്നു..ആശംസകൾ

ശ്രീനന്ദ said...

അനൂപ്‌ - വന്നതിനും വായിച്ചതിനും നന്ദി.

കുമാരന്‍ - പാവം അവളെ ഞങ്ങള്‍ "പ്രീത്" എന്നായിരുന്നു വിളിച്ചിരുന്നത്‌.

നാടകക്കാരന്‍ - പോസ്റ്റ്‌ കണ്ടിരുന്നു. അങ്ങനെയാണ് ഈ സംഭവം ഓര്‍ത്തത്‌ തന്നെ.

താരകന്‍ - കമന്റിനു നന്ദി.

Ashly said...

ha..ha..haa..nice !!!

പാര്‍ത്ഥന്‍ said...

നമുക്ക് (ആണുങ്ങൾക്ക്) പ്രേതങ്ങളെ വിളിച്ചു വരുത്താൻ പറ്റിയ ഓജോ ബോഡ് കിട്ടാനുണ്ടോ ?

ശ്രീ said...

ഹ ഹ. അങ്ങനെ ഒരു പാവത്തിനെ വെറുതേ പേടിപ്പിച്ചു ല്ലേ ചേച്ചീ :)

ഭൂതത്താന്‍ said...

;)




'SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Typist | എഴുത്തുകാരി said...

ഞാനും വിചാരിച്ചു ഇനിയിപ്പോ ശരിക്കും ഭൂതം വന്നോ എന്നു്.

രഘുനാഥന്‍ said...

പാവം ജസ്പ്രീത്‌....അവള്‍ പേടിച്ചു ബോധം കെട്ടതല്ലേയുള്ളൂ? ഞാനായിരുന്നെങ്കില്‍ തട്ടിപ്പോയേനെ ...

ശ്രീനന്ദ said...

ക്യാപ്റ്റന്‍ - വന്നതിനും വായിച്ചതിനും നന്ദി
പാര്‍ഥന്‍ - ഓജോ ബോര്‍ഡ് എല്ലാവര്ക്കും ഉപയോഗിക്കാം. ഇതില്‍ സത്യം എന്തുമാത്രമുണ്ടെന്ന് അറിയില്ല.
ശ്രീ - നന്ദി. ഞാന്‍ ആ ഹോസ്റ്റലില്‍ നിന്നും പോരുന്നതുവരെ ഇതും പറഞ്ഞു എല്ലാരും കളിയാക്കുമായിരുന്നു.
എഴുത്തുകാരി ചേച്ചി - കണ്ണാടിയില്‍ എന്റെ രൂപം കാണുന്നതുവരെ അങ്ങനെ തന്നെയാണ് ഞാനും വിചാരിച്ചത്.
ഭൂതത്താന്‍ - നന്ദി
രഘുനാഥ്ജി - നന്ദി. പിന്നെ ആ പാവം അന്ന് ആദ്യമായിട്ടായിരുന്നു ഓജോ ബോര്‍ഡിനു മുന്നില്‍ പോയിരുന്നത്. നാണയം അനങ്ങി എന്ന് ആരോ പറഞ്ഞത് കേട്ട് പേടിച്ചു സ്വന്തം റൂമിലേക്ക്‌ പോയതായിരുന്നു. അപ്പോളാണ് ഞാന്‍ .....

കണ്ണനുണ്ണി said...

ഹഹ അങ്ങനെ ഒരു കുട്ടി ഭൂതത്തിനെ കൂടെ കണ്ടു

Sabu Kottotty said...

ബൂലോകത്ത് ആദ്യമായാണ് ഒരു ഭൂതത്തിന്റെ ബ്ലോഗ് വയിയ്ക്കുന്നത്.....

Unknown said...

ഭൂതത്തിന്റെ കഥ കൊള്ളാം
ആശംസകള്‍