മലയാളികള്‍ക്ക് പൊതുവേ ഒരു കുഴപ്പമുണ്ട്, സംഭാഷണത്തിനിടയില്‍ എപ്പോഴും ഇംഗ്ലീഷ്
വാക്കുകള്‍ കടന്നു വരും. ഉത്തരേന്ത്യയില്‍ താമസിക്കുന്ന മലയാളികളാണെങ്കില്‍ മലയാളവും, ഹിന്ദിയും ഇംഗ്ലീഷും ചെര്തിട്ടൊരു അവിയല്‍ 'മന്ദീഷ്' ആണ് സംസാരിക്കുന്നത്. അങ്ങനെ എന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവിനു പറ്റിയ അബദ്ധം പറയാം.
കഴിഞ്ഞ ദിവസം രാത്രി അത്താഴമൊക്കെ കഴിഞ്ഞു ഞങ്ങള്‍ കുടുംബസമേതം ഒന്ന് നടക്കാനിറങ്ങി. ഒരു റൌണ്ട് നടപ്പൊക്കെ കഴിഞ്ഞു ഞങ്ങള്‍ അടുത്ത് തന്നെ താമസിക്കുന്ന ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിലും കയറി. ഉദ്ദേശ്യം മൂന്നാണ്. ഉദയ്പൂരില്‍ അവരുടെ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്, അതിന്റെ പ്രോഗ്രസ്സ് തിരക്കുക. കൂട്ടുകാരിയുടെ അമ്മ നാട്ടില്‍ നിന്നും വന്നിട്ടുണ്ട്, പുള്ളിക്കാരിയെ കാണുക. പിന്നെ അവിടുന്ന് ഒരു ചായ കുടിക്കുക. നല്ല കാറ്റുണ്ടായിരുന്നത് കൊണ്ട് തണുത്തിട്ടുവയ്യായിരുന്നു.
അനിതയുടെ അമ്മ, രാജസ്ഥാനിലെ കൊടുംചൂടും കൊടുംതണുപ്പുമില്ലാത്ത ഒരു വിധം ഡീസന്റായ കാലാവസ്ഥ നോക്കി മോളുടെകൂടെ കുറച്ചു ദിവസം താമസിക്കാന്‍ നാട്ടില്‍ നിന്നും വന്നതാണ്, നല്ല പ്രായവുമുണ്ട് ആളിന്. ഇനി വീടിന്റെ പാല് കാച്ചലൊക്കെ കഴിഞ്ഞേ പോവുന്നുള്ളൂ. മലയാളികളൊക്കെ അവിടെ ചെല്ലുന്നത് ആയമ്മക്ക് വല്യസന്തോഷമാണ് , എന്തെങ്കിലും മിണ്ടുകേം പറയുകേമൊക്കെ ചെയ്യാമല്ലോ. അവര്‍ ആലപ്പുഴക്കാരാണ്. ചെമ്മീന്‍, അമരം സ്റ്റൈലില്‍ ഉള്ള അവരുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
കുറച്ചുനേരം കഥയൊക്കെ പറഞ്ഞിരുന്നിട്ട് അനിത ചായ ഉണ്ടാക്കാന്‍ കിച്ചനിലേക്ക് പോയി, ഞാനും അവളുടെ പുറകെ ചെന്നു. ഞങ്ങള്‍ ചായ എടുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു വളിച്ച മുഖത്തോടെ അമ്മ അങ്ങോട്ട് വന്നു. എന്നിട്ട് അനിതയോടായി ചോദിച്ചു
"ആര്‍ടെ കാര്യാണെടീ ചത്തിട്ടില്ല , ചത്തിട്ടില്ലെന്നൊക്കെ അവന്‍ ഫോണിക്കൂടെ പറേണത്. " ഉദ്ദേശിച്ചത് അനിതയുടെ ഭര്‍ത്താവ് രാജേഷിനെയാണ് .
"ചത്തിട്ടില്ലാന്നോ, അമ്മ വെര്‍തെ ഏതാണ്ട് കേട്ടതിന്റെ കൊഴപ്പമാ". അനിത അത്ര നിസ്സാരമായി പറഞ്ഞത് അമ്മക്കത്ര പിടിച്ചില്ല.
" നീയവനോടോന്നു ചോദിച്ചു നോക്കിയേ, അപ്പഴയറിയാമല്ലോ ഞാന്‍ കേട്ടതിന്റെ കൊഴപ്പമാന്നോന്ന്"
ചായ കൊടുത്തപാടെ അനിത ചോദിച്ചു " നിങ്ങളാരു ചാവണ കാര്യാ ഇപ്പപ്പറഞ്ഞത്"
"ചാവണതോ, ആര് പറഞ്ഞു, എപ്പം പറഞ്ഞു". രാജേഷ് എല്ലാവരെയും മാറിമാറി നോക്കി.
"നീയിപ്പം മൊബൈലില്‍ പറഞ്ഞില്ലേ, ചത്തിട്ടില്ല ചത്തിട്ടില്ല ഇനീം സമയമെടുക്കുമെന്ന്" അമ്മ തറപ്പിച്ചു പറഞ്ഞത് കേട്ട് രാജേഷും ചേട്ടനും പൊട്ടിച്ചിരിച്ചു.
സംഭവം ഇങ്ങനെ. വീട് പണിയുടെ പുരോഗതിയെപ്പറ്റി അന്വേഷിക്കാന്‍ ആരോ പരിചയക്കാര്‍ രാജേഷിനു ഫോണ്‍ ചെയ്തതായിരുന്നു. छत അഥവാ മേല്‍ക്കൂര ഇട്ടോയെന്ന ചോദ്യത്തിന് छत ഇട്ടില്ല ഇനിയും സമയമെടുക്കും എന്ന് പറഞ്ഞതാണ് ചത്തിട്ടില്ല എന്ന് അമ്മ കേട്ടത്. കാര്യങ്ങള്‍ വിശദീകരിച്ചിട്ടും 'ഇല്ല, അത് എന്നെത്തന്നെ, എന്നെ മാത്രം ഉദേശിച്ചു" പറഞ്ഞതാനെന്നൊരു മുഖഭാവം അവരുടെ മുഖത്ത് കാണാമായിരുന്നു.
കുടുംബകലഹം ഉണ്ടാവാനുള്ള ഓരോരോ വഴികളേയ്... !!
12 comments:
well
very well!
ഹ ഹ . അത് കൊള്ളാം..
കൊള്ളാം!
അത് കലക്കി
കുടുംബകലഹം ഉണ്ടാവാനുള്ള ഓരോരോ വഴികളേയ്... !!
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി
kollaam
എന്റമ്മോ ആ അമ്മച്ചിയെ വെറുതേ പേടിപ്പിച്ചു അല്ലെ?:)
പാവ അമ്മച്ചീന്റെ മുഖത്ത് നോക്കി അങ്ങനെ പറയണ്ടായിരുന്നു..
assalayi........ aashamsakal.......
Post a Comment