Friday, 12 April 2013

അക്ഷരവഴികളിലൂടെ ഒരു യാത്ര
 
 
 
 
 

 
 
കത്തിച്ച നിലവിളക്കിന്‍ മുന്നില്‍ ദക്ഷിണ വച്ച് ആദ്യാക്ഷരം കുറിച്ചത് ഓര്‍മ്മയുണ്ടോ. അച്ഛന്റെ മടിയിലിരുന്നു കുത്തരിയില്‍ കുറിച്ച

“ഓം ഹരിശ്രീ ഗണപതായെ നമ:”

പിന്നെ അമ്മയുടെ കൈപിടിച്ചു നാട്ടുവഴികളിലൂടെ ആശാന്‍ പള്ളിക്കൂടത്തില്‍ നിലത്തെഴുത്ത് പഠിക്കാന്‍ പോയത്. മണ്ണില്‍ എഴുതി ചൂണ്ടുവിരലിന്റെ തുമ്പിലെ തൊലി പോയത്. ഇനി പഠിക്കാന്‍ പോവുന്നില്ല എന്ന് പറഞ്ഞു വാശി പിടിച്ചുകരഞ്ഞത്. അച്ഛന്‍ കണ്ണുരുട്ടിയപ്പോള്‍ വാശി വേണ്ടാന്നു വച്ച് പഠിക്കാന്‍ പോയത്. പനയോലയില്‍ കുറിച്ച വടിവില്ലാത്ത അക്ഷരങ്ങള്‍.


  
 
 
 
 
 
 
 
 

 
 
 


 
 
ഒന്നാം ക്ലാസ്സില്‍ പോവാന്‍ വേണ്ടി വാങ്ങിതന്ന പുത്തനുടുപ്പും ചെറിയ അലുമിനിയപ്പെട്ടിയും സ്ലേറ്റും പെന്‍സിലും പിന്നെ തൊടിയില്‍ നിന്ന് പൊട്ടിച്ചെടുത്ത മഷിതണ്ടും.

  

 


 
നീളന്‍വരാന്തയും തൂണുകളും സ്കൂള്‍ മുറ്റത്തെ നാട്ടുമാവും നോക്കി അന്തംവിട്ടു നിന്നത്. അമ്മ ക്ലാസ്സില്‍ തനിച്ചാക്കി പോന്നപ്പോള്‍ വാവിട്ടു കരഞ്ഞത്. അടുത്തിരുന്നവന്റെ കരച്ചില്‍ കണ്ടപ്പോള്‍ ചിരി വന്നത്. മഷിതണ്ടും മുറിപെന്സിലും ഇലുമ്പന്‍ പുളിയും പങ്കുവച്ച ആദ്യ സൌഹൃദങ്ങള്‍. നട്ടുച്ച നേരത്ത് വിളമ്പുന്ന ഉപ്പുമാവിന്റെ സുഗന്ധം. എല്ലാം ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നില്ലേ.

 
 
 
കുത്തുകള്‍ ഇല്ലാത്ത വട്ടയില മടക്കി ബുക്കില്‍ വച്ചിരുന്നത് ഓര്‍ക്കുന്നുണ്ടോ

(ആ ഉപ്പുമാവിന്റെ പടം കിട്ടിയില്ല. അന്ന് ക്യാമറ ഫോണും ഫേസ് ബുക്കും ഇല്ലാരുന്നല്ലോ!! തല്ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യൂ.)

 
പിന്നെ ഇത്തിരീം കൂടെ വലുതായപ്പോ നോട്ട്ബുക്കിലേക്കും പെന്‍സിലിലേക്കും സ്ഥാനക്കയറ്റം കിട്ടി. അതെ റൂള്‍ (റൂളി) പെന്‍സില്‍. ഇപ്പോള്‍ കുട്ടികള്‍ അക്ഷരം പഠിച്ചു തുടങ്ങുന്നത് തന്നെ ഇതിലായി. ഷാര്‍പ്പനെറിന് ‘അച്ച്’ എന്നൊരു വിളിപ്പെരുണ്ടായിരുന്നു. ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ.


 

ബുക്ക് പൊതിയാന്‍ ഉപയോഗിച്ചിരുന്ന മംഗളം/ മനോരമ കവര്‍ പേജുകള്‍. കൂട്ടത്തില്‍ മുന്തിയ ഇനമായിരുന്നു സോവിയെറ്റ് യൂണിയന്‍ വാരികയുടെ പേജുകള്‍. അന്ന് സോവിയെറ്റ് യൂണിയന്‍പേര് കേള്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് എന്നോ മാര്‍ക്സിസം, കമ്മ്യൂണിസം തുടങ്ങിയവയുടെ ഈറ്റില്ലം ആണെന്നോ ഒന്നും അറിയില്ലായിരുന്നു. ആകെയുള്ള അറിവ് ബുക്ക് പൊതിയാനുള്ള മാസിക!!


 
 

 

  

 വട്ടം കൂടിയിരുന്നു പൊതിചോറുണ്ടതും സാറ്റു കളിച്ചതും മഴ നനഞ്ഞു പോയതും ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.

 

  

 

 

അഞ്ചാം ക്ലാസ്സില്‍ എത്തണം മഷിപ്പെന്‍ ഒന്ന് കൈയില്‍ കിട്ടാന്‍. കറുപ്പും നീലയും മഷിക്കുപ്പിയും മഷിപ്പെന്നും. പേന തെളിയാഞ്ഞപ്പോള്‍ ഒന്ന് കുടഞ്ഞതിനും അടുത്തിരുന്ന കുട്ടിയുടെ കുപ്പായത്തില്‍ കാന്‍വാസില്‍ എന്നപോലെ മഷി പടര്‍ന്നതിനും വഴക്ക് കേട്ടവരെത്ര!!! 


പിന്നെ മോഹങ്ങള്‍ ചിറകു വിരിച്ചത് ഒരു ഹീറോപെന്നിനായി. ബ്രൌണ്‍ അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ സ്വര്‍ണ്ണ നിറത്തില്‍ നിബ്ബുള്ള ഹീറോപെന്‍. അവനൊരു രാജാവായിരുന്നു. അത് കൈയില്‍ ഉള്ളവരും.

  പിന്നെയെപ്പോഴോ കൈകളില്‍ പുതിയൊരു കൂട്ടുകാരന്‍ സ്ഥാനം പിടിച്ചു. വെള്ളയുടുപ്പും നീലതലപ്പാവുമണിഞ്ഞ റെയ്നോള്‍ഡ്സ് ബോള്‍പെന്‍. 

 

 

 

 

 

 
പത്തിലെ വേനല്‍ അവധിക്കു ‘കൊട്ടാന്‍’ പഠിക്കാന്‍ പോയിരുന്നോ. ടൈപ്പ് റൈറ്റര്‍ മെഷീന്റെ “ടക് ടക് ടക്” ശബ്ദവും  ഇന്സ്ടിട്യൂട്ടിലെ കള്ളനോട്ടങ്ങളും മറന്നിട്ടില്ലല്ലോ.

  

പിന്നെ നമ്മള്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയില്ലേ. ac മുറിയില്‍ ഭയഭക്തി ബഹുമാനത്തോടെ ആദ്യം കമ്പ്യൂട്ടര്‍ സഖാവിനെ കണ്ട ദിവസം. അന്നൊക്കെ വലിയ ഫ്ലോപ്പി ഡിസ്കുകള്‍ ആയിരുന്നു. കാലക്രമേണ അത് ശോഷിച്ചു ശോഷിച്ചു പെന്‍ ഡ്രൈവിലും ഫ്ലാഷ് കാര്‍ഡിലും വരെ എത്തി.

ഓര്‍മ്മയുണ്ടോ ഈ മുഖങ്ങള്‍.


 

 

 

 

 

 

ഐഫോണും ലാപ്ടോപ്പും വന്നപ്പോള്‍ ഒരുപാടൊക്കെ നമുക്ക് നഷ്ടപ്പെട്ടു പോയി ആല്ലേ???

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട് – ഗൂഗിള്‍

11 comments:

പട്ടേപ്പാടം റാംജി said...

(ആ ഉപ്പുമാവിന്റെ പടം കിട്ടിയില്ല. അന്ന് ക്യാമറ ഫോണും ഫേസ് ബുക്കും ഇല്ലാരുന്നല്ലോ!! തല്ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യൂ.)

കുറച്ചു കൂടി കഴിയുമ്പോള്‍ ആ ഉപ്പുമാവിനെ തന്നെ മറക്കും. അങ്ങിനെയാണ് മാറ്റം ശരിക്കും പിടി മുറുക്കുന്നത്, പഴയതിനെ പൂര്‍ണ്ണമായും മനസ്സില്‍ നിന്ന്‍ പടിയിറക്കുമ്പോള്‍
പോസ്റ്റില്‍ സൂചിപ്പിച്ച ഓര്‍മ്മകള്‍ എല്ലാം എന്റെ നല്ല ഓര്‍മ്മകള്‍ . പിന്നെ മഞ്ഞ ഉപ്പുമാവ് വരുന്നതിനു മുന്പ് ഗോതമ്പ് നുറുക്ക് കൊണ്ട് നെയ്യ് ചേര്‍ത്തുണ്ടാക്കുന്ന ഒരു ഉപ്പുമാവുണ്ടായിരുന്നു. അതായിരുന്നു കൂടുതല്‍ രസം. അതിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പത്ത് നിന്ന്‍ പോയിട്ടില്ല.

Neelima said...

truly nostalgic

ajith said...

ഓര്‍മ്മയുണ്ട് ഈ മുഖങ്ങള്‍

മന്‍സൂര്‍ ചെറുവാടി said...

ആ മഷിത്തണ്ട് . പിന്നെയാ സ്കൂൾ വരാന്ത , റെയ്നോൾഡ്സ് പെൻ . പിന്നൊരു മഴക്കാലവും .
ഇതുമതി എനിക്ക് ബാല്യത്തിലേക്കുള്ള ഒരു യാത്രക്ക് .

Harinath said...

നന്നായിട്ടുണ്ട്... ആശംസകൾ...

ശ്രീ said...

നല്ല സുഖമുള്ള ഓര്‍മ്മകള്‍!

വീണ്ടും ഇപ്പറഞ്ഞതൊക്കെ വീണ്ടും ഓര്‍ത്തെടുക്കാന്‍ ഒരവസരം നല്‍കിയതിനു നന്ദി :)

ബിലാത്തിപട്ടണം Muralee Mukundan said...

ഓർമ്മയിലെ മണിച്ചെപ്പ് തുറന്ന് വെച്ചപ്പോൽ..!

മഹേഷ്‌ വിജയന്‍ said...

ശ്രീനന്ദ,
കുറച്ച് നാളുകള്‍ക്കു ശേഷമാണ് ഈ വഴി വരുന്നത്...വായനയുടെ കുറവ് മൂലം പല ബ്ലോഗിലും പോകാറില്ല എന്നതാണ് സത്യം..

പിന്നെ, പോസ്റ്റിനെ കുറിച്ച്...
ഞാനും ശ്രീനന്ദയുടെ കൂടെ പോയി..
അക്ഷരം പഠിച്ച ആ പഴയ മനോഹര തീരത്തേക്ക്...
ചെറുതെങ്കിലും മറക്കാന്‍ തുടങ്ങിയ ചില ഓര്‍മ്മകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയി ഈ പോസ്റ്റ്..
സമയം കിട്ടുന്നതിനനുസരിച്ച് പഴയ പോസ്റ്റുകള്‍ കൂടി വായിക്കാന്‍ ശ്രമിക്കാം...

അഷ്‌റഫ്‌ സല്‍വ said...

ഹൌ ഒന്ന് പിറകോട്ടു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ....

remya sean said...

ormakal purakottu orottam......thank you dear
happy to follow you
plz visit my space too www.remyasean.blogspot.in

andria said...

നിങ്ങൾ നല്ലൊരു ജോലി അന്വേഷിക്കുകയാണോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ കയ്യിൽ ഒരു പ്രൊഫെഷണൽ CV ഉണ്ടായിരിക്കണം. Qualification, Skills എല്ലാം വളരെ വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ ആയിരിക്കണം. നിർമ്മിക്കാൻ ഇപ്പോൾ വളരെ എളുപ്പം അതും ഫ്രീ ആയി, ഈ webbsite open ചെയ്യൂ നിങ്ങള്കിഷ്ടപ്പെട്ട CV നിർമ്മിക്കൂ..www.cvforyou.com