കുറേനേരമായി ഉണര്‍ന്നു കിടക്കുകയായിരുന്നെങ്കിലും കിടക്ക വിട്ടെഴുന്നെല്‍ക്കാന്‍ അയാളുടെ മനസ്സനുവദിച്ചില്ല. സുഖകരമായോരാലസ്യം. ഇന്നലെ മൂത്തമകളുടെ വിവാഹമായിരുന്നു. പ്രാര്‍ത്ഥനപോലെ എല്ലാം മംഗളമായി നടന്നു. അവള്‍ക്കനുയോജ്യനായ ഒരു വരനെ തന്നെ കിട്ടി. കഴിഞ്ഞ കുറെ ദിവസങ്ങളായി വിവാഹത്തോടനുബന്ധിച്ചുള്ള തിരക്കുകകളായിരുന്നു. ഒരച്ഛന്റെ ഏറ്റവും വലിയ ചുമതല നിറവേറ്റിയതിന്റെ ചാരിതാര്‍ത്ഥ്യം അയാളില്‍ നിറഞ്ഞു നിന്നു. ഇനിയും കിടന്നാല്‍ ശരിയാവില്ല. അമ്പലത്തില്‍ നിന്നും സുപ്രഭാത കീര്‍ത്തനങ്ങള്‍ ഒഴുകി വരുന്നുണ്ടായിരുന്നു. വീട്ടില്‍ മറ്റെല്ലാവരും ഉറക്കമാണ്.
ആരെയും ശല്ല്യപ്പെടുത്താതെ അയാള്‍ പുറത്തിറങ്ങി. സിട്ടൌട്ടിനു താഴെ ചരല്‍ വിരിച്ച മുറ്റത്ത് പത്രം വീണു കിടപ്പുണ്ട്. പുലര്‍ച്ചയ്ക്ക് പെയ്ത ചെറിയമഴയില്‍ അത് അവിടവിടെ നനഞ്ഞിട്ടുണ്ട്.പത്രക്കാരന്‍ പയ്യനോട് നൂറാവര്‍ത്തി പറഞ്ഞാലും ഗേറ്റിലുള്ള ബോക്സില്‍ പത്രം വയ്ക്കില്ല. സിറ്റൌട്ടിലെ ചാരുകസേരയിലിരുന്നു പത്രം നിവര്‍ത്തിയപ്പോള്‍ ആദ്യം തന്നെ കണ്ണുകള്‍ ഉടക്കിയത് ഒരു കൂട്ട ആത്മഹത്യയിലാണ്. അച്ഛനും അമ്മയും പന്ത്രണ്ടും, പത്തും, ഏഴും വയസ്സുള്ള മൂന്നു കുഞ്ഞുങ്ങളും. അമ്മയ്ക്കും മക്കള്‍ക്കും മധുര പലഹാരത്തില്‍ വിഷം കലര്‍ത്തി കൊടുത്തിട്ട് അച്ഛന്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്നു പിഞ്ചോമനകളുടെ മുഖങ്ങള്‍ എന്നത്തേയും പോലെ അന്നും അയാളെ അസ്വസ്ഥനാക്കി. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ കാലം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നും.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേമാരിചൊരിഞ്ഞ ഒരു രാത്രി അയാളുടെ കണ്മുന്‍പില്‍ തെളിഞ്ഞുവന്നു. കച്ചവടം പൊളിഞ്ഞ് കടംകൊണ്ട് മുങ്ങിയ ദിവസങ്ങള്‍. താമസിച്ചിരുന്ന വീടും പറമ്പും ജപ്തിയാവാന്‍ ഏതാനും ദിവസം മാത്രം ബാക്കി. അങ്ങനെയാണ് താനും ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചത്. ആദ്യം തനിയെ മരിക്കാനായിരുന്നു ഉറപ്പിച്ചത്. യൌവനം കടന്നിട്ടില്ലാത്ത ഭാര്യയേയും പന്തണ്ടും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയും തനിച്ചാക്കാന്‍ ഭയം തോന്നി. അവര്‍ക്ക് കുറച്ചു നാള്‍ ആരെങ്കിലുമൊക്കെ അഭയം കൊടുക്കുമായിരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ ബന്ധുക്കള്‍ക്ക് അവരൊരു ഭാരമാകും.അതില്‍ ഭേദം എല്ലാം ഒന്നിച്ചവസാനിപ്പിക്കുന്നതാണ് നന്നെന്ന് തോന്നി.
അന്ന് തിരികെ വന്നത് ഒരുകയറും കീടനാശിനിയും സംഘടിപ്പിച്ചു കൊണ്ടായിരുന്നു. അമ്പലത്തില്‍ നിന്നും ഒരുപട പായസം വാങ്ങി അതില്‍ വിഷം കലര്‍ത്തി. രാത്രിയില്‍ കഞ്ഞി കുടിച്ചു കഴിഞ്ഞു രമയെയും കുട്ടികളെയും കൊണ്ട് പായസം കഴിപ്പിക്കണം. അവര്‍ മരിച്ചുവെന്നുറപ്പായാല്‍ പിന്നെ തന്റെ ഊഴം. അതൊക്കെയായിരുന്നു പ്ലാന്‍. കുട്ടികളുടെ നോട്ട് ബുക്കില്‍ നിന്നും ചീന്തിയെടുത്ത കടലാസില്‍ ആത്മഹത്യാക്കുറിപ്പെഴുതിവച്ചു.
എപ്പോഴാണ് തന്റെ മുന്നൊരുക്കങ്ങള്‍ രമയുടെ കണ്ണില്‍പ്പെട്ടതെന്ന് അറിയില്ല. അല്ലെങ്കിലും ഭാര്യയെന്നാല്‍ തന്റെ കാര്യങ്ങള്‍ നോക്കാനും കുട്ടികളെ വളര്‍ത്താനും ഒക്കെയുള്ള ഒരുപകരണം എന്നതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും കല്പിച്ചു കൊടുത്തിരുന്നില്ല. കുട്ടികളെ തിണ്ണയില്‍ പഠിക്കാനിരുത്തിയിട്ട് അവള്‍ താനിരുന്ന മുറിയില്‍ വന്നു. എല്ലായിടവും ഒന്ന് കണ്ണോടിച്ചു എന്തോ തിരഞ്ഞു. അടച്ചു വച്ചിരുന്ന ബുക്കില്‍ നിന്നും ആത്മഹത്യക്കുറിപ്പെടുത്ത് ഉറക്കെ വായിച്ചു. ജാള്യതയോടെ താന്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. "സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. ആര്‍ക്കും ഇതില്‍ പങ്കില്ല" തന്നെ ഒന്ന് നോക്കിയിട്ട് അവിടെക്കിടന്ന പേനയെടുത്ത് "ഞങ്ങള്‍" എന്നത് വെട്ടി അതിന്റെ മുകളില്‍ "ഞാന്‍" എന്ന് എഴുതി. പിന്നെയത് പഴയത് പോലെ ബുക്കിനുള്ളില്‍ വച്ചു. പായസം പൊതിയോടെയെടുത്തു പുറത്തേക്കെറിഞ്ഞു. എനിട്ട് വളരെ ശാന്തമായി പറഞ്ഞു.
"ചേട്ടന് വേണമെങ്കില്‍ മരിക്കാം. എന്നെയും കുഞ്ഞുങ്ങളെയും വെറുതെ വിട്ടേക്ക്."
ആദ്യത്തെ ഞെട്ടല്‍ ഒന്ന് മാറിയപ്പോള്‍ താന്‍ ശബ്ദമുയര്‍ത്തി " ഞാനില്ലാതായാല്‍ നിന്നെയും പിള്ളാരെയും ആര് നോക്കുമെന്ന് വിചാരിച്ചാ. നിന്റെ വീട്ടുകാര് വരും എന്ന് വിചാരിച്ചാണേല്‍ ചെവിയേല്‍ നുള്ളിക്കോ, മൂന്നുമാസം കഴിഞ്ഞാല്‍ നീയും പിള്ളേരും പെരുവഴിയിലാവും"
അവള്‍ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു "അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു മുറി മാത്രം കിട്ടിയാല്‍ മതിയെനിക്ക്. അടുക്കള പ്പണിക്ക് പോയിട്ടായാലും ഞാന്‍ വളര്‍ത്തിക്കോളാം എന്റെ കുഞ്ഞുങ്ങളെ. അതുങ്ങളെ ഇല്ലാതാക്കാന്‍ എനിക്ക് ജീവനുള്ള കാലം സമ്മതിക്കില്ല ഞാന്‍." പോരുകൊഴിയുടെ ശൌര്യം അവളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. ഇന്നുവരെ നേര്‍ക്ക്‌നേര്‍ നിന്ന് സംസാരിച്ചിട്ടു പോലുമില്ല ഇവള്‍.
"അങ്ങനെ നാണംകെട്ട് എന്തിനാടീ ജീവിക്കുന്നത്. ഇന്നുവരെ പലചരക്ക് കട മുതലാളിയുടെ ഭാര്യയായിരുന്നു നീ. നിന്നെ ആര് വിളിക്കും പുറം പണിക്ക്. ഒന്നോര്‍ത്തു നോക്ക് വല്ലവന്റേം അടുക്കളേലെ പണീം കഴിഞ്ഞു അവിടുന്ന് കിട്ടുന്ന എച്ചിലുമായിട്ട് വല്ല ചെറ്റപ്പുരേലും കിടക്കുന്നത്." താന്‍ അവളുടെ ആത്മാഭിമാനത്തെ വെല്ലുവിളിച്ചു. ഒരു ഫലവും ഉണ്ടായില്ല.
"അങ്ങനെയും ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട് ഭൂമിയില്‍. പിന്നെ നിങ്ങള്‍ പറയുന്ന കട മുതലാളിയുടെ അന്തസ് എന്താണ്. നല്ല രീതിയില്‍ നടന്നിരുന്ന കച്ചവടം കുളംതോണ്ടിപ്പോയതെങ്ങനെയാണ് . നിങ്ങള്‍ കുടിച്ചു കുടിച്ചു സര്‍വ്വതും നശിപ്പിച്ചതിന് ഞാനും കുഞ്ഞുങ്ങളും എന്ത് പിഴച്ചു. ഒരു കള്ളുകുടിയന്റെ ഭാര്യ എന്നതിനേക്കാള്‍ കൂടുതല്‍ അപമാനമോന്നും അടുക്കളപ്പണിക്ക് പോയാലും വരാനില്ല. അതുകൊണ്ട് ഞങ്ങളെ ഒഴിവാക്കിയേക്കൂ" അതും പറഞ്ഞ് അവള്‍ തിരിച്ചു നടന്നു.
പിന്നെയുള്ള കുറച്ചു മണിക്കൂറുകള്‍ ഒരു പുനര്‍ചിന്തനത്തിന്റെതായിരുന്നു. മരിക്കണോ, ജീവിക്കണോ? ഒരു തുലാസിന്റെ ഇരുതട്ടിലും എന്നത് പോലെ മനസ്സ് ആടിയുലഞ്ഞു. ഒരു കാര്യം മനസ്സിലായി. മരിക്കാന്‍ പ്രേരിപ്പിക്കുന്നത് രമ പറഞ്ഞത് പോലെ തന്റെ ദുരഭിമാനം ആണ്. അല്ലാതെ ജീവിതത്തോടുള്ള ആര്‍ത്തി തീര്‍ന്നതല്ല. വേണമെങ്കില്‍ അവള്‍ പറഞ്ഞത് പോലെ ഒന്നുകൂടി ശ്രമിക്കാനുള്ളതേയുള്ളൂ. ഇനി വീണ്ടും കട മുതലാളിയാവാന്‍ പറ്റും എന്നൊക്കെ സ്വപ്നം കാണാനേ പറ്റൂ. ജീവിതം അതിന്റെ പച്ചയായ യാഥാര്‍ത്യത്തോടെ നേരിട്ടേ പറ്റൂ. എത്രയോ നേര്ച്ച കാഴ്ചകള്‍ക്ക് ശേഷമാണ് ആദ്യത്തെ മകള്‍ ജനിച്ചത്. അങ്ങിനെ ദൈവം തന്ന കുഞ്ഞുങ്ങളെയാണ് വഴിപാടു പായസത്തില്‍ വിഷം ചേര്‍ത്ത് കൊടുത്തു കൊല്ലാന്‍ ശ്രമിച്ചത്. അയാള്‍ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി.
മണിക്കൂറുകള്‍ കടന്നു പോയി. കുട്ടികള്‍ ഉറങ്ങിയെന്നു തോന്നുന്നു. ചീവീടുകളുടെ ശബ്ദം മാത്രം മഴയെ ഭേദിച്ച് കൊണ്ട് ഉയര്‍ന്നു കേള്‍ക്കാം. അല്പം കഴിഞ്ഞു ചാരിയിട്ടിരുന്ന വാതില്‍ തുറന്നു രമ അകത്തു വന്നു. "ആഹാ, ഇതുവരെ തൂങ്ങിയില്ലേ. ഞാന്‍ കതകു തുറന്നതും ഉത്തരത്തെലോട്ടാ നോക്കിയത്. പിള്ളേര് വന്നു ശല്ല്യം ചെയ്യണ്ടാന്ന് കരുതി രണ്ടിനും നേരത്തെ കഞ്ഞി കൊടുത്തു ഉറക്കി. അല്ല, ഇനിയാണേലും സമയമുണ്ട്" അവളുടെ പരിഹാസം കേട്ടില്ലെന്നു നടിച്ചു.
"അതേയ്, എന്റെ ഭര്‍ത്താവു കൂലിപ്പണിക്കാരനാണെന്ന് പറയാന്‍ എനിക്ക് യാതൊരു മാനക്കേടും ഇല്ല. എന്റെ കുട്ടികള്‍ക്കും ഇല്ല. എന്നിട്ടും ആത്മഹത്യ ചെയ്യണമെന്നാണെങ്കില്‍ ആയിക്കോ. പിന്നെ രണ്ടു പെണ്‍കുഞ്ഞുങ്ങളാ. കല്യാണ പ്രായം ആവുമ്പോ തന്ത തൂങ്ങിച്ചത്തതാന്നുള്ള ഒറ്റക്കാരണം കൊണ്ട് വരുന്ന ആലോചനയൊക്കെ മുടങ്ങിപ്പോവുമോന്നുള്ള ഒറ്റപ്പേടിയെ എനിക്കുള്ളൂ. എന്നാലും ദൈവം എവിടേലും വിധിച്ചിട്ടുണ്ടാവും". ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു ആ വാക്കുകള്‍.
മിഥ്യാഭിമാനത്തിന്റെ മുഖംമൂടി തന്നില്‍ നിന്നും ആ രാത്രിയോടെ വേര്‍പെട്ടു. പിന്നെ കുറെവര്‍ഷങ്ങള്‍ കഷ്ടപ്പാടുകള്‍ മാത്രമായിരുന്നു. ഒരു പരിചയക്കാരന്റെ ഒപ്പം മേസ്തിരിപ്പണിക്ക് പോവാന്‍ തുടങ്ങി. അധിക നാളൊന്നും നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസവും സഹതാപവും നീണ്ടു നിന്നില്ല. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ പോയില്ല. ഒറ്റമുറി ചായ്പില്‍ വളരെ കുറഞ്ഞ വാടകക്കായിരുന്നു താമസം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ പഠിച്ചു ക്ലാസ്സില്‍ എന്നും ഒന്നാമതെത്തി. ഉറുമ്പ് കൂട്ടി വയ്ക്കുന്നത് പോലെ ഓരോ രൂപയും രമ കൂട്ടിവച്ചു. ഇല്ലായ്മയില്‍ അവര്‍ ഒരിക്കലും പരാതി പറഞ്ഞില്ല. രമയും തീപ്പെട്ടി കമ്പനിയില്‍ പണിക്കു പോവുന്നുണ്ടായിരുന്നു.
ഒരിക്കല്‍ വൈകുന്നേരത്ത് പണിയും കഴിഞ്ഞു വരുമ്പോള്‍ മദ്യപിക്കാനുള്ള പ്രലോഭനം അടക്കാനായില്ല. അന്ന് വീട്ടിലെത്തിയപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. വാതില്‍ തുറന്നു തന്റെ കോലം കണ്ടപ്പോള്‍ രമ ഒന്ന് പകച്ചു. പിന്നെ ഒരക്ഷരം പറയാതെ അന്ന് തൂങ്ങിമരിക്കാന്‍ വേണ്ടി വാങ്ങിയ കയര്‍ എടുത്തു കൊണ്ട് തന്നിട്ട് പറഞ്ഞു "നിങ്ങളൊക്കെ ഭൂമിക്കു ഭാരമാ". അതില്‍പിന്നെ ഒരിക്കലും മദ്യപിക്കണം എന്ന് തോന്നിയിട്ടില്ല.
മൂത്ത മകള്‍ ബി എസ് സി നഴ്സിംഗ് പഠിച്ചു ജോലിയാവുന്നത് വരെ വാടക വീട്ടിലായിരുന്നു താമസം. അവള്‍ക്കു കാനഡയില്‍ ജോലി കിട്ടിയതോടെ കഷ്ടപ്പാടുകള്‍ക്കു പതിയെ അവസാനമായി. കുടുംബത്തിന്റെ ഭാരം സസന്തോഷം അവള്‍ ചുമലില്‍ എടുത്തു. അല്പം സ്ഥലം വാങ്ങിയതും വീട് വച്ചതും ഒക്കെ അവളുടെ പണം കൊണ്ടാണ്. ഓരോ തവണ അവധിക്കു വരുമ്പോഴും വിവാഹക്കാര്യം പറയുമ്പോള്‍ അവള്‍ ഒഴിഞ്ഞു മാറും.
"സമയമായില്ല അച്ഛാ. ആദ്യം ഒരു വീടുണ്ടാവട്ടെ. എന്റമ്മക്ക് ഇന്നേവരെ ജീവിതത്തില്‍ കഷ്ടപ്പാട് മാത്രമായിരുന്നു. അച്ഛന് പണമുണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും. ആദ്യം നമ്മുടെ ജീവിതം ഒരു കരക്ക് അടുക്കട്ടെ. എന്നിട്ടുമതി എനിക്ക് കല്യാണം."
അവളുടെ ആഗ്രഹം പോലെ ഇപ്പോള്‍ ഒരുവിധം സ്വസ്ഥമാണ് ജീവിതം. ഇന്നലെ അവളുടെ വിവാഹവും കഴിഞ്ഞു. ഈ സന്തോഷങ്ങളൊന്നും കാണാതെ എല്ലാം അവസാനിപ്പിക്കാന്‍ തുടങ്ങിയ മണ്ടത്തരം ഓര്‍ക്കുമ്പോള്‍ ചൂളിപ്പോവും.
"കാപ്പി, ആഹാ ഇതെന്താ ഇരുന്നുറങ്ങുവാണോ". രമയുടെ ശബ്ദം. അവള്‍ മടിയില്‍ നിന്നും പത്രമെടുത്ത് നിവര്‍ത്തി. ആ വാര്‍ത്തയിലൂടെ ഒന്ന് കണ്ണോടിച്ചിട്ടു അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കി. പിന്നെ കുടുംബനാഥന്റെ ഫോട്ടോ തൊട്ടുകാണിച്ചിട്ട് പറഞ്ഞു "മണ്ടന്‍, മരമണ്ടന്‍".
6 comments:
അര്‍ത്ഥവത്തായ കഥ. ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരെല്ലാം ഇതേ പോലെ ഒരു വീണ്ടു വിചാരത്തിനൊരുങ്ങിയിരുന്നെങ്കില്‍...
നന്നായിട്ടുണ്ട്. നല്ല ഒതുക്കവും നല്ല ശൈലിയും.
ഒരു വീണ്ടു വിചാരം ഉണ്ടായിരുന്നെങ്കില്‍...
ഹൃദയസ്പര്‍ശിയായ കഥ.
ആത്മഹത്യ ഭീരുക്കളുടെ വഴിയാണ് .. അത് ഒന്നിനും ഒരു പരിഹാരമല്ല്!
മനസ്സില്‍ എന്തോ ഒരു കത്തല്‍. നന്നായിട്ടുണ്ട്.please visit my blog http://www.shahalb.blogspot.com/
ചില പ്രത്യേക മാനസികാവസ്ഥയില്‍ പെട്ടന്ന് ഉണ്ടാകുന്ന ഒരു തോന്നലിനെതുടര്‍ന്നാണ് മിക്കവാറും ആത്മഹത്യകള്‍ ഉണ്ടാകുന്നത്. കഥയില്‍ രമ മനസ്സിലാക്കിയത് പോലെ, അത് കണ്ടുപിടിക്കാനായാല്‍ അവരെ രക്ഷിക്കാന്‍ നമുക്കാകും. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുരപ്പിച്ചവരില്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ നമുക്ക് (അടുത്തിടപഴുകുന്ന ആള്‍ക്കാര്‍ക്ക്) മനസ്സിലാക്കാനാവും, അങ്ങനെ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും നമുക്ക് സാധിക്കും . പക്ഷെ, പലപ്പോഴും അത് നാം തിരിച്ചറിയുക അവര്‍ ആത്മഹത്യ ചെയ്ത ശേഷം മാത്രമായിരിക്കും..
ശ്രീനന്ദ, നല്ല കഥ.
ഒരു നല്ല സന്ദേശം ഈ കഥ നല്‍കുന്നു...!!
Post a Comment