എന്റെ കുട്ടിക്കാലത്ത് വീട്ടിലെ ഒരേയൊരു പെറ്റ് എന്നെക്കാളും നാലു വയസ്സിനിളയ അനിയത്തി മാത്രമായിരുന്നു. അത് കുറച്ചൊന്നുമല്ല എന്നെ കുശുമ്പു പിടിപ്പിചിട്ടുള്ളത്. പട്ടിയേം പൂച്ചയേം ഒന്നും വളര്‍ത്താന്‍ അമ്മൂമ്മക്ക് ഇഷ്ടമല്ല. അതുങ്ങള് കടിക്കും, മാന്തും, പിന്നെ വീട്ടിലൊക്കെ രോമം പൊഴിഞ്ഞു വീണു അസുഖങ്ങളുണ്ടാകും എന്നൊക്കെയായിരുന്നു (അ)ന്യായങ്ങള്‍. പൂച്ചയെ എനിക്കും ഇഷ്ടമല്ല, കുഞ്ഞിലെ ഒരു പൂച്ച കടിച്ചിട്ട് എത്ര ഇന്ജെക്ഷനാ കിട്ടിയത്!! ആ കദനകഥ പിന്നെ ഒരു പോസ്റ്റാക്കാം.
പട്ടിക്കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. തരം കിട്ടിയാല്‍ അതുങ്ങളെ തൊടുകയും എടുക്കുകയും ഒക്കെ ചെയ്യും. ഞങ്ങള്‍ പാല് വാങ്ങിച്ചോണ്ടിരുന്ന വീട്ടിലെ ചെല്ലമ്മച്ചേയിയാണ് വീട്ടില്‍ ഒരു പട്ടിയെ വളര്‍ത്തുക എന്ന വിപ്ലവാത്മക ചിന്ത എന്റെ കുഞ്ഞുമനസ്സില്‍ പാകിയത്.
അവരുടെ വീട്ടിലെ പട്ടിക്കു ആയിടെ നാലഞ്ചു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ രാവിലെ പാല് വാങ്ങിക്കാന്‍ പോവുമ്പോള്‍ അതിനെ എടുക്കുകയും ഓമനിക്കുകയും ഒക്കെചെയ്യും. ഇച്ചേയിയും കൊച്ചാട്ടനും കൂടെ ഈ നാലഞ്ചെണ്ണത്തിനെ എങ്ങനെ ഒഴിവാക്കും എന്ന് തലപുകച്ചിരിക്കുമ്പോഴാണ് ദൈവദൂതികയെപ്പോലെ ഞാന്‍ അവതരിച്ചത്.
"മോള്‍ക്ക് ഒരു പട്ടിക്കുഞ്ഞിനെ തരട്ടേ" എന്ന് ഇച്ചേയി ചോദിച്ചപ്പോള്‍ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കണ്ണുവിരിയാത്ത പട്ടിക്കുഞ്ഞുങ്ങള്‍ക്കെല്ലാത്തിനും നല്ല ഓമനത്തമായിരുന്നു, അവയില്‍ നിന്നും തവിട്ടു നിറമുള്ള ഒരു കുട്ടിക്കുറുമ്പനെ ഞാന്‍ അഡോപ്റ്റ് ചെയ്തു.
ഒരു കയ്യില്‍ പാല്‍ക്കുപ്പിയും മറ്റേ കയ്യില്‍ പട്ടിക്കുഞ്ഞുമായി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വീട്ടിലെല്ലാരും ആദ്യം ഞെട്ടി, പിന്നെ പൊട്ടിത്തെറിച്ചു.
"തിരിച്ചു കൊണ്ടെ കൊടുത്തിട്ട് വാടീ ഈ അശ്രീകരത്തിനെ". അമ്മൂമ്മ കലിതുള്ളി. പിന്തുണ പ്രഖ്യാപിച്ചു അച്ഛനും അമ്മയും. അനിയത്തി മാത്രം എന്റെ അടുത്ത് വന്നിരുന്നു കൌതുകത്തോടെ അതിനെ നോക്കി.
പ്രശ്നം ഇത്രേം ഗുരുതരമാവുമെന്നു ഞാന്‍ കരുതിയതല്ല. പട്ടിക്കുട്ടിയെ തിരിച്ചു കൊടുക്കണമെന്ന സങ്കടത്തെക്കാളുപരി അതുകൊണ്ടുണ്ടാവാന്‍ പോവുന്ന മാനഹാനിയാണ് ആ മൂനാം ക്ലാസ്സുകാരിക്ക് കൂടുതല്‍ ഫീല്‍ ചെയ്തത്. എങ്ങനെ ഞാന്‍ ഇച്ചെയിയുടെ മുഖത്ത് നോക്കും!
ആ സങ്കടം ഒരു നിലവിളിയായത് പെട്ടെന്നായിരുന്നു. സൈറണ്‍ കേട്ട് അയല്‍വക്കക്കാര്‍വരെ ഓടിവന്നു. പട്ടിയെ തിരിച്ചു കൊടുക്കില്ലെന്ന നിലപാടില്‍തന്നെ ഞാന്‍ ഉറച്ചുനിന്നു. അവസാനം അച്ഛന് അമ്മൂമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു പട്ടിക്കുട്ടിയെയും എന്നെയും അകത്തു കേറ്റി.
പഴയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കീറിയ ബെഡ് ഷീറ്റ് നന്നായി മടക്കിയിട്ടു പട്ടിക്കുഞ്ഞിനു ബെഡ് റൂം തയ്യാറാക്കി. അമ്മ അടുക്കളയിലെഒരു ചെറിയ പാത്രവും കുറച്ചു പാലും അതിനു കുടിക്കാന്‍ തന്നു. ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ് നിറയെ പട്ടിക്കുഞ്ഞാണ്. സ്കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. അമ്മയുടെ വക വഴക്കാനെങ്കില്‍ ഇഷ്ടംപോലെ. ഞാന്‍ സ്കൂളില്‍ പോയാല്‍ പിന്നെ അതിന്റെ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ഒക്കെ വൃത്തിയാക്കുന്നത് അമ്മയാണല്ലോ. അതിന്റെ 'കീ കീ' ന്നുള്ള കരച്ചില് വേറെ, പോരാത്തതിനു പട്ടിക്കുഞ്ഞിനെ കളിപ്പിചോണ്ടിരുന്നു പഠിത്തം ഉഴപ്പുന്നു എന്ന പരാതിയും.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് വീട്ടിലെല്ലാം ഓടി നടക്കാന്‍ തുടങ്ങി. അപ്പോള്‍ പട്ടി പൂജാമുറിയില്‍ കേറുന്നു, കിച്ചണില്‍ കേറുന്നു എന്നൊക്കെ പറഞ്ഞു അമ്മൂമ്മ ഭയങ്കര ബഹളം. ഇതൊക്കെ കേട്ടിട്ടും ഞാനും ടോമിയും മാത്രം കുലുങ്ങിയില്ല.
തനി കണ്ട്രിയായ അച്ഛനും അമ്മയ്ക്കും ജനിച്ച അവന് അതിലും കണ്ട്രിയായത് പല്ല് മുളച്ചു തുടങ്ങിയതോടെയാണ്. എന്നെ മാത്രം നോവിക്കാതെ വളരെ സോഫ്റ്റായി പല്ല് കൊണ്ടുരക്കും. ബാക്കിയെല്ലാര്‍ക്കും നല്ല കടി കിട്ടി തുടങ്ങിയതോടെ ടോമിയുടെ ഭാവി അവതാളത്തിലായി. കോഴിയെയൊക്കെ കുരച്ചോടിക്കാന്‍ തുടങ്ങിയതോടെ അവന്റെ ഇമേജിനല്‍പം മാറ്റം വന്നതായിരുന്നു. വീട്ടിലുള്ളവരെയും വരുന്നവരെയും കടിക്കാന്‍ തുടങ്ങിയതോടെ എനിക്കും ടോമിക്കും എതിരെ ചില കരുനീക്കങ്ങളൊക്കെ നടന്നത് ഞാന്‍ അറിഞ്ഞപ്പോഴേക്കും
വൈകിപ്പോയിരുന്നു. ഒരു ദിവസം വൈകിട്ട് സ്കൂള്‍ വിട്ടു വന്നപ്പോള്‍ എന്റെ ടോമി വീട്ടിലില്ല. അവനെ ആര്‍ക്കോ കൊടുത്തുപോലും!
എന്റെ കരച്ചില് നിര്‍ത്താന്‍ അച്ഛന് നേരത്തെ ഒരു പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. "നിന്റെ ടോമി വെറും നാടന്‍ പട്ടിയല്ലേ. ജോണി അങ്കിളിന്റെ വീട്ടിലെ പട്ടി പ്രസവിക്കുമ്പോള്‍ അതിലൊരെണ്ണത്തിനെ നമുക്ക് വാങ്ങാം. " അച്ഛന്റെ സുഹൃത്താണ് ജോണിയങ്കിള്‍. നല്ലയിനം പട്ടിയാണ് അവരുടേത്, എന്നാലും എനിക്കെന്റെ ടോമിയെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റില്ലായിരുന്നു.എന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്നത് കൊണ്ട് അവനെ ആര്‍ക്കാണ് കൊടുത്തതെന്നു പോലും വീട്ടിലാരും പറഞ്ഞു തന്നില്ല.
അച്ഛന് എന്നെ തല്‍ക്കാലത്തേക്ക് ഒന്ന് ഒതുക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു അങ്കിളിന്റെ വീട്ടില്‍നിന്നു പട്ടിക്കുഞ്ഞിനെ വാങ്ങിത്തരാമെന്ന്. അതൊരു കുരിശായത് രാവിലെയും വൈകിട്ടും ഞാന്‍ ജോണിയങ്കിളിന്റെ വീട്ടില്‍ചെന്നു "പട്ടി പ്രസവിച്ചോ" എന്ന് കുശലം ചോദിക്കാന്‍ തുടങ്ങിയതോടെയാണ്. അങ്കിളും ആന്റിയും എന്തിനു പട്ടി വരെ "ഇതൊരു കോടാലിയായല്ലോ" എന്ന് വിചാരിക്കാന്‍ തുടങ്ങി. അധികം വൈകാതെ അവരുടെ പട്ടി പെറ്റു. ഒരാഴ്ച തികയും മുന്‍പേ അങ്കിളൊരു പട്ടിക്കുഞ്ഞിനെ എനിക്ക് കൊണ്ട് തന്നു, കറുത്തവാവ് പോലെ ഒരു കറുമ്പന്. ഇപ്പോള്‍ വെട്ടിലായത് അച്ഛനാണ്. അമ്മയും അമ്മൂമ്മയും പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും അച്ഛന് പിന്മാറാന് കഴിഞ്ഞില്ല.
ആ പട്ടിക്കുഞ്ഞിനെയും ഞാന്‍ ടോമിയെന്നു വിളിച്ചു. പെട്ടെന്ന് തന്നെ അവന് വീട്ടില്‍ എല്ലാവരുടെയും ഓമനയായി മാറി. ആരെയും കടിക്കില്ല, പുറത്തു നിന്നാരെങ്കിലും വന്നാല്‍ തന്നെ കുരച്ച് ഓടിക്കുകയെയുള്ളൂ. അമ്മൂമ്മ നിശ്ചയച്ചിരിക്കുന്ന അതിര്‍വരമ്പുകള്‍ അവനു മനപാഠം. അമ്മൂമ്മക്ക് പോലും അവനെ ജീവനായി. പുള്ളിക്ക് ചോറിനെക്കാളൊക്കെ പ്രിയം കാപ്പിയും, ചായയും ബേക്കറി പലഹാരങ്ങളുമായിരുന്നു. ഭീമാകാരരൂപവും കരിപോലത്തെ
നിറവും കൊണ്ട് തന്നെ ആളുകള്‍അവനെ ഭയപ്പെട്ടിരുന്നു. എത്രയോ വര്‍ഷങ്ങള്‍ അവന് ഞങ്ങള്‍ക്കൊപ്പം ജീവിച്ചു. ഇന്നും സ്നേഹം നിറഞ്ഞ ഓര്‍മ്മയാണ് അവന്.
ഇതിനൊരു സെക്കന്റ് ക്ലൈമാക്സുണ്ട്. ആദ്യത്തെ ടോമി നാലഞ്ച് മാസം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളല്ലോ. അതിനു ശേഷം ഏതാണ്ട് രണ്ടു വര്‍ഷം കഴിഞ്ഞു കാണും. അമ്മൂമ്മയ്ക്ക് മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ തിങ്കളാഴ്ചത്തെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം അമ്മയെന്നോട് രാജുച്ചായന്റെ വീട്ടില്‍ പിറ്റേന്ന് രാവിലെ ടാക്സിയുമായി വരണമെന്ന് പറയാന്‍ പറഞ്ഞു. കൂട്ടത്തില്‍ അവിടൊരു കടിയന്‍ പട്ടിയുണ്ടെന്നും പടിക്കല്‍നിന്നു വിളിച്ചിട്ടേ അങ്ങോട്ട് കയറാവൂന്നും പ്രത്യേകം പറഞ്ഞു. പക്ഷെ തുള്ളിച്ചാടി ഓടിപ്പോയ കൂട്ടത്തില്‍ ഞാന്‍ അതങ്ങ് മറന്നുപോയി.
നേരെ വീടിന്റെ മുറ്റത്ത് ചെന്ന് "രാജുച്ചായോ, രാജുച്ചായോ"ന്നു നീട്ടി വിളിച്ചതും വീട്ടുകാരെക്കാളും മുന്‍പേ ഒരു പട്ടി പ്രത്യക്ഷപ്പെട്ടു. അപകടം മണത്ത ഞാന്‍ റോഡിലേക്കോടി, പട്ടി പുറകെയും. പിന്നാലെ രാജുച്ചായന് ഓടിവരുന്നുണ്ടായിരുന്നു. വഴിയിലെ ഒരു കല്ലില്‍ തട്ടി വീണ എന്റെ മേലേക്ക് പട്ടി ചാടി വീണു. പലരും അത് കണ്ട് ഓടിവന്നു. എന്നെ ഉരുട്ടിയിട്ട് കടിക്കുകയാണ് എന്നാണ് എല്ലാവരും കരുതിയത്. എന്റെ ദേഹത്തേക്ക് ചാടിക്കയറിയ പട്ടി പക്ഷെ എന്റെ ദേഹമാസകലം നക്കിതുടയ്ക്കുകയായിരുന്നു. അവന് എന്റെ പഴയ ടോമിയായിരുന്നുവെന്നു തിരിച്ചറിയാന്‍ അല്പം സമയമെടുത്തു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് പലരുടെ കൈമറിഞ്ഞ അവന് ഒടുവില്‍ എത്തിപ്പെട്ടത് രാജുച്ചായന്റെ വീട്ടിലായിരുന്നു. ഞാന്‍ തിരിച്ചറിഞ്ഞില്ലെങ്കിലും എന്നെ തിരിച്ചറിയാന്‍ അവനു നിമിഷങ്ങള്‍ പോലുമെടുത്തില്ല. അങ്ങനെ നാട്ടുകാര്‍ക്ക് പറയാന്‍ കുറച്ച് ദിവസത്തെ വിഷയമായി ഞാനും എന്റെ ടോമിയും.
5 comments:
ഈ പോസ്റ്റിട്ടത് പട്ടി വായിച്ചോ?.കണ്ടാൽ കടി ഒറപ്പ്. എനിക്കും കടിക്കണമെന്നു തോന്നുന്നു. പക്ഷേ പറ്റുന്നില്ലല്ലോ.അതു കൊണ്ട് തൽക്കാലം ഇതു പിടിച്ചോ..........ഭൌ.....ഭൌ....
(കൊർച്ചൂടി നല്ല പോസ്റ്റിടണേ....
സ്നേഹ പൂർവ്വം വിധു
ആമ്പൽ പൊയ്കയിൽ രണ്ടു ടോമികൾ... വിധു പറഞ്ഞപോലെ.. ഭൗ...ഭൗ....ഭൗ....
അല്ല . ഇതിനെന്താ ഒരു കുഴപ്പം! എനിക്കിഷ്ടപ്പെട്ടു .
രസകരം.
എനിക്കുമുണ്ട് പട്ടിപുരാണവും, പൂച്ചപുരാണവും പറയാൻ!
അത് ഇനി കുറച്ചു കഴിഞ്ഞാവാം.
എനികും ഉണ്ടായിരുന്നു ഒരു പട്ടിക്കുട്ടി...കൊച്ചിലെ അതിന്റടുത്തൂന്നു മാറാത്തതിന് ഒത്തിരി ചീത്ത കേട്ടിട്ടുണ്ട്...പാവം അതിനെ ഓർമ്മ വന്നു ഇത് വായിച്ചപ്പൊ...നല്ല രസമുണ്ടായിരുന്നെ വായിക്കാൻ..:)
Post a Comment