Wednesday, 8 May 2013

ഒരമ്മായിയമ്മയുടെ നഷ്ടസ്വപ്‌നങ്ങള്‍


തിരക്കേറിയ ഒരു ദിവസത്തിന്റെ മുഴുവന്‍ ക്ഷീണവുമായി വീട്ടിലേക്കു വന്നു കയറിയപ്പോള്‍ എതിരേറ്റത് തുറന്നു കിടന്ന മുന്‍വാതിലാണ്. എങ്ങോട്ട് പോവണം എന്നൊരു കണ്ഫ്യൂഷനില്‍ പുറത്തു കാത്ത് നിന്നിരുന്ന കൊതുകുകള്‍ മുഴുവന്‍ അകത്തു കയറിയിട്ടുണ്ട്. ഹാളില്‍ എമ്പാടും ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്‍. വാട്ടര്‍ കളര്‍ വീണു നനഞ്ഞ കാര്‍പെറ്റ്. സോഫയിലും നിലത്തുമായി അഞ്ചാറു ഡ്രോയിംഗ് ബുക്കുകള്‍. ഫ്രിഡ്ജില്‍ നിന്നെടുത്ത വാട്ടര്‍ ബോട്ടിലുകള്‍ അടപ്പുകള്‍ തുറന്ന നിലയില്‍ ഫ്രിഡ്ജിന്റെ പരിസരത്ത് തന്നെയുണ്ട്‌. അടുക്കളയിലാണ് പൊടിപൂരം. രസന കുടിച്ച ഗ്ലാസ്സുകള്‍ കിച്ചന്‍ പ്ലാറ്റ്ഫോമില്‍ നിരന്നു കിടക്കുന്നു. ബിസ്ക്കെട്ടിന്റെയും  ഉപ്പേരിയുടെയും ടിന്നുകള്‍ കാലിയായിരിക്കുന്നു.

ഒരേയൊരു പുത്രന്റെ സ്കൂള്‍ വെക്കേഷന്റെ ബാക്കിയാണ് ഇതൊക്കെ. ഏഴുവയ്സുകരന്‍ മനുവിന്റെ ഫ്രണ്ട്സ് മുഴുവന്‍ ഇവിടെയാണ്‌ കളി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാന്‍ ബെഡ് റൂമിലേക്ക്‌ ചെന്നപ്പോള്‍ കട്ടില്‍ മുഴുവന്‍ ഉപ്പേരിയുടെയും ബിസ്ക്കെട്ടിന്റെയും അവശിഷ്ടങ്ങള്‍. വാര്‍ഡ്‌റോബ് തുറന്നതും അതില്‍ ഒളിച്ചിരുന്ന രണ്ടെണ്ണം വെളിയില്‍ ചാടിയതും ഒരുമിച്ചായിരുന്നു. ഒരു നിമിഷത്തേക്ക് പ്രാണന്‍ കത്തിപ്പോയി. മനുവും കൂട്ടുകാരി പൂജയും ആയിരുന്നു അകത്ത്  ഉണ്ടായിരുന്നത്.

അത്രയും നേരം അടക്കി വച്ച ദേഷ്യം മുഴുവന്‍ ഒന്നിച്ചു പുറത്തു ചാടി. മനുവിന്റെ ചെവിയില്‍ പിടിച്ചു തിരുമ്മിക്കൊണ്ട് ആജ്ഞാപിച്ചു. “എന്താടാ വീട് മുഴുവന്‍ കാണിച്ചു വച്ചിരിക്കുന്നത്. മൊത്തം ക്ലീന്‍ ചെയ്തിട്ട് ഇനി കളിച്ചാല്‍ മതി.” ബഹളം കേട്ട് ഒളിച്ചിരുന്നവര്‍ മുഴുവന്‍ ഹാളില്‍ എത്തി. കൂട്ടുകാരുടെ മുന്‍പില്‍ വച്ച് കിഴുക്കും വഴക്കും കിട്ടിയത് മനുവിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്‍ കളിപ്പാട്ടങ്ങള്‍ അടുക്കി വയ്ക്കാന്‍ തുടങ്ങി.

ഞാന്‍ കിച്ചനും ഹാളും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. ചേട്ടന്‍ കയറിവന്നത് അറിഞ്ഞില്ല. ഹാളില്‍ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ വിങ്ങിപ്പോട്ടിയുള്ള കരച്ചിലും പരാതി പറച്ചിലും കേട്ടാണ് ഞാന്‍ അങ്ങോട്ട്‌ ചെന്നത്. മനു അച്ഛന്റെ മടിയില്‍ ഇരുന്നു അമ്മയുടെ കുറ്റങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്നു. പൂജമോള്‍ ഒഴികെയുള്ള കുട്ടികള്‍ എല്ലാവരും സ്ഥലം വിട്ടിരുന്നു. അവള്‍ വീട് ക്ലീന്‍ ചെയ്യുന്ന തിരക്കില്‍ ആണ്. എനിക്കത് കണ്ടു കഷ്ടം തോന്നി.

“മോള്‍ അതൊക്കെ അവിടെയിട്ടേക്ക്. ആന്റി ക്ലീന്‍ ചെയ്തോളാം.”

പൂജക്കുട്ടിയെ കണ്ടാല്‍ ഒരു ബാര്‍ബിഡോളിന്റെ ചന്തമാണ്. മനുവും പൂജയും തമ്മില്‍ ഏതാനും മാസത്തിന്റെ പ്രായ വ്യത്യാസമേയുള്ളൂ. അവര്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ പുതിയ താമസക്കാരാണ്. മിക്കപ്പോഴും മനുവിന്റെ വാലായി പൂജയും കാണും. രണ്ടാളും ഒറ്റക്കുട്ടികള്‍. അതിന്റേതായ വാശിയും വഴക്കുമൊക്കെ മുന്‍പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടാളും തമ്മില്‍ നല്ല കൂട്ടാണ്.

മനൂന്റെ സങ്കടം തീര്‍ക്കാന്‍ ചേട്ടന്‍ അവന്റെ സൈഡ് പിടിച്ചു എന്നെ വഴക്ക് പറഞ്ഞു. അവന്റെ ചുവന്ന ചെവി കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി. സങ്കടം തീര്‍ക്കാന്‍ രണ്ടുപേര്‍ക്കും ഫ്രിഡ്ജില്‍ നിന്ന് ഐസ്ക്രീം എടുത്തു കൊടുത്തു. കുട്ടികള്‍ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ചേട്ടന്‍ എന്നെ കളിയാക്കി.

“കഞ്ഞീം കറീം വച്ച് ഒടുക്കം ഈ പെങ്കൊച്ച് ഇവിടങ്ങ്‌ കൂടുമോടീ. നിന്റെ പുന്നാര മരുമോള്‍ ആയിട്ട്”

പൂജയോടുള്ള എന്റെ അമിതവാത്സല്ല്യം ചേട്ടന് അറിയാം. മനൂന് ഏഴുവയസു തികഞ്ഞിട്ടേയുള്ളൂ. എന്നാലും നല്ല ഭംഗിയുള്ള കുഞ്ഞു പെണ്‍കുട്ടികളെ കാണുമ്പോള്‍ ഞാന്‍ പറയും. “നമുക്കിവളെ ഭാവി മരുമകള്‍ ആക്കിയാലോ”. പൂജയെ കണ്ടപ്പോള്‍ മുതല്‍ എനിക്ക് അങ്ങനെയൊരു ചിന്ത ഇല്ലാതില്ല.

ഒരു പ്രശ്നം ഉള്ളത് അവര്‍ ബ്രാഹ്മണര്‍ ആണെന്നുള്ളതാണ്. മീനോ ഇറച്ചിയോ കുറഞ്ഞപക്ഷം മുട്ടയെങ്കിലും ഇല്ലാതെ ഞങ്ങളുടെ വീട്ടില്‍ ആര്‍ക്കും ആഹാരം ഇറങ്ങില്ല. അങ്ങനുള്ളോരു വീട്ടിലേക്കു അവര്‍ പൂജയെ അയക്കുമോ എന്തോ. എന്തായാലും കഴിഞ്ഞ കുറെ മാസങ്ങള്‍ കൊണ്ട് പൂജയുടെ അമ്മയെ ഞാന്‍ എന്റെ ഫ്രണ്ട് ആക്കിയിട്ടുണ്ട്.  കല്യാണം കഴിഞ്ഞു എന്തെങ്കിലും വഴക്കുണ്ടയാലും മുകളിലത്തെ നില വരെയല്ലേ പിണങ്ങി പോവുള്ളൂ. ഞാന്‍ ചിന്തിച്ചു ചിന്തിച്ചു കാട് കയറി.

വെക്കേഷന്‍ കഴിഞ്ഞു സ്കൂള്‍ തുറന്നു. മിക്കവാറും വൈകുന്നേരങ്ങളില്‍ പൂജ ഞങ്ങളുടെ വീട്ടില്‍ കാണും. എവിടെയെങ്കിലും പോവണമെങ്കില്‍ അവളുടെ അമ്മ പൂജയെ എന്നെയാണ് വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്. എന്റെ സ്വപ്നങ്ങളുടെ നിറം കൂടിക്കൂടി വന്നു.

അന്ന് രാഖിയായിരുന്നു. മനുവിന് ഫ്ലാറ്റില്‍ തന്നെ കുറച്ചു രാഖി പെങ്ങന്മാര്‍ ഉണ്ട്. തലേന്ന് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ചെറിയ ഗിഫ്റ്റുകള്‍ ഒക്കെ വാങ്ങിവന്നു. രാഖി കെട്ടുമ്പോള്‍ സഹോദരന്‍ സഹോദരിമാര്‍ക്ക് ഗിഫ്റ്റ് കൊടുക്കണമെന്നാണ് പ്രമാണം. പതിവുപോലെ രാവിലെ മുതല്‍ പെണ്‍കുട്ടികള്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി.

കിച്ചണില്‍ പായസം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. ചേട്ടന്‍ ഒരു ചിരിയോടെ കിച്ചനിലേക്ക് വന്നു. “നീയൊന്നു വന്നേ. ഒരു കാര്യം കാണിക്കാം.”

ഹാളിലേക്ക് ചെന്നപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. മനൂന്റെ കയ്യില്‍ രാഖി കെട്ടിക്കൊടുക്കുകയാണ് പൂജ.

മനു സന്തോഷത്തോടെ പറഞ്ഞു. “അമ്മേ പൂജക്കുള്ള ഗിഫ്റ്റ് എടുത്തു താ.”

ഞാന്‍ യാന്ത്രികമായി ഷെല്‍ഫ് തുറന്നു ഒരു ഗിഫ്റ്റ് പാക്കെറ്റ് എടുത്തു അവനു കൊടുത്തു. പൂജ അവനോടു താങ്ക്യൂ പറഞ്ഞു ഒരുമ്മയും കൊടുത്ത് ഓടിപ്പോയി.

രാഖി സഹോദരിയെ കല്യാണം കഴിക്കാന്‍ എന്തെങ്കിലും ക്ലോസ് ഉണ്ടോ ആവോ. ഞാന്‍ ചിന്തിച്ചു പോയി.

13 comments:

മഹേഷ്‌ വിജയന്‍ said...

ഹ ഹ...
അവസാന ഭാഗം ആയപ്പോള്‍ ചെറുതായി ചിരിച്ചു...
പാവം അമ്മായിയമ്മേ, മകന് ഏഴ് വയസ്സല്ലേ ആയുള്ളൂ. ഒരമ്മായിയമ്മയുടെ നഷ്ടസ്വപ്ങ്ങള്‍ സീരിയലും ആക്കാം :-)
അപ്പോള്‍ നന്ദയ്ക്ക് നര്‍മ്മത്തിലും ഒരു കൈ നോക്കാം...കുഴപ്പമില്ല. പക്ഷേ, അവതരണം കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണം കേട്ടോ.
അതുപോലെ, ആംഗലേയ പദങ്ങളുടെ ഉപയോഗം കുറച്ച് കൂടുതലാണ്. അതൊഴിവാക്കുക ആണെങ്കില്‍ വായനാസുഖം കൂടും.
എന്തായാലും ഇനിയും എഴുതുക; നന്നായി എഴുതുക.

ajith said...

Catch them young..huh?

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

നന്നായി എഴുതി.

ശ്രീ said...

അങ്ങനെ ഒരു ചടങ്ങ് കാരണമെങ്കിലും നമ്മുടെ നാട്ടില്‍ കുട്ടികളുടെയിടയില്‍ ശരിയ്ക്കും സഹോദരസ്നേഹം ഉണ്ടാകുന്നെങ്കില്‍ നല്ലതല്ലേ ചേച്ചീ...


[പിന്നെ, രാഖി കെട്ടിയതൊന്നും പ്രശ്നമല്ല. വലുതാകുമ്പോഴും മനുവും പൂജയും തമ്മില്‍ ഈ മാച്ച് ഉണ്ടെങ്കില്‍/അവര്‍ക്കിഷ്ടമാണെങ്കില്‍ നമുക്കതങ്ങ് നടത്താമെന്നേ]
:)

കുഞ്ഞായി | kunjai said...

നല്ല കഥ

Samitha Sujay said...

nalla katha

അന്നൂസ് said...

ഇഷ്ട്ടമായി.....!

Vinodkumar Thallasseri said...

ഒരമ്മായിയമ്മയുടെ നഷ്ടസ്വപ്‌നങ്ങള്‍

remya sean said...

nannayitundu :)

സുധി അറയ്ക്കൽ said...

നന്നയിട്ടുണ്ട്‌.കുറച്ചൂടെ വലിയ പോസ്റ്റ്‌ ആക്കാമായിരുന്നു..

ph umer kpn said...

ആശസകൾ

Areekkodan | അരീക്കോടന്‍ said...

ഇപ്പോഴേ വേണോ

andria said...

നിങ്ങൾ നല്ലൊരു ജോലി അന്വേഷിക്കുകയാണോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ കയ്യിൽ ഒരു പ്രൊഫെഷണൽ CV ഉണ്ടായിരിക്കണം. Qualification, Skills എല്ലാം വളരെ വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ ആയിരിക്കണം. നിർമ്മിക്കാൻ ഇപ്പോൾ വളരെ എളുപ്പം അതും ഫ്രീ ആയി, ഈ webbsite open ചെയ്യൂ നിങ്ങള്കിഷ്ടപ്പെട്ട CV നിർമ്മിക്കൂ..www.cvforyou.com