Wednesday, 14 September 2011

ജെന്നിഫര്‍

സ്വപ്നങ്ങളുടെ ഘോഷയാത്ര, അതായിരുന്നു ഇന്നലെ രാത്രി മുഴുവന്‍. ഉറക്കത്തിന്റെയും ഉണര്‍വിന്റെയും തിര്ശീലക്കിടയിലൂടെ മിഴികള്‍ ചിമ്മി തുറന്നപ്പോള്‍, ആരോ മാന്ത്രികവടി വീശിയിട്ടെന്നപോലെ അവയൊക്കെയും സ്മൃതി പഥത്തില്‍ നിന്നും മാഞ്ഞുപോയിരുന്നു. ഇന്നത്തെ ദിവസത്തിനെന്തോ പ്രത്യേകതയുണ്ടെന്ന് ആരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നത് പോലെ. മുന്‍പും പലപ്പോഴും ഇങ്ങനെ ആറാമിന്ദ്രിയത്തിന്റെ അലെര്‍ട്ട് കിട്ടിയിട്ടുണ്ട്.

നേരം പുലര്‍ന്നെന്ന് തോന്നുന്നു. എമിമോളുടെ കൊഞ്ചലുകള്‍ കാതില്‍ ഒഴുകിയെത്തി. പുറകെ മനോഹരമായ ഫ്രോക്കിനുള്ളില്‍ കുഞ്ഞുരാജകുമാരി ഓടി വന്നു കിടക്കയിലേക്ക് ചാഞ്ഞു കയറി.
"അങ്കിള്‍, അങ്കിള്‍ ഇതുകണ്ടോ അങ്കിള് കൊണ്ടുതന്ന പുത്തന്‍ ഉടുപ്പാ. മമ്മി പറഞ്ഞു കല്യാണത്തിന് ഇതിട്ടോണ്ട് പോവാംന്ന്."

ദുബായില്‍ നിന്നും ലീവിന് വന്നപ്പോള്‍ അവള്‍ക്കു വേണ്ടി വാങ്ങിയ ഫ്രോക്കുകളില്‍ ഒന്നാണത്. അവള്‍ക്കു നന്നായി ഇണങ്ങുന്നുണ്ട. ചേട്ടനും ചേട്ടത്തിയും രാവിലെ തന്നെ ചേട്ടത്തിയുടെ ബന്ധത്തില്‍പ്പെട്ട ആരുടെയോ വിവാഹത്തിന് പോവുമെന്ന് ഇന്നലെ അത്താഴസമയത്ത് പറഞ്ഞതോര്‍ക്കുന്നു

"എമീ..." ചേട്ടത്തിയുടെ ശാസനകലര്‍ന്ന വിളി വാതില്‍വിരിക്കപ്പുറം മുഴങ്ങി. എമിയെന്ന അഞ്ചുവയസ്സുകാരിയെ ആരെങ്കിലും എടുക്കുന്നതോ താലോലിക്കുന്നതോ അവരെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്‌. തന്റടുത്തെക്ക് കുട്ടി വന്നാലുടന്‍ എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഉടന്‍ വിളിക്കും. ആദ്യമൊക്കെ അരിശം വരുമായിരുന്നു, സ്വന്തം ചേട്ടന്റെ കുഞ്ഞിനെ ഉമ്മവെക്കാനും മടിയിലിരുത്താനുമുളള അവകാശം തനിക്കില്ലേ.

പെരുകി വരുന്ന പീഡനക്കഥകളുടെ പാര്‍ശ്വഫലമാണതെന്ന് പതിയെ മനസ്സിലായി. അച്ഛനും സഹോദരനും പെണ്‍കുട്ടിയെ പിച്ചിചീന്തുന്ന നാട്ടില്‍, അമ്മയും സഹോദരിയും അവളെ വിറ്റു കാശാക്കുന്ന നാട്ടില്‍, ഭര്‍ത്താവ് ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുന്ന നാട്ടില്‍, പിറന്നുവീണ കുഞ്ഞിനേയും പ്രാണന്‍ മാത്രം ശേഷിച്ച വൃദ്ധയും കാമത്തിന്റെ കണ്ണുകൊണ്ട് മാത്രം കാണുന്ന നാട്ടില്‍, ഒരു പെറ്റമ്മ ലോകത്തെ മുഴുവന്‍ സംശയത്തിന്റെ കണ്ണുകൊണ്ട് നോക്കുന്നുന്ടെങ്കില്‍ തീര്‍ച്ചയായും അതവരുടെ കുറ്റമല്ല. മോളെയും കൂട്ടി ഹാളിലേക്ക് ചെല്ലുമ്പോള്‍ ചേട്ടനും ചേട്ടത്തിയും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ്.

"സിബീ, നീയിന്നു ഫ്രീയാണോടാ. ബ്രോക്കര്‍ വാസുവേട്ടന്റൊപ്പം ഒരു വീടും പറമ്പും ഒന്ന് നോക്കിയിട്ട് വരാമോ." ചേട്ടന്‍ ചോദിച്ചു.

ലീവ് തീരാന്‍ പത്തുദിവസം കൂടി ബാക്കിയുണ്ട്, അതുവരെ താന്‍ കമ്പ്ലീറ്റ് ഫ്രീയാണല്ലോ. സമ്മതം കിട്ടിയതും ചേട്ടന്‍ വാസുവേട്ടനെ വിളിച്ച്‌ പത്തുമണിയാവുംപോഴേക്കും കവലയിലേക്കു വരാന്‍ ഏര്‍പ്പാടാക്കി.

കാര്‍ ഗേറ്റ് കടന്നു പോവുന്നത് വരെ നിശബ്ദയായി നിന്ന അമ്മ പറഞ്ഞു "എന്നെ ഒഴിവാക്കണം, അതാ അവളുടെ ആവശ്യം. അതിനാ തെരക്ക് പിടിച്ചു വേറെ വീട് വാങ്ങാന്‍ നടക്കുന്നത്. അല്ലെങ്കി നീ പറ, ഈ വീടിനെന്നാ കുഴപ്പം. ചോദിക്കുമ്പം പറയും തറവാട് വീട് ഇളയമോനുള്ളതല്ലിയോന്നു. പക്ഷെ അതൊന്നുമല്ല കാര്യം." ചേട്ടത്തി കെട്ടിക്കയറി വന്ന നാള്‍ തുടങ്ങിയതാണ്‌ ഇരുവരും തമ്മിലുള്ള ശീതസമരം.

അമ്മ ഇവിടെ ഒറ്റക്കാവുന്നതോര്‍ക്കുമ്പോള്‍ ഉള്ളിലൊരു നീറ്റല്‍. മുന്‍പൊക്കെ കള്ളന്മാരെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു, ഇപ്പോള്‍ സ്ത്രീയുടെ ശരീരത്തിനാണ് അതിലും ഡിമാന്റ്. ക്രൂശിതരൂപത്തിനൊപ്പം വച്ചിരിക്കുന്ന ചാച്ചന്റെ ഫോട്ടോയിലേക്ക്‌ അറിയാതെ കണ്ണുകള്‍ നീണ്ടു. മങ്ങിക്കത്തുന്ന ചുവന്ന ബള്‍ബിന്റെ പ്രകാശത്തില്‍ ക്രിസ്തുവും ചാച്ചനും വേദനയോടെ ചിരിച്ചു.

വെയ്റ്റിംഗ്ഷെഡില്‍ വാസുവേട്ടന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ബൈക്കിനു പിന്നില്‍ കയറുമ്പോള്‍ പതിവ് ചോദ്യം. "ഇപ്പ്രാവശ്യം കല്യാണം കാണുമോ കുഞ്ഞേ".

ഒരിക്കല്‍ മുടങ്ങിപ്പോയ മനസമ്മത്തിന്റെ കയ്പ്പുള്ള ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. പട്ടക്കാരും പള്ളിക്കാരും നോക്കി നില്‍ക്കെ വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരാളോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് പ്രതിശ്രുതവധു പടിയിറങ്ങി പോവുന്നത് നോക്കിനില്‍ക്കേണ്ടി വരുന്ന അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ മനസ്സിന് അതൊരു വലിയ ആഘാതമായിരുന്നു, നാട്ടുകാരുടെ പരിഹാസം വേറെയും.

ചാച്ചനും അമ്മയും ആ ഷോക്കില്‍ നിന്നും മുക്തിനേടി വന്നപ്പോഴേക്കും അടുത്ത ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു. ചാച്ചനു കാന്‍സര്‍ ആണെന്നുള്ള ബയോപ്സി റിപ്പോര്‍ട്ട്‌. പിന്നീടങ്ങോട്ട് ആശുപത്രികള്‍ കയറിയിറങ്ങിയുള്ള നെട്ടോട്ടം. മരുന്നുകളും കീമോയും ഒക്കെയായി വേദന തിന്ന് ഇന്ചിഞ്ചായിട്ടാണ് ചാച്ചന്‍ മരിച്ചത്. ദുബായില്‍ നിന്നും ഇടയ്ക്കിടെ ലീവിന് ഓടിയെത്തുമ്പോഴൊക്കെ ചാച്ചന്റെ രൂപം കണ്ടു മുറിയില്‍ തനിച്ചിരുന്നു കരഞ്ഞിട്ടുണ്ട്. ചാച്ചന്‍ മരിച്ചെന്നറിയിച്ചു നാട്ടില്‍ നിന്ന് ഫോണ്‍ വന്ന നിമിഷം സങ്കടത്തെക്കാളെറെ ആശ്വാസമാണ് തോന്നിയത്. ഇപ്പ്രാവശ്യം അമ്മ വിവാഹത്തിന് ഒരുപാട് നിര്‍ബന്ധിക്കുന്നുണ്ട്, പക്ഷെ മനസ്സിപ്പോഴും സജ്ജമായിട്ടില്ല.

"ഇവിടുന്നു വലത്തോട്ട് പോവണമെന്നാ തോന്നുന്നത്. വണ്ടി നിര്‍ത്തിക്കെ, ഞാനീ കടേലൊന്നു ചോദിച്ചിട്ട് വരാം. " വാസുവേട്ടന്‍ ജങ്ക്ഷനിലെ ഒരു കടയിലേക്ക് പോയി.

അമ്മ പറഞ്ഞത് ശരിയാണ്, ചേട്ടന് ഇത്രയും ദൂരെ വീടും പറമ്പും നോക്കേണ്ടതിന്റെ ആവശ്യമെന്താണ്. ബൈക്ക് സ്റ്റാന്‍ഡില്‍ വച്ച് വാസുവേട്ടന്‍ കയറിയ കടയിലേക്ക് ചെന്നു. സിഡിയും മറ്റും വാടകക്ക് കൊടുക്കുന്ന കടയാണ്. കൌമാരപ്രായത്തിലുള്ള നാലഞ്ചു കുട്ടികള്‍ സ്ക്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്കൂള്‍ തുടങ്ങേണ്ട സമയം എപ്പോഴേ കഴിഞ്ഞു. മൊബൈലില്‍ എന്തൊക്കെയോ ഡൌണ്‍ലോഡ് ചെയ്തു കൊടുക്കുന്ന കടക്കാരന്റെ മുഖത്ത് വഷളന്‍ ചിരി.

" ആ ടീച്ചറിന്റെ വീടാണോ. എന്റെ ചേട്ടാ, വെറുതെയെന്തിനാ പൊല്ലാപ്പിനൊക്കെ പോവുന്നത്. ഒരു കൊല്ലം മുന്‍പൊരു ദുര്‍മരണം നടന്ന വീടാ. തലയ്ക്കു സുഖമില്ലാതൊരു ചെറുക്കനും തള്ളയും മാത്രമായിരുന്നു അവിടെ താമസം. തള്ളയെ കൊന്നിട്ട് ചെറുക്കന്‍ എങ്ങോട്ടോ ഓടിപ്പോയി. ശവം കണ്ടത് തന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞാ, അതും നാറ്റം കൊണ്ട് ആരാണ്ട് ചെന്നു നോക്കിയപ്പോള്. ആ പയ്യനെ പിന്നാരും കണ്ടിട്ടുമില്ല."തങ്ങള്‍ കാണാന്‍ പോവുന്ന വീടിനെക്കുറിച്ചാണ് വിവരണം.

"അപ്പോള്‍ ആ ടീച്ചറോ, മംഗലാപുരത്ത് പഠിപ്പിക്കുവാണെന്നാ ആ കൊച്ചെന്നോട് പറഞ്ഞത്" വാസുവേട്ടന്റെ സ്വരത്തില്‍ നിരാശ പടര്‍ന്നിരുന്നു.

"ഓ, അതവരുടെ മോളാ, അവരിവിടെ താമസത്തിന് വന്നിട്ട് അധികം കാലമൊന്നുമായിട്ടില്ല. അമ്മേം മോളും ശരിയല്ലായിരുന്നെന്നാ ആള്‍ക്കാര് പറയുന്നത്. പെണ്ണിനെ ഇവിടങ്ങനെ അധികം കണ്ടിട്ടില്ല. അതിന്റെ കല്യാണം കഴിഞ്ഞെന്നും ഇല്ലെന്നും ഒക്കെ ശ്രുതിയുണ്ട്. പയ്യന്‍ അവരിവിടെ വരുമ്പോഴേ മാനസിക രോഗിയാ".

"നമുക്ക് തിരിച്ചു പോയാലോ സിബീ. വെറുതെയെന്തിനാ സമയം മെനക്കെടുതുന്നത്. എനിക്കാണെങ്കില്‍ വേറേം ചില അര്‍ജെന്റ്റ് പണികളുണ്ട്‌'. വാസുവേട്ടന്റെ ഉത്സാഹം കെട്ടിരുന്നു.

"ഒരു കാര്യം ചെയ്യ്, വാസുവേട്ടന്‍ പൊക്കോ. ദാ ബസ് വന്നു കിടപ്പുണ്ട്, എനിക്ക് ചില കൂട്ടുകാരെ കാണാനുണ്ട്.". ഒരു നൂറുരൂപ നോട്ട്‌ പോക്കെറ്റില്‍ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

ഒരുപക്ഷെ ഈ കടക്കാരന്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി കള്ളക്കഥ മെനഞ്ഞതാനെങ്കിലോ, വെറുതെ ചേട്ടന്റെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരും. ഒന്നവിടംവരെ പോയിനോക്കുന്നത് കൊണ്ട് കുഴപ്പമില്ല. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത്‌ അയാള്‍ പറഞ്ഞ വഴിയെ വിട്ടു.

അടഞ്ഞ ഗേറ്റിനപ്പുറം കരിയിലകള്‍ വീണുകിടക്കുന്ന ചരല്‍ പാകിയ മുറ്റം. അവിടവിടെ ചെടിച്ചട്ടികളില്‍ ജീര്‍ണിച്ച ചെടികള്‍. വീട് കാണാന്‍ തരക്കേടില്ല. കടക്കാരന്‍ പറഞ്ഞതുപോലെ ഈ വീടിനു ചുറ്റും നിഗൂഡതകള്‍ മരണത്തിന്റെ ഗന്ധം പേറി ഉറങ്ങിക്കിടക്കുന്നത് പോലെ. കോളിംഗ് ബെല്ലടിച്ചു കാത്തുനിന്നു. കോട്ടണ്‍സാരിയുടെ ഇളംനീല നിറമാണ് ആദ്യം കണ്ണില്‍പ്പെട്ടത്, പിന്നാലെ ആ രൂപം കണ്മുന്‍പില്‍ തെളിഞ്ഞുവന്നപ്പോള്‍ അസ്തപ്രജ്ഞ്ജനായി നിന്നുപോയി. സൂസന്ന ടീച്ചറിന്റെ പ്രതിരൂപം പോലെ അവള്‍ ..... ജെന്നിഫെര്‍....., ജെനി.


അപ്പോള്‍ മുന്‍പ് കേട്ട കഥകളൊക്കെ സൂസന്ന ടീച്ചറിനേയും റോണിയെയും കുറിച്ചായിരുന്നോ.
അല്ലെന്നാരോ ആത്മാവിലിരുന്നു അലറി വിളിക്കുന്നത്‌ പോലെ. ഒരു മാത്ര അവള്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്നു തോന്നി. തന്റെ സ്തംഭനാവസ്ഥ കണ്ടിട്ടാവണം ഒന്നുകൂടെ നോക്കിയത്. ഇപ്പോള്‍ അവളിലും തിരിച്ചറിവിന്റെ സ്ഫോടനങ്ങള്‍ നടക്കുന്നത് തനിക്കു വ്യക്തമായി കാണാം.

അത്ഭുതവും അമ്പരപ്പും മിഴികളില്‍ നിറഞ്ഞു, പിന്നെ അതിനെ പിന്തള്ളിക്കൊണ്ട് ദേഷ്യതിന്റെയും വെറുപ്പിന്റെയും തിരകള്‍. അവയടങ്ങിയപ്പോള്‍ മീതെ നിര്‍വികാരതയുടെ തണുത്ത മൂടല്‍മഞ്ഞ്‌. കൌതുകം തോന്നി, എന്ത് കാരണം പറഞ്ഞാവും അവള്‍ തന്നെ ഒഴിവാക്കുക.
"നിങ്ങളാണോ ഇന്ന് വീട് നോക്കാന്‍ വരുമെന്ന് പറഞ്ഞത്". മഞ്ഞുറഞ്ഞ വാക്കുകള്‍.

"അതെ"

"സോറി വീടിനു മറ്റൊരാള്‍ അഡ്വാന്‍സ് തന്നു."

"രാവിലെ വിളിച്ചപ്പോള്‍ മാഡം പറഞ്ഞത് വരാനാണല്ലോ".

"സോറി, ഇത് അല്പം മുന്‍പുണ്ടായ ഡവലെപ്മെന്റാണ്. ഞാന്‍ ഉദ്ദേശിച്ചതിലും നല്ല തുകയ്ക്കാണ് ഡീല്‍ ഫൈനല്‍ ചെയ്തത്."
കണ്ണുകളിലേക്ക്‌ ഉറ്റു നോക്കിയപ്പോള്‍ അവളുടെ മിഴികള്‍ മറ്റെവിടെക്കോ തെന്നി മാറി.

"ജെനീ, നീയോര്‍ക്കുന്നുണ്ടോ കുട്ടിക്കാലത്ത് നമ്മള്‍ കള്ളനും പോലീസും കളിച്ചിരുന്നത്." അവള്‍ ഒന്ന് പതറി.

"ഓക്കേ. വീട് തരേണ്ട, പഴയൊരു അയല്‍വാസിയെന്ന നിലക്ക് ഉള്ളിലേക്ക് കയറിക്കോട്ടെ." എതിര്‍പ്പിന്റെ മുനയുള്ള നോട്ടം അവഗണിച്ചു അകത്തേക്ക് കടന്നു. ഇല്ല ഭിത്തിയിലെങ്ങും ടീച്ചറിന്റെ ചില്ലിട്ട ഫോട്ടോയില്ല, ഷോകേസിലെ പൊടിപിടിച്ച സാധനങ്ങള്‍ക്കിടയില്‍ ഒന്ന് രണ്ടു പഴയ ഫോട്ടോകള്‍ മാത്രം. കേട്ടതൊക്കെ നുണയായിരിക്കട്ടെ.

സൂസന്ന ടീച്ചറും കുട്ടികളും കുറേക്കാലം തങ്ങളുടെ തൊട്ടടുത്ത വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അന്ന് ജെനിയു റോണിയും ചെറിയ കുട്ടികളാണ്. ആസ്തമാ രോഗിയായ ടീച്ചറിനെ ഉപേക്ഷിച്ചു ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എങ്ങി വലിച്ചു ശ്വാസമെടുക്കാന്‍ വിഷമിക്കുന്ന ടീച്ചര്‍, കരഞ്ഞുകൊണ്ട്‌ അമ്മയുടെ അടുത്തേക്ക് ഓടിവരുന്ന ജെനി. തന്റെ വീട് അവര്‍ക്കൊരു വലിയ അഭയവും ആശ്വാസവുമായിരുന്നു. വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതു കൊണ്ട് ചാച്ചനും അമ്മയ്ക്കും ജെനിയെ വലിയ സ്നേഹമായിരുന്നു. ചാച്ചന്‍ അവളെ കൊരിയെടുക്കുന്നതും ഉമ്മ കൊടുക്കുന്നതും കാണുമ്പോള്‍ അസൂയ പെരുത്തിട്ടുണ്ട്.

ഒരിക്കലും വരാത്ത പപ്പയെ കാത്തിരിക്കുന്ന കുട്ടികളായിരുന്നു ജെനിയും റോണിയും. രാവിലെയുണരുമ്പോള്‍ ടീച്ചര്‍അവര്‍ക്ക് കളിപ്പാട്ടമോ, മിട്ടായിയോ ഒക്കെ കൊടുത്തിട്ട്, പപ്പാ തലേന്ന് രാത്രി വന്നിരുന്നുവെന്നു നുണ പറയും. ഒരിക്കലും കാണാത്ത പപ്പയെ അവര്‍ സമ്മാനങ്ങളിലൂടെ സ്നേഹിച്ചു. തിരിച്ചറിവിന്റെ പ്രായത്തില്‍ ജെനി മമ്മിയുടെ നുണക്കഥകള്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു. പക്ഷെ അതില്‍ നിന്നൊരു മോചനം അവള്‍ ആഗ്രഹിച്ചില്ല, പകരം ആ നുണക്കഥകളെ തന്റെ കുഞ്ഞു മനസ്സിന്റെ ആഗ്രഹങ്ങള്‍ കൊണ്ട് ചായം പിടിപ്പിച്ചു മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടേയിരുന്നു.

പപ്പാ തലേന്ന് വന്നതും, ലഡുവും ജിലേബിയും, മാലയും വളയുമൊക്കെ വാങ്ങി തന്നതും അവള്‍ തന്മയത്തോടെ പാഞ്ഞു ഫലിപ്പിക്കുംപോള്‍ മുതിര്‍ന്ന സ്ത്രീകളുടെ മുഖത്തൊരു പുച്ഛം നിറയും, അത് തിരിച്ചറിയാനുള്ള പ്രായം അവള്‍ക്കില്ലായിരുന്നു. അവള്‍ പോയിക്കഴിയുമ്പോള്‍ അമ്മ പിറുപിറുക്കും "നുണച്ചി". അയല്‍വക്കത്തെ പെണ്ണുങ്ങള്‍ അത് പറഞ്ഞു ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.


ഒരിക്കല്‍ കളിച്ചു കൊണ്ടിരിക്കെ അവളുമായി പിണങ്ങിയപ്പോള്‍ എല്ലാവരും കേള്‍ക്കെ അവള്‍ പപ്പയെപ്പറ്റി പറയുന്നതൊക്കെ നുണയാണെന്ന് വിളിച്ചു പറഞ്ഞു. ജെനി കരഞ്ഞു കൊണ്ട് ഓടിപ്പോയി. കുറച്ചു കഴിഞ്ഞു സൂസന്ന ടീച്ചര്‍ വന്നു തന്നെ വിളിച്ചു.

"മോനെ, അവള്‍ പറയുന്നതൊക്കെ കള്ളമാണ്. പക്ഷെ ആ കള്ളം ഞാന്‍ തന്നെ പറഞ്ഞു കൊടുത്തിരിക്കുന്നതാ. അപ്പനില്ലാത്തതിന്റെ വിഷമം ഈ പ്രായത്തില്‍ നിനക്ക് മനസ്സിലാകില്ല. മോന്‍ ഇനിയവളെ വിഷമിപ്പിക്കരുത്." അന്ന് ടീച്ചറിന്റെ കണ്ണുകളില്‍ കണ്ട യാചന പിന്നൊരിക്കലും മറന്നു പോയിട്ടില്ല. അവള്‍ പറയുന്ന നുണക്കഥകളുടെ ഏറ്റവും നല്ല ശ്രോതാവായി താന്‍ മാറി.
അപ്രതീക്ഷിതമായാണ് ടീച്ചര്‍ അവിടെ നിന്നും സ്ഥലം മാറിപ്പോയത്. വീടുകള്‍ തമ്മിലുള്ള ബന്ധം അങ്ങനെ മുറിഞ്ഞു പോയി. ചാച്ചനു മരിക്കുന്നതിനു മുന്‍പ് ടീച്ചറിനേയും കുട്ടികളെയും ഒന്ന് കാണാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു ഒരിക്കല്‍ അമ്മ പറഞ്ഞു.

സാരിത്തുമ്പ് തെരുപ്പിടിച്ചു ഒരു സാലഭന്ന്ജിക പോലെ ജെനി പുറത്തു നില്‍ക്കുകയാണ്. എന്തുകാരണം കൊണ്ടാണ് അവള്‍ തന്നെ ഇത്രയധികം വെറുക്കുന്നത്. ഡിഗ്രി ഫൈനല്‍ ഇയറിനു പഠിക്കുമ്പോളാണ് വീണ്ടും അവളെ കാണുന്നത്. ഫ്രെഷര്‍ ഡേയ്ക്ക് അല്‍പസ്വല്പം റാഗിങ്ങോക്കെയായി പ്രീഡിഗ്രിക്കാരെ വിരട്ടുന്നതിനിടയിലാണ് ആ പരിചിത മുഖം കണ്ണില്‍പ്പെട്ടത്. നീലപ്പട്ടുപാവാടക്കുള്ളില്‍ അവളൊരു മാലാഖപോലെ സുന്ദരിയായിരുന്നു.

വല്ലാത്തൊരു അവകാശ ബോധത്തോടെയാണ് അന്നവളെ സമീപിച്ചത്. താന്‍ പ്രതീക്ഷിച്ചത് പോലെ ഒരു പ്രതികരണമല്ല ലഭിച്ചത്. അവളുടെ കണ്ണുകളിലെ വെറുപ്പിന്റെ കാരണം അന്നുമിന്നും അജ്ഞാതം. ആ കാലയളവില്‍ പലപ്രാവശ്യം അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
പുറത്ത് മഴ പെയ്തു തുടങ്ങിയിരിക്കുന്നു, ഈറന്‍ കാറ്റിനൊപ്പം അകത്തക്ക് വരുന്ന നേര്‍ത്ത കാല്‍പ്പെരുമാറ്റം.

"ജെനീ, ടീച്ചര്‍ ഇവിടില്ലേ?"

ഇല്ലെന്നവള്‍ തലയാട്ടി, പിന്നെ പതിയെപ്പറഞ്ഞു " മമ്മി മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു".

അപ്പോള്‍ താന്‍ കേട്ടതൊക്കെ ശരിയാണോ.

"റോണി ?"

"എന്റൊപ്പം മംഗലാപുരത്ത് "

വീണ്ടുമവള്‍ ചായക്കൂട്ടുകളിലേക്ക് പിന്‍വാങ്ങുകയാണ്. അല്ലെങ്കില്‍ തന്നെ തന്റെ മുന്പിലെന്തിനു സത്യങ്ങളുടെ ചീഞ്ഞുനാറുന്ന മാറാപ്പു തുറക്കണം. ഒരു വാശി ഹൃദയത്തെ അടക്കിഭരിച്ചു. ഒരു പ്രാവശ്യമെങ്കിലും ഇവളുടെ മുഖംമൂടി ചീന്തിയെറിയണം

"കവലയിലെ കടയില്‍ നിന്നും ചില വിവരങ്ങളറിഞ്ഞു. അതൊക്കെ ടീച്ചറിനേയും റൊണിയെയും കുറിച്ചായിരിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല."

അവളുടെ മുഖം വിളറി വെളുക്കുന്നത്‌ കണ്ടപ്പോള്‍ വല്ലാത്തൊരു ആത്മസംതൃപ്തി തോന്നി.

പെട്ടെന്നവളുടെ ഭാവം മാറി. "നിങ്ങളോടെനിക്ക് സംസാരിക്കാന്‍ താല്പര്യമില്ല. വീട് നോക്കാനാണ് വന്നതെങ്കില്‍ നമ്മള്‍ അതെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞല്ലോ."

"ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു കണ്ടിട്ടും നിനക്കെന്നോട് ഒന്നും ചോദിക്കാനില്ലേ. എനിക്കല്‍ഭുതം തോന്നുന്നു ജെനീ. ശിക്ഷിക്കപ്പെടുന്നവന് തന്റെ കുറ്റം എന്താണെന്നറിയുവാനുള്ള അവകാശമില്ലേ. ഇനി നമ്മള്‍ തമ്മില്‍ ഒരിക്കല്‍ കൂടി കാണണമെന്നില്ല. അതുകൊണ്ട് ഈ വെറുപ്പിന്റെ കാരണം എനിക്കറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ നിന്നോടെന്തെങ്കിലും തെറ്റ് ചെയ്തതായി ഓര്‍ക്കുന്നില്ല."

അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു. പുറത്തേക്കു വന്ന വാക്കുകളെ കടിച്ചിറക്കാന്‍ ശ്രമിക്കുകയായിരുന്നു.

"നിന്റെ വിവാഹം കഴിഞ്ഞോ, ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍? എനിക്കറിയാവുന്ന റോണി ഒരു മിടുക്കന്‍ കുട്ടിയായിരുന്നു, അവനെങ്ങനെ ഇത്രയധികം മാറിപ്പോയി. നിനക്കെന്നോടെല്ലാം തുറന്നു പറയാം ജെനീ, "സിബിച്ചാച്ചാ" ന്നുള്ള പഴയ വിളി ഇപ്പോഴും ഓര്‍ക്കുന്നുന്ടെങ്കില്‍".

അവള്‍ അല്‍പനേരം തന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു, ആ നോട്ടം ഹൃദയത്തെയും കീറിമുറിച്ചു കടന്നു പോവുന്നതുപോലെ. പിന്നെ അരികിലെ കസേരയില്‍ വന്നിരുന്നു. എവിടെ നിന്നു തുടങ്ങണമെന്നറിയാതെ അവള്‍ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു.

"ഞങ്ങള്‍ സിബിചാച്ചന്റെ നാട്ടില്‍ നിന്നു താമസം മാറിയതെന്തിനാണെന്നറിയാമോ?" അര്‍ത്ഥഗര്‍ഭമായൊരു ചോദ്യമാണെന്നു തോന്നി. സൂസന്ന ടീച്ചറിന് ട്രാന്‍സ്ഫര്‍ ആയതായിരുന്നു എന്ന് മാത്രമറിയാം.

"അവിടെ പുതിയ സ്കൂളും ആള്‍ക്കാരുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഞാന്‍ ഏഴിലും റോണി അഞ്ചിലും പഠിക്കുന്ന സമയം. ഞങ്ങള്‍ മമ്മിയുടെ സ്കൂളില്‍ അല്ല പഠിച്ചിരുന്നത്.ഒരു ദിവസം പപ്പാ ഞങ്ങളെ കാണാന്‍ വന്നു, ഞങ്ങളെ എന്നുവച്ചാല്‍ റോണിയെ. ഒരുപാട് കളിപ്പാട്ടങ്ങളും സ്വീട്സും ഒക്കെ തന്നു. സ്നേഹം കാട്ടിയതൊക്കെ റോണിയോടായിരുന്നു. മമ്മി അറിഞ്ഞപ്പോള്‍ ഒത്തിരി വഴക്ക് പറഞ്ഞു. പക്ഷെ പപ്പാ പിന്നെയും പലപ്രാവശ്യം വന്നു. മമ്മി ചീത്ത സ്ത്രീയാണെന്ന് അയാള്‍ റൊണിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

പപ്പക്ക് രണ്ടാം വിവാഹത്തില്‍ അതുവരെയും കുട്ടികള്‍ ഇല്ലായിരുന്നു. റോണി പപ്പക്കൊപ്പം പോവാന്‍ തയ്യാറായി. പിന്നെ അവന്റെ നിര്‍ബന്ധങ്ങളൊക്കെ സാധിപ്പിച്ചു കൊടുത്തു കൂടെ നിര്‍ത്തുകയായിരുന്നു മമ്മിയുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി. ഇതിനിടയില്‍ പപ്പക്ക് ഒരു മകള്‍ ജനിച്ചു, അതോടെ വരവും നിന്നു. അതോടെയാണ് റോണി ആകെ മാറിയത്. പപ്പാ ഞങ്ങളില്‍ നിന്നും അകന്നുപോയത്‌ മമ്മി കാരണമാണെന്ന് അവന്‍ വിശ്വസിച്ചു.

ഹൈസ്കൂളില്‍ എത്തിയതോടെ ചീത്ത കൂട്ടുകെട്ടും, കഞ്ചാവും, കള്ളും എന്ന് വേണ്ട എല്ലാ സ്വഭാവ ദൂഷ്യങ്ങളും തികഞ്ഞു. പത്തിലെ പരീക്ഷ അവന്‍ എഴുതിയില്ല. അവനെ കൌണ്‍സിലിങ്ങിന് കൊണ്ട് പോവാനൊന്നും ഞങ്ങള്‍ക്ക് ആരുമില്ലെന്ന് സിബിചാച്ചനറിയാമല്ലോ. വയലന്റാവുംപോള്‍ എന്നെയും മമ്മിയും ഉപദ്രവിക്കുമായിരുന്നു. രണ്ടു പ്രാവശ്യം മമ്മിയുടെ കൈ ഒടിച്ചു. എന്റെ ഭാവിയോര്‍ത്ത് മമ്മി ആരോടും ഒന്നും പറഞ്ഞില്ല. അവന്റെ ഉപദ്രവങ്ങളും ആസ്ത്മയും കാരണം മമ്മി വോളെന്റെറി റിട്ടെയെര്‍മെന്റ് എടുക്കുകയായിരുന്നു. അങ്ങനെ കിട്ടിയ പൈസ കൊണ്ടാണ് ഈ വീട് വാങ്ങിയത്. ആയിടക്കു റോണിക്ക് എന്നോടുള്ള പെരുമാറ്റത്തില്‍ വല്ലാതെ മാറ്റം വന്നു. അവന്റെ കണ്ണുകളില്‍ ഞാന്‍ പെങ്ങളല്ലാതായി, പെണ്ണ് വെറും പെണ്ണ് മാത്രമായി." ജെനി നിറഞ്ഞ കണ്ണുകള്‍ തുടച്ചു നിശബ്ദയായി.

"ബി.എഡ്. കഴിഞ്ഞു ഞാന്‍ ഒരു ജോലിക്ക് ശ്രമിക്കുന്ന സമയമായിരുന്നു. ജോസഫ്‌ അച്ചനാണ് മംഗലാപുരത്ത് സഭയുടെ സ്കൂളില്‍ ഒരു ജോലി ശരിയാക്കി തന്നത്. ഞാന്‍ എങ്കിലും രക്ഷപെടുമെന്ന് മമ്മി ആശ്വസിച്ചു കാണും. പതിയെ ഞാനും എന്നെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ തുടങ്ങി, സ്കൂളിലെ സഹപ്രവര്‍ത്തകനായ അലെക്സ് എന്ന അധ്യാപകനുമായി ഞാന്‍ പ്രണയത്തിലായി. എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാന്‍ അലെക്സിനോട് പറഞ്ഞിരുന്നു. എന്നിട്ടും എന്നോട് ഇഷ്ടം കാണിച്ചപ്പോള്‍ ഞാന്‍ അയാളെ അന്ധമായി വിശ്വസിച്ചു.

പള്ളിയില്‍ പോയി മിന്നു ചാര്‍ത്തിയിട്ട് മമ്മിയുടെ അനുഗ്രഹം വാങ്ങി. തന്റെ അനുഭവം മകള്‍ക്കുണ്ടാവരുതേ എന്ന് മാത്രമായിരുന്നു മമ്മിയുടെ പ്രാര്‍ത്ഥന. പക്ഷെ അവിടെയും വിധി ഞങ്ങളെ തോല്പിച്ചു. മധുവിധുവിന്റെ ലഹരി അടങ്ങിയപ്പോള്‍ കിട്ടാതെ പോയ സ്ത്രീധനപ്പണം അലെക്സിനെ അലട്ടി തുടങ്ങി. വീടും പറമ്പും അയാളുടെ പേരില്‍ എഴുതണമെന്നായിരുന്നു ആവശ്യം. എന്റെ ശമ്പളം മുഴുവന്‍ അയാള്‍ക്ക്‌ വേണം. ഇവിടെ മമ്മിയുടെയും റോണിയുടെയും ചെലവുകള്‍. മമ്മിയുടെ ഇത്തിരി പെന്‍ഷന്‍ തുക കൊണ്ട് എന്താവാനാണ്. ആത്മഹത്യയെക്കുറിച്ച് പല പ്രാവശ്യം ചിന്തിച്ചതാണ്. മമ്മിയില്‍ നിന്നും ഞാന്‍ എല്ലാം മറച്ചുവെച്ചു. ആയിടെ റോണി വല്ലാതെ വയലന്റ് ആയിക്കഴിഞ്ഞിരുന്നു.

സ്കൂളില്‍ നിന്നും വേളാങ്കണ്ണിക്ക് ഒരു ട്രിപ്പ്‌ പോയതായിരുന്നു ഞങ്ങള്‍. അതിനിടെ ഒന്ന് രണ്ടു ദിവസം മമ്മിയ വിളിക്കാന്‍ പറ്റിയില്ല. അവിടെ നിന്നും യാത്ര തിരിക്കുംപോഴാണ്‌ ജോസഫ്‌ അച്ചന്റെ ഫോണ്‍ വന്നത്. അമ്മക്ക് സുഖമില്ലെനാണ് പറഞ്ഞതെങ്കിലും എനിക്കറിയാമായിരുന്നു മമ്മിക്കെന്തോ സംഭവിച്ചുവെന്ന്. പക്ഷേ .... ഇത്രത്തോളം ...... ഞാന്‍ കരുതിയില്ല." അവള്‍ വാവിട്ടു കരഞ്ഞു.

എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ തരിച്ചിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം ആദ്യമായാണ് ആരോടെങ്കിലും അവള്‍ മനസ്സ് തുറക്കുന്നതെന്ന് തോന്നി. പിന്നെയും ഉത്തരം കിട്ടാതെ ഒരുപിടി ചോദ്യങ്ങള്‍.

"അയല്‍ക്കാര്‍ കാണുമ്പോള്‍ മമ്മി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. റോണിക്കെന്തു സംഭവിച്ചെന്നു ഇപ്പോഴും അറിയില്ല. എന്ത് പാപം ചെയ്തിട്ടാണ് കര്‍ത്താവ്‌ ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചത്. സിബിചാച്ചനറിയാമല്ലോ, മമ്മി ജീവിതത്തില്‍ ഒരു ദിവസം പോലും സന്തോഷിച്ചിട്ടില്ല." ശരിയാണ് ദുഖത്തിന്റെ ഒരു ആള്‍രൂപമായിരുന്നു സൂസന്ന ടീച്ചര്‍.

"അലെക്സ്, അയാള്‍ വന്നില്ലേ?"

അവള്‍ നെടുതായി നിശ്വസിച്ചു. "എല്ലാ വിവരങ്ങളും അറിയിച്ചിരുന്നു. ഒരു കോള്‍ പോലും ഉണ്ടായില്ല. സ്കൂളിലെ ജോലി രാജി വച്ചുഎന്ന് ആരോ പറഞ്ഞറിഞ്ഞു. ഇവിടുത്തെ കേസും നൂലാമാലകളും തീര്‍ന്നു ഞാന്‍ തിരികെ ചെന്നപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീട് ഒഴിഞ്ഞിരുന്നു. ഹൌസ് ഓണറുടെ കയ്യില്‍ എന്റേതായ സാധനങ്ങള്‍ ഏല്പിച്ചിരുന്നു, ഒപ്പം ഒരു കല്യാണക്കുറിയും. ഞാന്‍ പിറകെ തിരഞ്ഞു ചെല്ലില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു".

ജെനിയാകെ കരഞ്ഞു കുതിര്‍ന്നിരുന്നു. ഇരുപത്തിയെട്ടു വയസ്സിനുള്ളില്‍ എന്തൊക്കെ ദുരിതപര്‍വങ്ങള്‍. താന്‍ എന്നെങ്കിലും ഇവളെ പ്രണയിച്ചിട്ടുണ്ടോ. അതിലൊക്കെ ഉപരി എന്റെതെന്നൊരു ഉടമസ്ഥാവകാശം ആയിരുന്നു എന്നും മനസ്സില്‍. അതിനെ പ്രണയം എന്ന് വിളിക്കാമോ. സൂസന്ന ടീച്ചര്‍ എവിടെയോയിരുന്നു മന്ത്രിക്കുന്നത് പോലെ "ഇനിയവളെ കരയിക്കല്ലേ മോനെ".

ജെനി അകത്തുപോയി കാപ്പിയിട്ടുകൊണ്ട് വന്നു. അവള്‍ ചോദിച്ചില്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു, നടക്കാതെ പോയ വിവാഹം ഉള്‍പ്പെടെ. ഒരു നീണ്ട മൌനത്തിനൊടുവില്‍ ചോദിച്ചു "ജെനീ തനിച്ചായിപ്പോയവരാണ് നമ്മള്‍. ഇനിയുള്ള ദൂരം നമുക്കൊന്നിച്ച്‌ നടക്കാം. കഴിഞ്ഞുപോയതൊന്നും എനിക്കൊരു പ്രശ്നമല്ല. ഞാന്‍ ഇപ്പോഴും നിന്നെ ആ പഴയ കളിക്കൂട്ടുകാരിയായിട്ടാണ് കാണുന്നത്."

"അത് വേണ്ട സിബിചാച്ചാ. ഞാന്‍ ഒരിക്കലും സമ്മതിക്കില്ല. മംഗലാപുരത്ത് സ്കൂളും കുട്ടികളും ഒക്കെയായി ഞാന്‍ ബിസിയാണ്. തനിച്ചാണെന്ന് തോന്നാറില്ല"

"കാരണം?. എന്റെ വീട്ടില്‍ അനുവദിക്കില്ലെന്ന് കരുതിയാണോ. നിന്നോടുള്ള സഹതാപം കൊണ്ടുമല്ല. നീയാവുമ്പോള്‍ എന്നെ നന്നായി മനസ്സിലാക്കുമല്ലോ."

അവളുടെ മുഖത്ത് വീണ്ടും ആ കല്ലിച്ച ഭാവം. "ഈഡിപ്പസിന്റെ കഥ കേട്ടിട്ടുണ്ടോ സിബിച്ചാച്ചന്‍. ഒന്നല്ല, രണ്ടു പേരുടെ ഉച്ചിഷ്ടമാണ് ഞാന്‍."

വാക്കുകളുടെ ആഴം ആദ്യം മനസ്സിലായില്ല. അര്‍ത്ഥങ്ങള്‍ക്കും അര്‍ത്ഥാന്തരങ്ങള്‍ക്കുമൊടുവില്‍, ഒരു അഗ്നിപര്‍വതസ്ഫോടനത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കിടയിലൂടെ അത് ചോദിച്ചത് താന്‍ തന്നെയായിരുന്നുവോ "എന്റെ ചാച്ചന്‍ നിന്നെ ?....."

അവളുടെ കണ്ണുകളില്‍ വെറുപ്പിന്റെ വേലിയേറ്റം . ദശകങ്ങളായി ഉണങ്ങാതെ പുറ്റുപിടിച്ചിരുന്ന ഒരു പച്ചമുറിവ് ആരോ മാന്തിപ്പൊളിച്ച പോലെ ഒരു വേദന അവളില്‍ നിറഞ്ഞു. "എനിക്കറിയില്ലായിരുന്നു ഒന്നും. അതൊന്നും മനസ്സിലാക്കാനുള്ള പ്രായമില്ലായിരുന്നല്ലോ. ഇങ്ങനെയൊക്കെയാണ് അച്ഛന്‍മാര്‍ പെണ്മക്കളെ സ്നേഹിക്കുന്നതെന്ന് കരുതി. ഒരിക്കല്‍ അത് കണ്ടുകൊണ്ടാണ് മമ്മി വന്നത്. അന്ന് രാത്രി വെളുക്കോളം എന്നെ കെട്ടിപ്പിടിച്ചു മമ്മി കരഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ അവിടെ നിന്നും പോയത്. പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് പറ്റിയ തെറ്റിന്റെ ആഴം മനസ്സിലായത്‌."

അവള്‍ പതിഞ്ഞസ്വരത്തില്‍ പറഞ്ഞതൊന്നും താന്‍ കേട്ടില്ല. തലക്കുള്ളില്‍ ചുഴലിക്കാറ്റിന്റെ ഇരമ്പം മാത്രം. ഒരു വിഭ്രാന്തിയിലെന്നോണം പുറത്തു വന്നു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. വെള്ളിതിരയിലെന്നതുപോലെ ഓരോ ദൃശ്യങ്ങള്‍ കണ്മുന്പിലൂടെ മിന്നി മറഞ്ഞു. ജെനിക്കായി ചാച്ചന്‍നീക്കി വയ്ക്കുന്ന വലിയ മിട്ടായിപ്പൊതി, അവളെ മടിയിലിരുത്തി ഉമ്മ കൊടുക്കുന്നു, വാരിയെടുത്തു നെഞ്ചോടമര്‍ത്തുന്നു. എവിടെ നിന്നോ അമ്മയുടെ സ്വരം. "അച്ചായന് പെണ്കൊച്ചുങ്ങളെ ജീവനാ".

എന്തൊക്കെയോ ആരോടൊക്കെയോ ചോദിച്ചുവെന്നു തോന്നുന്നു. സ്ഥലകാലബോധം തിരിച്ചു കിട്ടുമ്പോള്‍ സൂസന്ന ടീച്ചറിന്റെ കല്ലറക്കരികിലായിരുന്നു. എത്ര നേരമായിക്കാനും ഇവിടെ വന്നിട്ട്. ആയിരമായിരം തവണ ടീച്ചറിനോട് കരഞ്ഞുകൊണ്ട്‌ മാപ്പിരന്നു കഴിഞ്ഞിരുന്നു. ഒരു സഹോദരനെപ്പോലെ അവര്‍ സ്നേഹിച്ച തന്റെ ചാച്ചന് എങ്ങനെ മനസ്സുവന്നു ഒരു പിഞ്ചു കുഞ്ഞിനെ ഭോഗത്തിനിരയാക്കുവാന്‍.

ജെനിക്കിന്നു തന്നെ മടങ്ങണമെന്നാണല്ലോ പറഞ്ഞത്, അവള്‍ പോയിക്കഴിഞ്ഞിട്ടുണ്ടാവുമോ. അന്നേരത്തെ മാനസികാവസ്ഥയില്‍ യാത്ര പോലും പറയാതെയാണ് താന്‍ പോന്നത്. വീട് വരെ പോവേണ്ടി വന്നില്ല, അവള്‍ പാതിവഴിയില്‍ എത്തിയിരുന്നു. തിരയൊഴിഞ്ഞ കടല്‍ പോലെ ശാന്തമായിരുന്നു അവളുടെ മുഖം.

"സ്റ്റേഷനില്‍ ഞാന്‍ ഡ്രോപ്പ് ചെയ്യാം." ബൈക്കിനു പിന്നില്‍ കയറാന്‍ അവള്‍ ഒട്ടും മടിച്ചില്ല.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവളോട്‌ പറഞ്ഞു " ഞാനും അമ്മയും കൂടി അധികം താമസിക്കാതെ വരും നിന്നെ കൊണ്ട് പോരാന്‍. അതിനു മുന്‍പ് പിശാചു ബാധിച്ച ആ വീട്ടില്‍ നിന്ന് താമസം മാറണം."

അര്‍ഥങ്ങള്‍ വിവേചിച്ചറിയാനാവാത്ത ഒരു മന്ദഹാസം അവളുടെ ചുണ്ടില്‍ വിരിഞ്ഞു. ട്രെയിന്‍ ചൂളം വിളിച്ചകലുമ്പോള്‍ മൊബൈലില്‍ ബ്രോക്കെര്‍ വാസുവേട്ടന്റെ നമ്പര്‍ തിരയുകയായിരുന്നു.

Tuesday, 9 August 2011

ഫേസ്ബുക്ക്‌

ഫേസ്ബുക്കിന്റെ നീലത്താളില്‍ രഘു ചിരിച്ചു. "ഓര്‍മ്മയുണ്ടോ?".

ഓര്‍മ്മകള്‍ മരിച്ചാല്‍ പിന്നെ ജീവിതത്തില്‍ എന്താണ് ബാക്കി. തമ്മില്‍ കണ്ടിട്ട് പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒന്നാം ക്ലാസ്സുമുതല്‍ ഏഴുവരെ ഒരേ ക്ലാസ്സില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ എന്നും പ്രതിയോഗികളായിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോള്‍ താന്‍ ഗേള്‍സില്‍ ചേര്‍ന്നു. പ്രീഡിഗ്രിക്ക് വീണ്ടും ഒരേ കോളേജില്‍.

കൌമാരം കണിക്കൊന്നപോലെ പൂവിട്ടുനിന്ന ആ പ്രായത്തില്‍ എപ്പോഴൊക്കെയോ മൊട്ടിട്ട പ്രണയം പറഞ്ഞില്ലെങ്കിലും അറിഞ്ഞിരുന്നു. ഒരു നോട്ടത്തില്‍, പുഞ്ചിരിയില്‍, മൂളിപ്പാട്ടിന്റെ ഈരടികളില്‍ ഒക്കെ ഒരു വസന്തം വിരുന്നുവന്നത് അറിഞ്ഞില്ലെന്നു ഭാവിച്ചു. ഇടക്കൊക്കെ കടം വാങ്ങുന്ന നോട്ട് ബുക്കിന്റെ പിന്‍താളില്‍ പ്രണയം ഹൃദയമാവുന്നതും വരികളാവുന്നതും കണ്ടില്ലെന്നു നടിച്ചു.

മീല്‍സേഫിന്റെ മുകളില്‍ അച്ഛന്‍ ചെത്തിയൊരുക്കി സൂക്ഷിച്ചിരിക്കുന്ന കാപ്പിക്കമ്പിന്റെ ചൂട് മാത്രമായിരുന്നില്ല കാരണം. അന്തിവെളുക്കോളം അച്ഛന്‍ രക്തം വിയര്‍പ്പാക്കുന്നതും അടുക്കളപ്പുകയിലെ ഇല്ലായ്മകള്‍ക്കിടയില്‍ അമ്മ നീറുന്നതും കണ്ടില്ലെന്നു നടിക്കാന്‍ ആവുമായിരുന്നില്ല. കഴുത്തോളം കടത്തില്‍ മുങ്ങിയാണ് അവര്‍ രണ്ടു മക്കളെയും പഠിപ്പിക്കുന്നത്.

അമ്മ അത്താഴം വിളമ്പുമ്പോള്‍ കലത്തിനടിയില്‍ തവികൊണ്ടുരയുന്ന ശബ്ദത്തിന്റെ അര്‍ത്ഥവും അച്ഛന്‍
ബാക്കിവച്ച് പോവുന്ന പകുതിചോറും അന്നൊക്കെ ഉറക്കം കെടുത്തിയിരുന്നു. കോളേജിന്റെ ആരവങ്ങള്‍ക്കും ആര്‍ഭാടത്തിനും പുറത്തു ഒതുങ്ങിമാറി നില്‍ക്കാനാണ് ഉള്ളിലെ അപകര്‍ഷതാബോധം എന്നും പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ ആദ്യാനുരാഗവും അതിന്റെ നിറഭേദങ്ങളും ആരുമറിഞ്ഞില്ല.

"ഏയ്‌, താനെന്താ സ്വപ്നം കാണുകയാണോ." ജാസ്മിന്‍ അരികില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. വൈകുന്നേരത്തെ ചായക്കുള്ള സമയമാവുന്നു. കഫറ്റെരിയയിലേക്ക് പോവാന്‍ വിളിക്കാന്‍ വന്നതാണ്‌ അവള്‍. പരസ്പരം എല്ലാം തുറന്നു പറയാനുള്ള അടുപ്പം ഉള്ളതുകൊണ്ട് ഫേസ്ബുക്ക് വിന്‍ഡോ ക്ലോസ് ചെയ്തില്ല. തന്നെ ചൂഴ്ന്നൊന്നു നോക്കിയിട്ട് അര്‍ത്ഥഗര്‍ഭമായി അവള്‍ ചിരിച്ചു.

കഫറ്റെരിയയിലേക്ക് നടക്കുമ്പോള്‍ അടക്കിയ ശബ്ദത്തില്‍ അവള്‍ ചോദിച്ചു "നിങ്ങള്‍ തമ്മില്‍ ലൈനായിരുന്നോ?'.

"ഏയ്‌ അങ്ങനെയൊന്നുമില്ല. സ്കൂള്‍മേറ്റ്‌ അത്രേയുള്ളൂ. നാട്ടില്‍ ഞങ്ങളുടെ വീടിനു കുറേയകലയാണ് രഘുവിന്റെ വീട്. ഇപ്പോള്‍ ദുബായില്‍ എന്ജിനീയരാണ്."

മറുപടി ഒരു മൂളിപ്പാട്ടായിരുന്നു. "കടവത്ത്‌ തോണിയടുത്തപ്പോള്‍ പെണ്ണിന്റെ കവിളത്ത് മഴവില്ലിന്‍ നിഴലാട്ടം........"

"ഏഴുവര്‍ഷം ഒരുത്തന്റെ പുറകെ നടന്നു പ്രേമിച്ചു, കഷ്ടപ്പെട്ടു കെട്ടിയ എന്നോട് കള്ളം പറയല്ലേ മോളെ"

ജാസ്മിന്റെ വര്‍ക്ക്‌സ്റ്റേഷനിലെ ഡിസ്പ്ലേബോര്‍ഡില്‍ ഒരു ചിത്രമുണ്ട്. ഒരു പകുതി ആപ്പിളും പകുതി ഓറഞ്ചും പിന്ചെയ്തു വച്ചിരിക്കുന്നു കൂടെ ഒരു വാചകവും "അഡ്ജസ്റ്റ് ചെയ്യൂ അല്ലെങ്കില്‍ വേര്‍പിരിയൂ". വ്യത്യസ്ത മതത്തില്‍പ്പെട്ട ജാസ്മിനും ഹരിയും വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ വിവാഹം കഴിച്ചവരാണ്. വിവാഹജീവിതത്തിലെ പല സംഘര്‍ഷങ്ങളും അവള്‍ നേരിടുന്നത് ആ ചിത്രത്തിന്റെ ബലത്തിലാണ്.

ഒരുകപ്പ് ചായക്കൊടുവില്‍ അവള്‍ വിധി പ്രസ്താവിച്ചു "പ്രണയം നഷ്ടപ്പെടുന്നതാണ് നല്ലത്. ആ ഓര്‍മ്മള്‍ക്കുള്ള ഭംഗി ചിലപ്പോള്‍ ഒപ്പം ജീവിക്കുമ്പോള്‍ കണ്ടെന്നു വരില്ല"

തിരികെ ടേബിളില്‍ എത്തുമ്പോള്‍ രഘുവിന്റെ ഒരു മെസ്സേജ് ഉണ്ടായിരുന്നു. "ഞാന്‍ അടുത്ത മാസം നാട്ടില്‍ വരുന്നുണ്ട്. ഒന്ന് കാണാന്‍ പറ്റുമോ. തന്റെ ഒരു സാധനം എന്റെ കൈയ്യിലുണ്ട്‌, അത് തിരിച്ചേല്പ്പിക്കാനാണ്." അത് വായിച്ചപ്പോള്‍ അല്പം പരിഭ്രമം തോന്നാതിരുന്നില്ല.

ഓര്‍മ്മയില്‍ എത്ര തിരഞ്ഞിട്ടും രഘുവിന് എന്തെങ്കിലും നല്‍കിയതായി ഓര്‍ക്കുന്നില്ല. ടെന്‍ഷന്‍ കണ്ടപ്പോള്‍ ജാസ്മിന്‍ കളിയാക്കി. "നിന്റെ ഹൃദയമായിരിക്കും. ആളിന് പെണ്ണും പിടക്കൊഴീം ഒക്കെയായില്ലേ. നിന്റെ ഫാമിലി ഫോട്ടോയൊക്കെ പുള്ളി കണ്ടും കാണും. പിന്നെന്തിനാ ഒരു പാഴ്‌വസ്തു വെറുതെ കയ്യില്‍ കൊണ്ട് നടക്കുന്നതെന്ന് കരുതിക്കാണും".

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മെസ്സേജ് വന്നു. "ഞാന്‍ നാട്ടിലെത്തി. വരുന്ന ശനിയാഴ്ച വൈകുന്നേരം ശാസ്താവിന്റെ അമ്പലത്തില്‍ ഒന്ന് വരുമോ". അല്ലെങ്കിലും അമ്മയെ കാണാന്‍ വേണ്ടി വീട്ടില്‍വരെ പോവണമെന്ന് കരുതിയിരിക്കുകയായിരുന്നു. രഘുവിനെ കാണാന്‍ പോവണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ല. എന്താണ് രഘുവിന് മടക്കിതരാനുള്ളത് എന്ന ആകാംക്ഷ മനസ്സിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു.

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ശനിയാഴ്ച വെളുപ്പിന് തന്നെ വീട്ടിലെത്തി. വൈകുന്നേരം മോളെ അമ്മയെ ഏല്പിച്ചു അമ്പലത്തിലേക്ക് തനിയെ പോവുമ്പോള്‍ ചെയ്യുന്നത് തെറ്റാണോ എന്നൊരു കുറ്റബോധം ഉള്ളില്‍ തലപൊക്കി തുടങ്ങി.

കരക്കാരും അമ്പലത്തിന്റെ ഉടമസ്ഥാവകാശം ഉള്ള നമ്പൂതിരിമാരും തമ്മില്‍ തര്‍ക്കം നടക്കുന്നത്കൊണ്ട് ഈയിടെ അമ്പലത്തില്‍ അധികമാരും പോവാറില്ല. ആളൊഴിഞ്ഞ പ്രദക്ഷിണ വഴിയില്‍ കണ്ണുകള്‍ രഘുവിനെ തിരഞ്ഞു. റിപ്ലൈ ചെയ്യാഞ്ഞതുകൊണ്ട് ഒരുപക്ഷെ വന്നിട്ടില്ലെങ്കിലോ. കൊടിമരത്തിനു താഴെ ആനക്കൊട്ടിലില്‍ പലപ്പോഴും രഘു കാത്തുനില്‍ക്കുന്നത് പണ്ട് കണ്ടിട്ടുണ്ട്. പക്ഷെ അവിടവും ശൂന്യമായിരുന്നു. വെള്ളയും ചുവപ്പും ചെമ്പകപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ശിവന്റെ നടയിലും സര്‍പ്പക്കാവിന്റെ ഇരുണ്ട നിഴലിലും ആരെയും കണ്ടില്ല. ഹൃദയത്തില്‍ നിരാശയുടെ ഒരു പടുമുള പൊട്ടുന്നതറിഞ്ഞു.

ശ്രീകോവിലില്‍ മുനിഞ്ഞു കത്തുന്ന വിളക്കുകള്‍ക്കു നടുവില്‍ മുഴുക്കാപ്പിട്ട ഭഗവത് രൂപം. ശനീശ്വരനായ ഭഗവാനേ, ഈ ക്ഷേത്രത്തിന്റെ ശനിദശ എന്ന് മാറും. മുന്‍പൊക്കെ ശനിയാഴ്ച വൈകുന്നേരത്തെ ദീപാരാധനക്ക് അമ്പലം നിറയെ ആളുകളായിരുന്നു. ഈ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന മനസുഖം മറ്റൊരിടത്തും കിട്ടിയിട്ടില്ല. ഓര്‍മ്മവച്ചനാള്‍ ഉള്ളിലുറച്ചുപോയ ഭക്തികൊണ്ടാവാം.
ചന്ദനം കൊണ്ട് കുറിവരച്ചു തുളസിക്കതിര് മുടിയിഴകളില്‍ തിരുകി ചുറ്റമ്പലത്തിലേക്ക് നടക്കുമ്പോള്‍ കൊടിമരച്ചുവട്ടില്‍ രഘു കാത്തു നില്‍ക്കുന്നു. സന്തോഷം കൊണ്ട് ഹൃദയം കുതിച്ചു ചാടുന്നതറിഞ്ഞു. അല്പം തടിയും കുടവയറും ഉണ്ടെന്നൊഴിച്ചാല്‍ രഘുവിന് കാര്യമായ മാറ്റങ്ങളൊന്നുമില്ല. അരയാല്‍ ചുവട്ടില്‍ കിടന്നിരുന്ന നീല മാരുതികാര്‍ അപ്പോഴാണ്‌ കണ്ണില്‍ പെട്ടത്. താന്‍ വരുന്നതിനും മുന്‍പ്തന്നെ വന്നിട്ടുണ്ടാവാം.

കരിങ്കല്‍ പാകിയ പ്രടക്ഷണ വഴിയില്‍ അവിടവിടെ മഴവെള്ളം തളം കെട്ടി കിടക്കുന്നു. ഒപ്പം നടക്കുമ്പോള്‍ രഘു പറഞ്ഞു " താന്‍ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അത്താഴപൂജ വരെ കാത്തുനില്‍ക്കാമെന്ന് കരുതിയാണ് വന്നത്. പണ്ടും ദീപാരാധനക്ക് തൊട്ടുമുന്‍പല്ലേ വരാറുണ്ടായിരുന്നത്."

ശരിയാണ്, അന്നൊക്കെ അടുത്ത വീടുകളിലെ പെണ്‍കുട്ടികള്‍ ഒരുമിച്ചാണ് വരാറുള്ളത്. കൂട്ടുകാര്‍ക്കിടയില്‍ നിന്ന് തന്നെ ഉറ്റുനോക്കുന്ന രണ്ടുകണ്ണുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
വര്‍ഷങ്ങളുടെയകലം എതാനും നിമിഷങ്ങളിലെ കുശലം പറച്ചിലില്‍ വിട്ടകന്നു. പലതും പരസ്പരം പറഞ്ഞും കേട്ടും കുടുംബവിശേഷങ്ങള്‍ കൈമാറിയും പഴയ സംഭവങ്ങളോര്‍ത്ത് പൊട്ടിച്ചിരിച്ചും സമയം കൊഴിഞ്ഞു വീണപ്പോള്‍ അകലെ മലനിരകള്‍ക്കു മേലെ ചക്രവാളം ചുവന്നു തുടങ്ങിയിരുന്നു. ഒരു വലിയ ചോദ്യത്തിനുത്തരം ഇതുവരെയും കിട്ടിയില്ല, തുറന്നു ചോദിക്കാനൊരു മടിയും. എങ്കിലും പ്രിയപ്പെട്ട കൂട്ടുകാരാ, ഈ മനോഹരസന്ധ്യക്ക് നന്ദി.

യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ രഘു അരയാല്‍ ചുവട്ടിലേക്ക്‌ നടന്നു. കാറിനുള്ളില്‍ നിന്നും ഒരു ചെറിയ പൊതിയെടുത്ത്‌ നീട്ടി. കവര്‍ തുറന്നത് പുറത്തെടുക്കുമ്പോള്‍ കൈവിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു. പുറംചട്ട പിഞ്ഞിത്തുടങ്ങിയ ഒരു നോട്ട് ബുക്ക്‌. ആദ്യത്തെ പേജില്‍ തന്റെ പേരും 7 A എന്ന ക്ലാസും മങ്ങിയ അക്ഷരങ്ങളില്‍ കാണാം. മറവിയുടെ മാറാല നീക്കി ഓര്‍മ്മകള്‍ പിന്നോട്ട് പാഞ്ഞു.
അതെ എഴാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷക്ക്‌ തൊട്ടുമുന്‍പ് കാണാതായ തന്റെ ഇംഗ്ലീഷ് നോട്ട് ബുക്ക്‌.

"ഇതെങ്ങനെ രഘുവിന്റെ കയ്യില്‍ വന്നു". അത്ഭുതവും അമ്പരപ്പും കലര്‍ന്ന തന്റെ ചോദ്യത്തിന് മറുപടി ചമ്മിയ ഒരു ചിരിയായിരുന്നു.

"മോഷ്ടിച്ചതാണ്. അന്നൊരു ഇന്റര്‍വെല്‍ ടൈമില്‍"

"എന്തിന്‌?"

"താന്‍ ഓര്‍ക്കുന്നുണ്ടോയെന്നറിയില്ല. ആ വര്‍ഷം ഓണപ്പരീക്ഷയ്ക്ക് തനിക്കായിരുന്നു ക്ലാസ്സില്‍ ഫസ്റ്റ്‌. നമ്മുടെ ഇംഗ്ലീഷ് മാഷ് ദാനിയല്‍ സാര്‍ ക്രിസ്മസ് പരീക്ഷക്ക്‌ മുന്പായി ഒരു സമ്മാനം പ്രഖ്യാപിച്ചു. ഇന്ഗ്ലീഷിനു ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നയാള്‍ക്ക് സാറിന്റെ വക സമ്മാനം ഒരു ഹീറോ പെന്‍. അന്നേ മനസ്സില്‍ കണക്കു കൂട്ടി അതെനിക്ക് നേടണമെന്ന്. അന്നത്തെ കുരുട്ടു ബുദ്ധിയില്‍ തോന്നിയ ഐഡിയ ആയിരുന്നു മോഷണം."

ശരിയാണ്, പരീക്ഷക്ക്‌ ഒന്ന് രണ്ടു ദിവസം മുന്‍പാണ് ബുക്ക് കളഞ്ഞുപോയത്. പരീക്ഷക്ക്‌ സ്കൂള്‍ അടക്കുന്ന ദിവസം കരഞ്ഞുകൊണ്ട്‌ മറ്റൊരു ബുക്കില്‍ നോട്ട് പകര്‍ത്തി എഴുതിയത് ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു. ക്രിസ്മസ് പരീക്ഷക്ക്‌ ഇന്ഗ്ലീഷിനു മറ്റെല്ലാ വിഷയത്തിനെക്കാളും മാര്‍ക്ക് കുറവായിരുന്നു. പെന്‍ രഘു നേടുകയും ചെയ്തു.

"തനിക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ?" രഘുവിന്റെ പതിഞ്ഞ സ്വരം കേട്ടപ്പോള്‍ ചിരിയാണ് വന്നത്. കുട്ടിക്കാലത്തിന്റെ ഓരോരോ കുറുമ്പുകള്‍.

" അന്നത്തെ തന്റെ കരച്ചില്‍ കണ്ടപ്പോള്‍ ഭയങ്കര കുറ്റബോധം തോന്നി. സത്യം തുറന്നു പറഞ്ഞു ബുക്ക്‌ തിരിച്ചുതന്നാല്‍ പിന്നെ എനിക്ക് സ്കൂളിലും വീട്ടിലും അടിയുടെ പൂരമായിരിക്കും. കോളേജിലെ ആദ്യത്തെ നാളുകളില്‍ പറയണമെന്ന് പലവട്ടം കരുതിയതാണ്, അവിടെയും ഇമേജിന് പ്രശ്നമാവുമോ എന്നൊരു പേടി. പിന്നെ .... ". ബാക്കി രഘു പറഞ്ഞില്ലെങ്കിലും തനിക്ക്‌ ഊഹിക്കാമായിരുന്നു.

മഷി പടര്‍ന്നു വക്കുകള്‍ മടങ്ങിയ നോട്ബുക്കിന്റെ താളുകള്‍ക്കുള്ളില്‍ പറയാതെ പോയൊരു പ്രണയം ഒളിച്ചിരുപ്പുണ്ട്. അമ്പലപ്പറമ്പിലെ അരയാല്‍ ചുവട്ടില്‍, ചെമ്പകപ്പൂ മണമുള്ള കാറ്റില്‍, ചുവപ്പ് രാശി പെയ്തിറങ്ങിയ ചക്രവാളത്തിനു കീഴില്‍ അങ്ങനെ നില്‍ക്കുമ്പോള്‍, പഴയ ആ പാവാടക്കാരി കുട്ടിയാവാന്‍ മനസ്സ് കൊതിച്ചു പോയി.കാലമൊന്നു തിരിഞ്ഞു കറങ്ങിയെങ്കില്‍, നിഷ്കളങ്കമായ ബാല്യവും, സ്വപ്നങ്ങള്‍ നിറമാല ചാര്‍ത്തിയ കൌമാരവും ഒക്കെ ഒരേയൊരു പ്രാവശ്യത്തേക്കു തിരികെ കിട്ടിയെങ്കില്‍. ...

"ആ കവറിനുള്ളില്‍ മറ്റൊരു സാധനം കൂടിയുണ്ട്, നോക്കൂ" രഘുവിന്റെ വാക്കുകളാണ് വര്‍ത്തമാന കാലത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ഉപയോഗിക്കാത്ത ഹീറോ പെന്‍ ഭംഗിയായി പൊതിഞ്ഞു വച്ചിരിക്കുന്നു.

"ഇനിയിത് യഥാര്‍ത്ഥ അവകാശിയുടെ കയ്യില്‍ ഇരുന്നോട്ടെ. പ്രത്യേകിച്ച് ഉപയോഗം ഒന്നുമുണ്ടാവില്ലെന്ന് അറിയാം. എന്നാലും ഒരു സൌഹൃദത്തിന്റെ ഓര്‍മ്മയ്ക്ക്‌"

"പെന്‍ രഘു തന്നെ വച്ചോളൂ. ഇത്രയും കാലം ഇതുരണ്ടും സൂക്ഷിച്ചു വച്ചില്ലേ. എനിക്ക് അതുതന്നെ ധാരാളം."

"അങ്ങനെയെങ്കില്‍ ആ ബുക്ക്‌ തിരികെ തന്നേക്കൂ. ഓര്‍മ്മകളുടെ ഒരു വളപ്പൊട്ട്‌ ശേഖരമാണ് എനിക്കത്. കുറ്റബോധത്തിന്റെ കണിക പോലുമില്ലാതെ ഇനിയെനിക്കത് സൂക്ഷിക്കാമല്ലോ."

യാത്ര പറഞ്ഞു പിരിയുമ്പോള്‍ സ്വയം പറഞ്ഞു, ഇനിയൊരു വഴിതിരിവുകളിലും നമ്മള്‍ പരസ്പരം കാണാതിരിക്കട്ടെ. ഓര്‍മ്മകളുടെ കടലിലെ ചന്ദ്രോദയം പോലെ ഈ സന്ധ്യയുടെ ശോഭ ഒരിക്കലും നിറം മങ്ങാതെയിരുന്നോട്ടെ.

നായകളും കുറെയോര്‍മ്മകളും

എന്റെ കുട്ടിക്കാലത്ത് വീട്ടിലെ ഒരേയൊരു പെറ്റ് എന്നെക്കാളും നാലു വയസ്സിനിളയ അനിയത്തി മാത്രമായിരുന്നു. അത് കുറച്ചൊന്നുമല്ല എന്നെ കുശുമ്പു പിടിപ്പിചിട്ടുള്ളത്. പട്ടിയേം പൂച്ചയേം ഒന്നും വളര്‍ത്താന്‍ അമ്മൂമ്മക്ക്‌ ഇഷ്ടമല്ല. അതുങ്ങള് കടിക്കും, മാന്തും, പിന്നെ വീട്ടിലൊക്കെ രോമം പൊഴിഞ്ഞു വീണു അസുഖങ്ങളുണ്ടാകും എന്നൊക്കെയായിരുന്നു (അ)ന്യായങ്ങള്‍. പൂച്ചയെ എനിക്കും ഇഷ്ടമല്ല, കുഞ്ഞിലെ ഒരു പൂച്ച കടിച്ചിട്ട്‌ എത്ര ഇന്ജെക്ഷനാ കിട്ടിയത്!! ആ കദനകഥ പിന്നെ ഒരു പോസ്റ്റാക്കാം.

പട്ടിക്കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. തരം കിട്ടിയാല്‍ അതുങ്ങളെ തൊടുകയും എടുക്കുകയും ഒക്കെ ചെയ്യും. ഞങ്ങള്‍ പാല്‍ വാങ്ങിച്ചോണ്ടിരുന്ന വീട്ടിലെ ചെല്ലമ്മച്ചേയിയാണ് വീട്ടില്‍ ഒരു പട്ടിയെ വളര്‍ത്തുക എന്ന വിപ്ലവാത്മക ചിന്ത എന്റെ കുഞ്ഞുമനസ്സില്‍ പാകിയത്‌.

അവരുടെ വീട്ടിലെ പട്ടിക്കു ആയിടെ നാലഞ്ചു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ രാവിലെ പാല് വാങ്ങിക്കാന്‍ പോവുമ്പോള്‍ അതിനെ എടുക്കുകയും ഓമനിക്കുകയും ഒക്കെചെയ്യും. ഇച്ചേയിയും കൊച്ചാട്ടനും കൂടെ ഈ നാലഞ്ചെണ്ണത്തിനെ എങ്ങനെ ഒഴിവാക്കും എന്ന് തലപുകച്ചിരിക്കുമ്പോഴാണ് ദൈവദൂതികയെപ്പോലെ ഞാന്‍ അവതരിച്ചത്.

"മോള്‍ക്ക്‌ ഒരു പട്ടിക്കുഞ്ഞിനെ തരട്ടേ" എന്ന് ഇച്ചേയി ചോദിച്ചപ്പോള്‍ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കണ്ണുവിരിയാത്ത പട്ടിക്കുഞ്ഞുങ്ങള്‍ക്കെല്ലാത്തിനും നല്ല ഓമനത്തമായിരുന്നു, അവയില്‍ നിന്നും തവിട്ടു നിറമുള്ള ഒരു കുട്ടിക്കുറുമ്പനെ ഞാന്‍ അഡോപ്റ്റ് ചെയ്തു.

ഒരു കയ്യില്‍ പാല്‍ക്കുപ്പിയും മറ്റേ കയ്യില്‍ പട്ടിക്കുഞ്ഞുമായി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വീട്ടിലെല്ലാരും ആദ്യം ഞെട്ടി, പിന്നെ പൊട്ടിത്തെറിച്ചു.

"തിരിച്ചു കൊണ്ടെ കൊടുത്തിട്ട് വാടീ ഈ അശ്രീകരത്തിനെ". അമ്മൂമ്മ കലിതുള്ളി. പിന്തുണ പ്രഖ്യാപിച്ചു അച്ഛനും അമ്മയും. അനിയത്തി മാത്രം എന്റെ അടുത്ത് വന്നിരുന്നു കൌതുകത്തോടെ അതിനെ നോക്കി.

പ്രശ്നം ഇത്രേം ഗുരുതരമാവുമെന്നു ഞാന്‍ കരുതിയതല്ല. പട്ടിക്കുട്ടിയെ തിരിച്ചു കൊടുക്കണമെന്ന സങ്കടത്തെക്കാളുപരി അതുകൊണ്ടുണ്ടാവാന്‍ പോവുന്ന മാനഹാനിയാണ്‌ ആ മൂനാം ക്ലാസ്സുകാരിക്ക് കൂടുതല്‍ ഫീല് ചെയ്തത്. എങ്ങനെ ഞാന്‍ ഇച്ചെയിയുടെ മുഖത്ത് നോക്കും!

ആ സങ്കടം ഒരു നിലവിളിയായത് പെട്ടെന്നായിരുന്നു. സൈറണ്‍ കേട്ട് അയല്‍വക്കക്കാര്‍വരെ ഓടിവന്നു. പട്ടിയെ തിരിച്ചു കൊടുക്കില്ലെന്ന നിലപാടില്‍തന്നെ ഞാന്‍ ഉറച്ചുനിന്നു. അവസാനം അച്ഛന്‍ അമ്മൂമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു പട്ടിക്കുട്ടിയെയും എന്നെയും അകത്തു കേറ്റി.

പഴയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കീറിയ ബെഡ് ഷീറ്റ് നന്നായി മടക്കിയിട്ടു പട്ടിക്കുഞ്ഞിനു ബെഡ് റൂം തയ്യാറാക്കി. അമ്മ അടുക്കളയിലെഒരു ചെറിയ പാത്രവും കുറച്ചു പാലും അതിനു കുടിക്കാന്‍ തന്നു. ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ് നിറയെ പട്ടിക്കുഞ്ഞാണ്‌. സ്കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. അമ്മയുടെ വക വഴക്കാനെങ്കില്‍ ഇഷ്ടംപോലെ. ഞാന്‍ സ്കൂളില്‍ പോയാല്‍ പിന്നെ അതിന്റെ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ഒക്കെ വൃത്തിയാക്കുന്നത് അമ്മയാണല്ലോ. അതിന്റെ 'കീ കീ' ന്നുള്ള കരച്ചില് വേറെ, പോരാത്തതിനു പട്ടിക്കുഞ്ഞിനെ കളിപ്പിചോണ്ടിരുന്നു പഠിത്തം ഉഴപ്പുന്നു എന്ന പരാതിയും.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ വീട്ടിലെല്ലാം ഓടി നടക്കാന്‍ തുടങ്ങി. അപ്പോള്‍ പട്ടി പൂജാമുറിയില്‍ കേറുന്നു, കിച്ചണില്‍ കേറുന്നു എന്നൊക്കെ പറഞ്ഞു അമ്മൂമ്മ ഭയങ്കര ബഹളം. ഇതൊക്കെ കേട്ടിട്ടും ഞാനും ടോമിയും മാത്രം കുലുങ്ങിയില്ല.

തനി കണ്ട്രിയായ അച്ഛനും അമ്മയ്ക്കും ജനിച്ച അവന്‍ അതിലും കണ്ട്രിയായത് പല്ല് മുളച്ചു തുടങ്ങിയതോടെയാണ്. എന്നെ മാത്രം നോവിക്കാതെ വളരെ സോഫ്റ്റായി പല്ല് കൊണ്ടുരക്കും. ബാക്കിയെല്ലാര്‍ക്കും നല്ല കടി കിട്ടി തുടങ്ങിയതോടെ ടോമിയുടെ ഭാവി അവതാളത്തിലായി. കോഴിയെയൊക്കെ കുരച്ചോടിക്കാന്‍ തുടങ്ങിയതോടെ അവന്റെ ഇമേജിനല്‍പം മാറ്റം വന്നതായിരുന്നു. വീട്ടിലുള്ളവരെയും വരുന്നവരെയും കടിക്കാന്‍ തുടങ്ങിയതോടെ എനിക്കും ടോമിക്കും എതിരെ ചില കരുനീക്കങ്ങളൊക്കെ നടന്നത് ഞാന്‍ അറിഞ്ഞപ്പോഴേക്കും
വൈകിപ്പോയിരുന്നു. ഒരു ദിവസം വൈകിട്ട് സ്കൂള്‍ വിട്ടു വന്നപ്പോള്‍ എന്റെ ടോമി വീട്ടിലില്ല. അവനെ ആര്‍ക്കോ കൊടുത്തുപോലും!

എന്റെ കരച്ചില്‍ നിര്‍ത്താന്‍ അച്ഛന്‍ നേരത്തെ ഒരു പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. "നിന്റെ ടോമി വെറും നാടന്‍ പട്ടിയല്ലേ. ജോണി അങ്കിളിന്റെ വീട്ടിലെ പട്ടി പ്രസവിക്കുമ്പോള്‍ അതിലൊരെണ്ണത്തിനെ നമുക്ക് വാങ്ങാം. " അച്ഛന്റെ സുഹൃത്താണ് ജോണിയങ്കിള്‍. നല്ലയിനം പട്ടിയാണ് അവരുടേത്, എന്നാലും എനിക്കെന്റെ ടോമിയെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റില്ലായിരുന്നു.എന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്നത് കൊണ്ട് അവനെ ആര്‍ക്കാണ് കൊടുത്തതെന്നു പോലും വീട്ടിലാരും പറഞ്ഞു തന്നില്ല.

അച്ഛന്‍ എന്നെ തല്‍ക്കാലത്തേക്ക് ഒന്ന് ഒതുക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു അങ്കിളിന്റെ വീട്ടില്‍നിന്നു പട്ടിക്കുഞ്ഞിനെ വാങ്ങിത്തരാമെന്ന്. അതൊരു കുരിശായത് രാവിലെയും വൈകിട്ടും ഞാന്‍ ജോണിയങ്കിളിന്റെ വീട്ടില്‍ചെന്നു "പട്ടി പ്രസവിച്ചോ" എന്ന് കുശലം ചോദിക്കാന്‍ തുടങ്ങിയതോടെയാണ്. അങ്കിളും ആന്റിയും എന്തിനു പട്ടി വരെ "ഇതൊരു കോടാലിയായല്ലോ" എന്ന് വിചാരിക്കാന്‍ തുടങ്ങി. അധികം വൈകാതെ അവരുടെ പട്ടി പെറ്റു. ഒരാഴ്ച തികയും മുന്‍പേ അങ്കിളൊരു പട്ടിക്കുഞ്ഞിനെ എനിക്ക് കൊണ്ട് തന്നു, കറുത്തവാവ് പോലെ ഒരു കറുമ്പന്‍. ഇപ്പോള്‍ വെട്ടിലായത് അച്ഛനാണ്. അമ്മയും അമ്മൂമ്മയും പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും അച്ഛന് പിന്മാറാന്‍ കഴിഞ്ഞില്ല.

ആ പട്ടിക്കുഞ്ഞിനെയും ഞാന്‍ ടോമിയെന്നു വിളിച്ചു. പെട്ടെന്ന് തന്നെ അവന്‍ വീട്ടില്‍ എല്ലാവരുടെയും ഓമനയായി മാറി. ആരെയും കടിക്കില്ല, പുറത്തു നിന്നാരെങ്കിലും വന്നാല്‍ തന്നെ കുരച്ച് ഓടിക്കുകയെയുള്ളൂ. അമ്മൂമ്മ നിശ്ചയച്ചിരിക്കുന്ന അതിര്‍വരമ്പുകള്‍ അവനു മനപാഠം. അമ്മൂമ്മക്ക്‌ പോലും അവനെ ജീവനായി. പുള്ളിക്ക് ചോറിനെക്കാളൊക്കെ പ്രിയം കാപ്പിയും, ചായയും ബേക്കറി പലഹാരങ്ങളുമായിരുന്നു. ഭീമാകാരരൂപവും കരിപോലത്തെ
നിറവും കൊണ്ട് തന്നെ ആളുകള്‍അവനെ ഭയപ്പെട്ടിരുന്നു. എത്രയോ വര്‍ഷങ്ങള്‍ അവന്‍ ഞങ്ങള്‍ക്കൊപ്പം ജീവിച്ചു. ഇന്നും സ്നേഹം നിറഞ്ഞ ഓര്‍മ്മയാണ് അവന്‍.

ഇതിനൊരു സെക്കന്റ്‌ ക്ലൈമാക്സുണ്ട്. ആദ്യത്തെ ടോമി നാലഞ്ച് മാസം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളല്ലോ. അതിനു ശേഷം ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞു കാണും. അമ്മൂമ്മയ്ക്ക് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ചത്തെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം അമ്മയെന്നോട് രാജുച്ചായന്റെ വീട്ടില്‍ പിറ്റേന്ന് രാവിലെ ടാക്സിയുമായി വരണമെന്ന് പറയാന്‍ പറഞ്ഞു. കൂട്ടത്തില്‍ അവിടൊരു കടിയന്‍ പട്ടിയുണ്ടെന്നും പടിക്കല്‍നിന്നു വിളിച്ചിട്ടേ അങ്ങോട്ട്‌ കയറാവൂന്നും പ്രത്യേകം പറഞ്ഞു. പക്ഷെ തുള്ളിച്ചാടി ഓടിപ്പോയ കൂട്ടത്തില്‍ ഞാന്‍ അതങ്ങ് മറന്നുപോയി.

നേരെ വീടിന്റെ മുറ്റത്ത്‌ ചെന്ന് "രാജുച്ചായോ, രാജുച്ചായോ"ന്നു നീട്ടി വിളിച്ചതും വീട്ടുകാരെക്കാളും മുന്‍പേ ഒരു പട്ടി പ്രത്യക്ഷപ്പെട്ടു. അപകടം മണത്ത ഞാന്‍ റോഡിലേക്കോടി, പട്ടി പുറകെയും. പിന്നാലെ രാജുച്ചായന്‍ ഓടിവരുന്നുണ്ടായിരുന്നു. വഴിയിലെ ഒരു കല്ലില്‍ തട്ടി വീണ എന്റെ മേലേക്ക് പട്ടി ചാടി വീണു. പലരും അത് കണ്ട് ഓടിവന്നു. എന്നെ ഉരുട്ടിയിട്ട് കടിക്കുകയാണ് എന്നാണ്‌ എല്ലാവരും കരുതിയത്‌. എന്റെ ദേഹത്തേക്ക് ചാടിക്കയറിയ പട്ടി പക്ഷെ എന്റെ ദേഹമാസകലം നക്കിതുടയ്ക്കുകയായിരുന്നു. അവന്‍ എന്റെ പഴയ ടോമിയായിരുന്നുവെന്നു തിരിച്ചറിയാന്‍ അല്പം സമയമെടുത്തു. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് പലരുടെ കൈമറിഞ്ഞ അവന്‍ ഒടുവില്‍ എത്തിപ്പെട്ടത് രാജുച്ചായന്റെ വീട്ടിലായിരുന്നു. ഞാന്‍ തിരിച്ചറിഞ്ഞില്ലെങ്കിലും എന്നെ തിരിച്ചറിയാന്‍ അവനു നിമിഷങ്ങള്‍ പോലുമെടുത്തില്ല. അങ്ങനെ നാട്ടുകാര്‍ക്ക് പറയാന്‍ കുറച്ച് ദിവസത്തെ വിഷയമായി ഞാനും എന്റെ ടോമിയും.

Monday, 28 March 2011

ഒരു മോഷണക്കഥ

ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസങ്ങള്‍ ഏതായിരുന്നുവെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ജോലി കിട്ടിക്കഴിഞ്ഞ് വിവാഹത്തിന് മുന്‍പുള്ള ഇടവേളയായിരുന്നുവെന്ന്. അതിനു മുന്‍പും പിന്‍പുമുള്ള കാലഘട്ടത്തില്‍ സന്തോഷം ഇല്ലെന്നല്ല, പക്ഷെ അതുപോലെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതെ, പക്ഷിതൂവല്‍ പോലെ കനമില്ലാത്ത മനസ്സുമായി ജീവിച്ച ഒരു സമയം ഇല്ല. പഠിത്തത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഇല്ല, തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന ജോലി, നിറയെ കൂട്ടുകാര്‍, വിവാഹത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ അങ്ങനെ ചുറ്റുമുള്ളതെല്ലാം വര്‍ണാഭാമായിരുന്നു. ആ ദിവസങ്ങള്‍ ചിലവഴിച്ചത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആയിരുന്നു. അവിടുത്തെ ഹോസ്റ്റല്‍ ജീവിതം എനിക്ക് ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കൂട്ടുകാരികളെ സമ്മാനിച്ചു. ഒരുപാടു രസകരമായ സംഭവങ്ങള്‍ രണ്ടുവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തിലുണ്ട്.


മലയാളികളായി ഞങ്ങള്‍ മൂന്നു പേരായിരുന്നു ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഞാന്‍, റൂംമേറ്റ്‌ അനു, പിന്നെ വിനിത. എന്നെക്കാളും രണ്ടു വയസ്സിന്റെ മൂപ്പ് ഉള്ളത് കൊണ്ട് അനു എന്റെമേല്‍ ഒരു 'ചേച്ചി അധികാരം' സ്വയം പിടിച്ചെടുത്തിരുന്നു. എന്റെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് അവളാണ്. അവള്‍ മിലിട്ടറി കോളേജില്‍ ആണ് ജോലി ചെയ്യുന്നത്. എട്ടു തൊട്ടു രണ്ടു മണി വരെയാണ് ഡ്യൂട്ടി ടൈം. രാവിലെ ആറരയാവുമ്പോള്‍ അവളുടെ സ്റ്റാഫ്‌ബസ്‌ അടുത്ത് തന്നെയുള്ള ജങ്ക്ഷനില്‍ വരും. അതുകാരണം പാവത്തിന് വെളുപ്പിനെ തന്നെ എഴുന്നേല്‍ക്കണം. അവള്‍ രാവിലെ എഴുന്നേറ്റ്എനിക്കും കൂടിയുള്ള ചായയും ബ്രേക്ക്‌ഫാസ്റ്റും ഉണ്ടാക്കി വച്ചിട്ട് പോവും, എന്നുവച്ചാല്‍ ബ്രെഡ്‌ മൊരിച്ചതോ, മാഗിയോ. ഇതായിരുന്നു അന്നത്തെ സ്ഥിരം ബ്രേക്ക്‌ഫാസ്റ്റ്.


ഞാന്‍ ഒരു എട്ടുമണിയൊക്കെ ആവുമ്പോള്‍ എഴുന്നേറ്റ് തണുത്ത ചായയും ബ്രെഡും കഴിച്ച്‌ ഓഫീസില്‍ പോവും. ഉച്ചക്കും വൈകിട്ടും ഒരു സര്‍ദാര്‍ജി ടിഫിന്‍ കൊണ്ടുതരും. അനു മൂന്നു മണിയാവുമ്പോള്‍ തിരിച്ചു വരും. താഴെ നിന്ന് ടിഫിന്‍ എടുത്തോണ്ട് വന്നു തണുത്ത ചപ്പാത്തിയും സബ്ജിയും കഴിച്ചിട്ട് കിടന്നുറങ്ങും. എനിക്ക് അഞ്ചു വരെയാണ് ഓഫീസ് ടൈം. പത്തുമിനിട്ടു നടക്കാനുള്ള ദൂരമേയുള്ളൂ. കൃത്യം 5 .10 ആവുമ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍ തിരിച്ചെത്തും.


പിന്നെയാണ് പ്രശ്നം. ഞാന്‍ വാതിലില്‍ തട്ടി വിളിച്ചുണര്‍ത്തുമ്പോള്‍ ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തില്‍ കലിതുള്ളിയാണ് അവള്‍ കതകു തുറക്കുന്നത്. ദാരുകനെ തട്ടീട്ടു നില്‍ക്കുന്ന കാളിയെ കാണണേല്‍ അന്നേരം അവളുടെ മുഖത്തേക്ക് നോക്കിയാല്‍ മതി. വാതിലിനു കുറ്റിയിടണ്ടാന്നു പറഞ്ഞാല്‍ അവളൊട്ടു കേള്‍ക്കത്തുമില്ല. അവസാനം ഞങ്ങളൊരു പോംവഴി കണ്ടുപിടിച്ചു. അനു വാതില്‍ പുറത്തു നിന്ന് താഴിട്ടു പൂട്ടുന്നു, എന്നിട്ട് അഴികള്‍ ഇല്ലാത്ത ചെറിയ ജനല്‍ വഴി ഉള്ളില്‍ കയറുന്നു. മെലിഞ്ഞുണങ്ങി അച്ചിങ്ങപരുവത്തിലായത് കൊണ്ട് അവള്‍ക്കു ജനല്‍വഴി വലിയ ബുദ്ധിമുട്ടില്ലാതെ കയറിപ്പറ്റാമായിരുന്നു. പിന്നെ ജനല്‍ കുറ്റിയിട്ടു സുഖമായിട്ടു കിടന്നുറങ്ങും. ഞാന്‍ എന്റെ താക്കോല്‍ ഉപയോഗിച്ച് അകത്തു കയറും. ആറരയൊക്കെ ആവുമ്പോള്‍ അവള്‍ എഴുന്നേറ്റ് ചായ ഉണ്ടാക്കി തരും. ചായ അവള്‍ ഉണ്ടാക്കുന്നത്‌ എനിക്ക് മടിയായിട്ടോ അവള്‍ക്ക്‌ എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടോ അല്ല മറിച്ച്‌ ഞാന്‍ ഉണ്ടാക്കുന്ന ചായയുടെ ക്വാളിറ്റി കൊണ്ടായിരുന്നു അങ്ങനെ വല്യ പ്രോബ്ലങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ നടന്നു പോയി.


ഒരു ദിവസം ഞാന്‍ വളരെ നേരത്തെയാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്‌. ഓഫീസിലേക്ക് എന്തോ പര്‍ചേസിങ്ങിനു പോയിട്ട് ആ വഴി നേരെ മുങ്ങിയതാണ്. നാലു മണി ആയിട്ടേയുള്ളൂ. രണ്ടുമൂന്നു മണിക്കൂര്‍ ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്പിന്നെ കിടന്നുറങ്ങാം എന്ന് വിചാരിച്ചാണ് റൂമില്‍ എത്തിയത്. ടേബിളില്‍ ഒരു സ്റ്റീല്‍ ചരുവത്തില്‍ എന്തോ അടച്ചു വച്ചിരിക്കുന്നു. നോക്കിയപ്പോള്‍ തണ്ണിമത്തന്‍ മുറിച്ചു കുരുവൊക്കെ കളഞ്ഞു വച്ചിരിക്കുകയാണ്. ഇന്‍ഡോറില്‍ വന്നയിടക്ക് എനിക്ക് തണ്ണിമത്തന്‍ തീരെ ഇഷ്ടമല്ലായിരുന്നു. തുടക്കത്തില്‍ കഴിച്ചതൊക്കെ വെളുത്ത് കിരുകിരാന്നിരിക്കുന്ന മധുരമില്ലാത്ത തണ്ണിമത്തന്‍ ആയിരുന്നു. പിന്നെ അനു എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ അത് കഴിക്കാറില്ല. ഞാന്‍ വെറുതെ ഒരു കഷണം എടുത്തു വായിലിട്ടു. നല്ല തേന്‍പോലിരിക്കുന്നു. അവള്‍ ഉച്ചക്ക് വന്ന്‌ കഴിച്ചതിന്റെ ബാക്കി ആര്‍ക്കെങ്കിലും കൊടുക്കാന്‍ അടച്ചു വച്ചതായിരിക്കും. ആ ചരുവം കാലിയാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇത്രയും നല്ല സാധനം ആണല്ലോ ഈശ്വരാ ഇത്രയും നാള്‍ കഴിക്കാതിരുന്നതെന്ന് സ്വയം ശകാരിച്ചു കൊണ്ട് പാത്രം കഴുകാന്‍ ഞാന്‍ വാഷ്ബേസിന്റെ ഭാഗത്തേക്ക് പോയി.


അവിടെ ചെന്നപ്പോള്‍ മനീഷ വിഷണ്ണയായി നില്‍ക്കുന്നു. അവള്‍ക്ക്‌ അത്യാവശ്യമായി രാജ് വാഡ ബസാറില്‍ പോവണം, ആരും കൂട്ടിനില്ല. പിള്ളേരൊക്കെ തിരിച്ചു വരുന്ന സമയം ആവുന്നേയുള്ളൂ. എന്നോട് കൂട്ട് ചെല്ലാമോന്നു ചോദിച്ചു. നമ്മള്‍ എപ്പഴേ റെഡി. അന്നും ഇന്നും ഷോപ്പിങ്ങിനു പോവാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കെറ്റുകളില്‍ ഒന്നാണ് രാജ് വാഡ ബസാര്‍. കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് അത്. ഞാന്‍ തിരിച്ചു റൂമില്‍ ചെന്ന് ബാഗുമെടുത്ത്‌ റൂം പൂട്ടി മനീഷയോടൊപ്പം അവളുടെ സ്കൂട്ടിയില്‍ ബസാറിലേക്ക് പോയി. അപ്പോഴും അനു നല്ല ഉറക്കമായിരുന്നു.


ആവശ്യമുള്ളതും ഇല്ലാത്തതുമായ പലതും വാങ്ങിക്കൂട്ടി പാനിപൂരിയും ചാട്ടും ഒക്കെ കഴിച്ച്‌ മടങ്ങുന്നവഴി മുഴുത്ത ഒരു തണ്ണിമത്തന്‍ വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് അല്പം മുന്‍പ് കഴിച്ച തണ്ണിമത്തന്റെ മധുരമായിരുന്നു. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. സ്കൂട്ടിയില്‍ നിന്നും ഇറങ്ങും മുന്‍പേ ഇന്‍ഫോര്‍മേഷന്‍ കിട്ടി


"ദീദി, ആപ് ലോഗോം കെ കമരേ മേം ചോര്‍ ഗുസാ" (നിങ്ങളുടെ റൂമില്‍ കള്ളന്‍ കയറി). അതുകേട്ട്‌ എന്റെ പ്രാണന്‍ കത്തിപ്പോയി. അറ്റാച്ചി പൂട്ടിവയ്ക്കുക എന്നൊരു സ്വഭാവം എനിക്കില്ല. വിനിതയുടെ അല്പം സമ്പാദ്യമുള്ളത് സൂക്ഷിക്കാന്‍ എന്നെയാണ് ഏല്പിച്ചിരിക്കുന്നത്. അവള്‍ക്ക്‌ ബോണസ് കിട്ടിയ പൈസ ചേച്ചിയുടെ കല്യാണ ആവശ്യത്തിനു വീട്ടില്‍ കൊടുക്കാന്‍ വച്ചിരിക്കുന്നതാണ്.


വാങ്ങിയ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ നില്‍ക്കാതെ ഞാന്‍ റൂമിലേക്ക്‌ പാഞ്ഞു. സ്റെപ്പുകള്‍ കയറുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്നാലും കള്ളന്‍/കള്ളി എങ്ങനെ അകത്തു കയറി. വാതില്‍ ഞാന്‍ പൂട്ടിയതാണല്ലോ, അതോ ശരിക്ക് പൂട്ട്‌ വീണില്ലേ?. ജനല്‍കുറ്റിയിടാന്‍ അനു മറന്നതാണോ. ജനല്‍ വഴി ആരെങ്കിലും കയറിയാല്‍ ചവിട്ടുന്നത് അനുവിന്റെ ബെഡ്ഡില്‍ ആണ്, അപ്പോള്‍ അതിനു വഴിയില്ല. അങ്ങനെ ഒരായിരം ചോദ്യങ്ങളുമായി ഞാന്‍ റൂമില്‍ എത്തുമ്പോള്‍ കുട്ടികള്‍ എല്ലാം അവിടെ കൂടിയിരിപ്പുണ്ട്. ഞാന്‍ ഓടിച്ചെന്നു അറ്റാച്ചി പരിശോധിച്ചു. ഭാഗ്യം പൈസ പോയിട്ടില്ല.


"എന്തൊക്കെ പോയെടീ " ഞാന്‍ അനുവിനോട് ചോദിച്ചു. അവളുടെ കയ്യിലാണെങ്കില്‍ അല്‍പ സ്വല്പം സ്വര്‍ണ്ണവും സ്വന്തം സമ്പാദ്യമായുണ്ട്.


"വേറെ ഒന്നും പോയില്ലെടീ, ഇവിടൊരു പാത്രത്തില്‍ നീയും കൂടി വന്നിട്ട് കഴിക്കാമെന്നു വച്ച് ഞാന്‍ തര്‍ബൂജ് (തണ്ണിമത്തന്‍) മുറിച്ചു പഞ്ചാരയോക്കെ ഇട്ടുവച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ പാത്രം പോലും കാണുന്നില്ല. കതകും ജനലും അടച്ചിട്ടാ ഞാന്‍ ഉറങ്ങിയത്, അതാരും തുറന്നിട്ടുമില്ല. " അവളുടെ സ്വരത്തിന് വിറയല്‍ ഉണ്ടായിരുന്നു.


."...................................................." ഞാന്‍ ഒന്നും മിണ്ടാനാവാതെ നിന്നു. ഞാന്‍ ഇടയ്ക്കു വന്നിട്ട് പോയെന്നു ഒരുപക്ഷെ അവള്‍ ചിന്തിച്ചേനെ, തണ്ണിമത്തന്‍ പാത്രം ഉള്‍പ്പെടെ കാണാതായതാണ് പ്രശ്നമായത്‌. പാത്രം ഇപ്പോഴും സിങ്കില്‍ കിടപ്പുണ്ടെന്ന് എനിക്കല്ലേ അറിയൂ.


മോഷ്ടാവ് ആരെന്നതിനെക്കുറിച്ച് റൂമില്‍ കൂടിയിരുന്നവര്‍ ഊഹാപോഹങ്ങള്‍ നടത്തുന്നു. ഭൂതബാധയാണോന്നാണ് ഉള്ളിന്റെയുള്ളില്‍ എല്ലാവരുടെയും സംശയം. അല്ലെങ്കില്‍ പൂട്ടിയിട്ടിരുന്ന റൂമില്‍ കടന്നു തണ്ണിമത്തന്‍ ആര് തിന്നിട്ടുപോയി,പാത്രം പോലും ബാക്കി വയ്ക്കാതെ.


സത്യം പറയാന്‍ പോയാല്‍ ഇത്രയും നേരം ടെന്‍ഷന്‍ അടിപ്പിച്ചതിനു മുടിനാരുപോലും ബാക്കിവയ്ക്കാതെ അനു എന്നെ കൊന്നുതിന്നും. പറഞ്ഞില്ലെങ്കില്‍ ഇതുങ്ങളെല്ലാം കൂടെ എന്തെല്ലാം പറഞ്ഞുണ്ടാക്കുമെന്ന് ദൈവത്തിനറിയാം.


ഞാന്‍ വാങ്ങിയ സാധനങ്ങള്‍ അടങ്ങിയ പ്ലാസ്റിക് ബാഗുകളും തണ്ണിമത്തനുമായി മനീഷ റൂമിലേക്ക്‌ വന്നത് അപ്പോളാണ്. ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും അനുവിന് ഏകദേശം കാര്യങ്ങള്‍ മനസ്സിലായി. ഞാന്‍ ഒരക്ഷരം പറയാതെ തിടുക്കത്തില്‍ തണ്ണിമത്തന്‍ മുറിച്ചു പഞ്ചസാരയിട്ട് പ്ലേറ്റിലാക്കി അവള്‍ക്ക്‌ നേരെ നീട്ടി. അപ്പോഴും റൂമില്‍ ചിരിയുടെ അലകള്‍ ഒഴിഞ്ഞിരുന്നില്ല.

Friday, 11 March 2011

ചില ഭാഷാപ്രശ്നങ്ങള്‍

മലയാളികള്‍ക്ക് പൊതുവേ ഒരു കുഴപ്പമുണ്ട്, സംഭാഷണത്തിനിടയില്‍ എപ്പോഴും ഇംഗ്ലീഷ്
വാക്കുകള്‍ കടന്നു വരും. ഉത്തരേന്ത്യയില്‍ താമസിക്കുന്ന മലയാളികളാണെങ്കില്‍ മലയാളവും, ഹിന്ദിയും ഇംഗ്ലീഷും ചെര്തിട്ടൊരു അവിയല്‍ 'മന്ദീഷ്' ആണ് സംസാരിക്കുന്നത്. അങ്ങനെ എന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവിനു പറ്റിയ അബദ്ധം പറയാം.

കഴിഞ്ഞ ദിവസം രാത്രി അത്താഴമൊക്കെ കഴിഞ്ഞു ഞങ്ങള്‍ കുടുംബസമേതം ഒന്ന് നടക്കാനിറങ്ങി. ഒരു റൌണ്ട് നടപ്പൊക്കെ കഴിഞ്ഞു ഞങ്ങള്‍ അടുത്ത് തന്നെ താമസിക്കുന്ന ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിലും കയറി. ഉദ്ദേശ്യം മൂന്നാണ്. ഉദയ്പൂരില്‍ അവരുടെ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്, അതിന്റെ പ്രോഗ്രസ്സ് തിരക്കുക. കൂട്ടുകാരിയുടെ അമ്മ നാട്ടില്‍ നിന്നും വന്നിട്ടുണ്ട്, പുള്ളിക്കാരിയെ കാണുക. പിന്നെ അവിടുന്ന് ഒരു ചായ കുടിക്കുക. നല്ല കാറ്റുണ്ടായിരുന്നത് കൊണ്ട് തണുത്തിട്ടുവയ്യായിരുന്നു.

അനിതയുടെ അമ്മ, രാജസ്ഥാനിലെ കൊടുംചൂടും കൊടുംതണുപ്പുമില്ലാത്ത ഒരു വിധം ഡീസന്റായ കാലാവസ്ഥ നോക്കി മോളുടെകൂടെ കുറച്ചു ദിവസം താമസിക്കാന്‍ നാട്ടില്‍ നിന്നും വന്നതാണ്‌, നല്ല പ്രായവുമുണ്ട് ആളിന്. ഇനി വീടിന്റെ പാല് കാച്ചലൊക്കെ കഴിഞ്ഞേ പോവുന്നുള്ളൂ. മലയാളികളൊക്കെ അവിടെ ചെല്ലുന്നത് ആയമ്മക്ക്‌ വല്യസന്തോഷമാണ് , എന്തെങ്കിലും മിണ്ടുകേം പറയുകേമൊക്കെ ചെയ്യാമല്ലോ. അവര്‍ ആലപ്പുഴക്കാരാണ്. ചെമ്മീന്‍, അമരം സ്റ്റൈലില്‍ ഉള്ള അവരുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

കുറച്ചുനേരം കഥയൊക്കെ പറഞ്ഞിരുന്നിട്ട് അനിത ചായ ഉണ്ടാക്കാന്‍ കിച്ചനിലേക്ക് പോയി, ഞാനും അവളുടെ പുറകെ ചെന്നു. ഞങ്ങള്‍ ചായ എടുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു വളിച്ച മുഖത്തോടെ അമ്മ അങ്ങോട്ട്‌ വന്നു. എന്നിട്ട് അനിതയോടായി ചോദിച്ചു
"ആര്‍ടെ കാര്യാണെടീ ചത്തിട്ടില്ല , ചത്തിട്ടില്ലെന്നൊക്കെ അവന്‍ ഫോണിക്കൂടെ പറേണത്‌. " ഉദ്ദേശിച്ചത് അനിതയുടെ ഭര്‍ത്താവ് രാജേഷിനെയാണ് .

"ചത്തിട്ടില്ലാന്നോ, അമ്മ വെര്‍തെ ഏതാണ്ട് കേട്ടതിന്റെ കൊഴപ്പമാ". അനിത അത്ര നിസ്സാരമായി പറഞ്ഞത് അമ്മക്കത്ര പിടിച്ചില്ല.

" നീയവനോടോന്നു ചോദിച്ചു നോക്കിയേ, അപ്പഴയറിയാമല്ലോ ഞാന്‍ കേട്ടതിന്റെ കൊഴപ്പമാന്നോന്ന്"

ചായ കൊടുത്തപാടെ അനിത ചോദിച്ചു " നിങ്ങളാരു ചാവണ കാര്യാ ഇപ്പപ്പറഞ്ഞത്‌"

"ചാവണതോ, ആര് പറഞ്ഞു, എപ്പം പറഞ്ഞു". രാജേഷ്‌ എല്ലാവരെയും മാറിമാറി നോക്കി.

"നീയിപ്പം മൊബൈലില്‍ പറഞ്ഞില്ലേ, ചത്തിട്ടില്ല ചത്തിട്ടില്ല ഇനീം സമയമെടുക്കുമെന്ന്" അമ്മ തറപ്പിച്ചു പറഞ്ഞത് കേട്ട് രാജേഷും ചേട്ടനും പൊട്ടിച്ചിരിച്ചു.

സംഭവം ഇങ്ങനെ. വീട് പണിയുടെ പുരോഗതിയെപ്പറ്റി അന്വേഷിക്കാന്‍ ആരോ പരിചയക്കാര്‍ രാജേഷിനു ഫോണ്‍ ചെയ്തതായിരുന്നു. छत അഥവാ മേല്‍ക്കൂര ഇട്ടോയെന്ന ചോദ്യത്തിന് छत ഇട്ടില്ല ഇനിയും സമയമെടുക്കും എന്ന് പറഞ്ഞതാണ്‌ ചത്തിട്ടില്ല എന്ന് അമ്മ കേട്ടത്. കാര്യങ്ങള്‍ വിശദീകരിച്ചിട്ടും 'ഇല്ല, അത് എന്നെത്തന്നെ, എന്നെ മാത്രം ഉദേശിച്ചു" പറഞ്ഞതാനെന്നൊരു മുഖഭാവം അവരുടെ മുഖത്ത് കാണാമായിരുന്നു.

കുടുംബകലഹം ഉണ്ടാവാനുള്ള ഓരോരോ വഴികളേയ്... !!

Wednesday, 23 February 2011

റെയ്സ് ബോറര്‍

ഒരു പേരിലെന്തിരിക്കുന്നു എന്ന് പറഞ്ഞിട്ട് പോയ മഹാന് സ്വന്തം പേര് കാരണമോ, അന്യന്റെ പേര് കാരണമോ വല്യബുദ്ധിമുട്ടൊന്നും ഉണ്ടായി കാണത്തില്ല. പക്ഷെ എനിക്ക് പറ്റിയത് രണ്ട് അബദ്ധങ്ങള്‍. ലേറ്റസ്റ്റ് ആദ്യം പറയാം.

കഴിഞ്ഞ ദിവസം ബോസ്സിന്റെ മെയില്‍ വന്നു, ഒരു ഹൈ പ്രൊഫൈല്‍ വിസിറ്റ്. ഹോട്ടല്‍ അറേഞ്ച് ചെയ്യണം. വരുന്നത് ബോസിന്റെ സ്വന്തം ബോസ്സും സ്വീഡനില്‍ നിന്നും കെട്ടിയെടുത്ത ഒരു സായ്പ്പും. കാര്യം എന്റെ തലയില്‍ വരുന്ന പണിയല്ല, ട്രാവല്‍ ഡെസ്കില്‍ കൊടുത്താല്‍ മതി. പക്ഷെ ഡയറക്റ്റ് റിപ്പോര്‍ട്ടിംഗ് ആയതു കാരണം ഇങ്ങനെ എനിക്ക് ചെയ്യാന്‍ തീരെ ഇഷ്ടമല്ലാത്ത പല പണികളും എന്റെ തലയില്‍ വന്നു കയറാറുണ്ട്, വരുന്നതു സായ്പ്‌ ആണെങ്കില്‍ പ്രത്യേകിച്ചും. ഇതിന്റെ റിസ്ക്‌ ഫാക്ടര്‍ എന്താന്നു വച്ചാല്‍, വരുന്നവരെ ഹോട്ടെലില്‍ കൊതുക് കടിച്ചാല്‍, ചൂടുവെള്ളം കിട്ടിയില്ലെങ്കില്‍, റൂം സര്‍വീസ് താമസിച്ചു പോയാല്‍ ഒക്കെ വിചാരണ ചെയ്യപ്പെടുന്നത് നമ്മളായിരിക്കും.

തടാകങ്ങളുടെ നഗരിയായ ഉദയ്പ്പൂരില്‍ ഹോട്ടലുകള്‍ക്ക് എന്നും ചാകരയാണ്. ഒക്ടോബര്‍ തൊട്ടു ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ ടൂറിസ്റ്റ് സീസണ്‍ അതിന്റെ പീക്ക് പോയിന്റിലും. പോരാത്തതിന് ഇവിടെ വച്ച് വിവാഹം നടത്തിയാല്‍ വളരെ വിശിഷ്ടമാണ് എന്നൊരു വിശ്വാസം നിലവിലുള്ളത് കൊണ്ട് ഒട്ടേറെ വമ്പന്‍ വിവാഹങ്ങളും വിവാഹ സല്‍ക്കാരങ്ങളും എല്ലാ വര്‍ഷവും കാണും. അങ്ങനെയൊരു വിവാഹ സീസണില്‍ ഇംഗ്ലണ്ടില്‍ നിന്നും കുറ്റിയും പറിച്ചു വന്ന ഒരു സായിപ്പുണ്ടാക്കിയ പ്രശ്നം ചില്ലറയല്ല. നോര്‍ത്തിന്ത്യന്‍ കല്യാണങ്ങള്‍, പ്രത്യേകിച്ചും രാജസ്ഥാനില്‍, വളരെ കളര്‍ഫുള്‍ ആണ്, ഡാന്‍സും പാട്ടും ഒക്കെ കൂടെ ബഹളമയവും. ഈ ബഹളം ഒക്കെ കാരണം അങ്ങേര്‍ക്കു തീരെ ഉറങ്ങാന്‍ പറ്റിയില്ല. റിസെപ്ഷനില്‍ ചെന്ന് അങ്ങേര് വഴക്കുണ്ടാക്കി. ബ്രിട്ടീഷുകരോടുള്ള വിരോധം സിരകളില്‍ ഇപ്പോഴും കാത്തു സൂക്ഷിച്ചിരുന്ന ഏതോ ഫ്രെണ്ട് ഓഫീസ് മാനെജേര്‍ അപ്പോള്‍ തന്നെ പുള്ളിയോട് കൂടും കുടുക്കയും എടുത്തോണ്ട് സ്ഥലം വിട്ടോളാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഓഫീസില്‍ വന്നപ്പോള്‍ ആകെപ്പാടെ കലാപകലുഷിതം. ആ ഓര്‍മ്മ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തത് കൊണ്ട് ഓരോ ബുക്കിംഗ് വരുമ്പോഴും നമുക്ക് ഉള്ളില്‍ ഒരു ടെന്‍ഷന്‍ ആണ്.

അപ്പം പറഞ്ഞു വന്നത് ബോസിന്റെ മെയിലിന്റെ കാര്യം. മെയില്‍ സബ്ജെക്ട്റ്റ് - റെയ്സ് ബോറെര്‍ വിസിറ്റ്. താഴെ പുള്ളിയുടെ ബോസിന്റെ മെയില്‍ അങ്ങനെ തന്നെ ഫോര്‍വേഡ് ചെയ്തിരിക്കുകയാണ്. അപ്പോള്‍ വരുന്നത് റെയ്സ് ബോറെര്‍ എന്ന സായിപ്പും തപന്‍ ദാസ്‌ എന്ന ഇന്ത്യന്‍ സായിപ്പും. ഐട്ടിനെറി അറ്റാച്ച് ചെയ്തിട്ടുണ്ടെങ്കിലും വരുന്നതും പോവുന്നതുമായ വിശദ വിവരങ്ങള്‍ ഒക്കെ മെയിലില്‍ ഉണ്ടായിരുന്നത് കൊണ്ട് അത് തുറന്നു നോക്കാനൊന്നും ഞാന്‍ മെനക്കെട്ടില്ല. മറ്റു പണികള്‍ക്കിടയില്‍ ഇത് മറന്നു പോവണ്ടാന്നു വച്ച് കയ്യോടെ ടാജിലേക്ക് ബുക്കിംഗ് മെയില്‍ അയച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കണ്ഫെര്മേഷന്‍ മെയിലും വന്നു. വരുന്നത് സായ്പ്‌ ആയതു കൊണ്ട് ഐഡന്റിറ്റി പ്രൂഫിന്റെ സ്കാന്‍ കോപ്പി ചോദിച്ചിട്ടുണ്ട്. കയ്യോടെ ആ മെയില്‍ എന്റെ ബോസിനും തപന്‍ ദാസിനും ഫോര്‍വേഡ് ചെയ്തു, കൂട്ടത്തില്‍ റെയ്സ് ബോരെരിന്റെ പാസ്പോര്‍ട്ട്‌ സോഫ്റ്റ്‌ കോപ്പിയും റിക്വെസ്റ്റ് ചെയ്തു. ഇത്രത്തോളം കാര്യങ്ങള്‍ ഒക്കെ ശുഭം.

അഞ്ചു മിനിട്ട് തികച്ചായില്ല, എന്റെ ബോസ്സിന്റെ മെയില്‍ വന്നു, വിത്ത് അഞ്ചാറു ചുവന്ന ക്വോസ്ട്യന്‍ മാര്‍ക്ക്‌. താഴോട്ടു സ്ക്രോള്‍ ചെയ്തപ്പോള്‍ തപന്‍ ദാസിന്റെ മെയില്‍ ബോസിന് വന്നിട്ടുണ്ട്, വിത്ത്‌ രണ്ട് മൂന്നു കറുത്ത ക്വോസ്ട്യന്‍ മാര്‍ക്ക്‌. എന്താപ്പോ സംഭവം. ഡീട്ടെയില്സ് ഒന്നുംകൂടെ ചെക്കു ചെയ്തു. കുഴപ്പം ഒന്നും കാണുന്നില്ല. അറ്റാച്ച് ഫയല്‍ തുറന്നു നോക്കിയപ്പോളാണ് ഞാന്‍ ശരിക്കും വിയര്‍ത്തു പോയത്. വരുന്ന സായ്പിന്റെ പേര് ജയിംസ് കാര്‍ണിവെല്‍. അപ്പൊ ഈ റെയ്സ് ബോറെര്‍ ആരാ? മെയില്‍ ഹിസ്റ്ററി മൊത്തം വായിച്ചു നോക്കിയപ്പോള്‍ പിടികിട്ടി. കമ്പനി പുതുതായി ലോഞ്ച് ചെയ്ത ഭീമന്‍ മൈനിംഗ് മെഷീന്‍ ആണ് റെയ്സ് ബോറര്‍, . അതിന്റെ പാസ്പോര്‍ട്ട്‌ കോപ്പിയാണ് ഞാന്‍ റിക്വെസ്റ്റ് ചെയ്തത്!! ബെസ്റ്റ്. പുതിയ മെഷീന്റെ മാര്‍ക്കെട്ടിങ്ങിനു വന്നതാണ് സായ്പ്‌. ഇപ്പോഴും ഓഫീസില്‍ ആരെങ്കിലും വെറുതെ റെയ്സ് ബോറെര്‍ എന്ന് പറഞ്ഞാലും എനിക്ക് നാണം വരും.

അടുത്തത് ഏകദേശം രണ്ട് വര്ഷം മുന്‍പത്തെ കാര്യമാണ്. അന്നും ഡയറക്റ്റ് റിപ്പോര്‍ട്ടിംഗ് ഒരു സായിപ്പിനാണ്, ഒരു ബ്രസീലിയന്‍ ബോസ്, ക്രിസ്ടഫര്‍ ഗലീനിയോ. ആള്‍ വളരെ സ്ട്രിക്റ്റ് . അവിടെയും ഹോട്ടല്‍ ബുക്കിംഗ് എന്റെ തലയില്‍ വന്നു ചേര്‍ന്നു. സായിപ്പിന് രണ്ട് അസിസ്റ്റന്റ്റ്മാരാണ്, ഞാനും പിന്നെ കിഷോര്‍ ശര്‍മയും. രാവിലെ ആള്‍ വന്നു മെയില്‍ ഒക്കെ നോക്കി കഴിഞ്ഞാല്‍ ഉടന്‍ ഞങ്ങളുടെ ഊഴമാണ്. അന്നത്തെ അപ്പോയിന്റ്മെന്റ്സ്, മീറ്റിങ്ങ്സ്, മറ്റു പ്രധാന കാര്യങ്ങള്‍ ഒക്കെ ഡിസ്കസ് ചെയ്യും. ട്രവെലിംഗ് ഉണ്ടെങ്കില്‍ അതിന്റെ ബുക്കിങ്ങ്സ് ഒക്കെ എന്നെ ഏല്പിക്കും. പുള്ളിയുടെ ഭാര്യയുടെ പേര് എന്ജലീന,

അന്ന് രാവിലെ ഇങ്ങനെ എന്നോട് പറഞ്ഞു. "എന്റെയും എന്ജലീനയുടെയും മക്കള്‍ വരുന്നുണ്ട്. ഞങ്ങള്‍ക്ക് താജ്മഹല്‍ കാണാന്‍ പോവണം. ലോക്കല്‍ ഫ്ലൈറ്റ് ടിക്കെറ്സും ആഗ്ര താജ് ഹോട്ടെലില്‍ താമസവും ബുക്ക് ചെയ്യണം.” മക്കളുടെ പേര് പറഞ്ഞു തന്നു. ഞാന്‍ ഒക്കെ കുറിച്ചെടുത്തോണ്ട് പോരുന്നു. ട്രാവല്‍ ഡെസ്കില്‍ കൊടുത്ത് ബുക്കിങ്ങ്സ് ഒക്കെ അന്ന് തന്നെ ചെയ്യിപ്പിച്ചു.

പിറ്റേന്ന് രാവിലെ ടിക്കെട്ട്സും ടാജിലെ ബുക്കിംഗ് ഡീറ്റൈല്‍സും ഒക്കെ ബോസിന് കൈമാറി. ടിക്കെറ്റ് കണ്ടതും പുള്ളി തലയില്‍ കൈ വച്ച് ഒറ്റ അലര്‍ച്ച "നീ എന്തായീ കാണിച്ചു വച്ചിരുക്കുന്നത്". ഞാന്‍ അന്തംവിട്ട്‌ വീണ്ടും വീണ്ടും അതൊക്കെ പരിശോധിച്ചു, ഒന്നും മനസ്സിലാകുന്നില്ല. കിഷോറിനെ നോക്കിയപ്പോള്‍ അവനും ഒന്നും പിടികിട്ടിയിട്ടില്ല. ഞങ്ങളെ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് സായിപ്പു ഒരു വലിയ രഹസ്യം പുറത്തു വിട്ടു. വരുന്നതില്‍ ഒരാള്‍ സായിപ്പിന്റെ ആദ്യ ഭാര്യയുടെ മകനും, രണ്ടാമത്തേത് പുള്ളിയുടെ ഭാര്യയുടെ ആദ്യത്തെ ഭര്‍ത്താവിന്റെ മകനുമാണ്!!

"എന്റെയും എന്ജലീനയുടെയും" എന്ന് പറഞ്ഞതിനിടയില്‍ ഒരു വലിയ കോമാ ഉണ്ടായിരുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ സായിപ്പിന്റെ സര്‍നെയിം തന്നെയാണ് എന്ജലീനയുടെ മകനും ചാര്‍ത്തിക്കൊടുത്തത്. ആ ചെറുക്കനേയും കൊണ്ട് ഇന്ത്യ മൊത്തം കറങ്ങാന്‍ പോവാം, എന്നിട്ട് പേര് ഒന്ന് മാറിപ്പോയതിനാണ് എന്നെ തിന്നാന്‍ വരുന്നത്.

ഞാന്‍ ഏറുകണ്ണിട്ടു കിഷോറിനെ ഒന്ന് നോക്കി. അവന്‍ ചിരി കടിച്ചമര്‍ത്തി ഇരിക്കുകയാണ്. ഏതു സാഹചര്യത്തിലും ചിരിക്കാനുള്ള എന്റെ അപാരമായ കഴിവിനെക്കുറിച്ച് നല്ലബോധ്യമുള്ളതു കൊണ്ട് ഞാനിരിക്കുന്ന ഭാഗത്തേക്ക് അവന്‍ നോക്കുന്നുപോലുമില്ല. സായിപ്പാണെങ്കില്‍ ഭാര്യക്ക് ഫോണ്‍ ചെയ്ത്‌ പുള്ളിക്കാരിയുടെ പുത്രന്റെ സര്‍നെയിം ചോദിക്കുകയാണ്. അടുക്കളയിലെ മനോരമ കലണ്ടറിനു താഴെ അരി തീര്‍ന്നു, ഉപ്പില്ല, മുളകില്ല ലിസ്ടുകള്‍ക്ക് താഴെ ഭര്‍ത്താവു no . 1 ,......... no .2 ........ ലിസ്റ്റ് തിരയുന്ന എന്ജലീനയെ ഒരാവശ്യവുമില്ലാതെ ഞാന്‍ അവിടെയിരുന്നു ഭാവനയില്‍ കണ്ടു. ചിരിച്ചില്ലെങ്കില്‍ മരിക്കും എന്ന് തോന്നിപ്പോയ നിമിഷം ആയിരുന്നു അത്. കള്ളചുമ വരുത്തി അവിടെ നിന്നും പുറത്തിറങ്ങിപ്പോയി മതിവരുവോളം ചിരിച്ചു.

മോറല്‍ ഓഫ് ദി സ്റ്റോറി - മെയില്‍ വന്നാല്‍ മൊത്തം വായിച്ചു നോക്കണം. റിപ്ലൈ ടു ഓള്‍ ഓപ്ഷന്‍ ആവശ്യമില്ലാതെ ഞെക്കരുത്.

കൃഷ്ണ, നീയെന്നെ അറിയുന്നുവോ

നേര്‍ത്ത മഴ നൂലുകള്‍ക്കിടയിലൂടെ ഇരുട്ടുപടര്‍ന്ന വഴിയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വല്ലാത്തൊരു ആപത്ശങ്ക മനസ്സിനെ വലയം ചെയ്തിരുന്നു. എന്താണ് വരാന്‍ താമസിക്കുന്നത്. ഇത്രയും ഒരിക്കലും വൈകാറില്ലല്ലോ. തുളസിത്തറയില്‍ കൊളുത്തിയ ദീപം മഴയില്‍ അണഞ്ഞുപോയിരിക്കുന്നു. ഉമ്മറത്ത്‌ കൊളുത്തിയ നിലവിളക്കില്‍ ദീപനാളത്തിന് ചുറ്റും വലയമിട്ടു പറക്കുന്ന ഈയാംപാറ്റകള്‍. മഴയ്ക്ക് കനം കൂടുകയാണ്, മനസ്സിലെ ഭയത്തിനും.

ആരോടൊക്കെയോയുള്ള അരിശം ഹാളില്‍ പരസ്പരം വഴക്ക് കൂടുന്ന കുട്ടികളെ ശാസിച്ചു തീര്‍ത്തു. എട്ടിലും അഞ്ചിലുമായി , എങ്കിലും രണ്ടും തമ്മില്‍ വഴക്കൊഴിഞ്ഞൊരു നേരമില്ല. അടുക്കളയിലെ പണികളില്‍ മുഴുകുമ്പോഴും നോട്ടം റോഡില്‍ തന്നെയായിരുന്നു. കൃഷ്ണാ, ഇത്രയും വൈകുന്നതെന്തേ.

ഓഫീസില്‍ നിന്നും വരുന്നവഴി വാങ്ങിക്കൊണ്ടുവന്ന പച്ചക്കറിയുടെ കെട്ടഴിച്ചു. തീ പിടിച്ച വിലയാണ് എല്ലാത്തിനും, എന്നാലോ എന്തുണ്ടാക്കി വച്ചാലും അച്ഛനും മക്കള്‍ക്കും കുറ്റം മാത്രമേയുള്ളൂ താനും, മീനോ ഇറച്ചിയോ ഉണ്ടെങ്കില്‍ ബഹുസന്തോഷം.

മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ നോക്കുന്നതിനിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ എന്നേ മറന്നുപോയിരിക്കുന്നു. ഇഷ്ടം, അതിപ്പോള്‍ ഒന്നിനോട് മാത്രമേയുള്ളൂ. മാനം കാണാതെ മനസ്സില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മയില്‍‌പ്പീലിയോട് മാത്രം. കൃഷ്ണാ ഇനിയും നീ വരാത്തതെന്തേ.

ചിരപരിചിതമായ ബൈക്കിന്റെ ശബ്ദം, അതിന്റെ ഹോണ്‍ അലമുറ പോലെ മുഴങ്ങി . കുടയുമെടുത്ത് ചെന്ന് ഗേറ്റ് തുറക്കുമ്പോള്‍ താമസിച്ചു പോയതിനു മദ്യത്തിന്റെ പുളിച്ച ഗന്ധത്തില്‍ കുതിര്‍ന്ന അസഭ്യ വര്‍ഷം. ബൈക്ക് സ്റ്റാന്റില്‍ വച്ച് തന്നെ നോക്കിയൊന്നു മൂളിയിട്ട് ഇടറുന്ന കാലടികളോടെ അദ്ദേഹം അകത്തേക്ക് കയറി.

ചാപ്ലിന്‍ നിങ്ങള്‍ പറഞ്ഞില്ലേ മഴയത്ത് കരയാനാണ് ഇഷ്ടമെന്ന്, ഞാന്‍ പറയും എന്റെ കണ്ണില്‍ നിന്നും ഉതിരാത്ത കണ്ണീരാണ് ഈ മഴയെന്ന്‌. ഒരു വ്യാഴവട്ടം എന്നില്‍ ഘനീഭവിപ്പിച്ച ദുഖങ്ങളുടെ പെരുമഴ.

ഗേറ്റ് അടക്കുമ്പോള്‍ കാത്തിരിപ്പിന്റെ അവസാനമെന്നോണം ആ കറുത്ത ആക്റ്റീവ ഇടവഴി തിരിഞ്ഞു വന്നു. എതിര്‍വശത്തെ തുറന്നു കിടന്ന ഗേറ്റിലൂടെ വളരെ പതിയെ അത് അകത്തേക്ക് കടന്നുപോയി. ഹെല്‍മെറ്റ്‌ ഊരി മാറ്റി ഒരു കൈ കൊണ്ട് തലമുടിയിലെ ഈറന്‍ മാടിയൊതുക്കി ആ കണ്ണുകള്‍ തന്റെ നേരെ തിരിയുന്നത് സിറ്റ്ഔട്ടില്‍ നിന്നും ഒരുമാത്ര കണ്ടുനിന്നു. ഇന്നെന്റെ ദിവസം ധന്യമായി കൃഷ്ണാ. നിന്റെ അലിവൂറുന്ന താമരനയനങ്ങള്‍ ഒരുമാത്രയെന്നെ തിരഞ്ഞുവന്നല്ലോ.

കുട്ടികള്‍ ഹാളില്‍ നിശബ്ദരായിരുന്നു പഠിക്കുന്നു. ഒരു മരണവീടുപോലെ വീട് ശാന്തം. ബെഡ്റൂമിലെ മേശപ്പുറത്തു പകുതിയോഴിഞ്ഞൊരു കുപ്പി വിശ്രമിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവയാണെന്ന് ആരാണാവോ കണ്ടുപിടിച്ചത്. കൈലിയും ബനിയനും ധരിച്ചു ഗൃഹനായകന്‍ ടിവി. ഓണ്‍ ചെയ്തു. ഇനി കുട്ടികളുടെ ശ്രദ്ധയും അങ്ങോട്ടേക്ക് തിരിയും. തിടുക്കത്തില്‍ അടുക്കളപ്പണികളിലേക്ക് തിരിഞ്ഞു, തീര്‍ത്തും ശാന്തമായ മനസ്സോടെ.

ഊണ്മുറിയിലെ പതിവ് രംഗങ്ങളുമായി ഇന്നും അരങ്ങൊഴിഞ്ഞു. കുട്ടികള്‍ ഉറങ്ങാന്‍ കിടന്നിരിക്കുന്നു. ഇനിയും പണികള്‍ ബാക്കിയാണ്. പിറ്റേന്നത്തെക്കുള്ള ഡ്രെസ്സുകള്‍ അയണ്‍ ചെയ്യണം, കറിക്കുള്ളതെല്ലാം അരിഞ്ഞ് ഫ്രിഡ്ജില്‍ വെക്കണം. ഗേറ്റ് പൂട്ടാന്‍ വേണ്ടി മുറ്റത്തേക്കിറങ്ങിയപ്പോള്‍ വീണ്ടും കണ്ണുകള്‍ അയല്‍വീടിന്റെ പടി കടന്നു ചെന്നു. ഉറങ്ങിയിടുണ്ടാവുമോ. ഇല്ല, അകത്തു അച്ഛനും മകളും കൂടി കളിക്കുകയാണെന്ന് തോന്നുന്നു.

നാലഞ്ചു മാസം മുന്‍പ് അവര്‍ ഇവിടേയ്ക്ക് താമസം മാറിയ ദിവസം ഇന്നുമോര്‍ക്കുന്നു. അന്നിവിടെ കള്ളുസഭ കൂടിയ ദിവസമായിരുന്നു. അദ്ദേഹവും കുറെ സുഹൃത്തുക്കളും. ചീട്ടുകളിക്കിടയില്‍ എന്തോ കശപിശയുണ്ടായി. അങ്ങോട്ടുമിങ്ങോട്ടും കയ്യാങ്കളി വരെയെത്തി, കൂടെ പുലഭ്യ വര്‍ഷവും. ഇവിടെ അതൊക്കെ പതിവായതുകൊണ്ട് അയല്‍ക്കാര്‍ തിരിഞ്ഞു കൂടെ നോക്കാറില്ല.
പിറ്റേന്നു ആയിഷതാത്ത പറഞ്ഞിട്ടാണ് അറിഞ്ഞത് പുതിയ താമസക്കാര്‍ വന്നകാര്യം. മുകുന്ദനും, ശാലിനിയും, അവരുടെ മകള്‍ ചിത്രലേഖയും. പത്രത്തിലാണ് അയാള്‍ക്ക്‌ ജോലി. പുത്തരിയില്‍ തന്നെ കല്ല്‌ കടിച്ചത് കൊണ്ടാവണം ശാലിനി തന്നോടധികം സംസാരിക്കാറില്ല. ഗേറ്റിനു അപ്പുറത്ത് നിന്നും ഒരുനോട്ടം, പിശുക്കിയുള്ള ചിരി, ഒന്നോ രണ്ടോ വാക്കില്‍ ഒതുങ്ങുന്ന സംഭാഷണം.

എന്നുതൊട്ടാണ് രണ്ട്‌ കണ്ണുകള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഓഫീസില്‍ പോവുംപോഴോ വരുമ്പോഴോ യാദൃചികമായി മുറ്റത്തു നില്‍ക്കുകയാണെങ്കില്‍ നേര്‍ത്തൊരു ചിരിയോടെ തന്നെ ഉറ്റു നോക്കും. കണ്ണടക്കിടയിലൂടെ ആ കണ്ണുകള്‍ തന്റെ ആത്മാവിലേക്കാണ് എത്തി നോക്കുന്നതെന്ന് തോന്നിപ്പോയിട്ടുണ്ട്‌. രണ്ട്‌ കുട്ടികളുടെ അമ്മയായ ഒരു മുപ്പത്തഞ്ചുകാരിയെ വളക്കാന്‍ ഒരു പുരുഷന്‍ ശ്രമിക്കുന്നത് ഇന്നത്തെ ചുറ്റുപാടുകളില്‍ ഒരു പുതിയ കാര്യമൊന്നുമല്ല. ഓഫീസിലും ബസ്‌ യാത്രകളിലും വഴിയിലും ഒരു ദിവസം അങ്ങനയുള്ള എത്രയോ വൃത്തികെട്ട നോട്ടങ്ങള്‍ ശരീരത്തെ തൊട്ടുരുമ്മി കടന്നു പോവുന്നു.

പക്ഷെ ആ കണ്ണുകളില്‍ ഒരിക്കലും കാമം ഇല്ലായിരുന്നു. കരുണ തുടിക്കുന്ന ഒരു തരം സ്നേഹം മാത്രമാണ് എന്നും ആ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരിക്കലും തന്നോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ല.

പേമാരി ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന ദിവസമായിരുന്നു അന്ന്. വൈകിട്ട് ബസ്സിറങ്ങി വെയ്റ്റിംഗ് ഷെഡില്‍ നില്‍ക്കുമ്പോള്‍ ചുറ്റും മഴ ആര്‍ത്തിരമ്പുകയായിരുന്നു. നനഞ്ഞൊട്ടിയ ശരീരത്തിലേക്ക് കൂര്‍ത്തിറങ്ങുന്ന കണ്ണുകള്‍ സൃഷ്ടിച്ച അരോചകതയാണ് മഴയിലൂടെ മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിച്ചത്. ബസ്സിറങ്ങി ഏകദേശം ഒരു കിലോമീറ്റെര്‍ നടന്നാലേ വീടെത്തുകയുള്ളൂ. ഇരുട്ടും മഴയും വല്ലാതെ പേടിപ്പെടുത്തി, മൊബൈലിന്റെ നേര്‍ത്തവെട്ടം പര്യാപ്തമല്ലായിരുന്നു. എന്നും നടന്നു പോവുന്ന വഴിയാണ്, എന്നാലും ഇരുട്ടില്‍ ഇഴജന്തുക്കളെ പേടിക്കണം, ഇരുകാലി മൃഗങ്ങളെയും.

പിന്നില്‍ ഒരു ടൂവീലറിന്റെ ശബ്ദം. അതിന്റെ ലൈറ്റില്‍ വെള്ളം മൂടിയ വഴി വ്യക്തമായി കാണാം. തന്റെ പിന്നില്‍ എത്തിയപ്പോള്‍ അതിന്റെ വേഗം തീരെകുറഞ്ഞു. സാരിത്തലപ്പുകൊണ്ട് കഴുത്ത്‌
മൂടിപ്പുതച്ചു, മാലപറിക്കാന്‍ വരുന്നവരാണെന്കിലോ . ഒരുവശത്തേക്ക്‌ ഒഴിഞ്ഞു നടന്നുവെങ്കിലും വാഹനം തന്നെ സാവധാനം പിന്‍തുടര്‍ന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ഹെല്മെട്ടിനുള്ളില്‍ ആ കണ്ണുകള്‍. ഒരു നിമിഷം എന്തിനെന്നറിയാതെ ഗോവര്‍ധനഗിരി കുടയായുര്‍ത്തിയ കൃഷ്ണരൂപം മനസ്സില്‍ തെളിഞ്ഞു. വീടെത്തുവോളം ആ പ്രകാശം തന്നെ അനുഗമിച്ചു, സ്നേഹം വാര്‍ന്നൊഴുകിയ കണ്ണുകളും.

പിന്നെപ്പിന്നെ ആ കണ്ണുകള്‍ മുറിവേറ്റ തന്റെ ഹൃദയത്തെ പൊതിഞ്ഞു നില്ക്കാന്‍ തുടങ്ങി. എല്ലാ ദുഖങ്ങളെയും ഒപ്പിയെടുക്കാന്‍ പറ്റുന്ന ഒരു ഇന്ദ്രജാലം ആ കണ്ണുകളില്‍ കണ്ടു. ആപത്ബാന്ധവനാണ് മുകുന്ദന്‍. കൌരവ രാജസഭയില്‍ വിധിയോരുക്കിയ ചൂതാട്ടത്തില്‍ ഉടുവസ്ത്രം പോലും നഷ്ടപ്പെട്ട കൃഷ്ണക്ക് മറ്റാരുമില്ലായിരുന്നല്ലോ അഭയം. അവള്‍ക്കു അഞ്ചു ഭര്‍ത്താക്കന്മാരെന്കില്‍ തനിക്ക്‌ ഒരു ഭര്‍ത്താവ് മാത്രം, അത്രേയുള്ളൂ വ്യത്യാസം. എന്റെ അക്ഷയപാത്രത്തില്‍ ഒളിപ്പിച്ചു വച്ച ചീരയില തുണ്ടിനെ നീ കാണുന്നുവോ കൃഷ്ണാ.

ബെഡ്റൂമിലെ വായുവിനു മദ്യത്തിന്റെയും, സിഗരെട്ടിന്റെയും സമ്മിശ്ര ഗന്ധമാണ്. ഈ ഗന്ധവും നിശബ്ദതയെ കീറി മുറിക്കുന്ന കൂര്‍ക്കംവലിയുമില്ലെങ്കില്‍ ഒരു പക്ഷെ തനിക്ക്‌ ഉറങ്ങാന്‍ കഴിയില്ലായിരിക്കും. പുലര്ച്ചക്കുണര്‍ന്നു പാതിരാവരെ നീളുന്ന അധ്വാനത്തിന്റെ അവശേഷിപ്പായ പലതരം വേദനകള്‍ തലപൊക്കുന്നത് കിടക്കയിലേക്ക് വീഴുമ്പോള്‍ ആണ്. അല്പം മൂവ് എടുത്തു നടുവിനും കാല്ക്കുഴകളിലും പുരട്ടീയിട്ടു കിടന്നു. കിടക്കയുടെ ഭൂരിഭാഗവും കയ്യടക്കി കിടക്കുന്ന രൂപത്തിനെ നിസ്സംഗതയോടെ നോക്കിക്കിടക്കുമ്പോള്‍ സ്വയം ചോദിച്ചു, ആരാണിയാള്‍ തനിക്ക്‌. താലി എന്ന കുരുക്കില്‍പെടുത്തി ആരൊക്കെയോ ചേര്‍ന്ന് ഒരു വന്യമൃഗത്തിനൊപ്പം കൂട്ടില്‍ അടച്ചിരിക്കുകയാണ് തന്നെ. അതിനു കടിച്ചു കീറാനും മുറിവേല്‍പ്പിക്കാനും വേണ്ടി പൊന്നും പണവും അങ്ങോട്ട്‌ കൊടുത്തു തീറെഴുതിക്കൊടുത്ത ജന്മം. പീഡനം എന്ന് പറഞ്ഞു ഒരുപാട് വാര്‍ത്തകള്‍ കോളങ്ങളില്‍ നിറയുമ്പോള്‍ ആരും കാണാതെ പോവുന്ന ഗാര്‍ഹിക പീഡനങ്ങള്‍. കുട്ടികള്‍ ഇല്ലായിരുന്നെങ്കില്‍ മരണം കൊണ്ടെങ്കിലും മുക്തി തേടാമായിരുന്നു.

കിടന്നിട്ട്‌ ഉറക്കം വരുന്നില്ല. ജനാല വിരി അല്പംമാറ്റി നോക്കി. അയല്‍വീട്ടില്‍ വിളക്കുകള്‍ അണഞ്ഞിരിക്കുന്നു. കണ്ണാടിക്കു മുന്‍പില്‍ വന്നു നിന്നു സ്വയം ഒന്ന് നോക്കി. യൌവനം വിട്ടൊഴിഞ്ഞിട്ടില്ല, അല്പം തടിചിട്ടുണ്ട് എന്നതൊഴിച്ചാല്‍ വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. അലമാരി തുറന്നു ഒരു പട്ടുസാരിയെടുത്തു ചുറ്റി, മുടി ഭംഗിയായി ചീകിയൊതുക്കി, വാലിട്ടു കണ്ണെഴുതി, കുങ്കുമം തൊട്ടു ഒരു നവോഡയെപ്പോലെ അണിഞ്ഞൊരുങ്ങുമ്പോള്‍ കണ്ണാടിയിലെ പ്രതിരൂപത്തോട്‌ ചോദിച്ചു, നിനക്കെന്തുപറ്റി. കൌമാരം പൂവിട്ടു നിന്ന കാലത്തുപോലും ഇങ്ങനെയൊന്നും തോന്നിയിട്ടില്ലല്ലോ. നിന്റെ പടിവാതില്‍ കടന്നു ഒരിക്കലും വരാത്ത കൃഷ്ണന് വേണ്ടിയാണ് നീ കാത്തിരിക്കുന്നത്.

ഉവ്വ്, എനിക്കറിയാം, ഇതെന്റെ സന്തോഷമാണ്, എന്റെ മാത്രം. കൃഷ്ണയെപ്പോലെ, ആരും അറിയാതെ, ഒരു പക്ഷെ നീ പോലും അറിയാതെ, കൃഷ്ണാ നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ. എന്റെ വേദനകളിലെ മൃതസന്ജീവനിയാണ് നീ

വേനലവധിക്ക് സ്കൂള്‍ പൂട്ടിയിട്ടും എങ്ങോട്ടും പോവാന്‍ തോന്നിയില്ല. താനിപ്പോള്‍ ഏറ്റവുമധികം സ്നേഹിക്കുന്നത് ഈ വീടിനെയാണ്‌. ഇതിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ ഇപ്പോള്‍ സന്തുഷ്ടയാണ്, മുകുന്ദാ നിന്റെ സാമീപ്യം ഒന്ന് കൊണ്ട് മാത്രം. ഒരുവാക്ക് പോലും ഉച്ചരിക്കാതെ നീ എന്റെ എത്രയോ ജന്മങ്ങളിലെ കണ്ണീരിനെ തുടച്ചെടുത്തു. എന്റെ ദിനരാത്രങ്ങള്‍ ഇപ്പോള്‍ നിന്നെ മാത്രം വലം വയ്ക്കുന്നു.

അന്ന് വൈകുന്നേരം വീട്ടിലേക്കു വരുമ്പോള്‍ അയല്‍വീടിന്റെ മുറ്റം നാനാവിധം അലങ്കോലപ്പെട്ടു കിടന്നിരുന്നു. ചിതറിയ കാര്‍ഡ്‌ ബോര്‍ഡ് പെട്ടികളും പേപ്പറുകളും. ഒരുള്‍ക്കിടിലത്തോടെ അത് നോക്കി നിന്നപ്പോള്‍ ആയിഷതാത്തയാണ് പറഞ്ഞത് അവര്‍ വീടൊഴിഞ്ഞു പോയെന്ന്. ട്രാന്‍സ്ഫര്‍ ആയത്രേ.

കൃഷ്ണാ, എനിക്കൊരു സൂചന പോലും തരാതെ നീ എവിടേക്കാണ് പോയി മറഞ്ഞത്. നിന്റെ നീലകണ്ണുകള്‍ ഇനിയെന്നെ തേടി വരില്ലേ. സീതയെപ്പോലെ ഭൂമി പിളര്‍ന്ന് അപ്രത്യക്ഷയാവാന്‍ കഴിഞ്ഞെങ്കില്‍, അഹല്യയെപ്പോലെയൊരു ശിലയായ് ഉറഞ്ഞു പോയിരുന്നെങ്കില്‍. ഇനിയെന്റെ ജന്മത്തിന് എന്തര്‍ത്ഥം.

തകര്‍ന്നടിഞ്ഞ മനസ്സുമായി കട്ടിലില്‍ വീണു കിടക്കുമ്പോള്‍ ഇളയ മകന്‍ അടുത്ത് വന്നൊരു മാസിക നീട്ടി. "നമ്മുടെ സിറ്റ് ഔട്ടില്‍ കിടന്നു കിട്ടിയതാ അമ്മേ". ആരെങ്കിലും വീട് തെറ്റി ഇട്ടതാവും.

അന്ധകാരം വിഴുങ്ങി നില്‍ക്കുന്ന അയല്‍ വീട്ടിലേക്കു നോക്കുമ്പോള്‍ നെഞ്ചു പൊട്ടിപ്പിളരുന്നത് പോലെ. യാന്ത്രികമായി ഓരോന്ന് ചെയ്യുമ്പോഴൊക്കെ ഓര്‍ത്തത്‌ മരണത്തെക്കുറിച്ചായിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടും ഇരുട്ടിലേക്ക് നോക്കി ഒരുപാട് നേരം ഇരുന്നു. ലോകത്തേറ്റവും കൂടുതല്‍ ധൈര്യം വേണ്ടത് മരിക്കാനാണെന്ന് ആരോ പറഞ്ഞത് എത്ര ശരി. തനിക്ക്‌ മരിക്കാനുള്ള ധൈര്യമില്ല, ജീവിക്കാനും.

ടീപ്പോയില്‍ കിടന്ന മാസികയില്‍ കണ്ണുകള്‍ ഉടക്കിയത് അപ്പോഴാണ്‌. വെറുതെ താളുകള്‍ മറിക്കുമ്പോള്‍ കണ്ടു കണ്ണടയ്ക്കു പിന്നിലെ ആ കണ്ണുകള്‍, വല്ലാത്തൊരുദ്വേഗത്തോടെ കണ്ണുകള്‍ താഴെ ഓരോ വരിയിലെക്കും പാഞ്ഞു. അത് തന്റെ കഥയാണ് , ഓരോവരിയിലും തുടിച്ചു നിന്നിരുന്നത് തന്റെ മനസ്സാണ്, എത്രവട്ടം വായിച്ചുവെന്നറിയില്ല, കണ്ണീരില്‍ കുതിര്‍ന്നു അക്ഷരങ്ങളോക്കെയും മങ്ങിയിരുന്നു. കഥയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു "ഇനിയൊരു ജന്മമുണ്ടെങ്കില്‍ ....".

എനിക്കായി ബാക്കിവെച്ച മയില്‍‌പ്പീലിതുണ്ട് ഞാന്‍ മാറോടണയ്ക്കുന്നു, കണ്ണാ. എന്നെ നീയറിഞ്ഞുവല്ലോ ഇനിയൊരു ജന്മത്തില്‍ അല്ല, ഏഴു ജന്മങ്ങളില്‍ ഞാന്‍ നിനക്കായി കാത്തിരിക്കാം. വാനപ്രസ്ഥത്തിന്റെ അവസാന ഏടുകളില്‍ കൃഷ്ണയുടെ ആത്മാവ് നിനക്കായി ചേക്കേറും, നിന്റെ നീലക്കടമ്പില്‍.