Monday, 11 February 2013

വിഷകന്യക


നഗരം കോടമഞ്ഞ്‌ പുതച്ചുറങ്ങുന്ന ഞായറാഴ്ച പുലരിയില്‍ എന്നെ വിളിച്ചുണര്‍ത്തിയത്  ഒരു മിസ്സ്കോള്‍ ആയിരുന്നു. എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ് ഒഴിവുദിനത്തിലെ വെളുപ്പിനെയുള്ള ഉറക്കം. അസമയത്തെ ഫോണ്‍ കോളുകളെ എന്നും ഭയമാണ്. മിക്കവാറും അത് എന്തെങ്കിലും അശുഭകരമായ വാര്‍ത്തയായിരിക്കും. അതൊരു റോംഗ് നമ്പറായിരുന്നു. ബ്ലാന്കെട്ടിനുള്ളിലേക്ക് വീണ്ടും ഊര്‍ന്നിറങ്ങിയെങ്കിലും ഉറക്കം വിട്ടകന്നിരുന്നു.

പതിവിനു വിപരീതമായി ഇടതുവശത്തെ കട്ടില്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നെക്കാള്‍ വലിയ ഉറക്കഭ്രാന്തിയാണ് ദിയ. ഞാനും ദിയയും ഒരേ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു. ഇരുവരും ചേര്‍ന്നു വാടകക്കെടുത്ത ഫ്ലാറ്റിലാണ് താമസം.

ആവിപറക്കുന്ന കോഫി മഗ്ഗുമായി ലാപ്ടോപ്പിന് മുന്നിലായിരുന്നു അവള്‍.

“ഗുഡ് മോണിംഗ് മീര.”

“രാവിലെ എന്താടീ ഇത്ര കാര്യമായിട്ട് ബ്രൌസ് ചെയ്യുന്നത്. അതും സണ്‍‌ഡേ യിലെ ഉറക്കം കളഞ്ഞ്.” അവളുടെ ലാപ്ടോപ്പില്‍ വിക്കിപീഡിയ തുറന്നു വച്ചിട്ടുണ്ട്.

“നീ പോയി കോഫി എടുത്തിട്ട് വാ. ഇപ്പം നല്ല ചൂടുണ്ട്”.

അവള്‍ പറഞ്ഞതനുസരിച്ചു. തിടുക്കത്തില്‍ ബ്രഷ് ചെയ്തു കോഫിയുമെടുത്തു അവളുടെ അടുത്ത് ചെന്നിരുന്നു.

“നീ വിഷകന്യക എന്ന് കേട്ടിട്ടുണ്ടോ?’. ദിയ ചോദിച്ചു.

“ഉവ്വ്. അതൊരു നോവലിന്റെ പേരല്ലേ. പൊറ്റക്കാടിന്റെ നോവല്‍.”

“ യെസ്. പക്ഷെ ഇത് വേറെ. നീ പണ്ട് ‘ചന്ദ്രകാന്ത’ സീരിയല്‍ കണ്ടിട്ടുണ്ടോ. അതില്‍ വിഷകന്യകമാരെപ്പറ്റി പറയുന്നുണ്ട്. മൌര്യ സാമ്രാജ്യ കാലഘട്ടത്തില്‍ ചതിക്കുഴികള്‍ ഒരുക്കിയ സുന്ദരികള്‍.”

ചന്ദ്രകാന്ത എന്ന സീരിയല്‍ എന്നെ ഒരുപാടുകാലം പിന്നിലേക്ക്‌ കൊണ്ടുപോയി. ദൂരദര്‍ശനില്‍ വന്നിരുന്ന ആ സീരിയല്‍ കാണാന്‍ കുടുംബം മൊത്തം ഉണ്ടാകും. ഞങ്ങളുടെ പഴയ വീട്, ബ്ലാക്ക്‌ & വൈറ്റ് ടെലിവിഷന്‍, പ്ലാസ്റ്റിക് വരിഞ്ഞ കസേരകളും ടീപ്പോയും, സിമന്റു തേച്ച ഭിത്തിയും തറയും. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ആ സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നത്.

“ഏയ്‌, നീ ഉറങ്ങിപ്പോയോ.” ദിയ പതിയെ നുള്ളി.

“ഊഹും. ഓരോന്നൊക്കെ ഓര്‍ത്തുപോയി. അതിരിക്കട്ടെ, രാവിലെ എന്താ ഈ ടോപ്പിക്ക്.”

“എന്നെ ഒരു വിഷകന്യകയാക്കിയെടുക്കാന്‍ പറ്റുമോ എന്ന് നോക്കുവാരുന്നു. നോ ചാന്‍സ്. ജനിക്കുമ്പോള്‍ മുതല്‍ നേരിയ അളവില്‍ വിഷം ഇറ്റിച്ചു കൊടുത്താണ് പെണ്‍കുട്ടികളെ വിഷകന്യകമാര്‍  ആക്കിയിരുന്നത്.  ഈ പ്രായത്തില്‍ ഇനിയത് നടപ്പില്ല. ആന്‍ഡ്‌ അയാം നോ മോര്‍ എ വിര്‍ജിന്‍ ടൂ.” അവള്‍ ചിരിച്ചു.

“നിനക്ക് വട്ടായിപ്പോയോടീ. ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് പിച്ചും പേയും പറയാന്‍.” എനിക്ക് ചിരി വന്നു.

“ അല്ല കാര്യായിട്ടാ.” അവളുടെ മുഖത്ത് ഗൌരവം നിറഞ്ഞു. “എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. കണ്ണടക്കുമ്പോള്‍ അവളുടെ മുഖമാണ് മനസ്സില്‍ വരുന്നത്. യോനിയിലൂടെ ഇരുമ്പ് കമ്പി കുത്തിക്കയരിയപ്പോള്‍ അവള്‍ക്കു എത്ര വേദനിച്ചു കാണും. എന്നെയും നിന്നെയും പോലെ ഒരു പെണ്ണ്. പേരറിയാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടി. അവള്‍എന്നെ ഉറങ്ങാന്‍ അനുവദിക്കുന്നില്ല.”

ഞങ്ങള്‍ക്കിടയില്‍ മൌനം നിറഞ്ഞു. തുറന്നു കിടന്ന ജനലിനപ്പുറം നേര്‍ത്ത ഇരുട്ടും മഞ്ഞും. നഗരം ഉണര്‍ന്നിട്ടില്ല. ഹെഡ് ലൈറ്റ്  തെളിയിച്ചു പാഞ്ഞു പോകുന്ന ഒന്നോ രണ്ടോ വാഹനങ്ങള്‍. എനിക്ക് ആ മൌനം മുറിക്കണമെന്ന് തോന്നി.

“ദിയാ, നിന്നെപ്പോലെ നഗരത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയല്ല ഞാന്‍. എന്റെ വീട്ടില്‍ അമ്മ നാലുമണിക്കെഴുന്നേല്ക്കും. കുളിച്ചു വന്നു അടുപ്പില്‍ തീ പൂട്ടി അരി അടുപ്പത്തിടും. പിന്നെ എന്നെയും അനിയത്തിയെയും വിളിച്ചുണര്‍ത്തി പഠിക്കാന്‍ ഇരുത്തും. 5.55 നു അച്ഛന്‍ റേഡിയോ ഓണ്‍ ചെയ്യുന്നത് വരെയാണ് പഠിത്തം. പിന്നങ്ങോട്ട് റേഡിയോ പ്രോഗ്രാം അനുസരിച്ചാണ് ടൈം ടേബിള്‍. ഉദയ ഗീതങ്ങള്‍, പ്രഭാതഭേരി, പ്രാദേശിക വാര്‍ത്തകള്‍.  പ്രഭാതഭേരി തുടങ്ങുമ്പോഴേക്കും വീട്ടില്‍ നിന്ന് ഇറങ്ങിയാലേ 6.45 നു ട്യൂഷന്‍ സെന്റെറില്‍ എത്താന്‍ പറ്റൂ. താമസിച്ചു പോയാല്‍ ദിവസം തുടങ്ങുന്നത് പ്രഭാകരന്‍ സാറിന്റെ വടിയുടെ ചൂട് അറിഞ്ഞുകൊണ്ടാവും. ഈറന്‍ മുടിയില്‍ നിന്നും ഇറ്റു വീഴുന്ന വെള്ളം കൊണ്ട് നീളന്‍ പാവാടയുടെ പിന്‍വശം നനയും. 8.30 നു തിരിച്ചു വീട്ടിലേക്ക്‌ ഓട്ടം. അപ്പോള്‍ വാഴയിലയില്‍ ചൂട് ചോറ് പൊതി തയ്യാര്‍ ഉണ്ടാവും. ചൂടാറ്റി വച്ചിരിക്കുന്ന ചോറ് ധൃതിയില്‍ വാരിക്കഴിച്ചു സ്കൂളിലെക്കോടും. ഒന്നരക്കിലോമീറ്റര്‍ ദൂരം നടന്നാണ് പോവുന്നത്. വൃച്ചികമാസത്തില്‍ വെളുപ്പിനെ അമ്പലത്തില്‍ പോയി തൊഴുതു വന്നിട്ടാണ് ട്യൂഷന് പോവാറ്.

അന്നൊക്കെ പാമ്പിനെയും പട്ടിയെയും ഒക്കെയുള്ളായിരുന്നു പേടി. അയല്‍ വീടുകളില്‍ കളിയ്ക്കാന്‍ പോവാന്‍ പേടിയില്ലായിരുന്നു. അന്നൊന്നും ആരും കാമത്തിന്റെ കണ്ണുകൊണ്ട് നോക്കിയിട്ടില്ല. വാത്സല്യവും സ്നേഹവും മാത്രമേ കിട്ടിയിട്ടുള്ളൂ. ഇപ്പോള്‍ എന്താ ഇവര്‍ക്കൊക്കെ പറ്റിയത്. എത്ര ആലോചിച്ചാലും എനിക്കത് മനസ്സിലാവുന്നില്ല.” പറഞ്ഞു വന്നപ്പോള്‍ എനിക്ക് കരച്ചില്‍ വന്നുപോയി. അതില്‍ സുകൃതം ചെയ്ത പെണ്‍കുട്ടിയുടെ സന്തോഷവും ഭയവിഹ്വലയായൊരു യുവതിയുടെ സങ്കടവും ഇടകലര്‍ന്നിരുന്നു.“നിന്നെ ഒരാള്‍ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചാല്‍ നീ എന്ത് ചെയ്യും?” ദിയ ചോദിച്ചു.

“ കൊല്ലും ഞാന്‍ അവനെ. എന്റെ സമ്മതമില്ലാതെ ഒരവനും എന്നെ തൊടില്ല.” എന്നിലെ സ്ത്രീത്വം പ്രതികരിച്ചു.

“ഇതൊക്കെ പറയാന്‍ മാത്രമേ കഴിയൂ. കൂട്ട ബലാല്‍സംഗം എന്ന കലാപരിപാടിക്ക്‌ മുന്‍പില്‍ തനിയെ പിടിച്ചുനില്‍ക്കാന്‍ എനിക്കോ നിനക്കോ കഴിയില്ല.” ദിയ ശബ്ദമില്ലാതെ ചിരിച്ചു.

“ഇനി കേസിന് പോയാലോ , അവസാനം സമൂഹത്തില്‍ നമ്മുടെ സ്ഥാനം ഒരു വേശ്യക്ക് സമം. ഇതിനൊരു മാറ്റം വേണ്ടേ?” അവള്‍ ചോദിച്ചു.

“ഞാനോ നീയോ വിചാരിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും.”

“ഞാനൊരു പെണ്‍കുഞ്ഞിനെ പ്രസവിക്കും. തേനും വയമ്പിനുമൊപ്പം വിഷം ഇറ്റിച്ചു കൊടുക്കും. മുലപ്പാലിന് പകരം വിഷപ്പാല്‍ കൊടുക്കും. എന്നിട്ടവളെ വിഷകന്യകയാക്കി വളര്‍ത്തും. കണ്ണുകളില്‍, നാവില്‍, പല്ലുകളില്‍, രക്തത്തില്‍ എന്തിനു കാമത്തില്‍ പോലും വിഷം നിറച്ചൊരു സുന്ദരിക്കുട്ടി. എന്റെ മകളുടെ മുന്നില്‍ ഈ കാമാന്ധന്മാര്‍ വഴിമാറി കൊടുക്കും. അന്ന് ഞാന്‍ ജയിക്കും.”

അപ്പോള്‍ ഞാന്‍ കണ്ടത് ദിയയെയായിരുന്നില്ല, അവള്‍ ദുര്ഗ്ഗയായിരുന്നു. നീണ്ട ദംഷ്ട്രകള്‍ ഉള്ള, രക്തനാവുള്ള, തലയോട്ടി മാലകള്‍ അണിഞ്ഞ ഉഗ്രരൂപിണിയായ കാളി. അത്ഭുതത്തോടെ ഞാന്‍ ഓര്‍ത്തു. പ്രപഞ്ചത്തില്‍ ഏറ്റവും ശക്തിസ്വരൂപിണിയാണ് സ്ത്രീ. ദുര്ഗ്ഗയെക്കളും ശക്തമായൊരു അവതാരമില്ല. എന്നിട്ടുമെന്തിനു ഞാന്‍ ഭയക്കണമീ ലോകത്തെ.

 
എനിക്കും ഒരു മകള്‍ വേണം. ആര്‍ക്കെങ്കിലും ചവച്ചരച്ചു തുപ്പാനല്ല, വൃത്തികെട്ടൊരു നോട്ടം കൊണ്ടുപോലും തീണ്ടാന്‍ സാധിക്കാത്തവിധം ദുര്‍ഗയെപ്പോലെ ശക്തയായൊരു മകള്‍.

എന്റെ മനസ്സ് വായിചെടുത്തത് പോലെ ദിയ പറഞ്ഞു. ‘നിന്റെ മോള്‍ക്ക്‌ എന്റെ പേരിടണം. എന്റെ മോളെ ഞാന്‍ നിന്റെ പേരിട്ടു വിളിക്കും”

ലാപ്ടോപ്പില്‍ അപ്പോഴും ചന്ദ്രകാന്തയിലെ വിഷകന്യകമാര്‍ ചിരിക്കുന്നു ണ്ടായിരുന്നു.

8 comments:

ശ്രീനന്ദ said...


കഥ എന്നൊന്നും പറയാന്‍ പറ്റില്ല. മനസ്സിനെ അലട്ടുന്ന കുറെ ചിന്തകളെ ഒരു പോസ്റ്റാക്കി, കഥ എന്ന ലേബല്‍ ഇട്ടു. വായിക്കുക, അഭിപ്രായം പറയുക.

ചിത്രങ്ങള്‍ക്ക് കടപ്പാട് – ഗൂഗിള്‍


പട്ടേപ്പാടം റാംജി said...

അവള്‍ എന്നെ ഉറങ്ങാന്‍ അനുവദിക്കുന്നില്ല.

അധികം പേര്‍ക്കും ഇതുതന്നെയാണ് സ്ഥിതി. സൂര്യനെല്ലി കൂടി ആയപ്പോള്‍ ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. നീതിപീഠങ്ങളെ വിട്ട് എന്തുവേണമെന്ന ചിന്തകളാണ് രാജ്യം മുഴുവന്‍.... ......
നന്നായിരിക്കുന്നു.

ajith said...

ചിലരൊക്കെ നീതിയും നിയമങ്ങളും എത്രയെളുപ്പത്തിലാണ് പൊട്ടിച്ചെറിഞ്ഞ് രക്ഷപ്പെടുന്നത്. ഇതൊക്കെ കാണുമ്പോള്‍....

jayanEvoor said...

സമകാലിക ജീവിതത്തിലെ പെൺചിന്തകൾ... തികച്ചും സ്വാഭാവികം!

എന്തു ചെയ്യാം, കാലം അത്രയ്ക്കു ദുഷിച്ചിരിക്കുന്നു.

(ഒരു പാവം പെൺകൊടിയെക്കുറിച്ചു ഞാനും എഴുതി - “നിറൈമൊഴി” ഒന്നു നോക്കൂ... http://www.jayandamodaran.blogspot.in/2013/02/blog-post.html )

അനൂപ്‌ കോതനല്ലൂര്‍ said...

Enikkoru makal venam durgaye pole nannnayirikkunnu

ശ്രീനന്ദ said...

റാംജി – വായനക്കും കമന്റിനും നന്ദി.
അജിത്‌ - ശരിയാണ്.പണവും അധികാരവും ഉള്ളവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ല. കമന്റിനു നന്ദി.
ജയേട്ടന്‍ - നിറമൊഴി വായിച്ചു. സമകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച.
അനൂപ്‌ - കമന്റിനു നന്ദി. സ്ത്രീകളുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്കുള്ള പോംവഴി കന്യാഭ്രൂണഹത്യയല്ല.

അവതാരിക said...

nannaayi ഇനിയുള്ള കാലത്ത് വിഷ കന്യകല്‍ക്കെ രക്ഷയുള്ളൂ പ്രിയപ്പെട്ട കൂട്ട്കാരി .

അമൃത ചെയ്തതിനെ പ്പറ്റി ഒരു പോസ്റ്റ്‌ എഴുതാന്‍ ഉദ്ദേശം ഉണ്ട് .പുരുഷനെതിരെയുള്ള ഈ ആക്രമത്തില്‍ സന്തോഷിക്കുന്ന ഒത്തിരി സ്ത്രീകള്‍ ഉണ്ട് ..

ബിലാത്തിപട്ടണം Muralee Mukundan said...

“ഞാനൊരു പെണ്‍കുഞ്ഞിനെ പ്രസവിക്കും. തേനും വയമ്പിനുമൊപ്പം വിഷം ഇറ്റിച്ചു കൊടുക്കും. മുലപ്പാലിന് പകരം വിഷപ്പാല്‍ കൊടുക്കും. എന്നിട്ടവളെ വിഷകന്യകയാക്കി വളര്‍ത്തും. കണ്ണുകളില്‍, നാവില്‍, പല്ലുകളില്‍, രക്തത്തില്‍ എന്തിനു കാമത്തില്‍ പോലും വിഷം നിറച്ചൊരു സുന്ദരിക്കുട്ടി. എന്റെ മകളുടെ മുന്നില്‍ ഈ കാമാന്ധന്മാര്‍ വഴിമാറി കൊടുക്കും. അന്ന് ഞാന്‍ ജയിക്കും.”