Thursday, 26 August 2010

പത്രതാളുകളിലൂടെ

ജനുവരി 15 , 2009
ഉയര്‍ന്ന ഉദ്യോഗവും, നല്ലസാമ്പത്തിക ശേഷിയുമുള്ള ഹിന്ദു ----- യുവാവിനു അനുയോജ്യരായ പെണ്‍കുട്ടികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.
-------------------------------------------------------------------------------


ഏപ്രില്‍ 18 , 2009
ഇവര്‍ വിവാഹിതരാകുന്നു.














സെപ്റ്റംബര്‍ 20 , 2009
നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സ്ത്രീധനപീഡനമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍.
------------------------------------------------------------------------------------

നവംബര്‍ 1 , 2009
ഉയര്‍ന്ന ഉദ്യോഗവും, നല്ലസാമ്പത്തിക ശേഷിയുമുള്ള വിഭാര്യനായ ഹിന്ദു ----- യുവാവിനു അനുയോജ്യരായ പെണ്‍കുട്ടികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

Wednesday, 14 July 2010

അമാവാസിയിലെ നക്ഷത്രം

കുറേനേരമായി ഉണര്‍ന്നു കിടക്കുകയായിരുന്നെങ്കിലും കിടക്ക വിട്ടെഴുന്നെല്‍ക്കാന്‍ അയാളുടെ മനസ്സനുവദിച്ചില്ല. സുഖകരമായോരാലസ്യം. ഇന്നലെ മൂത്തമകളുടെ വിവാഹമായിരുന്നു. പ്രാര്‍ത്ഥനപോലെ എല്ലാം മംഗളമായി നടന്നു. അവള്‍ക്കനുയോജ്യനായ ഒരു വരനെ തന്നെ കിട്ടി. കഴിഞ്ഞ കുറെ ദിവസങ്ങളായി വിവാഹത്തോടനുബന്ധിച്ചുള്ള തിരക്കുകകളായിരുന്നു. ഒരച്ഛന്റെ ഏറ്റവും വലിയ ചുമതല നിറവേറ്റിയതിന്റെ ചാരിതാര്‍ത്ഥ്യം അയാളില്‍ നിറഞ്ഞു നിന്നു. ഇനിയും കിടന്നാല്‍ ശരിയാവില്ല. അമ്പലത്തില്‍ നിന്നും സുപ്രഭാത കീര്‍ത്തനങ്ങള്‍ ഒഴുകി വരുന്നുണ്ടായിരുന്നു. വീട്ടില്‍ മറ്റെല്ലാവരും ഉറക്കമാണ്.

ആരെയും ശല്ല്യപ്പെടുത്താതെ അയാള്‍ പുറത്തിറങ്ങി. സിട്ടൌട്ടിനു താഴെ ചരല്‍ വിരിച്ച മുറ്റത്ത്‌ പത്രം വീണു കിടപ്പുണ്ട്. പുലര്‍ച്ചയ്ക്ക് പെയ്ത ചെറിയമഴയില്‍ അത് അവിടവിടെ നനഞ്ഞിട്ടുണ്ട്.പത്രക്കാരന്‍ പയ്യനോട് നൂറാവര്‍ത്തി പറഞ്ഞാലും ഗേറ്റിലുള്ള ബോക്സില്‍ പത്രം വയ്ക്കില്ല. സിറ്റൌട്ടിലെ ചാരുകസേരയിലിരുന്നു പത്രം നിവര്‍ത്തിയപ്പോള്‍ ആദ്യം തന്നെ കണ്ണുകള്‍ ഉടക്കിയത് ഒരു കൂട്ട ആത്മഹത്യയിലാണ്. അച്ഛനും അമ്മയും പന്ത്രണ്ടും, പത്തും, ഏഴും വയസ്സുള്ള മൂന്നു കുഞ്ഞുങ്ങളും. അമ്മയ്ക്കും മക്കള്‍ക്കും മധുര പലഹാരത്തില്‍ വിഷം കലര്‍ത്തി കൊടുത്തിട്ട് അച്ഛന്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്നു പിഞ്ചോമനകളുടെ മുഖങ്ങള്‍ എന്നത്തേയും പോലെ അന്നും അയാളെ അസ്വസ്ഥനാക്കി. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ കാലം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നും.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേമാരിചൊരിഞ്ഞ ഒരു രാത്രി അയാളുടെ കണ്മുന്‍പില്‍ തെളിഞ്ഞുവന്നു. കച്ചവടം പൊളിഞ്ഞ് കടംകൊണ്ട് മുങ്ങിയ ദിവസങ്ങള്‍. താമസിച്ചിരുന്ന വീടും പറമ്പും ജപ്തിയാവാന്‍ ഏതാനും ദിവസം മാത്രം ബാക്കി. അങ്ങനെയാണ് താനും ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ തീരുമാനിച്ചത്. ആദ്യം തനിയെ മരിക്കാനായിരുന്നു ഉറപ്പിച്ചത്. യൌവനം കടന്നിട്ടില്ലാത്ത ഭാര്യയേയും പന്തണ്ടും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയും തനിച്ചാക്കാന്‍ ഭയം തോന്നി. അവര്‍ക്ക് കുറച്ചു നാള്‍ ആരെങ്കിലുമൊക്കെ അഭയം കൊടുക്കുമായിരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ ബന്ധുക്കള്‍ക്ക് അവരൊരു ഭാരമാകും.അതില്‍ ഭേദം എല്ലാം ഒന്നിച്ചവസാനിപ്പിക്കുന്നതാണ് നന്നെന്ന്‌ തോന്നി.

അന്ന് തിരികെ വന്നത് ഒരുകയറും കീടനാശിനിയും സംഘടിപ്പിച്ചു കൊണ്ടായിരുന്നു. അമ്പലത്തില്‍ നിന്നും ഒരുപട പായസം വാങ്ങി അതില്‍ വിഷം കലര്‍ത്തി. രാത്രിയില്‍ കഞ്ഞി കുടിച്ചു കഴിഞ്ഞു രമയെയും കുട്ടികളെയും കൊണ്ട് പായസം കഴിപ്പിക്കണം. അവര്‍ മരിച്ചുവെന്നുറപ്പായാല്‍ പിന്നെ തന്റെ ഊഴം. അതൊക്കെയായിരുന്നു പ്ലാന്‍. കുട്ടികളുടെ നോട്ട് ബുക്കില്‍ നിന്നും ചീന്തിയെടുത്ത കടലാസില്‍ ആത്മഹത്യാക്കുറിപ്പെഴുതിവച്ചു.

എപ്പോഴാണ് തന്റെ മുന്നൊരുക്കങ്ങള്‍ രമയുടെ കണ്ണില്‍പ്പെട്ടതെന്ന് അറിയില്ല. അല്ലെങ്കിലും ഭാര്യയെന്നാല്‍ തന്റെ കാര്യങ്ങള്‍ നോക്കാനും കുട്ടികളെ വളര്‍ത്താനും ഒക്കെയുള്ള ഒരുപകരണം എന്നതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും കല്പിച്ചു കൊടുത്തിരുന്നില്ല. കുട്ടികളെ തിണ്ണയില്‍ പഠിക്കാനിരുത്തിയിട്ട് അവള്‍ താനിരുന്ന മുറിയില്‍ വന്നു. എല്ലായിടവും ഒന്ന് കണ്ണോടിച്ചു എന്തോ തിരഞ്ഞു. അടച്ചു വച്ചിരുന്ന ബുക്കില്‍ നിന്നും ആത്മഹത്യക്കുറിപ്പെടുത്ത് ഉറക്കെ വായിച്ചു. ജാള്യതയോടെ താന്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. "സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. ആര്‍ക്കും ഇതില്‍ പങ്കില്ല" തന്നെ ഒന്ന് നോക്കിയിട്ട് അവിടെക്കിടന്ന പേനയെടുത്ത് "ഞങ്ങള്‍" എന്നത് വെട്ടി അതിന്റെ മുകളില്‍ "ഞാന്‍" എന്ന് എഴുതി. പിന്നെയത് പഴയത് പോലെ ബുക്കിനുള്ളില്‍ വച്ചു. പായസം പൊതിയോടെയെടുത്തു പുറത്തേക്കെറിഞ്ഞു. എനിട്ട്‌ വളരെ ശാന്തമായി പറഞ്ഞു.
"ചേട്ടന് വേണമെങ്കില്‍ മരിക്കാം. എന്നെയും കുഞ്ഞുങ്ങളെയും വെറുതെ വിട്ടേക്ക്."

ആദ്യത്തെ ഞെട്ടല്‍ ഒന്ന് മാറിയപ്പോള്‍ താന്‍ ശബ്ദമുയര്‍ത്തി " ഞാനില്ലാതായാല്‍ നിന്നെയും പിള്ളാരെയും ആര് നോക്കുമെന്ന് വിചാരിച്ചാ. നിന്റെ വീട്ടുകാര് വരും എന്ന് വിചാരിച്ചാണേല്‍ ചെവിയേല്‍ നുള്ളിക്കോ, മൂന്നുമാസം കഴിഞ്ഞാല്‍ നീയും പിള്ളേരും പെരുവഴിയിലാവും"

അവള്‍ക്ക്‌ ഒരു കുലുക്കവും ഇല്ലായിരുന്നു "അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു മുറി മാത്രം കിട്ടിയാല്‍ മതിയെനിക്ക്. അടുക്കള പ്പണിക്ക് പോയിട്ടായാലും ഞാന്‍ വളര്‍ത്തിക്കോളാം എന്റെ കുഞ്ഞുങ്ങളെ. അതുങ്ങളെ ഇല്ലാതാക്കാന്‍ എനിക്ക് ജീവനുള്ള കാലം സമ്മതിക്കില്ല ഞാന്‍." പോരുകൊഴിയുടെ ശൌര്യം അവളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. ഇന്നുവരെ നേര്‍ക്ക്‌നേര്‍ നിന്ന് സംസാരിച്ചിട്ടു പോലുമില്ല ഇവള്‍.

"അങ്ങനെ നാണംകെട്ട് എന്തിനാടീ ജീവിക്കുന്നത്. ഇന്നുവരെ പലചരക്ക് കട മുതലാളിയുടെ ഭാര്യയായിരുന്നു നീ. നിന്നെ ആര് വിളിക്കും പുറം പണിക്ക്‌. ഒന്നോര്‍ത്തു നോക്ക് വല്ലവന്റേം അടുക്കളേലെ പണീം കഴിഞ്ഞു അവിടുന്ന് കിട്ടുന്ന എച്ചിലുമായിട്ട് വല്ല ചെറ്റപ്പുരേലും കിടക്കുന്നത്." താന്‍ അവളുടെ ആത്മാഭിമാനത്തെ വെല്ലുവിളിച്ചു. ഒരു ഫലവും ഉണ്ടായില്ല.

"അങ്ങനെയും ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്‌ ഭൂമിയില്‍. പിന്നെ നിങ്ങള്‍ പറയുന്ന കട മുതലാളിയുടെ അന്തസ് എന്താണ്. നല്ല രീതിയില്‍ നടന്നിരുന്ന കച്ചവടം കുളംതോണ്ടിപ്പോയതെങ്ങനെയാണ് . നിങ്ങള്‍ കുടിച്ചു കുടിച്ചു സര്‍വ്വതും നശിപ്പിച്ചതിന് ഞാനും കുഞ്ഞുങ്ങളും എന്ത് പിഴച്ചു. ഒരു കള്ളുകുടിയന്റെ ഭാര്യ എന്നതിനേക്കാള്‍ കൂടുതല്‍ അപമാനമോന്നും അടുക്കളപ്പണിക്ക് പോയാലും വരാനില്ല. അതുകൊണ്ട് ഞങ്ങളെ ഒഴിവാക്കിയേക്കൂ" അതും പറഞ്ഞ് അവള്‍ തിരിച്ചു നടന്നു.

പിന്നെയുള്ള കുറച്ചു മണിക്കൂറുകള്‍ ഒരു പുനര്‍ചിന്തനത്തിന്റെതായിരുന്നു. മരിക്കണോ, ജീവിക്കണോ? ഒരു തുലാസിന്റെ ഇരുതട്ടിലും എന്നത് പോലെ മനസ്സ് ആടിയുലഞ്ഞു. ഒരു കാര്യം മനസ്സിലായി. മരിക്കാന്‍ പ്രേരിപ്പിക്കുന്നത് രമ പറഞ്ഞത് പോലെ തന്റെ ദുരഭിമാനം ആണ്. അല്ലാതെ ജീവിതത്തോടുള്ള ആര്‍ത്തി തീര്‍ന്നതല്ല. വേണമെങ്കില്‍ അവള്‍ പറഞ്ഞത് പോലെ ഒന്നുകൂടി ശ്രമിക്കാനുള്ളതേയുള്ളൂ. ഇനി വീണ്ടും കട മുതലാളിയാവാന്‍ പറ്റും എന്നൊക്കെ സ്വപ്നം കാണാനേ പറ്റൂ. ജീവിതം അതിന്റെ പച്ചയായ യാഥാര്‍ത്യത്തോടെ നേരിട്ടേ പറ്റൂ. എത്രയോ നേര്ച്ച കാഴ്ചകള്‍ക്ക് ശേഷമാണ് ആദ്യത്തെ മകള്‍ ജനിച്ചത്‌. അങ്ങിനെ ദൈവം തന്ന കുഞ്ഞുങ്ങളെയാണ് വഴിപാടു പായസത്തില്‍ വിഷം ചേര്‍ത്ത് കൊടുത്തു കൊല്ലാന്‍ ശ്രമിച്ചത്. അയാള്‍ക്ക് തന്നോട് തന്നെ വെറുപ്പ്‌ തോന്നി.

മണിക്കൂറുകള്‍ കടന്നു പോയി. കുട്ടികള്‍ ഉറങ്ങിയെന്നു തോന്നുന്നു. ചീവീടുകളുടെ ശബ്ദം മാത്രം മഴയെ ഭേദിച്ച് കൊണ്ട് ഉയര്‍ന്നു കേള്‍ക്കാം. അല്പം കഴിഞ്ഞു ചാരിയിട്ടിരുന്ന വാതില്‍ തുറന്നു രമ അകത്തു വന്നു. "ആഹാ, ഇതുവരെ തൂങ്ങിയില്ലേ. ഞാന്‍ കതകു തുറന്നതും ഉത്തരത്തെലോട്ടാ നോക്കിയത്. പിള്ളേര് വന്നു ശല്ല്യം ചെയ്യണ്ടാന്ന് കരുതി രണ്ടിനും നേരത്തെ കഞ്ഞി കൊടുത്തു ഉറക്കി. അല്ല, ഇനിയാണേലും സമയമുണ്ട്" അവളുടെ പരിഹാസം കേട്ടില്ലെന്നു നടിച്ചു.

"അതേയ്, എന്റെ ഭര്‍ത്താവു കൂലിപ്പണിക്കാരനാണെന്ന് പറയാന്‍ എനിക്ക് യാതൊരു മാനക്കേടും ഇല്ല. എന്റെ കുട്ടികള്‍ക്കും ഇല്ല. എന്നിട്ടും ആത്മഹത്യ ചെയ്യണമെന്നാണെങ്കില്‍ ആയിക്കോ. പിന്നെ രണ്ടു പെണ്‍കുഞ്ഞുങ്ങളാ. കല്യാണ പ്രായം ആവുമ്പോ തന്ത തൂങ്ങിച്ചത്തതാന്നുള്ള ഒറ്റക്കാരണം കൊണ്ട് വരുന്ന ആലോചനയൊക്കെ മുടങ്ങിപ്പോവുമോന്നുള്ള ഒറ്റപ്പേടിയെ എനിക്കുള്ളൂ. എന്നാലും ദൈവം എവിടേലും വിധിച്ചിട്ടുണ്ടാവും". ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു ആ വാക്കുകള്‍.

മിഥ്യാഭിമാനത്തിന്റെ മുഖംമൂടി തന്നില്‍ നിന്നും ആ രാത്രിയോടെ വേര്‍പെട്ടു. പിന്നെ കുറെവര്‍ഷങ്ങള്‍ കഷ്ടപ്പാടുകള്‍ മാത്രമായിരുന്നു. ഒരു പരിചയക്കാരന്റെ ഒപ്പം മേസ്തിരിപ്പണിക്ക് പോവാന്‍ തുടങ്ങി. അധിക നാളൊന്നും നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസവും സഹതാപവും നീണ്ടു നിന്നില്ല. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്കു ചെവി കൊടുക്കാന്‍ പോയില്ല. ഒറ്റമുറി ചായ്പില്‍ വളരെ കുറഞ്ഞ വാടകക്കായിരുന്നു താമസം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ പഠിച്ചു ക്ലാസ്സില്‍ എന്നും ഒന്നാമതെത്തി. ഉറുമ്പ്‌ കൂട്ടി വയ്ക്കുന്നത് പോലെ ഓരോ രൂപയും രമ കൂട്ടിവച്ചു. ഇല്ലായ്മയില്‍ അവര്‍ ഒരിക്കലും പരാതി പറഞ്ഞില്ല. രമയും തീപ്പെട്ടി കമ്പനിയില്‍ പണിക്കു പോവുന്നുണ്ടായിരുന്നു.

ഒരിക്കല്‍ വൈകുന്നേരത്ത് പണിയും കഴിഞ്ഞു വരുമ്പോള്‍ മദ്യപിക്കാനുള്ള പ്രലോഭനം അടക്കാനായില്ല. അന്ന് വീട്ടിലെത്തിയപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. വാതില്‍ തുറന്നു തന്റെ കോലം കണ്ടപ്പോള്‍ രമ ഒന്ന് പകച്ചു. പിന്നെ ഒരക്ഷരം പറയാതെ അന്ന് തൂങ്ങിമരിക്കാന്‍ വേണ്ടി വാങ്ങിയ കയര്‍ എടുത്തു കൊണ്ട് തന്നിട്ട് പറഞ്ഞു "നിങ്ങളൊക്കെ ഭൂമിക്കു ഭാരമാ". അതില്‍പിന്നെ ഒരിക്കലും മദ്യപിക്കണം എന്ന് തോന്നിയിട്ടില്ല.

മൂത്ത മകള്‍ ബി എസ്‌ സി നഴ്സിംഗ് പഠിച്ചു ജോലിയാവുന്നത് വരെ വാടക വീട്ടിലായിരുന്നു താമസം. അവള്‍ക്കു കാനഡയില്‍ ജോലി കിട്ടിയതോടെ കഷ്ടപ്പാടുകള്‍ക്കു പതിയെ അവസാനമായി. കുടുംബത്തിന്റെ ഭാരം സസന്തോഷം അവള്‍ ചുമലില്‍ എടുത്തു. അല്പം സ്ഥലം വാങ്ങിയതും വീട് വച്ചതും ഒക്കെ അവളുടെ പണം കൊണ്ടാണ്. ഓരോ തവണ അവധിക്കു വരുമ്പോഴും വിവാഹക്കാര്യം പറയുമ്പോള്‍ അവള്‍ ഒഴിഞ്ഞു മാറും.
"സമയമായില്ല അച്ഛാ. ആദ്യം ഒരു വീടുണ്ടാവട്ടെ. എന്റമ്മക്ക് ഇന്നേവരെ ജീവിതത്തില്‍ കഷ്ടപ്പാട് മാത്രമായിരുന്നു. അച്ഛന് പണമുണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും. ആദ്യം നമ്മുടെ ജീവിതം ഒരു കരക്ക്‌ അടുക്കട്ടെ. എന്നിട്ടുമതി എനിക്ക് കല്യാണം."

അവളുടെ ആഗ്രഹം പോലെ ഇപ്പോള്‍ ഒരുവിധം സ്വസ്ഥമാണ് ജീവിതം. ഇന്നലെ അവളുടെ വിവാഹവും കഴിഞ്ഞു. ഈ സന്തോഷങ്ങളൊന്നും കാണാതെ എല്ലാം അവസാനിപ്പിക്കാന്‍ തുടങ്ങിയ മണ്ടത്തരം ഓര്‍ക്കുമ്പോള്‍ ചൂളിപ്പോവും.

"കാപ്പി, ആഹാ ഇതെന്താ ഇരുന്നുറങ്ങുവാണോ". രമയുടെ ശബ്ദം. അവള്‍ മടിയില്‍ നിന്നും പത്രമെടുത്ത്‌ നിവര്‍ത്തി. ആ വാര്‍ത്തയിലൂടെ ഒന്ന് കണ്ണോടിച്ചിട്ടു അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കി. പിന്നെ കുടുംബനാഥന്റെ ഫോട്ടോ തൊട്ടുകാണിച്ചിട്ട് പറഞ്ഞു "മണ്ടന്‍, മരമണ്ടന്‍".

Wednesday, 5 May 2010

പാമ്പ് പുരാണങ്ങള്‍

പറയാന്‍ പോവുന്നത് ഒറിജിനല്‍ പാമ്പിനെക്കുറിച്ച് തന്നെയാണ് , അല്ലാതെ വെള്ളമടിച്ചു റോഡിന്റെ അളവെടുക്കുന്ന മനുഷ്യപാമ്പിനെക്കുറിച്ചല്ല. എല്ലാവരെയും പോലെ എന്റെ മനസ്സിലും സര്‍പ്പഭയം വളരെ ചെറുപ്പത്തില്‍ തന്നെ വേരൂന്നിയിരുന്നു, ആവശ്യത്തിലും സ്വല്പം കൂടുതല്‍. പ്രധാന കാരണം കുട്ടിക്കാലം മുതല്‍ അമ്മൂമ്മ പറഞ്ഞു തന്നിരുന്ന യക്ഷി - ഗന്ധര്‍വന്‍ -സര്‍പ്പ കഥകള്‍ തന്നെ. പോരാത്തതിനു നേരെ വടക്കേ വീട്ടില്‍ ഒരു സര്‍പ്പക്കാവുമുണ്ട്. അവിടുത്തെ മരങ്ങളും വള്ളികളും ഒക്കെ കാടുപിടിച്ച് നിന്നിരുന്ന ഇരുണ്ടസെറ്റപ്പില്‍ നിന്ന് ഞങ്ങള്‍ അയലോക്കക്കാര്‍ക്ക് ഒക്കെ സുഖമാണോന്നറിയാന്‍ ചില പാര്‍ട്ടികളൊക്കെ ഇടയ്ക്കു വിസിറ്റിങ്ങിനു ഇറങ്ങും. പാവങ്ങള്‍, എമിഗ്രേഷന്‍ കാലാവധി കഴിഞ്ഞവര്‍. കയ്യോടെ ആരെങ്കിലും പിടികൂടി തല്ലിക്കൊന്നു പരലോകത്തെക്കയക്കും.

ഞങ്ങളുടെ വീട്ടിലോ മുറ്റത്തോ ഇങ്ങനെ ഏത് പാമ്പ് വന്നാലും അതിനെ ആദ്യം കാണുന്നത് ഞാനായിരിക്കും. പിന്നെ നമുക്ക് പണിയായി, അലച്ചു വിളിച്ചു എല്ലാരേയും കൂട്ടി പിന്നെ അടുത്ത് തന്നെയുള്ള അമ്മാവന്റെ വീട്ടില്‍ അഭയം പ്രാപിക്കും, ആരെങ്കിലും അതിനെ തല്ലിക്കൊന്നു കുഴിച്ചു മൂടി എന്ന് അറിയുന്നത് വരെ. തികഞ്ഞ (അന്ധ) വിശ്വാസിയായ എന്റെ അമ്മ മണ്ണാരശാല അമ്പലത്തിലേക്ക് വഴിപാടൊക്കെ നേരും. അമ്മയുടെ അഭിപ്രായത്തില്‍ മറന്നുപോയ ഏതോ വഴിപാട് ഓര്‍മ്മിപ്പിക്കാന്‍ വന്നതായിരുന്നു ആ പാവം സര്‍പ്പം. അതിനെകൊല്ലിക്കാന്‍ കാരണഭൂതയായ എന്നെത്തേടി ഇണസര്‍പ്പം വരുമെന്നുള്ള പേടിയിലാണ് അടുത്ത കുറെ ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നത്‌.

അന്ന് കോളേജില്‍ സമരമായിരുന്നു, വിവരം നേരത്തെ അറിയാവുന്നത് കൊണ്ട് ഞാന്‍ അന്ന് കോളേജില്‍ പോയിരുന്നില്ല. അനിയത്തി സ്കൂളിലേക്കും അച്ഛന്‍ കടയിലേക്കും അമ്മൂമ്മ അടുത്ത് തന്നെയുള്ള അമ്മാവന്റെ വീട്ടിലേക്കും പോയതിനാല്‍ വീട്ടില്‍ അന്ന് അമ്മയും ഞാനും മാത്രമേയുള്ളായിരുന്നു.

ഞാന്‍ വിശാലമായി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ച്‌, കട്ടിലില്‍ മലര്‍ന്നു കിടന്നു ലൈബ്രറിയില്‍ നിന്നും എടുത്തുകൊണ്ടു വന്ന ഒരു നോവല്‍ വായിക്കുന്നു. അമ്മ അടുക്കളയില്‍ ഉച്ചയൂണിനു വട്ടം കൂട്ടുന്നു. ഞാന്‍ അല്പം റെസ്റ്റ് ചെയ്യുന്നത് കണ്ടാല്‍ അമ്മക്ക് സഹിക്കില്ല, ഉടനെ അടുക്കളയില്‍ എന്തെങ്കിലും പണി തരും. അന്നും പല പ്രാവശ്യം വിളിച്ചെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യാതെ വായനയില്‍ മുഴുകി കിടക്കുകയായിരുന്നു. അതോടെ അമ്മ തനി നായര്‍ഫ്യൂഡല്‍ ലേഡിയായി, പതിവ് ഡയലോഗോക്കെ ഇറക്കിതുടങ്ങി. "പെമ്പിള്ളാരായാല്‍ അനുസരണ വേണം. നാളെ വല്ല വീട്ടിലും പോയി കഴിയേണ്ടതാ. കഞ്ഞിക്കുപ്പിടാന്‍ പോലും അറിയത്തില്ലെങ്കില്‍ തള്ളേടെ വളര്‍ത്തു ദോഷമാന്നെ ലോകരു പറയൂ " എന്നിങ്ങനെയൊരു ലൈനില്‍. ആര് ചെവി കൊടുക്കുന്നു !!

എന്റെ മുറിക്കു രണ്ടു വാതിലുകളുണ്ട്, ഒന്ന് പടിഞ്ഞാറേ വരാന്തയിലേക്കുള്ളതും, അടുത്തത് ഊണ് മുറിയിലേക്ക് തുറക്കുന്നതും. തെക്ക് വശത്ത് വലിയൊരു ജനല്‍. മുറിയില്‍ കട്ടില്‍, അലമാരി, വലിയൊരു തടിപ്പെട്ടി, മേശ കസേര എന്നിങ്ങനെയുള്ള സാധനങ്ങളുണ്ട്. പടിഞ്ഞാറേ മൂലയ്ക്ക് തറയില്‍ പഴയ പത്രങ്ങളും മാസികകകളും അടുക്കി വച്ചിരിക്കുന്നു. ചില ശബ്ദങ്ങള്‍ ആ മൂലയില്‍ നിന്ന് വരുന്നുണ്ടായിരുന്നു, അമ്മയുടെ വെളുമ്പിക്കോഴി മുട്ടയിടാന്‍ അവിടെങ്ങാനും കേറിയതായിരിക്കും എന്ന് കരുതി ഞാന്‍ കാര്യമായി ഗൌനിച്ചില്ല.

ഇടയ്ക്ക് അങ്ങോട്ടൊന്നു തലതിരിച്ചു നോക്കിയശേഷം വീണ്ടും നോവല്‍ വായനയില്‍ മുഴുകി, ഒരു മിനിട്ടെടുത്തു ഞാന്‍ കണ്ട ദൃശ്യം ഒന്നുകൂടി മനസിന്റെ സ്ക്രീനില്‍ തെളിയാന്‍. എന്തായിപ്പോ കണ്ടത്, ഒരു മനോരമ പത്രം വായുവില്‍ ഒടിഞ്ഞു മടങ്ങി നില്‍ക്കുന്നു. ഞാന്‍ എഴുന്നേറ്റിരുന്നു ഒന്നൂടെ നോക്കി. അതെ, ഇപ്പോഴും പത്രം വായുവില്‍ നില്‍ക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ പത്രത്തിന്റെ താഴെ ഒരു സ്ലിം ബോഡി, അത് തന്നെ പാമ്പ് , ഒരു കറുമ്പന്‍. തുറന്നു കിടന്ന പടിഞ്ഞാറേ വാതിലില്‍ക്കൂടി എപ്പഴോ ആള് അകത്തു കയറിപ്പറ്റിയതാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ നിന്നും കിരീടം പോലെയിരുന്ന പത്രം താഴെ വീണു, ഞങ്ങള്‍ മുഖാമുഖം കണ്ടു. ഏതാണ്ട് ഒന്നരയടി ഉയരത്തില്‍ എന്നെ തുറിച്ചു നോക്കി നില്‍പ്പാണ് കക്ഷി. ആകസ്മികമായ ആ അനുഭവത്തില്‍ ഒന്ന് കരയാന്‍ പോലും ഞാന്‍ മറന്നുപോയി.

ആമസോണ്‍ കാടുകളില്‍ കാണപ്പെടുന്ന ഉഗ്രവിഷമുള്ള ചിലപാമ്പുകള്‍ക്ക് എട്ടടി ദൂരത്തില്‍ നിന്ന് വരെ ശത്രുവിന്റെ കണ്ണിലേക്ക്‌ വിഷം ചീറ്റാന്‍പറ്റുമെന്ന് ആയിടക്ക് എവിടെയോ വായിച്ചിരുന്നു. അതിന്റെ ലൈവ് ഇടക്കൊക്കെ സ്വപ്നത്തില്‍ കാണുകയും ചെയ്തു. ആ പാമ്പിന്റെ ജാതി വടക്കേക്കാരുടെ പാമ്പിന്കാവില്‍ ഒണ്ടോ ഇല്ലിയോന്നൊന്നും നമുക്കറിയില്ലല്ലോ. ആ ഒരു തോന്നലില്‍ പെട്ടെന്ന് ചെയ്തത് ജനലില്‍ ചാടിക്കേറുകയായിരുന്നു. കയറാന്‍ പറ്റാവുന്നത്ര കയറി കമ്പിയഴികളില്‍ പറ്റിപ്പിടിച്ചിരുന്നു.

പലവട്ടം അടുക്കളയില്‍ ഹെല്പ് ചെയ്യാന്‍ വിളിച്ചിട്ടും ചെല്ലാത്തതില്‍ പ്രതിക്ഷേതിച്ച് എന്റെ നോവല്‍ വാങ്ങി വലിച്ചെറിയാനുള്ള കലിയുമായി വന്ന മാതാശ്രീ കാണുന്നത് ജനലേലിരിക്കുന്ന പുത്രിയെയാണ്. ഊണ് മുറിയില്‍ നിന്ന് ഒരു മയവുമില്ലാതെ "എന്താടീ, താഴെയെങ്ങും ഇരുന്നിട്ട് പറ്റുന്നില്ല്യോ" എന്ന് ഒരു മയവുമില്ലാതെ ചോദിച്ചിട്ടും ഞാന്‍ അനങ്ങിയില്ല. ആദ്യമായി ഒരു പാമ്പിനെ മുഖാമുഖം കണ്ടതിന്റെ ഷോക്കില്‍ എന്റെ ശബ്ദം നഷ്ടപെട്ടിരുന്നു.

"എന്നാപ്പിന്നെ ഉത്തരത്തെലോട്ടു കേറ് " എന്നും പറഞ്ഞു അമ്മ അകത്തേക്ക് വന്നതും "അയ്യോ പാമ്പ്, പാമ്പ്" എന്ന് ഞാന്‍ അലറിവിളിച്ചതും ഒന്നിച്ചായിരുന്നു. "എന്ത്യേ, എന്ത്യേ" എന്നൊരു മറു നിലവിളിയോടെ അമ്മ പുറത്തു ചാടിയതും അടുക്കള വഴി പുറത്തേക്കോടിയതും വളരെ പെട്ടെന്നായിരുന്നു. പാമ്പും ഞാനും മാത്രമേ ഇപ്പോള്‍ വീട്ടില്‍ ഉള്ളൂയെന്ന നഗ്നസത്യം തിരിച്ചറിഞ്ഞ ഞാന്‍ എന്നെക്കൊണ്ടാകാവുന്ന ഒച്ചത്തില്‍ കരഞ്ഞു. പാമ്പിനു ചെവി കേള്‍ക്കാന്‍ പാടില്ലെന്ന് ആരാ പറഞ്ഞേ, അത് വെറും നുണയാ. ആ കരച്ചില്‍ കേട്ടതും സംഗതി വശപ്പിശകാണെന്നു മനസ്സിലാക്കിയ അദ്ദേഹം ശൂ......ന്ന് പറഞ്ഞല്ലേ അവിടെയിരുന്ന തടിപ്പെട്ടീടെ അടിയില്‍ കേറിയത്‌.

ഇനിയത് എങ്ങോട്ടൊക്കെ പോവുമെന്ന് നിശ്ചയമില്ലാത്തത് കൊണ്ട് ഞാന്‍ ജനലിലിരുന്നു ആകാവുന്ന പോലൊക്കെ ശ്രുതി മീട്ടി. അത് കേട്ട് തെക്കേക്കാരുടെ പറമ്പില്‍ കിളച്ചു കൊണ്ട് നിന്നിരുന്ന തമ്പിച്ചായന്‍ 'ഇദെവിടുന്നാ ഒരപസ്വരം' എന്ന മട്ടില്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു വിയര്‍പ്പു തുടച്ചു വീണ്ടും കിളച്ചു തുടങ്ങി. ഒരു രക്ഷകനെ കണ്ടെത്തിയ ഞാന്‍ "തമ്പിച്ചായോ, ഓടി വായോ, ഇവിടെ പാമ്പ് കേറിയേ, എന്നെ രക്ഷിക്കോ" എന്ന് പേരെടുത്ത് ഹെല്പ് റിക്വസ്റ്റ് അയച്ചതിനാല്‍ ഉടന്‍തന്നെ അദ്ദേഹം ഒരു മുട്ടന്‍ വടിയും തപ്പിയെടുത്തു ഓടിവന്നു. അപ്പോഴേക്കും അമ്മ പറഞ്ഞു വിവരം അറിഞ്ഞ ഒന്നുരണ്ടുപേരും ഹാജര്‍.

അവര്‍ മുറിക്കകത്ത് കേറിയെങ്കിലും ഞാന്‍ ജനലില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. അവസാനം എന്നെയിറക്കിവിടുന്നതിലും എളുപ്പം പാമ്പിനെ ഇറക്കി വിടുന്നതാണെന്ന് തിരിച്ചറിഞ്ഞ സംഘം പെട്ടി നീക്കുകയും അടിയില്‍ മുറുക്കുപോലെ ചുരുണ്ടിരുന്ന ടിയാനെ കാണുകയും മിനിമം ഒരു മൂര്‍ക്കനെയെങ്കിലും പ്രതീക്ഷിച്ചു വന്നവര്‍ "ഓ ഇത് വെറും ചേരയായിരുന്നോ" എന്നൊരു പുച്ഛത്തോടെ പറഞ്ഞിട്ട് അതിനെ കുത്തിയിളക്കി പുറത്തോട്ട് വിടുകയും ചെയ്തു. അതുകൊണ്ടൊരു ഗുണം ഉണ്ടായി, ചേരപ്പാമ്പിനെ അടുത്ത് നിന്ന് കാണുവാനും തിരിച്ചറിയാനും എനിക്ക് സാധിച്ചു. അതിനു മുമ്പ് ശവമായ പാമ്പിനെപ്പോലും നേരെ ചൊവ്വയോന്നു കാണാന്‍ എന്റെ ധൈര്യം അനുവദിച്ചിരുന്നില്ല.

ഓര്‍മയിലുള്ള അടുത്ത ഇന്‍സിഡന്റ് പ്രീഡിഗ്രിക്കാലത്തെതാണ്. ഞായറാഴ്ച വൈകുന്നേരം മുടിഞ്ഞു പോവാന്‍ വിശ്വനാഥന്‍ സാറ് ഇന്ഗ്ലീഷിന്റെ ട്യൂഷന്‍ ക്ലാസ് വച്ചിരുന്നു. നല്ല സിനിമയുള്ള ഞായറാഴ്ചകളില്‍ സാറിന്റെ സാഡിസം പുറത്തു വരും. ഒടുക്കത്തെ ഗ്രാമര്‍ ക്ലാസ് അന്ന് വൈകിട്ട് വയ്ക്കും. രണ്ടുമൂന്നു ചൂരല്‍ കൂട്ടിപ്പിടിച്ചു മേശപ്പുറത്തു വച്ചിട്ടുള്ള കൈകളില്‍ ചൂരലിന്റെ ഫോട്ടോകോപ്പിയെടുക്കുന്ന കാര്യത്തില്‍ പുള്ളി നിപുണനായിരുന്നത് കൊണ്ട് ഒരുമാതിരിപ്പെട്ട പിള്ളേരാരും ഗ്രാമര്‍ ക്ലാസ് മിസ്സ് ചെയ്തിരുന്നില്ല. ആള്‍റെഡി ലേറ്റ് ആയിരുന്നത് കൊണ്ട് മാത്രമാണ് കടക്കേത്തുകാരുടെ ഇടവഴിയില്‍ കൂടി ഷോര്‍ട്ട്കട്ട്‌ കയറിപ്പോവാം എന്നൊരു ദുര്‍ബുദ്ധി എനിക്ക് തോന്നിയത്. രണ്ടു ഭാഗത്തും കയ്യലയുള്ള, കഷ്ടിച്ചോരാള്‍ക്ക് പോവാനുള്ള വീതിയെ ആ പ്രൈവറ്റ് ഇടവഴിക്കുള്ളൂ. കയ്യാലയുടെ കല്ലിടുക്കുകളില്‍ മിക്കവാറും പാമ്പിന്‍ പടം പോഴിഞ്ഞിരിക്കുന്നത് കാണാം എന്നതിനാല്‍ അമ്മ കൂടെയുള്ളപ്പോള്‍ പോലും ഞാന്‍ ആ വഴി ഒഴിവാക്കുകയാണ് പതിവ്. വരാനുള്ളത് നാഷണല്‍ ഹൈവേയില്‍ തങ്ങുകയില്ലല്ലോ.

കരിയില മൂടിയ വഴിയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്ത്‌ എത്തിയപ്പോഴാണ് തള്ളയാടിനെയും രണ്ടു കുട്ടിയാടുകളെയും അഴിച്ചു കൊണ്ട് ശ്രീമാന്‍ പൊടിയന്‍ എതിരെ വന്നത്. ഒരു ഹായ് ഹലോ പറഞ്ഞു എനിക്ക് പോവാന്‍ വേണ്ടി അദ്ദേഹം വഴിയൊഴിഞ്ഞു തന്നു. ആ ശുഭമുഹൂര്‍ത്തത്തിലാണ് കയ്യാലയില്‍ ചാഞ്ഞു നിന്നിരുന്ന ചെന്തെങ്ങുകളിലൊന്നില്‍ എന്തോ അത്യാവശ്യത്തിനു കയറിയിരുന്ന ഒരു മഞ്ഞചേരക്ക് ഡൈവ് ചെയ്യണമെന്നു തോന്നിയത്. പൊടിയനാണോ, ഞാനാണോ ടാര്‍ഗറ്റ് എന്നൊന്നും വ്യക്തമല്ലായിരുന്നു. എന്തായാലും ആള് ചാടി, കൃത്യം എന്റെ പാദാരവിന്ദങ്ങളില്‍.

ചേരയൊഴിച്ചു ബാക്കിയെല്ലാരും ചേര്‍ന്ന് ഗ്രൂപ്പ്സോങ്ങ് പാടി. പാട്ടിനിടയില്‍ ഉരുണ്ടുപിരണ്ടു പൊടിയും തട്ടി പുള്ളി സ്കൂട്ടായി. ആ ഒരു നിമിഷത്തെ മരണവെപ്രാളത്തില്‍ ആട്ടിന്‍കുട്ടിയുടെ കയര്‍ എന്റെ കാലില്‍ തടഞ്ഞു ഞാന്‍ ഉരുണ്ടു വീണു. പേടിച്ചുപോയ ആട് തലങ്ങും വിലങ്ങും ഓടാന്‍ ശ്രമിച്ചത് കാരണം എന്റെ കാലില്‍ കയര്‍ മുറുകി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എന്റെ മൈന്‍ഡ് വെള്ളക്കടലാസുപോലെ ബ്ലാങ്ക് ആയിപ്പോവാറുള്ളത് കൊണ്ട് കാലില്‍വരിഞ്ഞു മുറുകി എന്നെ കടിക്കാന്‍ തയ്യാറെടുക്കുന്ന പാമ്പിനോട് പ്രത്യേകിച്ച് ഒരു വിരോധവും തോന്നാതെ കണ്ണുകളടച്ചു കിടന്നു.

പെട്ടെന്നുണ്ടായ ചേര ആക്രമണത്തില്‍ ഞാന്‍ ബോധരഹിതയായി പോയി എന്നാണ് പൊടിയന്‍ജി കരുതിയത്‌. ഏതായാലും ആടിനെ കെട്ടിയ കയര്‍ ഊരിയെടുത്തേക്കാം എന്നുകരുതി പുള്ളി കയര്‍ എന്റെ കാലുകളില്‍ നിന്നും അഴിചെടുക്കുമ്പോഴാണ് ഞാന്‍ പതിയെ കണ്ണുകള്‍ തുറന്നു നോക്കിയത്. കാലില്‍ച്ചുട്ടിയത് പാമ്പല്ലെന്നും കയറാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയൊരു ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാന്‍ വയ്യ. പിന്നെ നാളിതുവരെ ഞാന്‍ ആ വഴിയെ പോയിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.


പോളിടെക്നിക്കില്‍ പഠിക്കുമ്പോ കമ്പയിന്‍ സ്റ്റഡി എന്നപേരും പറഞ്ഞു കായംകുളത്തു താമസിക്കുന്ന കൂട്ടുകാരി ജിജിയുടെ വീട്ടില്‍ കൂടിയതായിരുന്നു ഞങ്ങള്‍ നാലഞ്ചെണ്ണം. പകല്‍ മുഴുവന്‍ ഊണും ഉറക്കവും രാത്രിയില്‍ അല്പനേരത്തെ പഠിത്തവും പിന്നെ പാതിരാത്രി വരെ സിനിമാക്കഥയും പരദൂക്ഷണവും ഒക്കെ കഴിഞ്ഞു ലേറ്റ് നൈറ്റിലാണ് എല്ലാവരും ഒന്ന് കിടന്നത്. ആ വീട്ടില്‍ തടിമാടന്‍ ഒരു പൂച്ചയുണ്ടെന്നും പകലുമുഴുവന്‍ തട്ടുമ്പുറത്തു കിടന്ന് ഉറങ്ങിയിട്ട് രാത്രിസഞ്ചാരവും കഴിഞ്ഞു ജിജിയുടെ അമ്മ പിന്നിലെ വരാന്തയില്‍ വച്ചിരിക്കുന്ന ഡിന്നറും കഴിച്ചു ജനല്‍ വഴി അകത്തു കയറുന്ന പുള്ളിക്കാരന് ജിജിയുടെ കൂടെ പുതപ്പിനുള്ളില്‍ കിടന്നാലേ ഒറക്കം വരൂന്ന് പാവം എനിക്കറിയില്ലായിരുന്നു. അന്ന് പതിവില്ലാതെ ജിജിയുടെ മുറിയില്‍ അഞ്ചാറു തരുണീമണികളെ കണ്ട കണ്ടന്‍പൂച്ച വളരെ കഷ്ടപ്പെട്ടാണ്‌ ജിജിയെ തെരഞ്ഞുപിടിച്ച് പുതപ്പിനുള്ളില്‍ കേറിപ്പറ്റിയത് . ആ പുതപ്പില്‍ ഈ ഞാനും ഉണ്ടായിരുന്നു, കയ്യില്‍ കൂടി ഇഴഞ്ഞു കയറുന്ന പതുപതുത്ത ശരീരം മലമ്പാമ്പോ, പെരുംപാമ്പോ എന്ന കാര്യത്തിലെ എനിക്ക് കന്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ, ഇതിനെ രണ്ടിനെയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും. അന്ന് രാത്രി ആ വീട്ടുകാര്‍ക്കും തൊട്ടടുത്തുള്ള നാട്ടുകാര്‍ക്കും ഉറക്കം പോയി എന്നതും പിറ്റേന്ന് രാവിലെ നൂറ്റിരണ്ടു ഡിഗ്രി പനിയുമായി ഓട്ടോയില്‍ എന്നെ വീട്ടില്‍ എത്തിക്കേണ്ടി വന്നു എന്നതുമൊഴിച്ചാല്‍ മറ്റു സീരിയസ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.


ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പാമ്പ് റിലേറ്റട് സംഭവം നടന്നത് മദ്രാസ്സില്‍ വച്ചായിരുന്നു. പോളിട്ടെക്നിക്കിലെ അവസാനവര്‍ഷ സ്റ്റഡിടൂറിന്റെ ഭാഗമായിട്ടായിരുന്നു ഞങ്ങള്‍ മദ്രാസ്സില്‍ ചെന്നത്. മെറീന ബീച്ചും ഏതോ വാട്ടര്‍പാര്‍ക്കും ഒക്കെ കണ്ടതിനു ശേഷമാണ് അടുത്ത് കാണാന്‍ പോവുന്നത് ഒരു സ്നേക്ക് പാര്‍ക്കാണെന്ന് ലീഡര്‍ സലിം സര്‍ അനൌണ്സ് ചെയ്തത്. അപ്പോഴേ എന്റെ പാതി ജീവന്‍ പോയി. വരുന്നില്ലെന്ന് ഞാന്‍ കരഞ്ഞു പറഞ്ഞതാണ്, എന്നിട്ടും അവരുടെ കൂടെ പോയത് ബസ്സില്‍ തന്നെയിരിക്കാനുള്ള പേടി കൊണ്ട് മാത്രമായിരുന്നു.

കണ്ണാടിക്കൂടുകളില്‍ നല്ല എണ്ണം പറഞ്ഞ പാമ്പുകള്‍, ഓരോ കൂടിന്റെയും പുറത്തു അവരുടെ മേല്‍വിലാസവും വണ്ണവും തൂക്കവും ഒക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പൊങ്ങുതടി പോലെ ഞാന്‍ മറ്റുള്ളവര്‍ക്കൊപ്പം നടന്നു, എങ്ങനേലും ഇവിടുന്നൊന്ന് ഇറങ്ങിയാല്‍ മതിയെന്ന വിചാരത്തോടെ. ഏറ്റവും അവസാനമാണ് ഒരു വലിയ ഇരുമ്പുവലക്കൂടിന്റെയടുത്ത് കൊണ്ടുപോയത്. അവിടെ വലിയൊരു ജോയിന്റ് ഫാമിലിയായിരുന്നു സസന്തോഷം താമസിച്ചിരുന്നത്. പല വലിപ്പത്തിലും നിറത്തിലുമുള്ള പാമ്പുകള്‍. ചിലതിനാണെങ്കില്‍ ഒരു നൂലിന്റത്രപോലും വണ്ണമില്ല. എന്റെ പ്രാര്‍ത്ഥന മുഴുവന്‍ ഇവയിലൊരെണ്ണത്തിനും കേരളം കാണാന്‍ ഞങ്ങളുടെ കൂടെവരണം എന്നൊന്നും ദുരാഗ്രഹം തോന്നല്ലേന്നു മാത്രമായിരുന്നു. ഞാനും നിഷയും വിറയ്ക്കുന്ന കരങ്ങള്‍ പരസ്പരം കോര്‍ത്ത്‌പിടിച്ചിരുന്നു.

അവിടുന്ന് മുന്‍പോട്ടു നടക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ തോളില്‍ കിടന്ന ഹാന്‍ഡ്‌ബാഗിന്റെ വള്ളി മന്ദം മന്ദം ഊര്‍ന്നിറങ്ങി എന്റയും നിഷയുടെയും കൈകളില്‍ തട്ടി താഴേക്ക്‌ വീണത്‌. ഏതോ പാമ്പ് കൂട്ടില്‍ നിന്നും ഞങ്ങളുടെ കയ്യിലേക്ക് ചാടിവീണതാണെന്നു തീരുമാനിക്കാന്‍ എനിക്കും അവള്‍ക്കും സെക്കണ്ടുകളെ ആവശ്യമുള്ളായിരുന്നു. തുടര്‍ന്ന് നടന്ന മെഗാബഹളത്തിനിടയില്‍ സ്നേക്ക് പാര്‍ക്കിലെ ജീവനക്കാര്‍ ആ കൂടിന്റെ വിടവിലൂടെ ഈച്ചയ്ക്ക് പോലും പോവാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞു ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാലും ഞങ്ങളുടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന സ്ത്രീ ജനങ്ങളൊക്കെ ഹാന്‍ഡ്‌ബാഗിനെ അറകള്‍ പരിശോധിക്കുന്നതും സാരിയും ചുരിദാറിന്റെ ചുന്നിയും ഒക്കെ കുടഞ്ഞു നോക്കുന്നതും സ്വന്തം കഴുത്തില്‍ കിടന്ന മുട്ടന്‍ സ്വര്‍ണമാലകളില്‍ നോക്കി ഞെട്ടുന്നതും ഒക്കെ കാണാന്‍ എന്ത് രസമായിരുന്നു.

ഇതൊക്കെയോര്‍ക്കാന്‍ കാരണം ഇന്നലെ നാട്ടില്‍ ഫോണ്‍ ചെയ്തപ്പോള്‍ നാത്തൂന്റെ മോന്‍ മൂന്നു വയസ്സുകാരന്‍ കണ്ണന്‍ പാമ്പുമായി കളിച്ച കഥയറിഞ്ഞപ്പോഴാണ് . അവള്‍ കണ്ണനെ തനിയെ അടുക്കള മുറ്റത്ത്‌ കളിക്കാന്‍ വിട്ടിട്ടു അകത്തെന്തോ പണിയിലായിരുന്നു. കുറച്ചു കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കണ്ണന്‍ ചെറിയൊരു കമ്പും നീട്ടിപ്പിടിച്ചു സ്റെപ്പില്‍ ഇരിക്കുന്നു, താഴെ വായും പൊളിച്ചു ഒരു ശംഖുവരയന്‍ കിടക്കുന്നു.അവന്‍ കമ്പ് നീട്ടിയും മാറ്റിയും പൂച്ചക്കുഞ്ഞിനെ കളിപ്പിക്കുന്നപോലെ പാമ്പിനെ കളിപ്പിക്കുകയായിരുന്നത്രേ. നാത്തൂന്‍ ഓടി വന്നു കുഞ്ഞിനെ വലിച്ചു മാറ്റിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞുപോയി. അതിന്റെ നല്ലകാലത്തിന് തല്ലിക്കൊല്ലാന്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. സര്‍പ്പങ്ങള്‍ സത്യം ഉള്ളവരാണെന്ന് പറയുന്നതെത്ര ശരി!!

Wednesday, 17 March 2010

വേനല്‍മഴ

"അമ്മ വരുമ്പം മോള്‍ക്ക്‌ മിട്ടായി കൊണ്ട് വരാം കേട്ടോ. അച്ഛമ്മയെ വഴക്ക് കെട്ടാതെ നല്ല കുട്ടിയായിരിക്കണേ " ചിന്നുമോളുടെ കുഞ്ഞിക്കവിളില്‍ ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

"വേണ്ട എനിക്ക് മിട്ടായി വേണ്ട. കിണ്ടെര്‍ ജോയ് കൊണ്ടുതന്നാ മതി" അവള്‍ ചിണുങ്ങി.

പിന്നേ, കിണ്ടെര്‍ ജോയ്. ഒരെണ്ണത്തിനു രൂപാമുപ്പതു കൊടുക്കണം. ടിവിയിലെ പരസ്യങ്ങള്‍ കൊണ്ടുള്ള ഓരോരോ ഉപദ്രവങ്ങള്‍. ആ പൈസക്ക് ഒരുകിലോ അരിവാങ്ങിയാല്‍ രണ്ടുമൂന്നു ദിവസം കഴിച്ചുകൂട്ടാം. മനസ്സില്‍ വന്നത് പറഞ്ഞില്ല, വെറുതെ അവളെ വഴക്കുണ്ടാക്കിയാല്‍ പിന്നെ താന്‍ വരുന്നത് വരെ അമ്മക്ക് സ്വൈര്യം കൊടുക്കില്ല.

പതിനൊന്നു മണിയെയായിട്ടുള്ളൂ, എരിയുന്നവെയിലാണ് വെളിയില്‍. മധുവേട്ടന്‍ അയച്ച ഡി.ഡി ബാഗിലുണ്ടെന്നു ഒന്നുകൂടി ഉറപ്പുവരുത്തി. ബാങ്കില്‍ പോയി ഡി.ഡി. മാറി, ലോണിന്റെ തവണയും അടച്ചു അമ്മക്കുള്ള മരുന്നും വീട്ടുസാധനങ്ങളും ഒക്കെ വാങ്ങി മൂന്നരയുടെ ബസ്സിനു തിരിച്ചുവരണം. ഇന്നലെ പൈസ വന്നപ്പോള്‍ മുതല്‍ കൂട്ടിയും കുറച്ചും കണക്കൊപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു മാസത്തെ മുഴുവന്‍ ചെലവും ഇതുകൊണ്ട് തികക്കണം. കഴിഞ്ഞ മാസം മധുവേട്ടന്‍ അയച്ചതില്‍ പകുതിയും മോളുടെ പനി കാരണം ശ്രീധരന്‍ ഡോക്ടറുടെ പോക്കെറ്റിലായി. ലോണിന്റെ തവണയും മുടങ്ങി.

ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്ന വീടിന്റെ അസ്ഥി പഞ്ജരത്തില്‍ കണ്ണുകള്‍ ഉടക്കി. കട്ടിളയുടെ ഉയരംവരെ കെട്ടിയിട്ടുണ്ട്,ഒന്നരവര്‍ഷമായി അങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്. പായല്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു.

മധുവേട്ടന്‍ ഗള്‍ഫില്‍ പോയപ്പോള്‍ എന്തൊക്കെ സ്വപ്‌നങ്ങള്‍ ആയിരുന്നു. ആകെയുണ്ടായ നേട്ടം വീട് കെട്ടാന്‍ പോയത് കൊണ്ട് കുറച്ച് മരച്ചീനിയോ, ചേമ്പോ ഒക്കെയിട്ടിരുന്ന അത്രയും സ്ഥലം ഇല്ലാതായതും ഇത്തിരിയുണ്ടായിരുന്ന പൊന്ന് ബാങ്കിലെ ലോക്കെറില്‍ പണയത്തില്‍ ആയതുമാണ്. പിന്നെ ദാരിദ്ര്യരേഖക്ക് താഴെയായിരുന്ന റേഷന്‍കാര്‍ഡ്‌ ഗൃഹനാഥന്‍ ഗള്‍ഫുകാരനായതിനാല്‍ മുകളിലേക്ക് ഉയര്‍ത്തപ്പെട്ടു. അത്കൊണ്ടിപ്പോള്‍ ഒരാനുകൂല്യങ്ങളും കിട്ടാതായി.

മധുവേട്ടന്‍ ഗുജറാത്തിലെ കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുമ്പോഴായിരുന്നു തങ്ങളുടെ വിവാഹം. കല്യാണം കഴിഞ്ഞു ഗുജറാത്തിനു പോയത് നവവധുവിന്റെ ഒത്തിരി സ്വപ്നങ്ങളോടെ ആയിരുന്നു. പക്ഷെ നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇടുങ്ങിയ ആ ഒറ്റമുറിയില്‍ ജീവിതം ദുസ്സഹമായിരുന്നു. പ്രസവത്തിനു നാട്ടില്‍ വന്ന ശേഷം താന്‍ തിരികെപ്പോയില്ല. അധികം വൈകാതെ മധുവേട്ടന് ഗള്‍ഫിലെക്കൊരു വിസ തരപ്പെട്ടു. ഉള്ളത് പണയം വച്ചും കടം വാങ്ങിയുമൊക്കെയാണ് പോയത്. കടങ്ങളൊക്കെ വീടി ഒന്ന് പച്ചപിടിച്ചതായിരുന്നു.

വീടിന്റെ പണിതുടങ്ങി ഫൌണ്ടേഷന്‍ തീര്‍ന്ന സമയത്താണ് ചിക്കെന്‍ഗുനിയ വന്നു മധുവേട്ടന്റെ അച്ഛന്‍ വളരെ സീരിയസ്സായി ഹോസ്പിറ്റലില്‍ ആയത്‌. ലീവില്‍ വന്നതായിരുന്നു മധുവേട്ടന്‍, അതുകൊണ്ട് അവസാന നിമിഷം അച്ഛന് ഇത്തിരി വെള്ളം കൊടുക്കാന്‍ പറ്റി. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു തിരികെപ്പോവാനിരിക്കുമ്പഴാണ് ഇനിയും തിരിച്ചു ചെല്ലണ്ടാന്നുള്ള അറിയിപ്പ് കമ്പനിയില്‍ നിന്നും വന്നത്. സാമ്പത്തികമാന്ദ്യം മൂലം എല്ലാവരെയും പിരിച്ചു വിടുകയാണത്രെ. അവിടെ തീര്‍ന്നു തങ്ങളുടെ നല്ലകാലം.

വീടുപണിക്കെടുത്ത ലോണിന്റെ തവണകള്‍ മുടങ്ങി. അടുപ്പ് പുകയാന്‍തന്നെ ബുദ്ധിമുട്ടായപ്പോഴാണ് ഗുജറാത്തിലെ പഴയ കമ്പനിയില്‍ വീണ്ടും ജോലി ശരിയായത്. മധുവേട്ടന്റെ ചിലവും കഴിഞ്ഞു അയച്ചു തരുന്നത് കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ് താന്‍.

ബസ്സിന്റെ ഹോണ്‍ മുഴങ്ങിയപ്പോഴാണ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത്. ബസിനുള്ളില്‍ സൂചികുത്താന്‍ ഇടമില്ല. സാരിത്തുമ്പില്‍ ആരോ പിടിച്ചു വലിച്ചത് കൊണ്ടാണ് തിരിഞ്ഞു നോക്കിയത്. ശോഭേച്ചിയാണ്. രണ്ടാള്‍ക്കുള്ള സീറ്റില്‍ ചേച്ചി അല്പം മുന്നോട്ടാഞ്ഞിരുന്നു തനിക്കു കൂടി സ്ഥലം ഉണ്ടാക്കിത്തന്നു.

"എവിടേക്കാടീ, നിന്റെ വീട്ടില്‍ പോവാണോ.. മോളെവിടെ? " ഇരുന്നതെ ചേച്ചി ചോദിച്ചു.

"ബാങ്കില്‍വരെപ്പോവാ ചേച്ചീ." തന്റെ വീട്ടില്‍ ഉടനെയെങ്ങും പോവാന്‍ പറ്റില്ല. നാത്തൂനോട് കടം വാങ്ങിയ ആയിരം രൂപ ഇത് വരെ തിരിച്ചു കൊടുക്കാന്‍ പറ്റിയിട്ടില്ല. കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോഴും ചേച്ചി ഓര്‍മിപ്പിച്ചു.

"ചേച്ചി എങ്ങോട്ടാ" മറുപടി തന്റെ ചെവിയില്‍ സ്വകാര്യമായിരുന്നു.

"സ്വാമിജിയെക്കാണാന്‍ പോവാടീ. നാളെ കൊച്ചിന് പരീക്ഷ തുടങ്ങുവാ."
ഒരിക്കല്‍ തന്നെയും അവിടെ കൊണ്ടുപോയിട്ടുണ്ട് . ചെറിയൊരു കാളീക്ഷേത്രവും ആശ്രമവും. മദ്ധ്യവയസ്കനാണ് സ്വാമിജി.
ചേച്ചിക്ക് ഭയങ്കര വിശ്വാസമാണ് അദ്ദേഹത്തെ. എന്തുകാര്യവും അവിടെ ചോദിച്ചിട്ടേ ചെയ്യൂ. ഒരിക്കല്‍ ശോഭേച്ചിയുടെ ഭര്‍ത്താവ് കുറെ നാള്‍ പണമയക്കാതിരുന്നപ്പോള്‍ സ്വാമിജിയാണ് പറഞ്ഞത് ജോലിസ്ഥലത്ത് ഒരു ഇഷ്ടക്കാരിയുണ്ടെന്നും പൈസ മൊത്തം അവള്‍ വാങ്ങിക്കുകയാണെന്നും അദ്ദേഹം ഒരു ഹോമം നടത്തി ഏഴുനാള്‍ കഴിഞ്ഞപ്പോള്‍ ശോഭേച്ചിയുടെ ഭര്‍ത്താവ് നാട്ടിലെത്തി. മഞ്ഞപ്പിത്തം വന്നു കിടപ്പായിരുന്നൊക്കെ പറഞ്ഞിട്ടൊന്നും ആരും വിശ്വസിച്ചില്ല.

"നീയെന്താ സ്വാമിജി പറഞ്ഞതുപോലെ ചെയ്യാഞ്ഞത്. ഇങ്ങനെ കിടന്നു കഷ്ടപ്പെടണ്ട വല്ല കാര്യവുമുണ്ടോ"

"ചേച്ചിക്ക് പറഞ്ഞാല്‍ മതി. പുള്ളി പറഞ്ഞ പൂജയും ഹോമവും ഒക്കെ ചെയ്യണമെങ്കില്‍ അമ്പതിനായിരം രൂപ വേണം. എന്റേല്‍ എവിടുന്നാ അത്രയും കാശ്." തനിക്കെന്തോ അന്ന് തന്നെ സ്വാമിജിയെ അത്ര ബോധിച്ചില്ല. പോരാത്തതിനു എന്നും പേപ്പറില്‍ കള്ളസ്വാമിമാരുടെ കഥകളാണ്..

രണ്ടുമൂന്നു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ശോഭേച്ചി ഇറങ്ങി. മനസ്സ് പിന്നെയും അസ്വസ്ഥമായ ചിന്തകളില്‍ മുഴുകി. അടുത്തവര്‍ഷം ചിന്നു മോളെ സ്കൂളില്‍ ചേര്‍ക്കണം. സി.ബി.എസ്. സി സ്കൂളുകളിലൊക്കെ ഭയങ്കര ഫീസും ഡൊനേഷനുമാണ്. മധുവേട്ടന്‍ ഗള്‍ഫില്‍ ആയിരുന്നെങ്കില്‍ അല്പം ഞെരുങ്ങിയിട്ടാണെങ്കിലും അവളെ നല്ല സ്കൂളില്‍ ചേര്‍ക്കാമായിരുന്നു. വീടിന്റെ പണി ഈ ജന്മം തീര്‍ത്തെടുക്കാന്‍ പറ്റുമോ ആവോ.

തനിക്കെന്തെങ്കിലും ജോലി ചെയ്ത് മധുവേട്ടനെ സഹായിക്കണമെന്നുണ്ട്. പ്രീഡിഗ്രി മൂന്നു വട്ടം എഴുതിയിട്ടും കടന്നു കൂടാന്‍ പറ്റാത്തയാളിനു എന്ത് ജോലി കിട്ടാനാണ്. തയ്യല്‍ പഠിക്കാന്‍ പൊയ്ക്കോട്ടേയെന്ന് ചോദിച്ചപ്പോള്‍ മധുവേട്ടനും അമ്മയും തലകൊയ്യാന്‍ വന്നു. കുറച്ചിലാണ് പോലും. പട്ടിണിയാണെങ്കിലും തറവാട്ടില്‍ ദുരഭിമാനത്തിനു മാത്രം ഒരു കുറവുമില്ല. നാളെയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഭയമാണ്.

ബാങ്കില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ നേരം ഏറെ വൈകിയിരുന്നു. അമ്മക്കുള്ള മരുന്നും അത്യാവശ്യം വീട്ടുസാധനങ്ങളും അമ്പത് രൂപയുടെ പച്ചക്കറി കിറ്റും ഒക്കെ വാങ്ങി ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പ്രൈവെറ്റ് ബസ്സുകള്‍ പണിമുടക്കിയ വിവരം അറിയുന്നത്. അടുത്ത് നിന്ന സ്ത്രീയോട് കാര്യം അന്വേഷിച്ചു. ഒരു സ്കൂള്‍ കുട്ടി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റു ഹോസ്പിറ്റലിലാണ്. ബസ്സുകളുടെ മത്സരയോട്ടം തന്നെ കാരണം. ബസ്‌ ജീവനക്കാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിന്റെ പേരിലാണ് മിന്നല്‍ പണിമുടക്ക്‌. ഇവന്മാരെയൊക്കെ തല്ലുകയല്ല കൊല്ലുകയാണ് വേണ്ടത്. ഇനിന്നിയെങ്ങനെ വീടും പറ്റും ഈശ്വരാ. ആകെ ഒന്ന് രണ്ടു ബസ്സുകള്‍ മാത്രമാണ് തങ്ങളുടെ റൂട്ടിലോടുന്നത്. ഓട്ടോ പിടിച്ചു വീട് വരെപ്പോയാല്‍ നൂറ്റമ്പതു രൂപയാകും. ഓരോ രൂപ അരിഷ്ടിച്ച് ലാഭപ്പെടുത്തുന്നതിനിടയിലാണ് ഇങ്ങനെയോരോ മാരണങ്ങള്‍.

ഇനിയുള്ള ഒരേയൊരു മാര്‍ഗ്ഗം ട്രാന്‍സ്പോര്‍ട്ട് ബസ്സിനു പോയി വീടിനു രണ്ടു കിലോമീറ്റര്‍ ഇപ്പുറത്ത് ഇറങ്ങുകയെന്നതാണ് . അവിടെനിന്നും ഓട്ടോ പിടിച്ചു പോവാം. മണ്ണ് തുള്ളിയിട്ടാല്‍ താഴാത്ത തിരക്കാണ് ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍. ഇന്നാരെയാണോ കണി കണ്ടോണ്ടിറങ്ങിയത്. എങ്ങനെയൊക്കെയോ ബസ്സില്‍ കയറിപ്പറ്റി. ഇടികൊണ്ട്‌ സാധനങ്ങളൊക്കെ നാനാവിധമായിട്ടുണ്ട് . മൊബൈല്‍ കയ്യിലുണ്ടായത് കൊണ്ട് അടുത്തവീട്ടിലെ ചേച്ചിയെ വിളിച്ചു അമ്മയോട് വരാന്‍ താമസിക്കും എന്ന് പറയാന്‍ പറഞ്ഞു.

ഒരുവിധത്തില്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ വല്ലാത്തൊരു ആശ്വാസമായിരുന്നു. നേരം അന്തി മയങ്ങിയിരിക്കുന്നു. ജംക്ഷനില്‍ ഒറ്റ ഓട്ടോ പോലുമില്ല. രണ്ടു കിലോമീറ്റര്‍ ഈ സാധനങ്ങളും തൂക്കി നടക്കണം. കവലയില്‍ എത്തിയപ്പോള്‍ അയല്‍പക്കത്തെ നന്ദുമോന്‍ ടോര്‍ച്ചുമായി കാത്തുനില്‍ക്കുന്നു. അമ്മ പറഞ്ഞു വിട്ടതാണ്. നേരം ഏഴര കഴിഞ്ഞു . ചിന്നുമോള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു, നേരിയ ചൂടുമുണ്ട്.

അമ്മയുണ്ടാക്കി വച്ചിരുന്ന ചായ കുടിച്ച്, മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ എട്ടു മിസ്‌ കോള്‍. മധുവേട്ടന്‍ വിളിച്ചത് ബസ്സിലെ തിരക്കില്‍ താന്‍ അറിഞ്ഞില്ല. അയല്പക്കത്തെക്കും വിളിച്ചിരുന്നുപോലും. തിരികെ വിളിച്ചത് ഭയത്തോടെയാണ്. കാത് പൊട്ടുന്ന തെറിയായിരുന്നു ആദ്യം കേട്ടത്. " '&^%$#, ആരുടെ കൂടെയായിരുന്നെടീ ഇത്രയും നേരം. രാവിലെ ഇറങ്ങിപ്പോയതാണല്ലോ" കുടിച്ച് ലക്കുകെട്ട് ഇരിക്കുകയാണെന്ന് വ്യക്തം.

"നിങ്ങളുടെ അമ്മയോട് തന്നെ ചോദിച്ചോളൂ' ഫോണ്‍ അമ്മയെ ഏല്പിച്ചു ബക്കറ്റുമെടുത്തു കിണറ്റിന്‍ കരയിലേക്ക് നടക്കുമ്പോള്‍ കവിളിലേക്ക്‌ ഇറ്റുവീണ തുള്ളികള്‍ മുഖം പൊള്ളിച്ചു, മനസ്സും. വേനല്‍ കുടിച്ച് തീര്‍ത്ത കിണറ്റില്‍ തൊട്ടി മുങ്ങാന്‍ മാത്രം കുറച്ചു വെള്ളം ബാക്കിയുണ്ട്. അരബക്കറ്റ് കലക്ക വെള്ളത്തില്‍ തിടുക്കത്തില്‍ കുളിച്ചെന്നു വരുത്തി. ലോഡ്ഷെഡിങ്ങിനു പോയ കരണ്ട് ഇനിയും വന്നിട്ടില്ല.

പുഴുക്കം അസഹ്യമായിരിക്കുന്നു. ഉറക്കം തൂങ്ങുന്ന ചിന്നുമോളെയുണര്‍ത്തി ചോറ് കൊടുത്തു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തില്‍ അമ്മയും താനും കഴിച്ചു. നിലത്തു വിരിച്ച പായയില്‍ മോളോട് ചേര്‍ന്ന് കിടന്നു ഒരു മാസിക വിശറിയാക്കി അവളെ വീശിക്കൊണ്ടിരിക്കവേ വീണ്ടും മൊബൈലില്‍ കോള്‍ വന്നു. മധുവേട്ടനാണ്, വലിച്ചു കേറ്റിയതിന്റെ കെട്ട് വിട്ടുകാണും. ഫോണ്‍ എടുത്തപ്പോള്‍ കാതില്‍ സ്നേഹമസൃണമായ ശബ്ദം.

"സോറി മോളെ. അന്നേരത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞതാ, പോട്ടെ. ഒരു നല്ല കാര്യം പറയാന്‍ വിളിച്ചതായിരുന്നു. ഗള്‍ഫില്‍ നിന്ന് ജോസൂട്ടിച്ചായന്റെ ഫോണ്‍ ഉണ്ടായിരുന്നു. കമ്പനിയില്‍ പിന്നെയും ആളെ എടുത്തു തുടങ്ങി. ഒന്ന് രണ്ടുമാസത്തിനകം വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു."

മനസ്സിലെ ദേഷ്യവും സങ്കടവും ഒരു നെടുവീര്‍പ്പിനോപ്പം അയഞ്ഞു. ദൈവമേ, നീ പിന്നെയും കരുണകാണിക്കുകയാണോ. ഒരുപാടു നേരം സംസാരിച്ചതിന് ശേഷമാണ് മധുവേട്ടന്‍ ഫോണ്‍ വച്ചത്. പുറത്തു നല്ല കാറ്റു വീശാന്‍ തുടങ്ങിയിരിക്കുന്നു, മഴക്കുള്ള ഒരുക്കമാണെന്ന് തോന്നുന്നു. ഉള്ളിലും പെയ്തിറങ്ങി ഒരു വേനല്‍ മഴ.

Tuesday, 23 February 2010

കുട്ടിമാപ്ല

ചങ്ങനാശ്ശേരിയിലെ പേരമ്മ (അമ്മയുടെ ചേച്ചി) മന്ത്‌ലി വിസിറ്റിനു ഞങ്ങളുടെ വീട്ടില്‍ വന്ന ദിവസമായിരുന്നു അന്ന്. പേരമ്മ വരുന്നത് എനിക്കും അനിയത്തിക്കും അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. വരുമ്പോള്‍ ‍ കൈയില്‍ ‍ ഓറഞ്ചും കറുപ്പും നിറമുള്ള പ്ലാസ്റിക് വരിഞ്ഞ ഒരു ബാഗ് കാണും, അതില്‍ നിറയെ ഞങ്ങള്‍ക്ക് തിന്നാനുള്ള ‍ സാധനങ്ങളാണ്. അച്ചപ്പവും, കുഴലപ്പവും, മുറുക്കും പിന്നെ ഞങ്ങള്‍ കിളി ബിസ്കെറ്റ് എന്ന് വിളിച്ചിരുന്ന, പക്ഷികളുടെയും മൃഗങ്ങളുടെയും ആകൃതിയുള്ള തീരെചെറിയ ബിസ്കെറ്റും (അത് തീരെ ചെറിയതായത് കൊണ്ട് ഏറെ കാണും) അങ്ങനെ പലതും ഉണ്ടാവും. തിരികെ പോവുമ്പോഴും ആ ബാഗ്‌ ഫുള്ളായിരിക്കും. സീസണ്‍ അനുസരിച്ചുള്ള സാധനങ്ങള്‍ അമ്മയും കൊടുത്തയക്കും.

വേനലവധിക്ക് സ്കൂളടച്ചാല്‍ പിന്നെ വിഷുവിനു പേരമ്മ വരാന്‍ കാത്തിരിക്കും. ചങ്ങനാശ്ശേരിയിലെ അമ്പലത്തില്‍ ‍ വിഷുവിനു കൊടികയറി പത്താമുദയത്തിനാണ് ആറാട്ട്. ഞങ്ങളെ രണ്ടുപേരെയും പേരമ്മ കൂടെ കൊണ്ടുപോവും. അവിടെ ചേച്ചിയെയും ചേട്ടന്മാരെയും കൂടാതെ പേരപ്പന്റെ വീട്ടിലെയും കുട്ടികള്‍ വരും ഉത്സവത്തിന്‌. എല്ലാവരും കൂടി കളിച്ചു തിമിര്‍ത്തു പഴുത്ത മാങ്ങയും ചപ്പി നടക്കുന്ന അവധിക്കാലം. രാത്രി എന്നും അമ്പലത്തില്‍ പരിപാടിയുണ്ടാവും, ബാലെ, നാടകം, ഗാനമേള അങ്ങനെയെന്തെങ്കിലും. അന്നൊക്കെ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വല്ലപ്പോഴുമാണ്. ചങ്ങനാശ്ശേരിയില്‍ ചെന്നാല്‍ ഞങ്ങള്‍ കുട്ടിപ്പട്ടാളത്തിനെയും കൊണ്ട് ഒരുദിവസം സിനിമക്ക് കൊണ്ടുപോവും. തിരികെപ്പോരുമ്പോള്‍ പുത്തന്‍ ഡ്രസ്സ്‌ എടുത്തു തരും, പിന്നെ ഉത്സവത്തിന്‌ വാങ്ങിയ കുപ്പിവളകളും, ചാന്തും, പൊട്ടും ഒക്കെ. ഇതിനെക്കാളൊക്കെ എന്നെ ആകര്‍ഷിച്ചിരുന്നത് വീടിനടുത്തുള്ള ലൈബ്രറിയാണ്. കൂടാതെ പേരപ്പന്റെ കൈയില്‍ ഒരു പുസ്തക ശേഖരം തന്നെയുണ്ട്‌. പോരുമ്പോള്‍ ഒരുകെട്ട്‌ പുസ്തകങ്ങളും കൊണ്ടാണ് വരുന്നത്. കുട്ടിക്കാലത്ത് ഞങ്ങളോട് ഏറ്റവും ഇഷ്ടം ആരോടാണെന്നു ചോദിച്ചാല്‍ "ചങ്ങനാശ്ശേരിയിലെ പേരമ്മയോട് " എന്ന് പറയാന്‍ ആലോചിക്കേണ്ടി വന്നിട്ടില്ല.

പേരമ്മ വന്നാല്പിന്നെ അമ്മയും അമ്മൂമ്മയും പേരമ്മയും കൂടി അടുക്കളയില്‍ ‍ വര്‍ത്തമാനം പറയുന്നിടത്ത് ഞാനും ചെന്ന് കേള്‍ക്കാനിരിക്കും. ഇരു നാട്ടുരാജ്യങ്ങളിലെയും വിലപ്പെട്ട ഇന്ഫോര്‍മെഷന്‍സ്‌ അതായത്‌ മരണം, കല്യാണം, ഒളിച്ചോട്ടം, പിന്നെ ബന്ധുക്കളെക്കുറിച്ച് പരദൂഷണം അങ്ങനെ നാനാതരം കാര്യങ്ങള്‍ പങ്കുവക്കുന്നിടത് എന്നെ കാണുമ്പോള്‍ ‍ അമ്മൂമ്മ ഓടിച്ചു വിടും. ”നിന്നോട് പറഞ്ഞിട്ടില്ലേടീ പ്രായമായവര് വര്‍ത്തമാനം പറയുന്നിടത്ത് വന്നു കാതും കൂര്‍പ്പിച്ചു ഇരിക്കല്ലെന്ന്".
അപ്പോള്‍ നമ്മളങ്ങോട്ട്‌ മാറി ഡൈനിംഗ് റൂമില്‍ വന്നു ഒരു പുസ്തകവും നിവര്‍ത്തിപ്പിടിച്ചു ഇരിക്കും. പക്ഷേ ശ്രദ്ധയപ്പോഴും അടുക്കളയില്‍ തന്നെ. ജനറല്‍ ‍നോളെജ് വികസിപ്പിക്കേണ്ടത് നമ്മുടെ ആവശ്യം അല്ലേ.

സാധാരണ പേരമ്മ വന്നാല്‍ പിറ്റേന്ന് രാവിലെയെ തിരികെപ്പോവുകയുള്ളൂ. അന്നെന്തോ തിരക്കുണ്ടായിട്ടു ഉച്ചതിരിഞ്ഞ് പോവുമെന്ന് പറഞ്ഞു. അമ്മ തിരക്കിട്ട് ഉച്ചയൂണ് തയാറാക്കുകയായിരുന്നു. ഇതിനിടയിലാണ് പള്ളിയില്‍ ‍ മരണം അറിയിച്ചുകൊണ്ടുള്ള മണികള്‍ ‍ മുഴങ്ങിയത്. ഇടവിട്ട്‌ മുഴങ്ങുന്ന ആ മണികള്‍‍ ഭയം കലര്‍ന്ന ഒരു ജിജ്ഞാസയാണ് എന്നും മനസ്സില്‍ ‍ ഉണര്‍ത്തിയിരുന്നത്‌. രാത്രികളുടെ ഇരുണ്ട നിശബ്ദതയില്‍ ‍ ഭയത്തിന്റെ ചിറകു വിരിച്ചു നമ്മുടെ നിദ്രയിലേക്ക് ചേക്കേറാന്‍ ‍ മറ്റൊരു പ്രേതാത്മാവ് കൂടി.

അപ്പുറത്തെ ജോയിചേട്ടനാണ് കുട്ടിമാപ്ല മരിച്ചുപോയ വിവരം വന്ന്‌ പറഞ്ഞത്. കുട്ടിമാപ്ലക്ക് പ്രായമേറെയായിരുന്നു, എന്നാലും നല്ല ആരോഗ്യം ഉണ്ടായിരുന്നു. പാടത്തെയും പറമ്പിലെയും പണികളൊക്കെ ചെയ്യുന്നതും ചന്തയില്‍ ‍ പോവുന്നതും ഒക്കെ പുള്ളി തന്നെയാണ്. പറമ്പില്‍ ‍ കിളച്ചു കൊണ്ടിരിക്കെ ബോധംകെട്ട് വീഴുകയും ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും ആള് മരിച്ചുപോവുകയും ചെയ്തു. അതുവരെ സന്തോഷം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ പെട്ടെന്നൊരു മ്ലാനത പരന്നു. അപ്പൂപ്പനുള്ള കാലം മുതല്‍ക്കേ കുട്ടിമാപ്ലക്ക് ഞങ്ങളുടെ വീടുമായി അടുപ്പമുണ്ട്‌ . പേരമ്മയും കുട്ടിമാപ്ലയുടെ മകളും കൂട്ടുകാരികളുമായിരുന്നു. അങ്ങനെ ഒരു ദുഃഖവാര്‍ത്തയും കേട്ടാണ് പേരമ്മ മടങ്ങിപ്പോയത്.

പക്ഷെ പേരമ്മ പോയി കുറെ കഴിഞ്ഞപ്പോള്‍ അടുത്ത അനൌണ്സ്മെന്റ് വന്നു, കുട്ടിമാപ്ല മരിച്ചിട്ടില്ല. തട്ടിപ്പോയെന്നു ഡോക്ടര്‍ ‍ വിധിയെഴുതിയ കുട്ടിമാപ്ല അല്പം കഴിഞ്ഞപ്പോള്‍ ‍ കൂളായി എഴുന്നേറ്റിരുന്നു വെള്ളം ചോദിച്ചു. കപ്യാര് ചാക്കോച്ചായന്‍ അടിച്ച മണികള്‍ ‍ എല്ലാം വെയ്സ്റ്റ്. അന്ന് വീട്ടിലെന്നല്ല, ആ നാട്ടില്‍ ‍ തന്നെ ഫോണ്‍ ‍ ഇല്ല. കത്തെഴുതി അറിയിക്കാനും മാത്രം ദൂരം ചെങ്ങന്നൂരും ചങ്ങനാശ്ശേരിയും തമ്മില്‍ ‍ ഇല്ലാത്തതുകൊണ്ട് നേരില്‍ ‍ കാണുമ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. ചുരുക്കം പറഞ്ഞാല്‍ ‍ കുട്ടിമാപ്ല പുനര്‍ജീവിച്ച വിവരം പേരമ്മ അറിഞ്ഞില്ല. ഞങ്ങളാണെങ്കില്‍ ഒന്ന് രണ്ടു ദിവസം ചര്‍ച്ചചെയ്ത ശേഷം ആ സംഭവം മറവിയുടെ വെയ്സ്റ്റ് ബാസ്കെറ്റില്‍ ‍ കളയുകയും ചെയ്തു.

ഒന്ന് രണ്ടു മാസങ്ങള്‍ കഴിഞ്ഞു, പേരമ്മ ഒന്ന് രണ്ടു തവണ വന്ന്‌ പോവുകയും ചെയ്തു, പക്ഷേ കുട്ടിമാപ്ല എന്ന ടോപ്പിക്ക് ഒരിക്കലും ചര്‍ച്ചയില്‍ ‍ വന്നില്ല, അതുകൊണ്ട് പേരമ്മയെ സംബന്ധിച്ചിടത്തോളം കുട്ടിമാപ്ല പരേതനായിതന്നെ തുടര്‍ന്നു.

മൂന്നാം തവണ ആ പ്ലാസ്റിക് ബാഗുമായി ചങ്ങനാശ്ശേരിയില്‍ നിന്ന് ലാന്‍ഡ്‌ ചെയ്ത പേരമ്മ വളരെ ദൂരെ നിന്ന് തന്നെ അതുകണ്ടു, ഒരാള്‍ വാഴക്കുലയും തലയില്‍ ‍ വച്ച് എതിരെ നടന്നു വരുന്നു. കണ്ടാല്‍ കുട്ടിമാപ്ലയെപ്പോലെ തന്നെയുണ്ട്‌. ഒരാളെപ്പോലെ ഒന്പതു പേരുണ്ടെന്നാണല്ലോ പ്രമാണം. അടുത്തെത്തും തോറും ആ രൂപസാദൃശ്യം പേരമ്മയെ അത്ഭുതപ്പെടുത്തി.

ഇനിയിപ്പോ കുട്ടിമാപ്ലക്ക് വല്ല ട്വിന്‍ ബ്രദര്‍ ‍ ഉണ്ടായിരുന്നോ എന്ന് വരെ പേരമ്മ ആലോചിച്ചു. അയാളാണെങ്കില്‍ ദൂരെനിന്നേ നല്ല പരിചയത്തില്‍ ചിരിക്കുന്നുമുണ്ട്. പേരമ്മക്ക് ആധിയായി. ഒരകലം പാലിച്ച് പേരമ്മ ആ കടമ്പ താണ്ടിയേനെ, ഒരുപക്ഷേ അദ്ദേഹം "രാധക്കുഞ്ഞേ, കുട്ടിമാപ്ലെ കണ്ടിട്ടെന്താ അറിയാത്ത ഭാവത്തിലൊരു പോക്ക്" എന്ന ചോദ്യം ചോദിക്കാതിരുന്നെങ്കില്‍. അത് കേട്ടതും പേരമ്മ വിളിച്ചുകൂവിക്കൊണ്ട് ഓടിയതും സെക്കെണ്ടുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

തന്റെ വീട്ടിലേക്ക് വേലിയും ചവിട്ടിപ്പൊളിച്ചു, കടിക്കുന്ന പട്ടിയെപ്പോലും വകവെക്കാതെ ഓടിക്കേറി വരുന്ന പേരമ്മയെക്കണ്ട്‌ ഇളംതിണ്ണയില്‍ ‍ കൊച്ചുവര്‍‍ത്തമാനവും പറഞ്ഞിരുന്ന മോനച്ചന്‍ ‍-ലീലാമ്മ ദമ്പതികള്‍ അന്തംവിട്ടു അറ്റെന്‍ഷനായി നിന്നു.

"എന്താ ചേച്ചീ, എന്ത് പറ്റി?" പീഡനം ഇന്നത്തെപ്പോലെ പോപ്പുലര്‍ ‍ അല്ലാത്ത കാലമായതുകൊണ്ട് ആ വരവ് കണ്ടപ്പോള്‍ ‍ വല്ല പട്ടിയോ പശുവോ ഇട്ടോടിച്ചതായിരിക്കും എന്നാണ് മോനച്ചായന്‍ ‍ കരുതിയത്‌.

"ദാണ്ടവിടെ കുട്ടിമാപ്ല നിക്കുന്നു." താന്‍ ‍ വന്ന വഴിയിലേക്ക് വിറച്ചുകൊണ്ട് പേരമ്മ കൈചൂണ്ടി. പ്രേതത്തിനെ എല്ലാര്‍ക്കും കാണാന്‍ ‍ പറ്റുമോ എന്നൊരു നേരിയ സംശയത്തോടെ.

"അതിനെന്താ ചേച്ചീ, അപ്പച്ചന്‍ ‍ ഇവിടെക്കേറി വര്‍‍ത്തമാനമൊക്കെ പറഞ്ഞിരുന്നിട്ട് ഇപ്പഴങ്ങോട്ടിറങ്ങിയതെയുള്ളൂ. ജോണിക്കുട്ടീടെ ചായക്കടെലേക്ക് കുലയും കൊണ്ട് പോവാ"

അത് കേട്ടപ്പോള്‍ ‍ പേരമ്മയുടെ മനസ്സില്‍ ‍ ഒരേയൊരു കുഞ്ഞു സംശയമേ തോന്നിയുള്ളൂ. 'ദൈവമേ ഞാനെപ്പഴാ ചത്ത്‌ പരലോകത്തെത്തിയത്'. മോനച്ചായന്റെ പശു അമറിയപ്പോള്‍ ‍ അത് കാലന്റെ പോത്തിന്റെ അമറിച്ചയാണോന്നുവരെ ആ നിമിഷം പേരമ്മ സംശയിച്ചു. മുറ്റത്ത്‌ കെട്ടിയിരുന്ന ആട്ടിന്‍കുട്ടികള്‍ കോറസ്സായി കരഞ്ഞപ്പോഴാണ് താനിപ്പഴും ഉടലോടെ ഭൂമിയില്‍ തന്നെയുണ്ടെന്ന് പേരമ്മക്ക് മനസ്സിലായത്‌. സം തിംഗ് ഈസ്‌ റോങ്ങ്‌ സം വെയര്‍ ‍. അത് പുള്ളിക്കാരിക്ക് പിടികിട്ടി , മോനച്ചായനും.

"എന്താ ചേച്ചീ എന്താ കാര്യം?" മോനചായന്‍ വീണ്ടും ചോദിച്ചു.

"അത് പിന്നെ മൂന്നാല് മാസം മുന്‍പ് മരിച്ചുപോയ കുട്ടിമാപ്ല .." പേരമ്മ അര്‍ധോക്തിയില്‍ ‍ നിര്‍‍ത്തി. ഇപ്പോള്‍‍, ഇപ്പോള്‍ ‍ മോനച്ചായന് എല്ലാം വ്യക്തമായി.

വീട്ടില്‍ ‍ വന്നു കയറിയയുടന്‍ ‍ അമ്മയോടുള്ള പേരമ്മയുടെ പ്രതികരണം ഇങ്ങനെ "എടീ മഹാപാപീ, സന്ധ്യക്കെങ്ങാനും ആയിരുന്നു ഞാന്‍ ‍ അതിയാനെ കണ്ടിരുന്നതെങ്കില്‍ എന്റെ മൂന്നു പിള്ളാര്‍ക്ക് തള്ളയില്ലാതായി തീര്‍ന്നേനെ."

പിറ്റേന്ന് തിരികെ പോവുമ്പോള്‍ എല്ലാമാസവും തരാറുള്ള പോക്കറ്റ്‌മണി ഒരു രൂപക്കൊപ്പം അമ്പതു പൈസ കൂടി തന്നു. എന്നിട്ട് പറഞ്ഞു "മോള് നാളെ സ്കൂളില്‍ ‍ നിന്ന് വരുമ്പം പോസ്റ്റാഫീസില്‍ കേറി രണ്ടു മൂന്നു പോസ്റ്റ്‌കാര്‍ഡു മേടിക്കണം."

പിന്നെ അമ്മയോട് പറഞ്ഞു "ഇനി ഇങ്ങനത്തെ വല്ല കാര്യവുമുണ്ടെങ്കില്‍ ‍ നീ കാര്‍‍ഡില്‍ രണ്ടുവരി ഒന്നെഴുതി ഇട്ടേക്കണം. വെറുതെ മനുഷ്യനെ തീ തീറ്റിക്കാതെ".

പിന്നെ ആരെങ്കിലും മരിച്ച വിവരം അറിഞ്ഞാല്‍ അടുത്ത വരവിനു പേരമ്മ അത് റീ കണ്ഫേം ചെയ്യുന്നതും പതിവാക്കി.

Wednesday, 27 January 2010

ഇന്നലെയുടെ ബാക്കി

അന്തിവെയില്‍ ചാഞ്ഞു തുടങ്ങിയ മുറ്റത്ത്‌ ആളൊഴിഞ്ഞിട്ടില്ല. അല്പം ദൂരെ പറമ്പില്‍ ചിതയിപ്പോഴും ആളിക്കത്തുന്നുണ്ട്. വിടരും മുന്‍പേ കൊഴിഞ്ഞുപോയ തന്റെ പന്ത്രണ്ടു വയസുകാരി മകളുടെ. ഇന്നലെ ട്യൂഷന് പോയതാണ് അവള്‍. പിന്നെ മടങ്ങി വന്നത് ആരൊക്കെയോ ചേര്‍ന്ന് കശക്കിയെറിഞ്ഞ അവളുടെ ചേതനയറ്റ ശരീരം മാത്രം. ചുറ്റും നടക്കുന്നതൊന്നും അയാള്‍ അറിയുന്നില്ലായിരുന്നു. ഭാര്യ കരഞ്ഞു തളര്‍ന്നു കിടക്കുന്നു, നിഷ്കളങ്കയായ പൊന്നുമകളെ നിര്‍ദാക്ഷിണ്യം ഭൂമിയില്‍ നിന്നും അടര്‍ത്തി എടുത്തതിനു ഇടയ്ക്കിടെ അവള്‍ ദൈവങ്ങളെ ശപിക്കുന്നുണ്ട്.

അയാളുടെ മനസ്സില്‍ ഒരേയൊരു ചിത്രം മാത്രം തെളിഞ്ഞു നിന്നു. പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മഴയില്‍ കുതിര്‍ന്ന ഒരു പ്രഭാതം. വിട്ടത്തില്‍ തൂങ്ങി നിന്ന അവളുടെ ശരീരത്തില്‍ നിന്നും ആ കുറിപ്പ് കണ്ടെടുത്തത് പോലീസുകാരാണ്. ഒറ്റ വരി മാത്രം "നിനക്ക് പിറക്കുന്നതൊക്കെയും പെണ്ണായിരിക്കട്ടെ. എന്നെപ്പോലെ ഒരു ദിനം അവള്‍ക്കും ഉണ്ടാവട്ടെ"

ആള്‍ക്കൂട്ടത്തില്‍ തനിക്കു മാത്രം അതിന്റെ അര്‍ഥം മനസ്സിലായി. മറ്റാരും ആ വരികളുടെ അര്‍ഥം തേടിപ്പോയതുമില്ല. യൌവ്വനത്തിന്റെ ലഹരിയില്‍ അവളുടെ നിലവിളികള്‍ ഒരിക്കലും ദുസ്വപ്നങ്ങളായി തന്റെ ഉറക്കം കെടുത്തിയില്ല. ഇതിനു മുന്‍പ് ആ വരികള്‍ ഓര്‍മയില്‍ എത്തിയത് രണ്ടു തവണയും തനിക്കു പിറന്നത്‌ പെണ്‍കുട്ടികളാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ മാത്രം.

ഇപ്പോള്‍ ആ അക്ഷരങ്ങള്‍ മാനം മുട്ടെ ഉയരുന്ന ജ്വാലകളാവുന്നതും അതിന്റെ ചൂടില്‍ തന്റെ ആത്മാവ് വെന്തുരുകുന്നതും അയാള്‍ അറിഞ്ഞു. ഭയവിഹ്വലതയോടെ ആറുവയസ്സുകാരി ഇളയ മകളെ അയാള്‍ നെഞ്ചോടടക്കി പിടിച്ചു.

Tuesday, 19 January 2010

പ്രണയവര്‍ണ്ണങ്ങള്‍

വിമെന്‍സ് പോളിടെക്നിക്കിലെ മൂന്നുവര്‍ഷം ശരിക്കും ആസ്വദിച്ച പഠനകാലമായിരുന്നു. പത്താം ക്ലാസ്സില്‍ ഡിസ്ടിങ്ങ്ഷന്‍ ഉണ്ടായിരുന്നു എന്ന ഒറ്റതെറ്റ് കൊണ്ടുമാത്രം വീട്ടുകാര്‍ നിര്‍ബന്ധിച്ചു ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്ന കീറാമുട്ടി തലയില്‍ വച്ച് തന്നതാണ്. പോരാത്തതിനു ഞങ്ങളുടെ പോളിടെക്നിക് അതിന്റെ ബാലാരിഷ്ടതകളിലൂടെ കടന്നു പോകുന്ന സമയം. നല്ല ബില്‍ഡിംഗ് ഇല്ല, ലാബ്‌ ഇല്ല, ലൈബ്രറി ഇല്ല അങ്ങനെ ആകെ മൊത്തം ഒന്നും ഇല്ല.

ഇരുപത്തിയഞ്ച്പേരാണ് ഒരു ബാച്ചില്‍. കൂട്ടത്തില്‍ ഏറ്റവും സ്ട്രോങ്ങ്‌ ടീമാണ് ഞാനും നിഷയും ജിജിയും. ഞാനും നിഷയും പ്രീഡിഗ്രി തൊട്ടേ കൂട്ടുകാരായിരുന്നു. പോളിടെക്നിക്കില്‍ ഞങ്ങളുടെ കൂടെ ജിജിയും കൂടി. ഒരേ ബസ്സിലാണ് വരവും പോക്കും. ഇടയ്ക്കിടയ്ക്ക് കമ്പയിന്‍സ്റ്റഡി എന്ന പേരും പറഞ്ഞു മൂവരുടെയും വീടുകളില്‍ പോയി താമസിക്കും. എനീട്ടു രാത്രി മുഴുവന്‍ സിനിമാക്കഥയും പരദൂഷണവും ഒക്കെ പറഞ്ഞിരുന്നു ഫ്ലാസ്കില്‍ ഇരിക്കുന്ന കട്ടന്‍ കാപ്പിയും കുടിച്ചു തീര്‍ത്തിട്ട് കിടന്നുറങ്ങും.

ജിജിക്കൊരു പ്രണയം ഉണ്ടായിരുന്നു. ഹൈസ്കൂള്‍ മുതല്‍ക്കേയുള്ള സഹപാഠിയാണ് നായകന്‍.
ജിജി ക്രിസ്ത്യനാണ്, ശ്യാം ഹിന്ദുവും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഈ അഫയറിനെക്കുറിച്ച് ജിജിയുടെ വീട്ടിലറിഞ്ഞു, പൊതിരെ തല്ലും കിട്ടി. എന്നിട്ടും ഒളിച്ചു പാത്തുമൊക്കെ അവര്‍ തമ്മില്‍ കാണുകയും പ്രണയലേഖനങ്ങള്‍ കൈമാറുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ജിജിയുടെ അമ്മയ്ക്കും ഇതൊക്കെ അറിയാമായിരുന്നു. ഇത് മുന്നോട്ടു പോയാല്‍ ജിജിയുടെ പപ്പാ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ഞാനും നിഷയും അവരുടെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ആന്റി പറയുമായിരുന്നു.

ഒരു ദിവസം ജിജി ഇല്ലാതിരുന്ന ഒരവസരത്തില്‍, എങ്ങനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കി ഈ ബന്ധത്തില്‍ നിന്നും അകറ്റണമെന്നൊരു ഭാരിച്ച ഉത്തരവാദിത്തം ജിജിയുടെ അമ്മ ഞങ്ങളെ ഏല്പിച്ചു. ഒരു നല്ല കാര്യമല്ലേ എന്നുവിചാരിച്ച് നിഷയും ഞാനും ആ ക്വൊട്ടേഷന്‍ പ്രതിഫലമില്ലാതെ ഏറ്റെടുത്തു. (അന്ന് അവിടുന്ന് കഴിച്ച പാലപ്പവും കോഴിക്കറിയും സത്യമായും ആ വര്‍ക്കിനുള്ള അഡ്വാന്‍സ്‌ അല്ല).

പിന്നീടങ്ങോട്ട്‌ ബ്രെയിന്‍വാഷിന്റെ ദിവസങ്ങളായിരുന്നു. ജിജിക്ക് ഞങ്ങള്‍ പ്രേമത്തിന്റെ, പ്രത്യേകിച്ചും അന്യജാതിയില്‍പെട്ട ഒരുവനെ പ്രണയിക്കുന്നതിന്റെ, ദൂഷ്യഫലങ്ങളെക്കുറിച്ച് സ്റ്റഡിക്ലാസ് എടുത്തു. അങ്ങനെ ഫസ്റ്റ് ഇയര്‍ തീരാറായപ്പോഴേക്കും അവള്‍ ആ കടുത്ത തീരുമാനം എടുത്തു, ശ്യാമിനോട് ബൈ ബൈ പറയുക.

അങ്ങനെ ഒരു വൈകുന്നേരം കായംകുളം ബസ്‌ സ്റ്റാന്‍ഡില്‍ വച്ച് പരസ്പരം കൈമാറിയ കത്തുകളും, കാര്‍ഡുകളും, ഫോട്ടോകളും ഒക്കെ തിരിച്ചുവാങ്ങി ആ പരിശുദ്ധ പ്രണയത്തിന്റെ തിരശീല വീണു. അതിനു മൂക സാക്ഷികളായി ഞാനും നിഷയും അല്പം ദൂരെ ഫാന്‍സി സ്റ്റോറില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം പറഞ്ഞവസാനിപ്പിച്ചു ജിജി തിരിച്ചു വന്നു ഞങ്ങളെ സാമാന്യം വലിയ ഒരു പൊതി ഏല്പിച്ചു "ഇത് നിങ്ങള്‍ എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചു കളയണം" എന്നൊരു ഗദ്ഗദത്തോടെ പറഞ്ഞിട്ട്, പോവാന്‍ തയാറായി നിന്ന ബസില്‍ ചാടി കയറി സ്ഥലം വിട്ടു. ഞാനും നിഷയും ആ വലിയ പൊതിയും മാത്രമായി.

ഇങ്ങനൊരു വഴിത്തിരിവ് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ലായിരുന്നു.

അതിനകത്ത് എന്തൊക്കെയുണ്ടെന്നറിയില്ല, അത് കൊണ്ട് ബസ്‌ സ്റ്റാന്‍ഡില്‍ കളയാന്‍ പറ്റില്ല. വീട്ടില്‍ കൊണ്ടുപോവാന്‍ തീരെയും പറ്റില്ല. നിഷയുടെ വീട്ടിലെ സാഹചര്യം ഏതാണ്ട് 'അനിയത്തി പ്രാവ്' സിനിമയിലേതാണ്. അവളെക്കാള്‍ വളരെ പ്രായ വ്യത്യാസമുള്ള മൂന്ന് ആങ്ങളമാര്‍, പിന്നെ അച്ഛനും അമ്മയും, നാത്തൂന്മാരും കുട്ടികളും അങ്ങനെ ഒരു വലിയ കുടുംബം.

ഞാനാണെങ്കില്‍ അതിലും വലിയൊരു ഗതികേടിലാണ്. എന്റെ വീട്ടില്‍ അച്ഛനും അമ്മയും വളരെ ഫ്രീ ആയിരുന്നു, പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ ഓണം വരെ. ആ ഓണക്കാലത്താണ് കടും ചുവപ്പ് നിറമുള്ള ഒരു ഗ്രീറ്റിംഗ് കാര്‍ഡ് എന്നെത്തേടി പോസ്റ്റില്‍ വന്നത്. കാര്‍ഡ് കിട്ടിയത് അമ്മയുടെ കൈയില്‍. തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ മനോഹരമായൊരു ഹൃദയത്തിന്റെ ചിത്രം, അതിനുള്ളില്‍ "ഐ ലവ് യു". അയച്ചയാളിന്‍റെ പേരില്ല. വൈകിട്ട് കോളേജില്‍ നിന്ന് വന്നപ്പോള്‍ അമ്മ എന്നെ ക്വൊസ്റ്റ്യന്‍ ചെയ്തു, ഞാന്‍ നിരപരാധിയാണ് എന്ന് ബോധ്യം വന്നതുകൊണ്ട് പുനര്‍നടപടികള്‍ക്കായി മുന്നോട്ടു പോയില്ല.

പക്ഷെ പിന്നെ വന്ന ക്രിസ്മസ്, ന്യൂ ഇയര്‍, വാലന്റൈന്‍സ് ഡേ എന്നിവക്കെല്ലാം ആ കാര്‍ഡ് മുടങ്ങാതെ വീട്ടിലെത്തി. പോസ്റ്റ്‌ മാന്‍ രാജന്‍ ചേട്ടന്‍ എന്റെ പേടിസ്വപ്നമായി തീര്‍ന്നു. ആ മധുരപ്പതിനാറിലും, പതിനേഴിലും ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ എല്ലാ വിശേഷാവസരങ്ങളെയും ഞാന്‍ വെറുത്തു. ആ നശിച്ച കാര്‍ഡ് വന്നാല്‍ പിന്നെ കടന്നാല്‍ കുത്തിയത് പോലെയാണ് അമ്മയുടെയും, അമ്മൂമ്മയുടെയും മുഖം. വീട്ടില്‍നിന്നും എല്ലാ മാസവും തരുന്ന ട്യൂഷന്‍ ഫീസ്‌ പോസ്റ്റ്മാന്‍ രാജന്‍ ചേട്ടന് കൈക്കൂലി കൊടുത്തു ആ കാര്‍ഡ് വീട്ടില്‍ എത്താതെ തടഞ്ഞാലോ എന്ന് വരെ ആലോചിച്ചു. ഇപ്പോള്‍ എന്നെക്കുറിച്ച് ഒരു സംശയമേ വീട്ടുകാര്‍ക്കുള്ളൂ, അങ്ങിനെ വല്ലതും ചെയ്‌താല്‍ പിന്നെ കണ്ഫെമാകും. അതുകൊണ്ട് കൈക്കൂലി പ്ലാന്‍ ഉപേക്ഷിച്ചു.

ഇതിനിടയിലാണ് കൈ നോക്കി ഫലം പറയുന്ന ഒരു കാക്കാത്തി എനിക്ക് പാരയായി അവതരിച്ചത്. അവര്‍ ഇടക്കൊക്കെ വീട്ടില്‍ വന്നു ഭക്ഷണം ചോദിക്കും, അമ്മ അടുക്കള വരാന്തയില്‍ ഇലയിട്ടു ചോറും കറിയും കൊടുക്കും. സംപ്രീതയായി ആ സ്ത്രീ എന്റെ അമ്മ മഹാലക്ഷ്മിയാണെന്നും ഏഴുതിരിയിട്ട നിലവിളക്ക് പോലെ ഐശ്വര്യം നിറഞ്ഞവളാണെന്നും ഒക്കെ അടിച്ചുവിടും. അതൊക്കെ കേട്ട് സന്തോഷിച്ചു അവര്‍ പോവുമ്പോള്‍ എന്തെങ്കിലും ചില്ലറയും അമ്മ കൊടുക്കും.

അന്ന് ആ കാക്കാത്തി വീട്ടില്‍ വന്നപ്പോള്‍ അമ്മ പേരമ്മയുടെ വീട്ടില്‍ പോവാന്‍ തയാറാവുകയായിരുന്നു. അതുകൊണ്ട് എന്നോട് അവര്‍ക്ക് ചോറെടുത്ത് കൊടുക്കാന്‍ പറഞ്ഞു. ചോറ് കിട്ടിയപ്പോള്‍ ആസ് യൂഷ്വല്‍ അവര്‍ പ്രവചനം തുടങ്ങി. ദോഷം പറയരുതല്ലോ, ഒക്കെയും നല്ല കാര്യങ്ങള്‍ ആയിരുന്നു. പരീക്ഷക്ക്‌ നല്ല മാര്‍ക്ക് കിട്ടുമെന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും അതില്‍ വീണു പോയി. ഇതിനിടയില്‍ അമ്മ അങ്ങോട്ട്‌ വന്നു. അവസാനം അവര്‍ പ്രവചിച്ചു "ഇവളുടെ വിവാഹം പ്രേമവിവാഹം ആയിരിക്കും." അമ്മയും ഞാനും ഒരുമിച്ചു ഞെട്ടി. അക്ഷാംശവും രേഖാംശവും ഒക്കെവച്ചു ഒന്നൂടെ നോക്കാന്‍ അമ്മ പറഞ്ഞപ്പോഴും അവര്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു "കൈരേഖ കള്ളം പറയില്ലമ്മാ. ഞാന്‍ പറഞ്ഞത് സത്യമാ".

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അമ്മ ഉറക്കെ ആത്മഗതം ചെയ്തു " അവര് പറയുന്നതൊക്കെ അച്ചട്ടാ!"
ഇടിവെട്ടിയവനെ പാമ്പ് കടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. പിന്നെ അതായിരുന്നു എന്റെ അവസ്ഥ. അമ്മയോടൊപ്പം എവിടെങ്കിലും പോവുമ്പോള്‍ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊന്നും കാണരുതേയെന്നു മനമുരുകി പ്രാര്‍ഥിക്കും. അമ്മയുടെ ഒരു കണ്ണ് ഇപ്പോഴും എന്റെമേല്‍ കാണും. നമ്മള്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നതാണ്‌ ഏറ്റവും ദുഖകരമായ അവസ്ഥ.

ഞാന്‍ നേര്‍ന്ന നേര്‍ച്ചകളുടെ ശക്തി കൊണ്ടാണോ, അതോ കാര്‍ഡിട്ടുകൊണ്ടിരുന്നയാളിന് മടുത്തിട്ടാണോ എന്തോ പ്രീഡിഗ്രി കഴിഞ്ഞതോടെ കാര്‍ഡിന്റെ വരവ് നിലച്ചു. ആ വര്‍ഷം എനിക്ക് മനസമാധാനമുണ്ടായിരുന്നു. അങ്ങനെ എല്ലാമൊന്നു ശാന്തമായി ഇരിക്കുന്ന അവസ്ഥയില്‍ ഈ ഒരു കെട്ട് കാര്‍ഡും എഴുത്തും ഒക്കെകൊണ്ട് വീട്ടില്‍ ചെന്നാല്‍ എന്ത് സംഭവിക്കും എന്നുറപ്പുണ്ടായതുകൊണ്ട് ആ പാപഭാരം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായില്ല പ്രേമലേഖനമല്ലേ, പേരും നാളുമൊന്നും കാണത്തില്ല. ചക്കരേ, തേനേ, പൊന്നേ എന്നൊക്കെയായിരിക്കും അഭിസംബോധന.

ഞങ്ങള്‍ ബസ്‌സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡില്‍ ഇരുന്നു കൂലങ്കഷമായി ചിന്തിച്ചു. അവസാനം നിഷയുടെ വീടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ പൊതി തട്ടാന്‍ തീരുമാനിച്ചു. ഒരു മണിക്കൂര്‍ ബസ് യാത്രയുണ്ട് നിഷയുടെ വീട്ടിലേക്ക്‌. ബസിലിരുന്നു ഞങ്ങള്‍ ആ പൊതി അഴിച്ചു നോക്കി. കത്തുകള്‍, ഫോട്ടോകള്‍, കാര്‍ഡുകള്‍, ഉണങ്ങിയ റോസാപ്പൂക്കള്‍ അങ്ങനെ ഒരു ഉദാത്ത പ്രേമത്തിന്റെ എല്ലാ അവശിഷ്ടങ്ങളുമുണ്ട്‌.

നിഷയുടെ വീടിനു കുറച്ചു മുകളിലോട്ടു മാറിയാണ് പൊട്ടക്കിണറുള്ള പറമ്പ് . ബസ്സിറങ്ങി ഞങ്ങള്‍ ആ ഭാഗത്തേക്ക് നടന്നു. കിണറിനടുതെത്തിയതും റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദം "എന്നതാടീ പിള്ളാരെ അവിടെ?". അടുത്ത വീട്ടിലെ അമ്മച്ചിയാണ്, അരിവാളുമായി പുല്ലുചെത്താന്‍ ഇറങ്ങിയ വഴിയാണ്.

"ഏയ്‌ ഒന്നുമില്ലമ്മച്ചീ. ഇവളെ ഈ കിണറൊന്നു കാണിക്കാന്‍ കൊണ്ട് വന്നതാ" നിഷയുടെ മറുപടി അമ്മച്ചിക്കത്ര ബോധിച്ചില്ല.

"പിന്നേ എന്നുവച്ചാ നിധി കുഴിച്ചിട്ടിരിക്കുവല്ലേ ഇതിനകത്ത്. എളുപ്പം വീട്ടില്‍ പോവാന്‍ നോക്ക്, ഇവിടെക്കിടന്നു കറങ്ങാതെ" . ഞങ്ങള്‍ കയ്യാലയിറങ്ങി പോവുന്നത് വരെ അമ്മച്ചി അവിടെത്തന്നെ നിന്ന്. വല്ല ആത്മഹത്യാശ്രമവുമാണോന്ന്‌ അവര്‍ സംശയിച്ചു കാണും.

"എടീ, ഇതും കൊണ്ട് വീട്ടില്‍ പോവാന്‍ പറ്റത്തില്ല. ആരെങ്കിലും കണ്ടാല്‍ നമ്മളെ കൊന്നുകളയും." നിഷയുടെ പേടി ഇരട്ടിയായി. അവസാനം എന്റെ ബാഗില്‍ നിന്നും റെക്കോര്‍ഡും, ടെക്സ്റ്റും ഒക്കെ മാറ്റി പൊതി അതിനുള്ളില്‍ തിരുകിക്കയറ്റി. ഇപ്പോള്‍ ടെന്‍ഷന്‍ മൊത്തം എനിക്കായി. ഇപ്പോള്‍ സാധനം എന്റെ ബാഗിലല്ലേ. ഇനി നിഷയുടെ വീട്ടില്‍ കളയാന്‍ പറ്റാതെ വന്നാല്‍ ഞാന്‍ അതും കൊണ്ടെങ്ങനെ വീട്ടില്‍ പോവും. നേരം വൈകുന്നു. എന്ത് സംഭവിച്ചാലും തനിയെ അത് കളയാന്‍ പോവുന്ന പ്രശ്നമില്ല, ഞാന്‍ ഉറപ്പിച്ചു.

അത്യാവശ്യ ഘട്ടം വന്നാല്‍ നിഷയുടെ മുറിയില്‍ എവിടെയാണ് അത് ഒളിപ്പിക്കാന്‍ പറ്റുന്നതെന്ന് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ജനാലയുടെ പൊട്ടിയ ചില്ലിനിടയിലൂടെ രണ്ടു കണ്ണുകള്‍ ഞാന്‍ കണ്ടത്, മറ്റാരുടേതുമല്ല നിഷയുടെ രണ്ടാമത്തെ നാത്തൂന്‍ രേണു ചേച്ചിയാണ്. ഞങ്ങള്‍ എന്ത് ചെയ്യുകയാണെന്ന് രഹസ്യമായി വീക്ഷിക്കുകയാണ് കക്ഷി. വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ മുതല്‍ ഞങ്ങളുടെ പരിഭ്രമം അവിടെയുള്ളവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു

അവിടുത്തെ ഇരിപ്പ് അത്ര സുരക്ഷിതമല്ലെന്ന് പിടികിട്ടിയതോടെ ഞാന്‍ അവളോട്‌ ഒരു ഐഡിയ പറഞ്ഞു. തല്ക്കാലം ആ പൊതി അവിടെ എവിടെയെങ്കിലും ഒളിച്ചു വയ്ക്കാം. പിന്നെ സൗകര്യം പോലെ എടുത്തു പൊട്ടക്കിണറ്റില്‍ കളഞ്ഞാല്‍ മതി. അവളെന്നെ നാഗവല്ലിയെപ്പോലെ ഒന്ന് നോക്കി.

അപ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട് കേള്‍ക്കാം. എന്തോ വശപ്പിശകുണ്ടെന്നു മനസ്സിലാക്കി നിഷയുടെ അമ്മ വന്നതാണ്. പുള്ളിക്കാരി അകത്തു കടന്നു ഞങ്ങളെ സശ്രദ്ധം ഒന്ന് നോക്കി, പിന്നെ ചുറ്റുപാടും ആകെ ഒന്ന് വീക്ഷിച്ചു. പിന്നെ ചോദിച്ചു

"എന്താടീ കൊച്ചുങ്ങളെ, എന്തേലും പ്രശ്നമുണ്ടോ. വന്നാലുടന്‍ അടുക്കളേല്‍ കേറി തിന്നാന്‍ എന്തോയുണ്ടെന്നു തപ്പുന്നതല്ലേ രണ്ടും. ഇന്നെന്താ ഇതിനകത്ത് തന്നെ അടച്ചുകെട്ടി ഇരിക്കുന്നേ?"

"അത് പിന്നെ ഇവള് ലൈബ്രറിയില്‍ നിന്നെടുത്ത ഒരു പുസ്തകം കളഞ്ഞുപോയി. അത് നോക്കുവാരുന്നു." കള്ളം പറയാനുള്ള കഴിവ് ദൈവം എനിക്ക് അറിഞ്ഞു തന്നിട്ടുണ്ട്. അതിന്റെയൊരു അഭിമാനത്തോടെ ഞാന്‍ നിഷയെ നോക്കിയപ്പോള്‍ അവളിപ്പം കരയും എന്നുംപറഞ്ഞ് നില്‍ക്കുന്നു.

"ഏതു പുസ്തകമാടീ കൊണ്ടുക്കളഞ്ഞത് , എലക്ട്രോണിക്സിന്റെയാന്നോ. എത്രരൂപാ വെലയുള്ളതാ. അതെങ്ങനാ വൈകിട്ട് കോളേജില്‍ നിന്ന് വന്നാലുടന്‍ എവിടേലും വലിച്ചെറിഞ്ഞിട്ട്‌ ടിവിയുടെ മുന്നില്പോയി ഇരുന്നോളും. പിന്നെ രാവിലെ പോവാന്‍ നേരത്താ ബാഗും ബുക്കും ഒക്കെ തെരക്കുന്നത്. ആര്‍ക്കറിയാം പിള്ളാര്‌ കീറിക്കളഞ്ഞോന്ന്" ഒന്നൂടെ നോക്ക്, ഇവിടെവിടെങ്കിലും കാണും" അമ്മ പ്രഭാഷണം നിര്‍ത്താന്‍ ഭാവമില്ല.

നിഷ എന്നെ ക്രൂരമായി ഒന്ന് നോക്കി. ഇപ്പോള്‍ അവള്‍ മനസ്സില്‍ എന്നെ വിളിക്കുന്ന ചീത്തകള്‍ മുഖത്ത് നിന്ന് വായിച്ചെടുക്കാം.


നനഞ്ഞിറങ്ങി എന്നാല്പിന്നെ കുളിച്ചു കേറാം എന്നൊരു പോളിസിയില്‍ വിശ്വസിച്ചു കൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞു "നാളത്തെ യൂണിറ്റ്‌ ടെസ്റ്റിനുള്ള ബുക്കാരുന്നു. ഇനിയതില്ലാതെ ഇവള്‍ എങ്ങിനെ പഠിക്കും".

അതേറ്റു, അമ്മ ദേഷ്യംകൊണ്ട്‌ ഉറഞ്ഞു തുള്ളി. "പഠിക്കാന്‍ നേരമാവുമ്പം മാത്രം പുസ്തകം അന്വേഷിച്ചാ മതിയെടീ, ..........."
നിഷയുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല, എനിക്കതൊന്നും കാണാനുള്ള കരുത്തില്ലായിരുന്നു. അവസാനം ഒന്ന് തണുത്തപ്പോള്‍ എന്നോട് ചോദിച്ചു "മോടേല്‍ ഇപ്പറഞ്ഞ പുസ്തകം ഒണ്ടോ?"


അതായിരുന്നു എനിക്ക് വേണ്ടിയത്. "ഒണ്ട്, വീട്ടിലിരിപ്പോണ്ട്." ഞന്‍ വിനയാന്വിതയായി.

"നിക്ക്, ഞാന്‍ അച്ഛനോടോന്നു ചോദിക്കട്ടെ" അമ്മ അടുത്തുതന്നെയുള്ള അവരുടെ കടയിലേക്ക് പോയി.

"നിന്നെ എന്റെ കൂടെ വിടും. പോന്നവഴിക്കു അത് എവിടേലും കളയാം" കടിച്ചുകീറാനുള്ള ദേഷ്യവുമായി നിന്ന നിഷയെ ഞാന്‍ സമാധാനിപ്പിച്ചു .

മോള്‍ക്ക്‌ നാളെ എന്തോ വല്യ പരീക്ഷയാനെന്നും അതിനുള്ള പുസ്തകം കാണാതെപോയെന്നും ഒക്കെ അച്ഛനോട് പറഞ്ഞു സമ്മതം വാങ്ങി അമ്മ അവളെക്കൂടി എന്റെ വീട്ടില്‍ പറഞ്ഞു വിട്ടു. ഒരു കിലോമീറ്റര്‍ നടക്കണം നിഷയുടെ വീട്ടില്‍ നിന്നും എന്റെ വീട്ടിലേക്ക്.

"ആടിയാടി നില്‍ക്കാതെ പെട്ടെന്ന് നടന്നു ഇരുട്ടുന്നതിനു മുന്‍പ് അങ്ങെത്തിയേക്കണം. ചെന്നിട്ടു തെക്കെലോട്ടു ഒന്ന് വിളിച്ചു പറയണം". അമ്മ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.

എന്റെ വീട്ടിലേക്കു പാടവരമ്പത്തൂടെ ഒരു കുറുക്കു വഴിയുണ്ട്. മെയിന്‍ റോഡില്‍നിന്നും പാടത്തെക്കിറങ്ങിയപ്പോള്‍ ഞങ്ങള്‍ ആ എഴുത്തുകള്‍ ഒന്നൊന്നായി കീറി വെള്ളത്തിലേക്ക്‌ എറിഞ്ഞു കൊണ്ടിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന നെല്ക്കതിരുകളും അസ്തമനസൂര്യന്റെ ചുവപ്പ് പടര്‍ന്ന ചക്രവാളവും മാത്രം സാക്ഷികള്‍. അവസാനത്തെ എഴുത്തും കീറിക്കളഞ്ഞു ഞങ്ങള്‍ 916 മനസ്സമാധാനത്തോടെ വീട്ടിലേക്കു നടന്നു.

ഇതിന്റെ ആന്റിക്ലൈമാക്സ് ഇങ്ങനെയായിരുന്നു. ഫൈനല്‍ എക്സാം കഴിഞ്ഞയുടനെ വീട്ടുകാര്‍ ധൃതിപിടിച്ച് ജിജിയുടെ വിവാഹം നടത്തി. ബോംബയില്‍ സെറ്റില്‍ ചെയ്ത ഒരു സമ്പന്ന കുടുംബത്തിലെ പയ്യന് അവരുടെ കഴിവിനുമപ്പുറം സ്ത്രീധനം കൊടുത്തായിരുന്നു കല്യാണം നടത്തിയത്. ആരുടെ തെറ്റായാലും അതൊരു വന്‍പരാജയമായിരുന്നു. ഭര്‍ത്താവും വീട്ടുകാരുമായി അഡ്ജസ്റ്റ് ആകാന്‍ ജിജിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ എന്താണ് എവിടെയാണ് എന്നൊന്നും അറിയില്ല.

പിന്നെ ജിജി- ശ്യാം പ്രണയ കഥയിലെ ഒരു വില്ലത്തിയായ ഞാന്‍ മാന്യമായി പ്രേമിച്ചു വിവാഹം കഴിച്ചു ഒരുവിധം നന്നായി ജീവിക്കുന്നു. അന്ന് ആ കാക്കാത്തി പറഞ്ഞത് അച്ചട്ടായി ! (അതൊരു വലിയ കഥയാ!).

എന്താണെന്നറിയില്ല ഭയങ്കര തുമ്മല്‍. ആരെങ്കിലും ചീത്ത പറയുന്നതാണോ ആവോ?

Friday, 1 January 2010

പുതുവത്സരാശംസകള്‍

എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഞങ്ങളുടെ പുതുവത്സരാശംസകള്‍.