ചങ്ങനാശ്ശേരിയിലെ പേരമ്മ (അമ്മയുടെ ചേച്ചി) മന്ത്ലി വിസിറ്റിനു ഞങ്ങളുടെ വീട്ടില്‍ വന്ന ദിവസമായിരുന്നു അന്ന്. പേരമ്മ വരുന്നത് എനിക്കും അനിയത്തിക്കും അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. വരുമ്പോള്‍ കൈയില്‍ ഓറഞ്ചും കറുപ്പും നിറമുള്ള പ്ലാസ്റിക് വരിഞ്ഞ ഒരു ബാഗ് കാണും, അതില്‍ നിറയെ ഞങ്ങള്‍ക്ക് തിന്നാനുള്ള സാധനങ്ങളാണ്. അച്ചപ്പവും, കുഴലപ്പവും, മുറുക്കും പിന്നെ ഞങ്ങള്‍ കിളി ബിസ്കെറ്റ് എന്ന് വിളിച്ചിരുന്ന, പക്ഷികളുടെയും മൃഗങ്ങളുടെയും ആകൃതിയുള്ള തീരെചെറിയ ബിസ്കെറ്റും (അത് തീരെ ചെറിയതായത് കൊണ്ട് ഏറെ കാണും) അങ്ങനെ പലതും ഉണ്ടാവും. തിരികെ പോവുമ്പോഴും ആ ബാഗ് ഫുള്ളായിരിക്കും. സീസണ് അനുസരിച്ചുള്ള സാധനങ്ങള്‍ അമ്മയും കൊടുത്തയക്കും.
വേനലവധിക്ക് സ്കൂളടച്ചാല്‍ പിന്നെ വിഷുവിനു പേരമ്മ വരാന്‍ കാത്തിരിക്കും. ചങ്ങനാശ്ശേരിയിലെ അമ്പലത്തില്‍ വിഷുവിനു കൊടികയറി പത്താമുദയത്തിനാണ് ആറാട്ട്. ഞങ്ങളെ രണ്ടുപേരെയും പേരമ്മ കൂടെ കൊണ്ടുപോവും. അവിടെ ചേച്ചിയെയും ചേട്ടന്മാരെയും കൂടാതെ പേരപ്പന്റെ വീട്ടിലെയും കുട്ടികള്‍ വരും ഉത്സവത്തിന്. എല്ലാവരും കൂടി കളിച്ചു തിമിര്‍ത്തു പഴുത്ത മാങ്ങയും ചപ്പി നടക്കുന്ന അവധിക്കാലം. രാത്രി എന്നും അമ്പലത്തില്‍ പരിപാടിയുണ്ടാവും, ബാലെ, നാടകം, ഗാനമേള അങ്ങനെയെന്തെങ്കിലും. അന്നൊക്കെ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വല്ലപ്പോഴുമാണ്. ചങ്ങനാശ്ശേരിയില്‍ ചെന്നാല്‍ ഞങ്ങള്‍ കുട്ടിപ്പട്ടാളത്തിനെയും കൊണ്ട് ഒരുദിവസം സിനിമക്ക് കൊണ്ടുപോവും. തിരികെപ്പോരുമ്പോള്‍ പുത്തന്‍ ഡ്രസ്സ് എടുത്തു തരും, പിന്നെ ഉത്സവത്തിന് വാങ്ങിയ കുപ്പിവളകളും, ചാന്തും, പൊട്ടും ഒക്കെ. ഇതിനെക്കാളൊക്കെ എന്നെ ആകര്‍ഷിച്ചിരുന്നത് വീടിനടുത്തുള്ള ലൈബ്രറിയാണ്. കൂടാതെ പേരപ്പന്റെ കൈയില്‍ ഒരു പുസ്തക ശേഖരം തന്നെയുണ്ട്. പോരുമ്പോള്‍ ഒരുകെട്ട് പുസ്തകങ്ങളും കൊണ്ടാണ് വരുന്നത്. കുട്ടിക്കാലത്ത് ഞങ്ങളോട് ഏറ്റവും ഇഷ്ടം ആരോടാണെന്നു ചോദിച്ചാല്‍ "ചങ്ങനാശ്ശേരിയിലെ പേരമ്മയോട് " എന്ന് പറയാന്‍ ആലോചിക്കേണ്ടി വന്നിട്ടില്ല.
പേരമ്മ വന്നാല്പിന്നെ അമ്മയും അമ്മൂമ്മയും പേരമ്മയും കൂടി അടുക്കളയില്‍ വര്‍ത്തമാനം പറയുന്നിടത്ത് ഞാനും ചെന്ന് കേള്‍ക്കാനിരിക്കും. ഇരു നാട്ടുരാജ്യങ്ങളിലെയും വിലപ്പെട്ട ഇന്ഫോര്‍മെഷന്‍സ് അതായത് മരണം, കല്യാണം, ഒളിച്ചോട്ടം, പിന്നെ ബന്ധുക്കളെക്കുറിച്ച് പരദൂഷണം അങ്ങനെ നാനാതരം കാര്യങ്ങള്‍ പങ്കുവക്കുന്നിടത് എന്നെ കാണുമ്പോള്‍ അമ്മൂമ്മ ഓടിച്ചു വിടും. ”നിന്നോട് പറഞ്ഞിട്ടില്ലേടീ പ്രായമായവര്‍ വര്‍ത്തമാനം പറയുന്നിടത്ത് വന്നു കാതും കൂര്‍പ്പിച്ചു ഇരിക്കല്ലെന്ന്".
അപ്പോള്‍ നമ്മളങ്ങോട്ട് മാറി ഡൈനിംഗ് റൂമില്‍ വന്നു ഒരു പുസ്തകവും നിവര്‍ത്തിപ്പിടിച്ചു ഇരിക്കും. പക്ഷേ ശ്രദ്ധയപ്പോഴും അടുക്കളയില്‍ തന്നെ. ജനറല്‍ നോളെജ് വികസിപ്പിക്കേണ്ടത് നമ്മുടെ ആവശ്യം അല്ലേ.
സാധാരണ പേരമ്മ വന്നാല്‍ പിറ്റേന്ന് രാവിലെയെ തിരികെപ്പോവുകയുള്ളൂ. അന്നെന്തോ തിരക്കുണ്ടായിട്ടു ഉച്ചതിരിഞ്ഞ് പോവുമെന്ന് പറഞ്ഞു. അമ്മ തിരക്കിട്ട് ഉച്ചയൂണ് തയാറാക്കുകയായിരുന്നു. ഇതിനിടയിലാണ് പള്ളിയില്‍ മരണം അറിയിച്ചുകൊണ്ടുള്ള മണികള്‍ മുഴങ്ങിയത്. ഇടവിട്ട് മുഴങ്ങുന്ന ആ മണികള്‍ ഭയം കലര്‍ന്ന ഒരു ജിജ്ഞാസയാണ് എന്നും മനസ്സില്‍ ഉണര്‍ത്തിയിരുന്നത്. രാത്രികളുടെ ഇരുണ്ട നിശബ്ദതയില്‍ ഭയത്തിന്റെ ചിറകു വിരിച്ചു നമ്മുടെ നിദ്രയിലേക്ക് ചേക്കേറാന്‍ മറ്റൊരു പ്രേതാത്മാവ് കൂടി.
അപ്പുറത്തെ ജോയിചേട്ടനാണ് കുട്ടിമാപ്ല മരിച്ചുപോയ വിവരം വന്ന് പറഞ്ഞത്. കുട്ടിമാപ്ലക്ക് പ്രായമേറെയായിരുന്നു, എന്നാലും നല്ല ആരോഗ്യം ഉണ്ടായിരുന്നു. പാടത്തെയും പറമ്പിലെയും പണികളൊക്കെ ചെയ്യുന്നതും ചന്തയില്‍ പോവുന്നതും ഒക്കെ പുള്ളി തന്നെയാണ്. പറമ്പില്‍ കിളച്ചു കൊണ്ടിരിക്കെ ബോധംകെട്ട് വീഴുകയും ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും ആള് മരിച്ചുപോവുകയും ചെയ്തു. അതുവരെ സന്തോഷം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ പെട്ടെന്നൊരു മ്ലാനത പരന്നു. അപ്പൂപ്പനുള്ള കാലം മുതല്ക്കേ കുട്ടിമാപ്ലക്ക് ഞങ്ങളുടെ വീടുമായി അടുപ്പമുണ്ട് . പേരമ്മയും കുട്ടിമാപ്ലയുടെ മകളും കൂട്ടുകാരികളുമായിരുന്നു. അങ്ങനെ ഒരു ദുഃഖവാര്‍ത്തയും കേട്ടാണ് പേരമ്മ മടങ്ങിപ്പോയത്.
പക്ഷെ പേരമ്മ പോയി കുറെ കഴിഞ്ഞപ്പോള്‍ അടുത്ത അനൌണ്സ്മെന്റ് വന്നു, കുട്ടിമാപ്ല മരിച്ചിട്ടില്ല. തട്ടിപ്പോയെന്നു ഡോക്ടര്‍ വിധിയെഴുതിയ കുട്ടിമാപ്ല അല്പം കഴിഞ്ഞപ്പോള്‍ കൂളായി എഴുന്നേറ്റിരുന്നു വെള്ളം ചോദിച്ചു. കപ്യാര് ചാക്കോച്ചായന് അടിച്ച മണികള്‍ എല്ലാം വെയ്സ്റ്റ്. അന്ന് വീട്ടിലെന്നല്ല, ആ നാട്ടില്‍ തന്നെ ഫോണ്‍ ഇല്ല. കത്തെഴുതി അറിയിക്കാനും മാത്രം ദൂരം ചെങ്ങന്നൂരും ചങ്ങനാശ്ശേരിയും തമ്മില്‍ ഇല്ലാത്തതുകൊണ്ട് നേരില്‍ കാണുമ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. ചുരുക്കം പറഞ്ഞാല്‍ കുട്ടിമാപ്ല പുനര്‍ജീവിച്ച വിവരം പേരമ്മ അറിഞ്ഞില്ല. ഞങ്ങളാണെങ്കില് ഒന്ന് രണ്ടു ദിവസം ചര്‍ച്ചചെയ്ത ശേഷം ആ സംഭവം മറവിയുടെ വെയ്സ്റ്റ് ബാസ്കെറ്റില്‍ കളയുകയും ചെയ്തു.
ഒന്ന് രണ്ടു മാസങ്ങള്‍ കഴിഞ്ഞു, പേരമ്മ ഒന്ന് രണ്ടു തവണ വന്ന് പോവുകയും ചെയ്തു, പക്ഷേ കുട്ടിമാപ്ല എന്ന ടോപ്പിക്ക് ഒരിക്കലും ചര്‍ച്ചയില്‍ വന്നില്ല, അതുകൊണ്ട് പേരമ്മയെ സംബന്ധിച്ചിടത്തോളം കുട്ടിമാപ്ല പരേതനായിതന്നെ തുടര്‍ന്നു.
മൂന്നാം തവണ ആ പ്ലാസ്റിക് ബാഗുമായി ചങ്ങനാശ്ശേരിയില്‍ നിന്ന് ലാന്‍ഡ് ചെയ്ത പേരമ്മ വളരെ ദൂരെ നിന്ന് തന്നെ അതുകണ്ടു, ഒരാള്‍ വാഴക്കുലയും തലയില്‍ വച്ച് എതിരെ നടന്നു വരുന്നു. കണ്ടാല്‍ കുട്ടിമാപ്ലയെപ്പോലെ തന്നെയുണ്ട്. ഒരാളെപ്പോലെ ഒന്‍പതു പേരുണ്ടെന്നാണല്ലോ പ്രമാണം. അടുത്തെത്തും തോറും ആ രൂപസാദൃശ്യം പേരമ്മയെ അത്ഭുതപ്പെടുത്തി.
ഇനിയിപ്പോ കുട്ടിമാപ്ലക്ക് വല്ല ട്വിന്‍ ബ്രദര്‍ ഉണ്ടായിരുന്നോ എന്ന് വരെ പേരമ്മ ആലോചിച്ചു. അയാളാണെങ്കില്‍ ദൂരെനിന്നേ നല്ല പരിചയത്തില്‍ ചിരിക്കുന്നുമുണ്ട്. പേരമ്മക്ക് ആധിയായി. ഒരകലം പാലിച്ച് പേരമ്മ ആ കടമ്പ താണ്ടിയേനെ, ഒരുപക്ഷേ അദ്ദേഹം "രാധക്കുഞ്ഞേ, കുട്ടിമാപ്ലെ കണ്ടിട്ടെന്താ അറിയാത്ത ഭാവത്തിലൊരു പോക്ക്" എന്ന ചോദ്യം ചോദിക്കാതിരുന്നെങ്കില്‍. അത് കേട്ടതും പേരമ്മ വിളിച്ചുകൂവിക്കൊണ്ട് ഓടിയതും സെക്കെണ്ടുകള്‍ക്കുള്ളില്‍ കഴിഞ്ഞു.
തന്റെ വീട്ടിലേക്ക് വേലിയും ചവിട്ടിപ്പൊളിച്ചു, കടിക്കുന്ന പട്ടിയെപ്പോലും വകവെക്കാതെ ഓടിക്കേറി വരുന്ന പേരമ്മയെക്കണ്ട് ഇളംതിണ്ണയില്‍ കൊച്ചുവര്‍ത്തമാനവും പറഞ്ഞിരുന്ന മോനച്ചന് -ലീലാമ്മ ദമ്പതികള്‍ അന്തംവിട്ടു അറ്റെന്ഷനായി നിന്നു.
"എന്താ ചേച്ചീ, എന്ത് പറ്റി?" പീഡനം ഇന്നത്തെപ്പോലെ പോപ്പുലര്‍ അല്ലാത്ത കാലമായതുകൊണ്ട് ആ വരവ് കണ്ടപ്പോള്‍ വല്ല പട്ടിയോ പശുവോ ഇട്ടോടിച്ചതായിരിക്കും എന്നാണ് മോനച്ചായന് കരുതിയത്.
"ദാണ്ടവിടെ കുട്ടിമാപ്ല നിക്കുന്നു." താന്‍ വന്ന വഴിയിലേക്ക് വിറച്ചുകൊണ്ട് പേരമ്മ കൈചൂണ്ടി. പ്രേതത്തിനെ എല്ലാര്ക്കും കാണാന്‍ പറ്റുമോ എന്നൊരു നേരിയ സംശയത്തോടെ.
"അതിനെന്താ ചേച്ചീ, അപ്പച്ചന് ഇവിടെക്കേറി വര്‍ത്തമാനമൊക്കെ പറഞ്ഞിരുന്നിട്ട് ഇപ്പഴങ്ങോട്ടിറങ്ങിയതെയുള്ളൂ. ജോണിക്കുട്ടീടെ ചായക്കടെലേക്ക് കുലയും കൊണ്ട് പോവാ"
അത് കേട്ടപ്പോള്‍ പേരമ്മയുടെ മനസ്സില്‍ ഒരേയൊരു കുഞ്ഞു സംശയമേ തോന്നിയുള്ളൂ. 'ദൈവമേ ഞാനെപ്പഴാ ചത്ത് പരലോകത്തെത്തിയത്'. മോനച്ചായന്റെ പശു അമറിയപ്പോള്‍ അത് കാലന്റെ പോത്തിന്റെ അമറിച്ചയാണോന്നുവരെ ആ നിമിഷം പേരമ്മ സംശയിച്ചു. മുറ്റത്ത് കെട്ടിയിരുന്ന ആട്ടിന്‍കുട്ടികള്‍ കോറസ്സായി കരഞ്ഞപ്പോഴാണ് താനിപ്പഴും ഉടലോടെ ഭൂമിയില്‍ തന്നെയുണ്ടെന്ന് പേരമ്മക്ക് മനസ്സിലായത്. സം തിംഗ് ഈസ് റോങ്ങ് സം വെയര്‍ . അത് പുള്ളിക്കാരിക്ക് പിടികിട്ടി , മോനച്ചായനും.
"എന്താ ചേച്ചീ എന്താ കാര്യം?" മോനചായന്‍ വീണ്ടും ചോദിച്ചു.
"അത് പിന്നെ മൂന്നാല് മാസം മുന്‍പ് മരിച്ചുപോയ കുട്ടിമാപ്ല .." പേരമ്മ അര്ധോക്തിയില് നിര്‍ത്തി. ഇപ്പോള്‍, ഇപ്പോള്‍ മോനച്ചായന് എല്ലാം വ്യക്തമായി.
വീട്ടില്‍ വന്നു കയറിയയുടന്‍ അമ്മയോടുള്ള പേരമ്മയുടെ പ്രതികരണം ഇങ്ങനെ "എടീ മഹാപാപീ, സന്ധ്യക്കെങ്ങാനും ആയിരുന്നു ഞാന്‍ അതിയാനെ കണ്ടിരുന്നതെങ്കില്‍ എന്റെ മൂന്നു പിള്ളാര്‍ക്ക് തള്ളയില്ലാതായി തീര്‍ന്നേനെ."
പിറ്റേന്ന് തിരികെ പോവുമ്പോള്‍ എല്ലാമാസവും തരാറുള്ള പോക്കറ്റ്മണി ഒരു രൂപക്കൊപ്പം അമ്പതു പൈസ കൂടി തന്നു. എന്നിട്ട് പറഞ്ഞു "മോള് നാളെ സ്കൂളില്‍ നിന്ന് വരുമ്പം പോസ്റ്റാഫീസില്‍ കേറി രണ്ടു മൂന്നു പോസ്റ്റ്കാര്‍ഡു മേടിക്കണം."
പിന്നെ അമ്മയോട് പറഞ്ഞു "ഇനി ഇങ്ങനത്തെ വല്ല കാര്യവുമുണ്ടെങ്കില്‍ നീ കാര്‍ഡില്‍ രണ്ടുവരി ഒന്നെഴുതി ഇട്ടേക്കണം. വെറുതെ മനുഷ്യനെ തീ തീറ്റിക്കാതെ".
പിന്നെ ആരെങ്കിലും മരിച്ച വിവരം അറിഞ്ഞാല്‍ അടുത്ത വരവിനു പേരമ്മ അത് റീ കണ്‍ഫേം ചെയ്യുന്നതും പതിവാക്കി.
15 comments:
പാവം കുട്ടിമാപ്ലേടെ സ്ഥിതി എന്തായോ ആവോ? എന്തായാലും എഴുത്ത് രസം ഉണ്ട് കേട്ടോ
ഹ ഹ പരേതന് കുട്ടി മാപ്ല യുടെ കഥ കൊള്ളാം
കഥ കൊള്ളാം നന്നായിട്ടുണ്ട് !!
ഹി..ഹി.പോസ്റ്റ് രസിച്ചു..പാവം പേരമ്മയെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?.:)
ഹഹ രസായിട്ടുണ്ട്. പാവം പേരമ്മ.
ഇഷ്ടായി
നല്ല കഥ !
പേരമ്മയും കുട്ടിമാപ്ലയുമൊക്കെയായി രസായി.
വായിക്കാന്‍ തോന്നിക്കുന്ന നല്ലെഴുത്ത്.
കഥ കൊള്ളാം .വായനയ്ക്ക് രസകരം ..
"എടീ മഹാപാപീ, സന്ധ്യക്കെങ്ങാനും ആയിരുന്നു ഞാന്‍ അതിയാനെ കണ്ടിരുന്നതെങ്കില്‍ എന്റെ മൂന്നു പിള്ളാര്‍ക്ക് തള്ളയില്ലാതായി തീര്‍ന്നേനെ"
ചിരിച്ചു കൊണ്ടാണ് ഇത് വായിച്ചു തീര്‍ത്തത്.
നല്ല എഴുത്ത് :)
പാവം കുട്ടിമാപ്ല്..പാവം പാവം പേരമ്മ..എഴുത്ത് രസായിരിക്ക്ണൂ...
വാഴക്കാവരയന് -
രഘുനാഥന് ജി -
വീരു -
റെയര്‍ റോസ് -
കുമാരന് ജി -
ഉമേഷ് -
സിദ്ദിക് -
റാംജി -
വിജയലക്ഷ്മി -
ശ്രീ -
താരകന് ജി -
സോനു -
എല്ലാവര്ക്കും നന്ദി
"അത് കേട്ടപ്പോള്‍ പേരമ്മയുടെ മനസ്സില്‍ ഒരേയൊരു കുഞ്ഞു സംശയമേ തോന്നിയുള്ളൂ. 'ദൈവമേ ഞാനെപ്പഴാ ചത്ത് പരലോകത്തെത്തിയത്'"
ഹ ഹ
അത് അസ്സലായി...ഇഷ്ടപ്പെട്ടു.
നമ്മുക്ക് ചിരിക്കാനുള്ള വക ആയെങ്കിലും പെരംമക്ക് അന്ന് അങ്ങിനെ ആവാന്‍ വഴി കാണില്ല... ;)
ഹാ ഹാ.പാവം പേരമ്മ.
Post a Comment